• HOME
  • »
  • NEWS
  • »
  • buzz
  • »
  • Train | ട്രെയിനിൽ ഇഷ്ടമുള്ളതു പോലെ ലഗേജ് കൊണ്ടുപോകാനാകില്ല? എത്ര കിലോ വരെ ആകാം? വിശദാംശങ്ങൾ

Train | ട്രെയിനിൽ ഇഷ്ടമുള്ളതു പോലെ ലഗേജ് കൊണ്ടുപോകാനാകില്ല? എത്ര കിലോ വരെ ആകാം? വിശദാംശങ്ങൾ

സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്യുന്നവർക്ക് 40 കിലോഗ്രാം വരെ ലഗേജ് കൊണ്ടുപോകാവുന്നതാണ്. എസി കോച്ചിൽ ലഗേജിൻെറ പരിധി 50 കിലോഗ്രാമാണ്.

  • Share this:
    ഇന്ത്യയിൽ എവിടേക്ക് യാത്ര ചെയ്യാനും ആളുകളുടെ ആദ്യത്തെ ചോയ്സ് ഇന്ത്യൻ റെയിൽവേയാണ് (Indian Railway). കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാമെന്നതാണ് അതിന് പ്രധാന കാരണം. ദീർഘദൂര യാത്രയാണെങ്കിലും ബസ്സിലോ (Bus) മറ്റോ പോവുന്ന അത്ര ക്ഷീണമോ ബുദ്ധിമുട്ടുകളോ ട്രെയിൻ (Train) യാത്രയിൽ ഉണ്ടാവില്ല. വിമാനത്തിൽ യാത്ര ചെയ്യുന്നത് എല്ലാവർക്കും താങ്ങാൻ പറ്റുന്ന ചിലവല്ല. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും അത് പോലെ തന്നെ പ്രധാന നഗരങ്ങളുമായും റെയിൽവെ നെറ്റ‍്‍വർക്ക് ഉണ്ടെന്നതും ട്രെയിൻ യാത്ര തിരഞ്ഞെടുക്കുന്നതിന് മറ്റൊരു കാരണമാണ്. ഇതിനെല്ലാം അപ്പുറത്ത് മറ്റൊരു കാരണം കൂടിയുണ്ട്. എത്ര വേണമെങ്കിലും ലഗേജ് (Luggage) ഒപ്പം കൊണ്ടു പോവാമെന്നതാണ്.

    തീവണ്ടിയിൽ യാത്ര ചെയ്യുന്ന ചിലർ വളരെയധികം സാധനങ്ങൾ കൊണ്ട് പോവുന്നത് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിരിക്കും. എന്നാൽ നമുക്ക് തീവണ്ടിയിൽ എത്ര വേണമെങ്കിലും സാധനങ്ങൾ കൊണ്ടുപോവാൻ പറ്റുമോ? അങ്ങനെ പറ്റില്ലെന്നാണ് ഉത്തരം. എത്ര ലഗേജ് കൊണ്ടുപോവാമെന്നതുമായി ബന്ധപ്പെട്ട് റെയിൽവേ കൃത്യമായ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു പരിധിക്കപ്പുറത്ത് ലഗേജ് ഉണ്ടെങ്കിൽ നിങ്ങൾ അധികതുക നൽകേണ്ടി വരും.

    യാത്രക്കാർ പരിധിക്കപ്പുറത്ത് സാധനങ്ങൾ യാത്രയിൽ കൊണ്ടുപോവുന്നത് റെയിൽവേയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിനെതിരെ വ്യക്തമായ മുന്നറിയിപ്പും റെയിൽവേ നൽകിക്കഴിഞ്ഞു. "പരിധിയിൽ കൂടുതൽ ലഗേജുമായി യാത്ര ചെയ്യുന്നത് നിങ്ങളുടെ തീവണ്ടി യാത്രയുടെ ആസ്വാദ്യത നശിപ്പിക്കാനേ ഉപകരിക്കൂ. തീവണ്ടിയിൽ യാത്ര ചെയ്യുമ്പോൾ അമിതമായി ലഗേജ് കൈവശം വെക്കരുത്. നിങ്ങളുടെ കയ്യിൽ പരിധിക്കപ്പുറത്ത് സാധനങ്ങൾ ഉണ്ടെങ്കിൽ പാർസൽ ഓഫീസിൽ പേയി ലഗേജ് ബുക്ക് ചെയ്യുന്നതാണ് നല്ലത്,” റെയിൽവേ മന്ത്രാലയം ട്വീറ്റ് ചെയ്തു.

    Also Read-Bihar | ബിഹാറിൽ ട്രെയിനുകൾ വൈകിയത് 40 മണിക്കൂറോളം; കാരണം 'രസ​ഗുള'; എന്തുകൊണ്ട് ?

    ഇന്ത്യൻ റെയിൽവേയുടെ നിയമപ്രകാരം യാത്രക്കാരന് 40 മുതൽ 70 കിലോഗ്രാം വരെ സാധനങ്ങൾ കയ്യിൽ കരുതാവുന്നതാണ്. നിങ്ങൾ ഏത് ക്ലാസിലാണോ യാത്ര ചെയ്യുന്നത് അതിനനുസരിച്ച് ലഗേജിൻെറ പരിധിയിലും വ്യത്യാസമുണ്ടാവും. പരിധിക്കപ്പുറത്ത് ലഗേജ് ഉണ്ടെങ്കിൽ അധിക തുക അടക്കേണ്ടതായി വരും. ഓരോ കോച്ചിനും അനുസരിച്ച് റെയിൽവേ നിരക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്യുന്നവർക്ക് 40 കിലോഗ്രാം വരെ ലഗേജ് കൊണ്ടുപോകാവുന്നതാണ്. എസി കോച്ചിൽ ലഗേജിൻെറ പരിധി 50 കിലോഗ്രാമാണ്. എന്നാൽ ഫസ്റ്റ് ക്ലാസ് എസി കംപാർട്ട്മെൻറിൽ യാത്ര ചെയ്യുന്നവർക്ക് 70 കിലോഗ്രാം വരെ ലഗേജ് കൊണ്ടുപോവാൻ റെയിൽവേ അനുവദിക്കുന്നുണ്ട്.

    കത്തുന്നതും പൊട്ടുന്നതുമടക്കമുള്ള അപകടകരമായ സാധനങ്ങൾ തീവണ്ടിയിൽ കൊണ്ടുപോവാൻ അനുവദിക്കില്ല. സ്റ്റൗ, ഗ്യാസ് സിലിണ്ടർ, പടക്കം, ആസിഡ്, ഓയിൽ, ഗ്രീസ് തുടങ്ങിയവയൊന്നും തീവണ്ടിയാത്രയിൽ അനുവദനീയമല്ല. എന്തെങ്കിലും കാരണവശാൽ തുറക്കുകയോ പൊട്ടുകയോ ചെയ്താൽ സഹയാത്രികർക്കോ സാധനങ്ങൾക്കോ കേടുപാടുകളോ അപകടങ്ങളോ സംഭവിക്കുമെന്നതിനാലാണ് ഈ സാധനങ്ങൾ ഒഴിവാക്കാൻ റെയിൽവേ ആവശ്യപ്പെട്ടിരിക്കുന്നത്. നിരോധിത സാധനങ്ങളുമായി തീവണ്ടിയിൽ യാത്ര ചെയ്യുന്നത് കുറ്റകരമായ കാര്യമാണ്. ഇതിന് പിടിക്കപ്പെട്ടാൽ യാത്രക്കാരനെതിരെ റെയിൽവേ ആക്ടിലെ സെക്ഷൻ 164 പ്രകാരം കേസെടുക്കാവുന്നതാണ്.
    Published by:Jayesh Krishnan
    First published: