യുണൈറ്റഡ് സ്റ്റേറ്റ്സിലെ (United States) ടെന്നസിയിൽ (Tennessee) 21 വർഷം മുമ്പ് രണ്ട് കൗമാരക്കാർ കാണാതായതുമായി ബന്ധപ്പെട്ട കേസിന്റെ ചുരുളഴിച്ച് 42കാരനായ യൂട്യൂബർ (YouTuber).'എക്സ്പ്ലോറിംഗ് വിത്ത് നുഗ്' (Exploring with Nug) എന്ന യൂട്യൂബ് ചാനൽ നടത്തുന്ന ജെറമി സൈഡ്സ് (Jeremy Sides) തന്റെ സോണാർ ഉപകരണങ്ങൾ (Sonar Equipment) ഉപയോഗിച്ച് നദികളിലും തടാകങ്ങളിലും തിരച്ചിൽ നടത്തുന്നതിന്റെ വീഡിയോകൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാറുണ്ട്. ഇങ്ങനെ നടത്തിയ ഒരു തിരച്ചിലിന്റെ ഭാഗമായാണ് 21 വർഷങ്ങൾക്ക് മുമ്പ് കാണാതായ എറിൻ ഫോസ്റ്റർ, ജെറമി ബെക്റ്റൽ എന്നിവരെ സംബന്ധിച്ച സൂചന സൈഡ്‌സിന് ലഭിച്ചത്.
നോക്സ് ന്യൂസിന്റെ 2012 ലെ റിപ്പോർട്ട് പ്രകാരം, 2000 ഏപ്രിൽ 3ന് രാത്രിയിലായിരുന്നു കൗമാരക്കാരെ കാണാതായത്. 18 വയസ്സുള്ള എറിൻ ഫോസ്റ്ററും 17 കാരനായ ജെറമി ബെക്റ്റലും ഒരു പാർട്ടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു. ഫോസ്‌റ്ററിന്റെ ബ്ലാക്ക് പോണ്ടിയാക് ഗ്രാൻഡ് ആം കാറിൽ യാത്ര ചെയ്ത അവരെ അന്നു രാത്രി 10 മണിയോടെയാണ് അവസാനമായി കണ്ടത്. പിന്നീട് കാണാതാവുകയും വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ കേസ് തെളിയിക്കാൻ പൊലീസിന് കഴിയാതെ വരികയും ചെയ്തു.
ഡിസംബർ 4 ന് സൈഡ്സ് തന്റെ യൂട്യൂബ് ചാനലിൽ 20 മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ അപ്‌ലോഡ് ചെയ്യുകയുണ്ടായി. കാഫ്കില്ലർ നദിയിൽ (Calfkiller River) മുങ്ങിപ്പോയ ഒരു കാർ കണ്ടെത്തിയതിനെ കുറിച്ചുള്ളതായിരുന്നു വീഡിയോ. നമ്പർ പ്ലേറ്റ് പരിശോധിച്ചപ്പോൾ 21 വർഷങ്ങൾക്ക് മുമ്പ് ആ കൗമാരക്കാരെ കാണാതായ കാറിന്റെ അതേ നമ്പറാണ് അതിനെന്ന് അദ്ദേഹം മനസ്സിലാക്കി.
Also Read-ബഹിരാകാശയാത്രികർക്ക് കഴിക്കാനിഷ്ടം ഇന്ത്യൻ ഭക്ഷണം: അനിൽ മേനോൻ
നദികളിലും തടാകങ്ങളിലും മുങ്ങിത്തപ്പാനുള്ള തന്റെ വൈദഗ്ധ്യം ഉപയോഗപ്പെടുത്താൻ പറ്റിയ കേസ് ആയതിനാൽ 21 വർഷങ്ങൾക്ക് കൗമാരക്കാരുടെ തിരോധാനം സംബന്ധിച്ച് അന്വേഷണം നടത്താൻ സൈഡ്സ് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മാസം സൈഡ്സ് സമീപ പ്രദേശങ്ങളിലെ ഏതാനും തടാകങ്ങളിൽ തിരച്ചിൽ നടത്തി. പക്ഷെ ഒന്നും കണ്ടെത്താനായില്ല. എന്നാൽ, നവംബർ 30 ന് വൈകുന്നേരം കാഫ്കില്ലർ നദിയുടെ അടിയിൽ സോണാർ ഉപകരണത്തിന്റെ സഹായത്തോടെ കാറിന്റെ ആകൃതിയിലുള്ള ഒരു വസ്തു ഉണ്ടെന്ന് കണ്ടെത്തി. പിറ്റേന്ന് രാവിലെ, ആ വാഹനം കണ്ടെത്താൻ സൈഡ്സ് മുങ്ങിത്തപ്പുകയും അതിന്റെ ലൈസൻസ് പ്ലേറ്റ് പുറത്തെടുക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം കൗമാരക്കാരുടെ കേസിന്റെ വിശദാംശങ്ങളുമായി ഒത്തുനോക്കിയപ്പോൾ അവ തമ്മിൽ സാമ്യമുണ്ടെന്ന് കണ്ടെത്തി.
Also Read-ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാൻ 16 കാരി സ്വീഡനിൽ നിന്ന് ഇന്ത്യയിലെത്തി
വീഡിയോയിൽ, യു എസിലെ വൈറ്റ് കൗണ്ടിയിലെ പോലീസ് ഉദ്യോഗസ്ഥനായ സ്റ്റീവ് പേജിനെ വിളിച്ച് തന്റെ കണ്ടെത്തലുകൾ സൈഡ്സ് അറിയിക്കുന്നത് കാണാം. പോലീസ് അദ്ദേഹത്തെ "വൈറ്റ് കൗണ്ടിയുടെ ഹീറോ" എന്ന് വിളിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.
ഫോസ്റ്ററിന്റെയും ബെക്റ്റലിന്റെയും കേസിൽ വീണ്ടും അന്വേഷണം നടക്കാൻസൈഡ്‌സിന്റെ കണ്ടെത്തലുകൾ കാരണമായി. കാണാതായ കൗമാരക്കാരുടെ ശരീരത്തിന്റെ അവശിഷ്ടങ്ങളും മറ്റു വസ്തുക്കളും കണ്ടെത്തിയതായി അധികൃതർ അവകാശവാദം ഉന്നയിച്ചു. കൗമാരക്കാർ കാറപകടത്തിൽപെടുകയായിരുന്നു എന്നാണ് തങ്ങളുടെ അനുമാനമെന്ന് അധികൃതർ ബെക്റ്റലിന്റെ പിതാവിനോട് പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Viral video