• HOME
  • »
  • NEWS
  • »
  • buzz
  • »
  • YOUNGMAN SUCCUMBS TO INJURIES AFTER A HELICOPTER BLADE HAD FALLEN ON HIM MM

ഹെലികോപ്റ്ററിന്റെ ബ്ലെയ്ഡ് വീണ് ചെറുപ്പക്കാരന് ദാരുണമരണം

കഴിഞ്ഞ രണ്ടു വർഷക്കാലമായി ഇബ്രാഹിം സ്വന്തമായി ഹെലികോപ്റ്റർ വികസിപ്പിച്ചെടുക്കുന്നതിനുള്ള പരിശ്രമത്തിലായിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തലയിൽ ഹെലികോപ്റ്ററിന്റെ ബ്ലെയ്ഡ് വീണ് 24 വയസുകാരനായ ചെറുപ്പക്കാരന് ദാരുണാന്ത്യം. ഹെലികോപ്റ്ററിന്റെ നിർമാണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനിടെ ഉണ്ടായ സാങ്കേതിക തകരാർ മൂലമാണ് അപകടം ഉണ്ടായത്. മഹാരാഷ്ട്രയിലെ യവത്മൽ ജില്ലയിൽ വെച്ചായിരുന്നു സംഭവം.

    ഷെയ്ഖ് ഇസ്മയിൽ ഷെയ്ഖ് ഇബ്രാഹിം എന്ന് പേരുള്ള മെക്കാനിക്കായ ചെറുപ്പക്കാരൻ മഹാരാഷ്ട്രയിലെ മഹാഗാവ് താലൂക്കിൽ ഫുൽസാവംഗി ഗ്രാമത്തിലെ വർക്ഷോപ്പിൽ വച്ച് ചൊവ്വാഴ്ച രാത്രി ഹെലികോപ്റ്ററിന്റെ പ്രവർത്തനം പരിശോധിക്കുന്നതിനിടയിലാണ് അതിദാരുണമായ സംഭവം ഉണ്ടായതെന്ന് പോലീസ് വൃത്തങ്ങൾ അറിയിക്കുന്നു.

    കഴിഞ്ഞ രണ്ടു വർഷക്കാലമായി ഇബ്രാഹിം സ്വന്തമായി ഹെലികോപ്റ്റർ വികസിപ്പിച്ചെടുക്കുന്നതിനുള്ള പരിശ്രമത്തിലായിരുന്നതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പോലീസിന്റെ പ്രാഥമിക റിപ്പോർട്ട് പ്രകാരം, ഹെലികോപ്റ്ററിന്റെ പ്രവർത്തനം ഇബ്രാഹിം പരിശോധിച്ച് ഉറപ്പു വരുത്തുകയായിരുന്നു. അപ്പോൾ ഹെലികോപ്റ്ററിൽ ചില സാങ്കേതിക തകരാർ ഉണ്ടാവുകയും അതിനെ തുടർന്ന് അതിന്റെ ബ്ലെയ്ഡുകളിൽ ഒന്ന് നിലംപതിക്കുകയുമായിരുന്നു.

    താഴേക്ക് പതിച്ച ബ്ലെയ്ഡ് തലയിൽ വീണതിനെ തുടർന്ന് ഇബ്രാഹിമിന് ഗുരുതരമായി പരിക്കേറ്റു. ഗുരുതരമായ മുറിവുകളോടു കൂടി അദ്ദേഹത്തെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സ നൽകുന്നതിനിടയിൽ മരണപ്പെടുകയായിരുന്നു എന്നും പോലീസ് അറിയിച്ചു. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വരാനിരിക്കുകയാണ് എന്നും പോലീസ് പറയുന്നു.



    എട്ടാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസം നേടിയിട്ടുള്ള ഇബ്രാഹിം ഏവിയേഷനുമായി ബന്ധപ്പെട്ട മേഖലയോടുള്ള തന്റെ അടങ്ങാത്ത താത്പര്യം കൊണ്ടാണ് ഹെലികോപ്റ്റർ നിർമിക്കാൻ തീരുമാനിച്ചത്. 'മുന്ന ഹെലികോപ്റ്റർ' എന്ന് പേരിട്ട ഹെലികോപ്റ്ററിന്റെ പൂർണ വിജയത്തിനായി കഴിഞ്ഞ രണ്ടു വർഷക്കാലം അദ്ദേഹം കഠിനാധ്വാനം ചെയ്യുകയായിരുന്നു. ഉപജീവനത്തിനായി ഇബ്രാഹിം വെൽഡിങ്, ഫാബ്രിക്കേഷൻ എന്നിവയുമായി ബന്ധപ്പെട്ട ജോലികളാണ് ചെയ്തിരുന്നത്.

    സാധാരണ നിലയിൽ കോടിക്കണക്കിന് രൂപ മുടക്കിയാൽ മാത്രമേ ഹെലികോപ്റ്റർ വാങ്ങാൻ കഴിയൂ എന്നതിനാൽ ഈ സൗകര്യം പണക്കാർക്ക് മാത്രമേ ലഭ്യമാകുന്നുള്ളൂ എന്നും അതിനാൽ 30 ലക്ഷം രൂപ മാത്രം മുടക്കി ഹെലികോപ്റ്റർ നിർമിച്ച് മധ്യവർഗ കുടുംബങ്ങൾക്ക് കൂടി പ്രാപ്തമാക്കുന്ന രീതിയിൽ ആകാശയാത്ര സാധാരണമാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ഇബ്രാഹിം തന്റെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായി പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

    പ്രാദേശിക തലത്തിൽ വിവിധ രക്ഷാപ്രവർത്തനങ്ങൾക്കോ പ്രളയം ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സഹായം എത്തിക്കാനോ ഒക്കെ മിതമായ ചെലവിൽ ഹെലികോപ്റ്റർ ലഭ്യമാക്കുക എന്നതായിരുന്നു ഇബ്രാഹിമിന്റെ സ്വപ്നം.

    ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനത്തിൽ തന്റെ ഗ്രാമവാസികൾക്ക് ഹെലികോപ്റ്റർ പറത്തി കാണിച്ചു കൊടുക്കാനായിരുന്നു ഇബ്രാഹിം ആഗ്രഹിച്ചതെന്നും അതിന് വേണ്ടിയുള്ള പരീക്ഷണ പറക്കൽ നടത്തവെയാണ് അപകടം ഉണ്ടായതെന്നും ഇബ്രാഹിമിന്റെ സുഹൃത്തുക്കൾ പറഞ്ഞു. മാരുതി 800 കാറിന്റെ എഞ്ചിൻ ഉപയോഗിച്ചാണ് ഇബ്രാഹിം ഹെലികോപ്റ്റർ നിർമിച്ചത്. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഈ ഹെലികോപ്റ്റർ അവതരിപ്പിക്കാനും ഇബ്രാഹിമിന് പദ്ധതി ഉണ്ടായിരുന്നു.

    Summary: Youngman succumbs to injuries after a helicopter blade had fallen on him
    Published by:user_57
    First published:
    )}