ഹോട്ടലിന്റെ മേല്‍ക്കൂരക്ക് മുകളിലേക്ക് ചീങ്കണ്ണിയെ എറിയാന്‍ ശ്രമിച്ച യുവാവിനെ അമേരിക്കന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്ലോറിഡയിലെ ഡൈത്തോണ ബീച്ചിന് സമീപത്തുള്ള ഹോട്ടലിന് മുകളിലേക്കാണ് യുവാവ് ചീങ്കണ്ണിയെ എറിയാന്‍ ശ്രമിച്ചത്. ചീങ്കണ്ണിയെ ഒരു പാഠം പഠിപ്പിക്കാനാണ് താന്‍ ഇങ്ങനെ ചെയ്തത് എന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.
ജീവനുള്ള ചീങ്കണ്ണിയെ ആണ് 32 കാരനായ ഹോഡ്ജ് ഹോട്ടല്‍ കെട്ടിടത്തിന് മുകളിലേക്ക് വലിച്ചെറിയാന്‍ ശ്രമിച്ചത്. ഹൈവേയിലുണ്ടായിരുന്ന പൊലീസുകാരാണ് ഇത് ആദ്യം കണ്ടത്. ചീങ്കണ്ണിയുടെ വാലില്‍ പിടിച്ച് കെട്ടിടത്തിന് മുകളിലേക്ക് എറിയാന്‍ ശ്രമിക്കുകയായിരുന്നു ഇയാള്‍. രണ്ട് തവണ ചീങ്കണ്ണിയുടെ വാലില്‍ പിടിച്ച് നിലത്തിട്ട് അടിച്ചുവെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ചീങ്കണ്ണിയെ മിനിയേച്ചര്‍ ഗോള്‍ഫ് കോഴ്സില്‍ നിന്നും മോഷ്ടിച്ചതാണ് എന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.
സംഭവം കണ്ട ഉടന്‍ തന്നെ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. 5 ഓളം കുറ്റങ്ങളാണ് ഇയാള്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. ചീങ്കണ്ണിയെ കൈവശം വെക്കലും പരിക്കേല്‍പ്പിക്കലും,മോഷണം, ക്രിമിനില്‍ കുസൃതി എന്നിങ്ങനെയാണ് കുറ്റങ്ങള്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ വെള്ളിയാഴ്ച്ച വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇയാളില്‍ നിന്നും പിടിച്ചെടുത്ത ചീങ്കണ്ണിയെ മിനിയേച്ചര്‍ ഗോള്‍ഫ് കോഴ്സില്‍ തന്നെ തുറന്ന് വിട്ടതായും പൊലീസ് പറഞ്ഞു.
അടുത്തിടെ ഫ്ലോറിഡയില്‍ പള്ളിക്ക് സമീപം എത്തിയ ചീങ്കണ്ണിയെ അകത്തേക്ക് ക്ഷണിച്ച് വൈദികന് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ലെഹി ഏക്കര്‍ പ്രദേശത്തുള്ള വിക്ടര്‍ പള്ളിയിലെ വൈദികനായ ഡാനിയല്‍ ഗ്രിഗറിയാണ് അപ്രതീക്ഷിത അതിഥിയെ പള്ളിക്കകത്തേക്ക് സ്വാഗതം ചെയ്തത്. ചീങ്കണ്ണിക്ക് ഒരു വിസിറ്റിംഗ് കാര്‍ഡ് കൊടുക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ നിരവധി ആളുകളാണ് വൈദികന്റെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് എത്തിയത്.
ജൂണ്‍ 29 നാണ് വിചിത്രമായ സംഭവം നടന്നത്. സമീപത്തുള്ള ഒരു മഴവെള്ള ചാലില്‍ നിന്നാണ് കറുത്ത നിറത്തിലുള്ള ചീങ്കണ്ണി ഇഴഞ്ഞു നീങ്ങി പള്ളിയുടെ പരിസരത്ത് എത്തിയത്. പള്ളിയുടെ വാതിലിന് മുന്നിലും ചീങ്കണ്ണി എത്തിയതോടെ കൂടി നിന്ന ആളുകള്‍ക്കും അതിശയമായി. പിന്നാലെയാണ് ചീങ്കണ്ണിയെ പള്ളിക്ക് അകത്തേക്ക് ക്ഷണിച്ച് വൈദികന് ഡാനിയല്‍ ഗ്രിഗറി രംഗത്ത് എത്തിയത്. ചീങ്കണ്ണിക്ക് തൊട്ടടുത്ത് നിന്ന് പോലും ഫോട്ടോ എടുത്ത ഇദ്ദേഹം ചീങ്കണ്ണിക്ക് വിസിറ്റിംഗ് കാര്‍ഡ് നല്‍കാനും ശ്രമിക്കുകയുണ്ടായി.
എന്‍ ബി സി 2 ടിവിയാണ് വൈദികന് ചീങ്കണ്ണിയെ അഭിമുഖീകരിക്കുന്ന ദൃശ്യങ്ങള്‍ യൂട്യൂബിലൂടെ പങ്കുവെച്ചത്. ചീങ്കണ്ണിക്ക് അടുത്ത് വൈദികന് എത്തുന്നതും ബിസിനസ് കാര്‍ഡ് നല്കാന് ശ്രമിക്കുന്നതും വീഡിയോയില്‍ ഉണ്ട്. പള്ളിക്ക് അകത്തേക്ക് വരാന്‍ താല്പര്യം ഉണ്ടെങ്കില്‍ രാവിലെ 9 മുതല്‍ 11 വരെയാണ് പ്രവര്‍ത്തന സമയം എന്നും വൈദികന് ചീങ്കണ്ണിയോട് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.