• HOME
  • »
  • NEWS
  • »
  • buzz
  • »
  • നടുറോഡില്‍ നൃത്തം ചെയ്ത് യുവതി; സാഹസം ഇന്‍സ്റ്റാഗ്രാം റീൽ വീഡിയോയ്ക്കായി

നടുറോഡില്‍ നൃത്തം ചെയ്ത് യുവതി; സാഹസം ഇന്‍സ്റ്റാഗ്രാം റീൽ വീഡിയോയ്ക്കായി

ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് യുവതിക്കെതിരെ ട്രാഫിക് പോലീസ് ഇപ്പോള്‍ കേസെടുത്തിട്ടുണ്ട്.

  • Share this:
സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടാന്‍ ആളുകള്‍ പലതരത്തിലുള്ള അഭ്യാസങ്ങള്‍ നടത്താറുണ്ട്. സാഹസികതയും വ്യത്യസ്തയുമൊക്കെ അങ്ങേയറ്റം കടന്ന് സഭ്യത വിട്ടുള്ളതും, വളരെ അപകടത്തില്‍പ്പെടുന്നതുമായ രീതിയിലുള്ള പ്രവര്‍ത്തികളാണ് ചിലര്‍ കാട്ടിക്കൂട്ടുന്നത്. സോഷ്യല്‍ മീഡിയയില്‍ തിളങ്ങാന്‍ ബോധപൂര്‍വ്വം നിയമലംഘനങ്ങള്‍ നടത്തുന്ന ആളുകളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ലോകത്തിലെ എല്ലായിടത്തെയും നിയമപാലകര്‍. ഇപ്പോള്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍, തിരക്കുള്ള റോഡിന് നടുവില്‍ നിന്ന് നൃത്തം ചവിട്ടിരിക്കുകയാണ് ഒരു യുവതി. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് യുവതിക്കെതിരെ ട്രാഫിക് പോലീസ് ഇപ്പോള്‍ കേസെടുത്തിട്ടുണ്ട്.

ശ്രേയ കല്‍റ എന്ന് അറിയപ്പെടുന്ന ഒരു യുവതിയാണ് ഇന്‍സ്റ്റാഗ്രാം റീല്‍ ഷൂട്ട് ചെയ്യാന്‍ ഇങ്ങനെയൊരു സാഹസം നടത്തിയത്. ഇന്‍ഡോറിലെ റസോമ സ്‌ക്വയറിലെ തിരക്കേറിയ റോഡിലെ സീബ്രലൈനില്‍ കറുത്ത ടോപ്പും പാന്റും ധരിച്ച ശ്രേയ നൃത്തം ചവിട്ടുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. ഡോജാക്യാറ്റിന്റെ വുമണ്‍ എന്ന ഗാനത്തിനായിരുന്നു യുവതി ചുവട് വച്ചത്. റെഡ് സിഗ്നല്‍ കത്തി കിടക്കുന്നതിനാല്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. യാത്രക്കാര്‍ അത്ഭുതത്തോടെ നോക്കിയപ്പോഴും അതൊന്നും ഗൗനിക്കാതെ അവള്‍ അവളുടെ നൃത്തച്ചുവടുകളുടെ തിരക്കിലായിരുന്നു. റോഡിലേക്ക് ഓടുന്നതിനിടയില്‍ ശ്രേയ പുഞ്ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

യുവതിയുടെ നടുറോഡിലെ നൃത്തതിന്, പോലീസുകാര്‍ അന്ന് അവളെ ഒരു താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ 12ന് യുവതി തന്നെ ഇന്‍സ്റ്റാഗ്രാമില്‍ ഈ വീഡിയോ അപ്ലോഡ് ചെയ്തു, അത് പിന്നീട് വൈറലായി. ഇതിനുശേഷമാണ് പോലീസുകാര്‍ ശ്രേയക്കെതിരെ നടപടി സ്വീകരിച്ചത്. നിയമലംഘനത്തിന് ബുധനാഴ്ച ശ്രേയയ്ക്ക് നോട്ടീസ് നല്‍കി. മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം പെണ്‍കുട്ടിയ്ക്കെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും നിര്‍ദ്ദേശിച്ചു. യുവതിയുടെ ഉദ്ദേശം എന്തുതന്നെയായിരുന്നാലും അത് തെറ്റായിരുന്നുവെന്നും സമൂഹത്തില്‍ ഇത്തരം കാര്യങ്ങള്‍ക്ക് ഒരു പ്രചോദനമുണ്ടാകാതിരിക്കാനും പ്രവണതയാകാതിരിക്കാനും നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
View this post on Instagram


A post shared by Shreya Kalra (@shreyakalraa)


വീഡിയോയുടെ തുടക്കത്തില്‍, പൊതുയിടത്തില്‍ മാസ്‌ക്ക് ധരിക്കാതിരുന്ന യുവതിയെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ വ്യാപകമായി വിമര്‍ശിച്ചിരുന്നു. വൈറല്‍ വീഡിയോ വന്‍ വിമര്‍ശനമായതിന് ശേഷം, ശ്രേയ തന്റെ വീഡിയോയുടെ വിവരണം ഇങ്ങനെ അപ്‌ഡേറ്റുചെയ്തിരുന്നു: ''ദയവായി നിയമങ്ങള്‍ ലംഘിക്കരുത്, റെഡ് സൈന്‍ എന്നാല്‍ നിങ്ങള്‍ സിഗ്നലില്‍ നിര്‍ത്തണം, എനിക്ക് നൃത്തം ചെയ്യുന്നതിനല്ല. നിങ്ങള്‍ മാസ്‌ക് ധരിക്കുക സുഹൃത്തുക്കളെ.''വീഡിയോ ഇതുവരെ മുപ്പതിനായിരത്തോളം ലൈക്കുകളും നൂറുകണക്കിന് കമന്റുകളും നേടിയിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാം റീലിലെ അവളുടെ രസകരമായ നീക്കങ്ങളെ മറ്റുള്ളവരും അഭിനന്ദിച്ചപ്പോള്‍ അവളുടെ ഭ്രാന്തിന് ധാരാളം നെറ്റിസണുകള്‍ അവളെ ആക്ഷേപിച്ചു.

നിരുത്തരവാദപരമായ പെരുമാറ്റമാണ് നിങ്ങളുടേത്, നിങ്ങള്‍ക്ക് ഭ്രാന്താണ് പലരെയും അപകടത്തിലാക്കിയേനെ, റെഡ് സിഗ്‌നല്‍ ആണ് എന്ന വസ്തുത അംഗീകരിക്കാം പക്ഷെ ഇത് ഒരിക്കലും (നൃത്തം) അംഗീകരിക്കാന്‍ കഴിയില്ല, ഇങ്ങനെ പോകുന്നു ശ്രേയയുടെ വീഡിയോയ്ക്ക് കീഴില്‍ വന്ന കമന്റുകള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശ്രേയയ്ക്ക് രണ്ടരലക്ഷത്തോളം ഫോളോവേഴ്‌സ് ഉണ്ട്. ഒരു ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റിയാണ് ശ്രേയ.
Published by:Jayashankar AV
First published: