ന്യൂഡൽഹി: നിരവധി ആരാധകരുള്ള ബൈക്ക് റൈഡറും യുട്യൂബറുമാണ് അഗസ്ത്യ ചൗഹാൻ. ഇക്കഴിഞ്ഞ ദിവസം തന്റെ റേസിംഗ് ബൈക്കിൽ 300 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന വീഡിയോയായിരുന്നു അദ്ദേഹത്തിന്റെ അവസാന വീഡിയോ. അമിത വേഗത അദ്ദേഹത്തെ മരണത്തിലേക്ക് നയിക്കുകയായിരുന്നു. ആഗ്രയിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്നു അദ്ദേഹം. യമുന എക്‌സ്പ്രസ് വേയിൽ വെച്ചുണ്ടായ അപകടമാണ് 25 കാരനായിരുന്ന അഗസ്ത്യയുടെ മരണത്തിന് കാരണം.
ബൈക്ക് റൈഡർ എന്ന നിലയിൽ പ്രശസ്തനായ ഇദ്ദേഹത്തിന്റെ യുട്യൂബ് ചാനലിന് ഏകദേശം 12 ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ട്. ഡെറാഡൂണിലാണ് അഗസ്ത്യ താമസിച്ചിരുന്നത്. ബൈക്കുകളോടും സാഹസികതയോടുമുള്ള തന്റെ അഭിനിവേശം അദ്ദേഹത്തിന്റെ എല്ലാ വീഡിയോയിലും പ്രകടമായിരുന്നു. എന്നാൽ അഗസ്ത്യയുടെ അപ്രതീക്ഷിത മരണം ആരാധകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
എങ്ങനെയാണ് അഗസ്ത്യ ചൗഹാൻ മരണപ്പെട്ടത്?
അമിത വേഗത്തിലായിരുന്നു അഗസ്ത്യ ബൈക്കോടിച്ചത്. ബൈക്ക് ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. അപകടത്തിന്റെ ആഘാതത്തിൽ അഗസ്ത്യയുടെ ഹെൽമെറ്റ് തകർന്നിരുന്നു. തലയ്‌ക്കേറ്റ ഗുരുതര ക്ഷതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. അടിയന്തര ചികിത്സ നൽകിയെങ്കിലും അഗസ്ത്യയെ രക്ഷിക്കാനായില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സംഭവം അറിഞ്ഞയുടനെ അലിഗഡ് ജില്ലയിലെ താപ്പൽ പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ അപകടസ്ഥലത്ത് എത്തിയിരുന്നു. ഉടൻ തന്നെ അഗസ്ത്യയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അപകടം നടക്കുന്നതിന് 16 മണിക്കൂർ മുമ്പ് തന്റെ സുഹൃത്തുക്കളോടും ഫോളോവേള്‌സിനോടും തന്നെ കാണാനായി ഡൽഹിയിലെത്താൻ അഗസ്ത്യ പറഞ്ഞിരുന്നു. ആ യാത്രയിക്കിടെയാണ് അഗസ്ത്യയ്ക്ക് അപകടമുണ്ടായത്.
അതേസമയം സാഹസികത ഇഷ്ടപ്പെടുന്നയാളാണെങ്കിലും മുൻകരുതലുകൾ സ്വീകരിച്ചാണ് അഗസ്ത്യ യാത്ര ചെയ്തിരുന്നത് എന്നാണ് ഇദ്ദേഹത്തെ അറിയുന്നവർ പറയുന്നത്. സുരക്ഷ ഉറപ്പാക്കി മാത്രമെ യാത്ര ചെയ്യാൻ പാടുള്ളുവെന്ന് ഇദ്ദേഹം തന്റെ ഫോളോവേഴ്‌സിനോടും പറയുമായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.