കോവിഡ് 19 (Covid-19) വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാ വിലക്കുകളിലും സാമ്പത്തിക പ്രതിസന്ധികളിലും അയവ് വന്നു തുടങ്ങിയതോടെ വിദേശ വിദ്യാഭ്യാസ മേഖല സജീവമായി തുടങ്ങി. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ രാജ്യങ്ങൾ തിരഞ്ഞെടുക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിലും വർധനവ് പ്രകടമായി തുടങ്ങിയിട്ടുണ്ട്. ഈ വർഷം തുടക്കത്തിൽ തന്നെ വിദേശ പഠനത്തിനായുള്ള (study abroad) വിദ്യാഭ്യാസ വായ്പയ്ക്ക് (education loan) അപേക്ഷിക്കുന്നവരുടെ എണ്ണം ഉയർന്നതയാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളെ അപേക്ഷിച്ച് ഈ വർഷം ആദ്യ മൂന്ന് മാസങ്ങളിൽ വിദേശ പഠനത്തിനായുള്ള വായ്പ അപേക്ഷകളിൽ 98 ശതമാനം വളർച്ചയുണ്ടായതായി യുകെ ആസ്ഥാനമായുള്ള ഫിൻടെക് കമ്പനിയായ പ്രോഡിജി ഫിനാൻസ് പറയുന്നു.
വിജയവാഡ, വിശാഖപട്ടണം, ഗുണ്ടൂർ, വാറംഗൽ, തിരുപ്പതി എന്നിവ ഉൾപ്പടെയുള്ള ടയർ-2, ടയർ-3 നഗരങ്ങളിൽ നിന്നുള്ള വിദ്യാർഥികളിൽ നിന്നാണ് വിദേശ പഠനത്തിനായുള്ള വിദ്യാഭ്യാസ വായ്പയ്ക്ക് വേണ്ടി കൂടുതൽ അപേക്ഷകൾ ലഭിച്ചിരിക്കുന്നത്. ലഭ്യമാകുന്ന കണക്കുകൾ അനുസരിച്ച്, വിദേശ വിദ്യാഭ്യാസത്തിനായുള്ള വായ്പ അപേക്ഷകളിൽ ഉണ്ടായ മൊത്തം വളർച്ചയുടെ 176 ശതമാനം സംഭാവന ചെയ്തിരിക്കുന്നത് ഈ നഗരങ്ങളിൽ നിന്നാണ്.
2021ൽ ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ പ്രവേശനം നേടാൻ ഏറ്റവും കൂടുതൽ താൽപര്യം കാണിച്ച ബിസിനസ്സ് സ്കൂളുകൾ ഇൻസിഡ് (INSEAD), ലണ്ടൻ ബിസിനസ് സ്കൂൾ, ഐഇഎസ്ഇ (IESE) ബിസിനസ് സ്കൂൾ, വാർട്ടൺ സ്കൂൾ, ബൂത്ത് സ്കൂൾ ഓഫ് ബിസിനസ് എന്നിവയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, 2021ൽ ഇന്ത്യൻ വിദ്യാർത്ഥികൾ കൂടുതലായി പ്രവേശനം നേടിയ അഞ്ച് എഞ്ചിനീയറിങ് സ്കൂളുകൾ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റി, കാർനെഗീ മെലോൺ യൂണിവേഴ്സിറ്റി, ആർലിങ്ണിലെ ടെക്സസ് യൂണിവേഴ്സിറ്റി, അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ബഫല്ലോയിലെ യൂണിവേഴ്സിറ്റി എന്നിവയായിരുന്നു.
ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ വിദേശ സർവകലാശാലകളിൽ പഠിക്കാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന വിഷയങ്ങൾ ബിസിനസ്, എഞ്ചിനീയറിങ്, ആരോഗ്യസംരക്ഷണം, നിയമം, പബ്ലിക് പോളിസി, സയൻസ് എന്നിവയാണ്. വിദേശ പഠനത്തിനുള്ള കഴിഞ്ഞ വർഷത്തെ ശരാശരി വായ്പ തുക 42000 ഡോളർ ആയിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം വിദേശ പഠനത്തിനായി അപേക്ഷിച്ചവരിൽ 67 ശതമാനത്തോളം പുരുഷന്മാരും 33 ശതമാനത്തോളം സ്ത്രീകളുമായിരുന്നു. എന്നാൽ ഈ വർഷം ഇതിൽ യഥാക്രമം 58 ശതമാനവും 54 ശതമാനവും വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
“കോവിഡ് -19ന് ശേഷമുള്ള കാലഘട്ടത്തിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ വിദേശ വിദ്യാഭ്യാസം സംബന്ധിച്ചുള്ള കാഴ്ചപ്പാടിൽ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ യാത്രകൾ സാധ്യമായി തുടങ്ങിയതും വിവിധ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി തുടങ്ങിയതും വാക്സിനേഷനുകൾ വർധിപ്പിച്ചതും ആഗോള വിദ്യാഭ്യാസ മേഖലയ്ക്ക് വീണ്ടും ഉണർവ് നൽകിയിരിക്കുകയാണ്. വിദേശ സർവ്വകലാശാലകളിൽ ഉപരിപഠനത്തിന് പ്രവേശനം നേടാൻ ഇന്ത്യൻ വിദ്യാർത്ഥികൾ വീണ്ടും താൽപര്യം കാണിച്ചു തുടങ്ങിയിട്ടുണ്ട്. ഈ വർഷം അപേക്ഷകളുടെ എണ്ണം ക്രമേണ വർധിച്ചു വരുന്നതായാണ് കാണുന്നത് “ റിപ്പോർട്ട് വിലയിരുത്തി കൊണ്ട് പ്രോഡിജി ഫിനാൻസിന്റെ കൺട്രി ഹെഡ് മായങ്ക് ശർമ്മ പറഞ്ഞു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.