• HOME
 • »
 • NEWS
 • »
 • buzz
 • »
 • അമിതവണ്ണം കുറയ്ക്കാന്‍ കുടുംബം വിട്ട് ഒറ്റയ്ക്ക് ജീവിച്ചത് ഏഴ് മാസം; 62 കിലോ കുറച്ച് യുവാവ് മടങ്ങിയെത്തി

അമിതവണ്ണം കുറയ്ക്കാന്‍ കുടുംബം വിട്ട് ഒറ്റയ്ക്ക് ജീവിച്ചത് ഏഴ് മാസം; 62 കിലോ കുറച്ച് യുവാവ് മടങ്ങിയെത്തി

അമിതവണ്ണം കുറയ്ക്കാന്‍ വ്യായാമത്തെ മാത്രമായിരുന്നില്ല ബ്രയാന്‍ ആശ്രയിച്ചത്. ശരീരത്തിന് അനുയോജ്യമായ ഒരു ഡയറ്റ് പ്ലാനും, ആഹാരരീതികളും ഇദ്ദേഹം പിന്തുടര്‍ന്ന് പോന്നിരുന്നു.

 • Share this:

  അമിതവണ്ണം കുറയ്ക്കാനായി കുടുംബത്തെ ഉപേക്ഷിച്ച് ഏഴു മാസത്തോളം ഒറ്റയ്ക്ക് ജീവിച്ച ഐറിഷ് പൗരന്റെ കഥ വൈറലാകുന്നു. ഏഴ് മാസത്തിന് ശേഷം ഇദ്ദേഹത്തിന്റെ മാറ്റം കണ്ട കുടുംബവും ഞെട്ടലിലാണ്. ബ്രയാന്‍ ഒ കീഫേ എന്ന യുവാവാണ് തടി കുറയ്ക്കാനായി ഈ വ്യത്യസ്ത രീതി പിന്തുടര്‍ന്നത്.

  ഏകദേശം 153 കിലോ ഭാരം ഉണ്ടായിരുന്ന ആളാണ് ബ്രയാന്‍. 7 മാസത്തിനു ശേഷം 62 കിലോ ഭാരം കുറയ്ക്കാൻ ബ്രയാന് കഴിഞ്ഞു. ആരോഗ്യപരമായ ഒരു ജീവിതരീതി പിന്തുടരണം എന്നാഗ്രഹിച്ച ബ്രയാന്‍ നേരെ പോയത് സ്‌പെയിനിലെ മല്ലോര്‍ക എന്ന സ്ഥലത്താണ്. ഏഴ് മാസത്തോളം അവിടെ ചെലവഴിച്ച് ശരീരഭാരം കുറച്ചശേഷമാണ് ഐറിഷിലെ, കോര്‍ക്ക് പ്രവിശ്യയിലുള്ള തന്റെ കുടുംബത്തെ കാണാന്‍ ബ്രയാന്‍ മടങ്ങിയെത്തിയത്.

  ശരീരഭാരം കുറയ്ക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങള്‍ ബ്രയാന്‍ മുമ്പ് നോക്കിയിരുന്നു. എന്നാല്‍ അവയൊന്നും കാര്യമായ മാറ്റങ്ങള്‍ ബ്രയാന്റെ ശരീരത്തില്‍ ഉണ്ടാക്കിയില്ല. തുടര്‍ന്നാണ് വ്യത്യസ്തമായ ഒരു രീതി പിന്തുടരണം എന്ന ചിന്ത ബ്രയാനെ അലട്ടാന്‍ തുടങ്ങിയത്. കുടുംബവുമായും അടുത്ത സുഹൃത്തുക്കളുമായും ഉള്ള എല്ലാ ആശയവിനിമയ സംവിധാനങ്ങളും വിഛേദിച്ചുകൊണ്ടാണ് ബ്രയാന്‍ സ്‌പെയിനിലേക്ക് യാത്ര തിരിച്ചത്.

  അമിതവണ്ണം കുറയ്ക്കാന്‍ വ്യായാമത്തെ മാത്രമായിരുന്നില്ല ബ്രയാന്‍ ആശ്രയിച്ചത്. ശരീരത്തിന് അനുയോജ്യമായ ഒരു ഡയറ്റ് പ്ലാനും, ആഹാരരീതികളും ഇദ്ദേഹം പിന്തുടര്‍ന്ന് പോന്നിരുന്നു. അതേസമയം കഴിഞ്ഞ ആറുമാസം ശരീരത്തിന് വേണ്ട കലോറി ലിമിറ്റ് 2200ല്‍ ക്രമപ്പെടുത്തിയിരുന്ന ബ്രയാന്‍ മാസാവസാനം കലോറി ഉപഭോഗം 1750 ആകുന്ന തരത്തില്‍ ഓരോ ദിവസവും കഴിക്കുന്ന ഭക്ഷണത്തിലും ക്രമീകരണം നടത്തി.

  ഇതോടൊപ്പം തന്നെ വ്യായാമം എന്ന നിലയ്ക്ക് ആദ്യം കുറച്ചുനാള്‍ ബ്രയാന്‍ സ്ഥിരമായി നടക്കാന്‍ പോകുമായിരുന്നു. പിന്നീട് വ്യായാമത്തിന്റെ സമയം കൂട്ടി. ദിവസവും അഞ്ച് മണിക്കൂര്‍ ഒക്കെ എക്‌സര്‍സൈസ് ചെയ്യാനായി ബ്രയാന്‍ മാറ്റിവെയ്ക്കുമായിരുന്നു. ഒരു ദിവസം പോലും ഈ ദിനചര്യയില്‍ നിന്ന് ഇടവേളയെടുത്തിട്ടില്ലെന്ന് ഇന്‍സ്റ്റഗ്രാമില്‍ തന്റെ ജീവിതരീതികള്‍ പങ്കുവെയ്‌ക്കവേ അദ്ദേഹം പറഞ്ഞു.

  ‘ഈ എഴ് മാസത്തിനിടെ ഒരിക്കല്‍ പോലും വിശ്രമിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. എന്റെ ഈ യാത്രയ്ക്കിടെ പല പരിക്കുകളും സംഭവിച്ചിട്ടുണ്ട്. എന്നാല്‍ അതൊന്നും കാര്യമാക്കാതെ എന്റെ ലക്ഷ്യത്തിനായി ഞാന്‍ മുന്നോട്ട് നടക്കുകയായിരുന്നു. എല്ലാ ദിവസവും വ്യായാമത്തിലും ജീവിതശൈലിയിലും ഒരു പോയിന്റ് എങ്കിലും ഉയര്‍ത്താന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഓരോ ദിവസവും ഒരു ശതമാനമെങ്കിലും മെച്ചപ്പെടുത്താന്‍ എനിക്ക് കഴിഞ്ഞു,’ ബ്രയാന്‍ പറയുന്നു.

  തന്റെ ലക്ഷ്യം നേടാനായി `ഒരുദിവസം 90 മിനിറ്റ് വരെ നടത്തത്തിനായി വിനിയോഗിച്ചയാളാണ് ബ്രയാന്‍. ആദ്യ രണ്ടാഴ്ച നടത്തത്തിനായി അദ്ദേഹം സമയം ചെലവഴിച്ചു. പിന്നീട് ഒരു ദിവസം 5 മണിക്കൂര്‍ വരെ വര്‍ക്ക്ഔട്ട് എന്ന നിലയിലേക്കായി. ഒരു ആഴ്ചയില്‍ ആറ് ദിവസം അദ്ദേഹം വെയ്റ്റ് ലിഫ്റ്റിംഗ് ചെയ്തിരുന്നു. കൂട്ടത്തില്‍ നീന്തല്‍, ഓട്ടം എന്നിവയും പരിശീലിച്ചിരുന്നു. വണ്ണം കുറയ്ക്കല്‍ യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ല എന്നാണ് ബ്രയാന്‍ പറയുന്നത്. ആദ്യ മൂന്ന് മാസം ഉറക്കം, എക്‌സര്‍സൈസ് , ഭക്ഷണം കഴിക്കല്‍ എന്നിവയ്ക്ക് മാത്രമേ സമയം കിട്ടിയിരുന്നുള്ളു. ഒരു നാല് മാസത്തിന് ശേഷമാണ് ശരീരത്തില്‍ മാറ്റങ്ങള്‍ കാണാന്‍ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

  ‘ഒരുപാട് കഷ്ടപ്പാട് നിറഞ്ഞ ദിനങ്ങളായിരുന്നു അത്. ആദ്യത്തെ മൂന്ന് മാസം എനിക്ക് ഭക്ഷണം, ഉറക്കം, വ്യായാമം എന്നിവയല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ബാക്കിസമയം ഞാന്‍ എന്റെ സോഫയില്‍ കിടക്കുകയായിരുന്നു പതിവ്. നാല് മാസമായപ്പോഴേക്കും ശരീരം പുതിയ മാറ്റങ്ങളോട് പ്രതികരിക്കാന്‍ തുടങ്ങി,’ ബ്രയാന്‍ പറഞ്ഞു.

  അതേസമയം തന്റെ അടുത്ത ചില സുഹൃത്തുക്കളുമായി വല്ലപ്പോഴും താന്‍ സംസാരിച്ചിരുന്നുവെന്ന് ബ്രയാന്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ അമ്മ വീടിന് പുറത്തേക്ക് പോകുന്ന സമയത്ത് അല്‍ഷിമേഴ്‌സ് ബാധിച്ച തന്റെ പിതാവുമായും സംസാരിച്ചിരുന്നുവെന്ന് ബ്രയാന്‍ പറയുന്നു.

  Published by:Arun krishna
  First published: