നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • 'ക്ടാവ് ബ്രേക്കപ്പായി പോയിട്ട് 666 ദിവസായി'; 666 ബലൂണുകള്‍ ഊതി വീര്‍പ്പിച്ച്‌ കെട്ടി തൃശൂരിലെ യുവാവ്

    'ക്ടാവ് ബ്രേക്കപ്പായി പോയിട്ട് 666 ദിവസായി'; 666 ബലൂണുകള്‍ ഊതി വീര്‍പ്പിച്ച്‌ കെട്ടി തൃശൂരിലെ യുവാവ്

    തൃശൂര്‍ കുറ്റുമുക്ക് നെട്ടിശ്ശേരിയിലെ പാടത്തിനടുത്താണ് യുവാവ് 666 ചുവന്ന ബലൂണുകള്‍ ഊതി വീര്‍പ്പിച്ചു കെട്ടിയത്. പോസ്റ്റിലും മരത്തിലുമായി കയര്‍ വലിച്ചു കെട്ടി അതിലേക്ക് ബലൂണുകള്‍ കെട്ടുകയായിരുന്നു.

    News18 Malayalam

    News18 Malayalam

    • Share this:
      തൃശൂർ: പ്രണയം നിരസിച്ചതിന്റെ പേരില്‍ കാമുകിയെ പെട്രോളൊഴിച്ച് കത്തിച്ചു കൊല്ലുകയും വെടിവച്ചു കൊല്ലുകയും വീട്ടില്‍ക്കയറി കുത്തിക്കൊല്ലുകയും ചെയ്യുന്ന ഒട്ടേറെ സംഭവങ്ങൾക്കാണ് അടുത്തിടെ കേരളം സാക്ഷിയായത്. എന്നാല്‍ ബ്രേക്കപ്പായ പ്രണയത്തിന്റെ കാത്തിരിപ്പിന്റെ കഥ പറയുകയാണ് 666 ബലൂണുകൾ ഊതിവീർപ്പിച്ചുകൊണ്ട് യുവാവ്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് യുവാവും ബലൂണുകളും.

      തൃശൂര്‍ കുറ്റുമുക്ക് നെട്ടിശ്ശേരിയിലെ പാടത്തിനടുത്താണ് യുവാവ് 666 ചുവന്ന ബലൂണുകള്‍ ഊതി വീര്‍പ്പിച്ചു കെട്ടിയത്. പോസ്റ്റിലും മരത്തിലുമായി കയര്‍ വലിച്ചു കെട്ടി അതിലേക്ക് ബലൂണുകള്‍ കെട്ടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇത്രയും ബലൂണുകള്‍ ഊതിവീര്‍പ്പിക്കുന്നത് കണ്ട് കൗതുകത്തോടെ ചോദിച്ചവരോട് 'ക്ടാവ് ബ്രേക്ക് അപ് ആയി പോയിട്ട് 666 ദിവസായി. ഇത്രേം ദിവസം കാത്തിരുന്നു, അതിന്റെ ഓര്‍മക്കായി ഇത്രേം ബലൂണ്‍ ഇരിക്കട്ടെന്നേ'- എന്ന മറുപടിയും യുവാവ് നല്‍കി.

      ബുധനാഴ്ച രാവിലെയാണ് ഒരു വലിയ പെട്ടി നിറയെ ബലൂണ്‍ പൊതികളുമായി യുവാവ് നെട്ടിശേരി പാടവരമ്പിലെ റോഡിലെത്തിയത്. മണിക്കൂറുകളെടുത്ത് ബലൂണുകള്‍ സ്വയം ഊതിവീര്‍പ്പിച്ചു. 'പോയ ക്ടാവ് സന്തോഷമായി ജീവിക്കട്ടെ, നല്ലതു വരട്ടെ' എന്നും നിറ ചിരിയോടെ യുവാവ് പറയുന്നു.

      Also Read- സ്റ്റാറ്റസ് ഇടാന്‍ ബൈക്ക് റേസിങ്; യുവാവിന്റെ കാല്‍ ഒടിഞ്ഞുതൂങ്ങി; പിന്നാലെ മർദനവും

      മണിക്കൂറുകളെടുത്താണ് 666 ബലൂണുകള്‍ യുവാവ് ഊതി നിറയ്ച്ചത്. കാറ്റടിയ്ക്കാന്‍ നിരവധി ഉപകരണങ്ങള്‍ നിലവിലുണ്ടെങ്കിലും സ്വയം ഊതി അയാള്‍ ബലൂണുകള്‍ വീര്‍പ്പിച്ചു. അവശനായിട്ടും വിടാതെ എണ്ണം തികച്ചു. വഴിയേ പോയവരൊക്കെ കൗതുകം കൊണ്ടു ചോദിച്ചു. എല്ലാവരോടും പ്രണയം മുറിഞ്ഞു പോയ കഥ തന്നെ പറഞ്ഞു. ബലൂണ്‍ കെട്ടിത്തീര്‍ന്നയുടന്‍ ഇയാള്‍ സ്ഥലം വിടുകയും ചെയ്തു.

      സംഭവം വൈറലായതോടെ  സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ഫേസ്ബുക്കിൽ ഇങ്ങനെ എഴുതി-

      ഈ കെട്ടകാലത്തെ ഒരോ ദിവസവും മടുപ്പും വിരസതയും ഉത്കണ്ഠകളും നിറഞ്ഞ ഡാർക്‌ സീനാണ്‌. അപ്പോഴാണ്‌ break up-ന്റെ 666 ദിവസങ്ങളുടെ ഓർമ്മക്കായി, സ്വയം ഊതിനിറച്ച, 666 ചുവന്ന ബലൂണുകളെ ആകാശത്തിലേക്ക്‌ കെട്ടിയുയർത്തിയ അജ്ഞാതകാമുകനെ കുറിച്ചുള്ള വാർത്ത കണ്ടത്‌. ജീവവായു നിറഞ്ഞ 666 ചുവന്ന ഹൃദയങ്ങൾ. ചെറിയൊരു ക്ഷതമേറ്റാൽ തകർന്നു പോവുന്ന വിലോല ഹൃദയങ്ങൾ. മഹാമാരിയുടെ ഈ കാലം ചുണ്ടുകളെ ചുണ്ടുകളിൽ നിന്നകറ്റി. ആശ്ലേഷങ്ങളെ, പരിലാളനകളെ, എന്തിന്‌, മൃദുസ്പർശ്ശങ്ങളെപ്പോലും ഇല്ലായ്മ ചെയ്ത, പ്രണയത്തെ റദ്ദ്ചെയ്ത കാലം. പ്രണയം നിഷേധിക്കപ്പെട്ടപ്പോൾ, പ്രിയപ്പെട്ടവളെ ഒരൊറ്റ വെടിയുണ്ടയുടെ നിർദ്ദയമായ ഏകാഗ്രതയിൽ തീർത്തുകളഞ്ഞ വാർത്തകൾ വായിച്ച കാലം. രാഗം രോഗമായി മാറുമ്പോൾ അത്‌ ഹിംസാത്മകമാവുന്നു. അപ്പോൾ അതിന്‌ ചോരയുടെ ചുവപ്പ്‌ വരും‌. ഉത്രയും വിസ്മയയും ഉറക്കം കെടുത്തിയ കാലം. ആ കാലത്ത്‌ ചവിട്ടിനിന്നാണ്‌ ഒരു യുവാവ്‌ പിരിഞ്ഞു പോയവൾക്ക്‌ 666 ചുവന്ന പകൽനക്ഷത്രങ്ങളെ സമ്മാനിച്ചത്‌. മാനത്ത്‌ ഇന്നലെ പടർന്ന ആ ചുവപ്പ്‌ തന്നെയായിരുന്നു, നാരായണിക്കായി മതിലിനു മുകളിലൂടെ പാറിവീണ ബഷീറിന്റെ റോസാപൂവിനും. "ലവ്‌ ഇൻ ദ റ്റൈം ഓഫ്‌ കോളറ"യിൽ കാമുകിയുടെ പ്രണയലേഖനം ഓരോവട്ടം വായിക്കുമ്പോഴും, ഫ്ലോറന്റിനൊ ഒരോ റോസാപൂ കഴിച്ചിരുന്നു. റോബർട്ട്‌ ബെൺസ്‌ എഴുതി,
      “ My love is like a red red rose
      That's newly sprung in june”
      പ്രണയത്തിന്റെ ഉപാധികളില്ലാത്ത ഈ ചുവപ്പിനെയാണ്‌, ഇന്നലെ, നിത്യകാമുകനായ ഈ യുവാവ്‌ വീണ്ടെടുത്തത്‌. തന്റെ ജീവവായു നിറച്ച ബലൂണുകളെ ആകാശത്തിലേക്കുയർത്തി കെട്ടിയിട്ട്‌, കാര്യം തിരക്കിയവരോട്‌ അയാൾ പറഞ്ഞുവത്രെ, " പോയ ക്ടാവ് സന്തോഷമായി ജീവിക്കട്ടെ. നല്ലതു വരട്ടെ"
      അജ്ഞാതകാമുകാ, നിനക്കും നല്ലത്‌ വരട്ടെ. നിന്റെ ജീവരക്തത്തിൽ നിറയെ വസന്തത്തെ പാടിയുണർത്തുന്ന കുയിലുകളുണ്ടാവട്ടെ( ഈ വരിക്ക്‌ ചുള്ളിക്കാടിനോട്‌ കടപ്പാട്‌)
      Published by:Rajesh V
      First published:
      )}