പ്രണയം നിരസിച്ച യുവതിയ്ക്കെതിരെ നിയമനടപടിയ്ക്കൊരുങ്ങി സിംഗപ്പൂര്‍ സ്വദേശിയായ യുവാവ്. കൗഷിഗണ് എന്ന യുവാവാണ് നോറ ടാന്‍ എന്ന യുവതിയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. 24 കോടി നഷ്ടപരിഹാരവും ഇയാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
2016ലാണ് കൗഷിഗണ് നോറയുമായി സൗഹൃദത്തിലാകുന്നത്. നോറയോട് സൗഹൃദത്തിന് പുറത്ത് പ്രണയമായിരുന്നു ഇയാള്‍ക്ക്. എന്നാല്‍ ഇതൊരു സൗഹൃദമായി മാത്രമെ നോറ കണ്ടിരുന്നുള്ളു.
കൗഷിഗണ് തന്നോട് സൗഹൃദത്തിനപ്പുറം എന്തോ ഉണ്ടെന്നു മനസിലാക്കിയ നോറ, കുറച്ച് നാള് ഒരകലം പാലിക്കണമെന്നും ഇതേപ്പറ്റി കൂടുതല്‍ ആലോചിക്കാന്‍ സമയം വേണമെന്നും കൗഷിഗണോട് പറഞ്ഞു. എന്നാല്‍ നോറയുടെെ ഈ തീരുമാനം അവള് പ്രതീക്ഷിച്ച രീതിയിലല്ല മുന്നോട്ട് പോയത്. ഉടന്‍ തന്നെ കൗഷിഗണ് നോറക്കെതിരെ ഒരു കത്തയയ്ക്കുകയായിരുന്നു. നോറയുടെ തീരുമാനം തന്നെ വൈകാരികമായി ബാധിച്ചെന്നും നോറയ്ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞായിരുന്നു കത്ത്.
നോറയ്ക്ക് മുന്നില്‍ രണ്ടേ രണ്ട് വഴികളെ ഉണ്ടായിരുന്നുള്ളു. ഒന്നുകില്‍ ഈ ബന്ധം അംഗീകരിച്ച് മുന്നോട്ട് പോകുക. അല്ലെങ്കില്‍ എല്ലാ പ്രശ്നങ്ങളെയും നേരിടുക.
അതിന് ശേഷം കൗഷിഗണ് ഉണ്ടായ മാനസിക പ്രശ്നങ്ങളില്‍ നിന്നും അയാളെ കരകയറ്റാനായി നടത്തിയ ചികിത്സയ്ക്ക് സമ്പൂര്‍ണ്ണ പിന്തുണയുമായി നോറ എത്തിയിരുന്നു. തങ്ങള്‍ പ്രണയിതാക്കളല്ല എന്ന് കൗഷിഗണെ ബോധ്യപ്പെടുത്താനുള്ള തെറാപ്പിയായിരുന്നു അത്. ഏകദേശം 18 മാസത്തോളം തെറാപ്പി തുടര്‍ന്നു. അതിന് ശേഷം നോറ കൗഷിഗണുമായി ഇടപെഴകുന്നത് പൂര്‍ണ്ണമായും നിര്‍ത്തുകയും ചെയ്തു.
എന്നാല്‍ ഇതിന് പിന്നാലെയാണ് നോറയ്ക്കെതിരെ നിയമനടപടിയുമായി കൗഷിഗണ് രംഗത്തെത്തിയത്. ഏകദേശം 3 മില്യണ്‍ (24 കോടി രൂപ) നോറയില്‍ നിന്ന് ഈടാക്കണമെന്നാവശ്യപ്പെട്ടാണ് കൗഷിഗണ് കോടതിയെ സമീപിച്ചത്.
രണ്ട് പരാതികളാണ് കൗഷിഗണ് നോറയ്ക്കെതിരെ നല്‍കിയത്. നോറ തന്നെ ഉപേക്ഷിച്ചത് തന്റെ മാനസിക നില തകര്‍ത്തുവെന്നും തന്നെ വിഷാദത്തിലേക്ക് നയിച്ചുവെന്നും കൗഷിഗണ് പരാതിയില്‍ ഉന്നയിച്ചു. സമൂഹത്തിലെ തന്റെ പേരിനെ കളങ്കമേല്‍പ്പിക്കുന്ന നടപടിയാണ് നോറയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും കൗഷിഗണ് കൂട്ടിച്ചേര്‍ത്തു. തന്റെ പ്രൊഫഷനെയും ഈ സംഭവങ്ങള്‍ ദോഷകരമായിട്ടാണ് ബാധിച്ചതെന്നും കൗഷിഗണ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.