വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മരങ്ങള്‍ മുറിച്ച് മാറ്റുന്നത് എന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. എന്നാല്‍ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സമൂഹത്തില്‍ അവബോധം വളര്‍ത്തേണ്ടതും വളരെ അത്യാവശ്യമാണ്. ഇത് സംബന്ധിച്ച ശ്രമങ്ങള്‍ പലപ്പോഴും വിലമതിക്കപ്പെടാറുമുണ്ട്. ഇത്തരത്തില്‍ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ചുവടെ പിഴുത ഒരു മരം വീണ്ടും നടുന്നതിനായി ആറ് ചെറുപ്പക്കാര്‍ ചേര്‍ന്ന് ചുമന്നു കൊണ്ട് പോകുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്.
ജാര്‍ഖണ്ഡില്‍ നിന്നുള്ള ചെറുപ്പക്കാരുടെ ഫോട്ടോയാണ് ഇപ്പോള്‍ ട്വിറ്ററില്‍ വ്യാപകമായി പങ്കിടുകയും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്യുന്നത്. ഫോട്ടോ പങ്കിട്ടുകൊണ്ട് ജാര്‍ഖണ്ഡിലെ ഡെപ്യൂട്ടി കളക്ടര്‍ സഞ്ജയ് കുമാറും രംഗത്തെത്തിയിരുന്നു. ''ഈ ഒരു ചിത്രത്തിലൂടെ ആയിരത്തിലധികം വാക്കുകളാണ് പറയാനുള്ളതെന്ന്'' അദ്ദേഹം അടിക്കുറിപ്പില്‍ എഴുതി.
ഫോട്ടോയില്‍, ആറ് ചെറുപ്പക്കാര്‍ ചേര്‍ന്ന് തങ്ങളുടെ തോളില്‍ ഏറ്റിയാണ് മരം ചുമക്കുന്നത്. മരം ഒരു മുളയിലാണ് ബന്ധിപ്പിച്ചിരിക്കുന്നു. തുടര്‍ന്ന് ഈ മുളയാണ് ചെറുപ്പക്കാര്‍ ചേര്‍ന്ന് ചുമന്നുകൊണ്ട് പോകുന്നത്. പിഴുതുമാറ്റിയ മരത്തിന്റെ ഇലകള്‍ക്കും ശാഖകള്‍ക്കും വേരുകള്‍ക്കും യാതൊരു കേടുപാടുകളുമില്ല.
Also Read-മാസ്ക് ധരിക്കാത്ത ടൂറിസ്റ്റുകളെ ശകാരിച്ച് കൊച്ചുകുട്ടി; വൈറലായി ധർമശാലയിൽ നിന്നുള്ള വീഡിയോ
ഫോട്ടോയിലെ യുവാക്കളുടെ പരിശ്രമത്തെ അഭിനന്ദിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ നിരവധി ഉപഭോക്താക്കള്‍ രംഗത്തെത്തി. യുവതലമുറ പരിസ്ഥിതിയോടും പരിസ്ഥിതി സംരക്ഷണത്തോടും പ്രതിബന്ധത ഉള്ളവരാണെന്നുള്ളത് പ്രതീക്ഷ നല്‍കുന്നതായി ഒരു ട്വിറ്റര്‍ ഉപഭോക്താവ് കുറച്ചു. ''ഈ യുവാക്കള്‍ പരിസ്ഥിതിയുടെ നാളത്തെ നെടും തൂണുകളാണെന്ന്'' മറ്റൊരാള്‍ കമന്റ് ചെയ്തു.
ജാര്‍ഖണ്ഡിലെ പരിസ്ഥിതിയോടുള്ള തദ്ദേശവാസികളുടെ കരുതലിനെ എടുത്തുകാട്ടിയും ചിലര്‍ കമന്റുകള്‍ രേഖപ്പെടുത്തി. യന്ത്രത്തിന്റെ സഹായമില്ലാതെ ഇത്രയും വലിയ വൃക്ഷം ചുമന്നു കൊണ്ടു പോകുന്ന ആളുകളെ കണ്ടപ്പോള്‍ തന്നെ ചിത്രം ജാര്‍ഖണ്ഡില്‍ നിന്നുള്ളതാണെന്ന് വ്യക്തമായതായി ഒരു ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചു. ഫോട്ടോയില്‍ കാണുന്ന ആളുകള്‍ യഥാര്‍ത്ഥ പരിസ്ഥിതി യോദ്ധാക്കളാണെന്നും അവര്‍ വലിയ സല്യൂട്ട് അര്‍ഹിക്കുന്നുവെന്നും മറ്റൊരാള്‍ എഴുതി.
ഇത്തരത്തിലുള്ള കാര്യങ്ങള്‍ നോയിഡയില്‍ സംഭവിക്കാത്തത് എന്തുകൊണ്ടാണെന്ന് ഒരു ഉപഭോക്താവ് ചോദിച്ചു. കാരണം ഈ പ്രദേശത്ത് നിരവധി മരങ്ങളാണ് ദിവസവും മുറിച്ച് മാറ്റപ്പെടുന്നതെന്നും ഈ കമന്റില്‍ കുറിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഡല്‍ഹി സര്‍ക്കാര്‍ പുതിയ പ്ലാന്റേഷന് നയം അംഗീകരിച്ചതിനെത്തുടര്‍ന്ന് ദേശീയ തലസ്ഥാനത്തും മരം മാറ്റിവയ്ക്കലുകള്‍ ചര്‍ച്ചയായിരുന്നു. ഡല്‍ഹിയില്‍ മരങ്ങള്‍ പറിച്ചുനടുന്നതിനും മാറ്റി സ്ഥാപിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്ന ഒരു ട്രീ ട്രാന്സ്പ്ലാന്റേഷന് സെല്‍ സ്ഥാപിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്.
ഇംഗ്ലണ്ടിലെ സൗത്ത് യോര്‍ക്ക്ഷെയറിലെ ഷെഫീല്‍ഡില്‍ വീട്ടുമുറ്റത്ത് നില്ക്കുന്ന പാതി ശാഖകള്‍ മുറിച്ച മരം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. 56കാരനായ ഭരത് മിസ്ട്രിയുടെ വീട്ട് മുറ്റത്ത് കഴിഞ്ഞ 25 വര്‍ഷമായി നിന്നിരുന്ന മരത്തിന്റെ പകുതി ശാഖകളാണ് അയല്ക്കാരന് മുറിച്ച് മാറ്റിയത്. മരത്തില്‍ ഇരുന്ന് പ്രാവുകള്‍ ഉണ്ടാക്കുന്ന ശബ്ദവും പ്രാവുകളുടെ കാഷ്ഠം തന്റെ മുറ്റത്തേയ്ക്ക് വീഴുന്നതും തടയാനാണ് അയല്ക്കാരന് മരത്തിന്റെ പകുതി മുറിച്ച് മാറ്റിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.