നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ത്രികോണ പ്രണയത്തിനൊടുവിൽ വധുവിനെ തെരഞ്ഞെടുത്തത് ടോസിട്ട്; പരസ്പരം അറിയിക്കാതെ യുവാവ് പ്രണയിച്ചത് രണ്ട് പേരെ

  ത്രികോണ പ്രണയത്തിനൊടുവിൽ വധുവിനെ തെരഞ്ഞെടുത്തത് ടോസിട്ട്; പരസ്പരം അറിയിക്കാതെ യുവാവ് പ്രണയിച്ചത് രണ്ട് പേരെ

  മോഹന്‍ലാലും മമ്മൂട്ടിയും ജൂഹിചൗളയും അഭിനയിച്ച ഹരികൃഷ്ണന്‍സ് സിനിമയുടെ ക്ലൈമാക്സ് പോലെയാണ് ഇവിടുത്തെ ത്രികോണ പ്രണയത്തിലുമെന്ന് വേണമെങ്കില്‍ പറയാം.

  • Share this:
   സിനിമകളെ വെല്ലുന്ന തരത്തിലുള്ള സംഭവങ്ങളാണ് പലപ്പോഴും യഥാര്‍ഥ പ്രണയജീവിതത്തില്‍ സംഭവിക്കുന്നത്. ത്രികോണ പ്രണയങ്ങളും അവയോട് ചേര്‍ന്നുള്ള സംഭവവികാസങ്ങളും സിനിമകളില്‍ മാത്രമല്ല, ജീവിതത്തിലും ഇപ്പോള്‍ ഒരു പുതിയ കാര്യമൊന്നുമല്ല. കാരണം അത്രമാത്രം കഥകളാണ് യഥാര്‍ഥ ത്രികോണ പ്രണയ ജീവിതങ്ങളെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെയും വാര്‍ത്ത മാധ്യമങ്ങളിലൂടെയും ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. മിക്കവാറും എല്ലാ ദിവസവും പ്രണയവുമായി ബന്ധപ്പെട്ട രസകവും വിചിത്രവുമായ സംഭവങ്ങള്‍ നാം കാണുന്നു. 'കെട്ടുകഥകളെക്കാള്‍ വിചിത്രമായിരിക്കും ജീവിതം' എന്ന് തെളിയിക്കുന്ന ഒട്ടേറെ സംഭവങ്ങളുണ്ട്. ഇത്തവണ, ഒരു ടോസിലൂടെ പരിസമാപ്തിയിലെത്തിയ ഒരു ത്രികോണ പ്രണയത്തിന്റെ കഥയാണ് പങ്കുവയ്ക്കുന്നത്. അതെ, ഒരു 'നാണയം' മൂന്ന് വ്യക്തികളുടെ വിധി തീരുമാനിച്ചു.

   പ്രണയം ആരംഭിക്കുന്നു

   ഏകദേശം മോഹന്‍ലാലും മമ്മൂട്ടിയും ജൂഹിചൗളയും അഭിനയിച്ച ഹരികൃഷ്ണന്‍സ് സിനിമയുടെ ക്ലൈമാക്സ് പോലെയാണ് ഇവിടുത്തെ ത്രികോണ പ്രണയത്തിലുമെന്ന് വേണമെങ്കില്‍ പറയാം. പക്ഷെ ഇവിടെ യുവാവിന്റെ കൈയില്‍ വില്ലത്തരമുണ്ടെന്ന് മാത്രം. കര്‍ണാടകയിലെ ഹസന്‍ ജില്ലയിലെ സകലേഷ്പൂര്‍ താലൂക്കിലാണ് സംഭവം നടന്നത്. ഒരു വര്‍ഷം മുമ്പ് സകലേഷ്പൂരിലെ ഗ്രാമത്തില്‍ നിന്നുള്ള ഒരു 27 കാരന്‍ അയല്‍ ഗ്രാമത്തിലെ 20 വയസ്സുള്ള ഒരു പെണ്‍കുട്ടിയുമായി കണ്ടുമുട്ടി. തുടര്‍ന്ന് പലപ്പോഴും ഇരുവരും ഒരുമിച്ചു കാണാനും, ഷോപ്പിംഗിനായും നര്‍മ്മ സല്ലാപത്തിനായും നഗരത്തിലേക്ക് ഒളിച്ചുപോകുകയും സമയം ചെലവഴിക്കുകയും ചെയ്തു. ആറുമാസം മുമ്പ്, അതേ ഗ്രാമത്തില്‍നിന്നുള്ള അതേ പ്രായത്തിലുള്ള മറ്റൊരു പെണ്‍കുട്ടിയുമായി ഈ യുവാവ് കൂട്ടിമുട്ടി. ഇവിടെയും ഒരു 'സൗഹൃദം' വിരിഞ്ഞു. നഗരത്തിലേക്കും പാര്‍ക്കിലേക്കും ഒളിച്ചുപോകുന്ന ആ പഴയ കളികള്‍ ഇവിടെയും ആവര്‍ത്തിച്ചു. ഇക്കാലമത്രയും, രണ്ട് പെണ്‍കുട്ടികളും പരസ്പരം അറിയാതെ ഒരാളെ തന്നെ പ്രണയിച്ചുക്കൊണ്ടിരുന്നു. ഒടുവില്‍ ത്രികോണ പ്രണയം പെണ്‍കുട്ടികളും അവരു വീട്ടുകാരും, യുവാവിന്റെ വീട്ടുകാരും, നാട്ടുകാരും അറിഞ്ഞ് ഗ്രാമത്തില്‍ വലിയൊരു വിഷയമായി. ഒടുവില്‍ പ്രണയ വിഷയത്തില്‍ ഒരു തീരുമാനം എടുക്കാന്‍ പ്രദേശത്തെ പഞ്ചായത്ത് കൂട്ടത്തിന് വരെ ഇടപെടേണ്ടി വന്നു.

   ത്രികോണപ്രണയം പരസ്യമാകുന്നു

   ഒരു ജില്ലാ പഞ്ചായത്ത് മുന്‍ അംഗത്തിന്റെ ഒരേയൊരു മകന്‍ എന്നതും സാമ്പത്തികമായി നല്ല നിലയിലുള്ള കുടുംബത്തില്‍പ്പെട്ട വ്യക്തി എന്നതും ആ യുവാവിനെ പ്രദേശത്ത് ഒരു യോഗ്യനായി കണക്കാക്കി. പക്ഷേ, ഒരു പെണ്‍കുട്ടിയുമായി കറങ്ങിനടക്കുന്നത് കണ്ടതിനെ തുടര്‍ന്ന് ഒരു ബന്ധു അവന്റെ പിതാവിനെ വിവരം അറിയിച്ചു. ബന്ധു പറഞ്ഞ പെണ്‍കുട്ടിയെക്കുറിച്ച് വീട്ടുകാര്‍ യുവാവിനോട് ചോദിച്ചു. താന്‍ ആ പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അവന്‍ പറഞ്ഞു. വീട്ടുകാര്‍ ഇതിനോട് വിയോജിക്കുകയും അയാളുടെ വിവാഹം എത്രയും പെട്ടെന്ന് മറ്റൊരാളുമായി നടത്താനായി തീരുമാനിക്കുകയും ചെയ്തു.

   എന്നാല്‍ മറ്റേ പ്രണയിനി ഇത് അറിയുകയും യുവാവുമായുള്ള ബന്ധത്തെക്കുറിച്ച് അവളുടെ വീട്ടില്‍ പറയുകയും ചെയ്തു. ഈ പെണ്‍കുട്ടിയുടെ കുടുംബം, മകളില്‍ നിന്ന് അറിഞ്ഞ ബന്ധത്തെക്കുറിച്ച് യുവാവിന്റെ വീട് സന്ദര്‍ശിച്ച് അവരോട് കാര്യം വെളിപ്പെടുത്തി. ഇതിനിടയില്‍ മറ്റേ പെണ്‍കുട്ടിയും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുകയും അവളും കുടുംബത്തെ കൂട്ടി ആ യുവാവിന്റെ വീട്ടില്‍ എത്തുകയും ചെയ്തു. യുവാവിന്റെ മാതാപിതാക്കള്‍ അത്തരമൊരു സാഹചര്യത്തില്‍ എന്തുചെയ്യണമെന്നതിനെക്കുറിച്ച് ഒരു തീരുമാനം എടുക്കാന്‍ സാധിക്കാതെ കുഴപ്പത്തിലായി. അപ്പോഴേക്കും ഗ്രാമം മുഴുവന്‍ ത്രികോണ പ്രണയത്തെക്കുറിച്ച് അറിഞ്ഞു കഴിഞ്ഞിരുന്നു.

   ത്രികോണപ്രണയത്തിന്റെ തീരുമാനം പഞ്ചായത്തിലേക്ക്

   വിഷയത്തില്‍ ഒരു തീരുമാനം എടുക്കാന്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ ആദ്യം ഒരു യോഗം വിളിച്ചു. അവിടെവച്ച് യുവാവിനോട്, അയാള്‍ ആരെയാണ് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചു. രണ്ട് പെണ്‍കുട്ടികളും എങ്ങനെയാണ് അവര്‍ വിവാഹിതരാകേണ്ടത് എന്നതിനെക്കുറിച്ച് നീണ്ട വാദങ്ങള്‍ ഉന്നയിച്ചെങ്കിലും പക്ഷേ, ആ യുവാവ് ഒരു വാക്കുപോലും ഉച്ചരിച്ചില്ല. ഒരു നിഗമനത്തിലെത്താന്‍ കഴിയാതെ പഞ്ചായത്ത് പിരിച്ചുവിട്ടു. താന്‍ വഞ്ചിക്കപ്പെട്ടുവെന്ന ദു:ഖത്തില്‍ ആദ്യ പെണ്‍കുട്ടി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഭാഗ്യവശാല്‍, കൃത്യസമയത്ത് ആളുകള്‍ കണ്ടതുകൊണ്ട് അവള്‍ രക്ഷപ്പെട്ടു.

   സെപ്റ്റംബര്‍ 4 വെള്ളിയാഴ്ച രണ്ടാമത്തെ പഞ്ചായത്ത് വിളിച്ചു. യുവാവിന്റെയും രണ്ട് പെണ്‍കുട്ടികളുടെയും കുടുംബങ്ങള്‍ പങ്കെടുത്തു. പഞ്ചായത്തിന്റെ തീരുമാനം അന്തിമമാണെന്ന് പ്രസ്താവിക്കുന്ന മൂന്ന് കക്ഷികള്‍ക്കും വേണ്ടി സ്റ്റാമ്പ് പേപ്പറില്‍ ഒരു കരാര്‍ ഉണ്ടാക്കാന്‍ ഒരു അഭിഭാഷകനെയും വിളിച്ചു. കൂടാതെ, തീരുമാനം തങ്ങള്‍ക്ക് അനുകൂലമല്ലെങ്കില്‍പ്പോലും ആരും പോലീസിലോ കോടതിയിലോ മാധ്യമങ്ങളിലോ പോകില്ലെന്നും ധാരണയിലായി. മൂന്ന് കക്ഷികളും സമ്മതിക്കുകയും പ്രസ്തുത കരാറില്‍ ഒപ്പിടുകയും ചെയ്തു.

   ഒരു 'നാണയം' മൂന്ന് വ്യക്തികളുടെ വിധി തീരുമാനിക്കുന്നു

   ഏത് പെണ്‍കുട്ടിയാണ് യുവാവിനെ വിവാഹം കഴിക്കേണ്ടതെന്ന് തീരുമാനിക്കാന്‍ പഞ്ചായത്ത് ഒരു നാണയം കറക്കി ഇടാമെന്ന് (ടോസ്) തീരുമാനിച്ചു. കാര്യങ്ങള്‍ അത്രയും എത്തിയിട്ടും ആ യുവാവ് തന്റെ ആഗ്രഹം പ്രകടിപ്പിക്കുകയോ തന്റെ തീരുമാനം എന്താണെന്ന് പറയുകയോ ചെയ്തില്ല. പഞ്ചായത്ത് കൂട്ടത്തില്‍ വച്ച് എന്താണ് സംഭവിച്ചതെന്നതിന് രണ്ട് കഥകള്‍ ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. രണ്ടും ഒരേ കാര്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.

   ആദ്യ കഥയില്‍ പറയുന്നത്. ടോസ് ആദ്യ പെണ്‍കുട്ടിക്ക് (ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച) അനുകൂലമായി ലഭിച്ചുവെന്നും തുടര്‍ന്ന് അയാള്‍ അവളെ വിവാഹം കഴിക്കാന്‍ സമ്മതിച്ചുവെന്നുമാണ്. സംഭവത്തിന്റെ രണ്ടാമത്തെ പതിപ്പ് ആ യുവാവ് ഒടുവില്‍ ഒരു തീരുമാനമെടുത്തു, രണ്ടാമത്തെ പെണ്‍കുട്ടി അവനെ വിവാഹം കഴിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചപ്പോള്‍ മരിക്കാന്‍ തയ്യാറായ ആദ്യത്തെ പെണ്‍കുട്ടിയെ തിരഞ്ഞെടുത്തു എന്നാണ്.

   ക്ലൈമാക്സ്

   ആ തീരുമാനം എടുത്തുകഴിഞ്ഞപ്പോള്‍, അയാള്‍ ആദ്യ പെണ്‍കുട്ടിയുടെ അടുത്തേക്ക് നീങ്ങി, പഞ്ചായത്തിന് മുന്നില്‍ വച്ച് അവളെ കെട്ടിപ്പിടിച്ചു. പക്ഷേ, ഈ അവസാനം രംഗത്തില്‍ കൈയടി മേടിച്ചത് ഒരു കാഴ്ചക്കാരിയായിരുന്ന നില്‍ക്കേണ്ടി വന്ന മറ്റേ പെണ്‍കുട്ടി (രണ്ടാമത്തെ പെണ്‍കുട്ടി) ആണ്. അവള്‍ (രണ്ടാമത്തെ പെണ്‍കുട്ടി) മുന്നോട്ട് വന്നു, വിജയിച്ച പെണ്‍കുട്ടിക്ക് ആശംസിച്ചു. പക്ഷേ പോകുന്നതിന് മുമ്പ് യുവാവിന്റെ മുഖത്ത് അടിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

   ''നിങ്ങള്‍ എന്നെ ഒഴിവാക്കി കടന്നുപോയി. നിങ്ങള്‍ക്ക് ചിലപ്പോള്‍ നല്ലൊരു ജീവിതം ലഭിച്ചേക്കാം, ലഭിക്കാതെയുമിരിക്കാം. പക്ഷേ ഞാന്‍ തീര്‍ച്ചയായും നിങ്ങളുടെ മുന്നില്‍ ഒരു അത്ഭുതകരമായ ജീവിതം നയിക്കുമെന്ന് അറിയുക. പക്ഷെ സൂക്ഷിച്ചോ, കാരണം ഞാന്‍ നിന്നെ ഒഴിവാക്കില്ല,'' അവള്‍ പറഞ്ഞു. ഈ വാചകങ്ങളില്‍ ഗ്രാമം മുഴുവന്‍ കൈയടിക്കുകയും വിസില്‍ മുഴക്കുകയും ചെയ്തു. പഞ്ചായത്തിന്റെ തീരുമാനമനുസരിച്ച് ദമ്പതികള്‍ ഇപ്പോള്‍ വിവാഹിതരാണ്.

   ''ഇതൊരു സിനിമാ കഥ പോലെ അല്ലേ? മുഴുവന്‍ കാര്യങ്ങളും ഞങ്ങള്‍ വളരെയധികം ആസ്വദിച്ചു. ആ യുവാവ് ഇതില്‍ നിന്ന് ഒരു പാഠം പഠിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരും ഇതില്‍ നിന്ന് വിശ്വസ്തതയുടെ പാഠങ്ങള്‍ പഠിക്കുമെന്നും അവരുടെ കുടുംബങ്ങള്‍ക്ക് നാണക്കേട് വരുത്തുന്നത് അവസാനിപ്പിക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,'' പഞ്ചായത്തില്‍ പങ്കെടുത്ത ഒരു പ്രായമായ ഗ്രാമീണന്‍ പറഞ്ഞു.
   Published by:Jayashankar AV
   First published:
   )}