ഭക്ഷണം കഴിക്കുന്നതും ദഹിക്കുന്നതുമെല്ലാം ശരീരത്തിനുള്ളിലെ വളരെ സ്വാഭാവികമായ പ്രക്രിയകളാണ്. എന്നാൽ ദഹനവ്യവസ്ഥയുടെ (Digestion Process) ഒരു എക്സ്-റേ വീഡിയോ (X-Ray Video) ഇതുമായി ബന്ധപ്പെട്ട രസകരമായ കാര്യങ്ങൾ വെളിപ്പെടുത്തുകയാണ്. ഒരു നായയുടെ ദഹനവ്യവസ്ഥയുടെ എക്സ്-റേ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ (Social Media) ചർച്ചയാവുന്നത്. നായ ഭക്ഷണം കഴിക്കുന്നതും വയറ്റിലെത്തുന്നതും പിന്നീടുള്ള പ്രക്രിയകളുമൊക്കെയാണ് വീഡിയോയിലുള്ളത്.
വീഡിയോയിൽ സ്പൂണിലാണ് നായക്ക് ഭക്ഷണം നൽകുന്നത്. അസ്ഥി വ്യവസ്ഥ, ആമാശയം, വയറിന്റെ ഉൾഭാഗം എന്നിവയെല്ലാം കാണിക്കുന്നുണ്ട്. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട നായയുടെ മറ്റ് ശരീരഭാഗങ്ങളും വീഡിയോയിൽ കാണാം. നായ കഴിക്കുന്ന ഭക്ഷണപദാർഥം അന്നനാളത്തിലൂടെ വയറിലെത്തുന്നത് വ്യക്തമായി കാണാൻ സാധിക്കും. നാല് കഷ്ണം ഭക്ഷണമാണ് ഈ വീഡിയോയിൽ നായ കഴിക്കുന്നത്. ഓരോ കഷ്ണവും വയറ്റിലേക്കെത്തുന്നതിന് കൃത്യമായി സമയമെടുക്കുന്നുണ്ട്.
ഭക്ഷണം വയറിലേക്കെത്തുമ്പോൾ വയറ് അൽപം വികസിക്കുന്നുണ്ട്. വീഡിയോ കണ്ടവർ തന്നെയാണ് ഇത്തരമൊരു നിരീക്ഷണം നടത്തിയിട്ടുള്ളത്. ഭക്ഷണം വയറിലേക്കെത്തുന്ന അതേസമയക്കാണ് വികസിക്കുന്നത്. വീഡിയോ കണ്ടവർ വളരെ വ്യത്യസ്തമായ തരത്തിലുള്ള പ്രതികരണങ്ങളാണ് നടത്തുന്നത്. ചിലർക്ക് ഇത് വളരെ താൽപര്യം തോന്നുന്ന വീഡിയോയാണ്. എന്നാൽ മറ്റ് ചിലർക്ക് ഇതത്ര പ്രസക്തമായ കാര്യമായി തോന്നുന്നുമില്ല.
നായയുടെ ശരീരത്തിൽ എക്സ്-റേ എടുക്കുന്നത് അതിൻെറ ആരോഗ്യത്തിനെ ബാധിക്കില്ലേയെന്ന് ചിലർ ചോദിക്കുന്നു. എക്സ്-റേ എടുക്കുമ്പോഴുള്ള റേഡിയേഷൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതല്ലേയെന്നാണ് ചോദ്യം. ഈ വീഡിയോ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് ചിലർ കമൻറായി കുറിക്കുന്നുണ്ട്. വീഡിയോയിൽ തെറ്റുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അത്തരത്തിൽ പലതരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളാണ് വീഡിയോക്ക് താഴെ വരുന്നത്.
Also Read-
ലോകത്തിലെ ഏറ്റവും വലിയ കവിളുകൾ സ്വന്തമാക്കി യുക്രേനിയന്‍ മോഡല്‍; ശസ്ത്രക്രിയക്ക് ചെലവ് 1.6 ലക്ഷം
വീഡിയോ യാഥാർഥ്യമാണോയെന്ന് സംശയമുണ്ടെന്നാണ് ഒരാൾ പറയുന്നത്. നായ ഭക്ഷണപദാർഥം നന്നായി ചവയ്ക്കുന്നത് പോലും എക്സ്-റേയിൽ കാണിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഭക്ഷണം കഴിക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോയെന്ന് മനസ്സിലാക്കുന്നതിനുള്ള ഫ്ലൂറോസ്കോപ്പിക് ടെസ്റ്റാണ് (Fluoroscopic Swallow Test) ഇതെന്ന് മറ്റൊരാൾ വാദിക്കുന്നു. ഒരാൾ ഭക്ഷണം കഴിക്കുന്നതും അതിന് ശേഷം വയറിലേക്ക് പോവുന്നതും വരെയുള്ള ഘട്ടത്തിൽ എന്തെങ്കിലും തടസ്സമുണ്ടോ എന്നറിയാനാണ് ഈ ടെസ്റ്റ് ചെയ്യുന്നത്. ദഹനവ്യവസ്ഥയിൽ പങ്കുള്ള ശരീരത്തിലെ ഓരോ ഭാഗവും ശരിയായി പ്രവർത്തിക്കുന്നുണ്ടോയെന്നും ഇതിലൂടെ ഒരു ഡോക്ടർക്ക് അറിയാൻ സാധിക്കും. വ്യത്യസ്ത തരത്തിലുള്ള ഭക്ഷണം കഴിപ്പിച്ച് കൊണ്ടാണ് സാധാരണ ഈ ടെസ്റ്റ് ചെയ്യാറുള്ളത്.
തൻെറ നായ ഇത് പോലൊരു അവസ്ഥയിലൂടെ ഒരിക്കൽ കടന്ന് പോയിട്ടുണ്ടെന്നുള്ളതാണ് മറ്റൊരാൾ ഓർത്തെടുക്കുന്നത്. അന്നനാളത്തിന് പ്രശ്നം വന്നപ്പോഴാണ് ഇത്തരത്തിലുള്ള ടെസ്റ്റ് നായക്ക് ചെയ്തത്. മെഗാസോഫാഗസ് (Megaesophagus) എന്ന അവസ്ഥയിലൂടെയാണ് നായ കടന്നുപോയത്. ആ സമയത്ത് ഭക്ഷണം സുഗമമായി കഴിക്കാൻ നായക്ക് സാധിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.