ഡെറാഡൂൺ: 100 വർഷത്തെ ചരിത്രത്തിലാദ്യമായി ഡെറാഡൂണിലെ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജിൽ (RIMC) പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചു. സായുധ സേനയിൽ ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് മുന്നൊരുക്കങ്ങൾക്കായി എട്ടാം ക്ലാസ് മുതൽ നൽകുന്ന പ്രധാന സ്ഥാപനമാണ് രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ്. "നാഷണൽ ഡിഫൻസ് അക്കാദമി (എൻഡിഎ) പ്രവേശനം സ്ത്രീകൾക്കായി സർക്കാർ ആരംഭിച്ചതോടെയാണ് ആർഐഎംസിയും അതേ പാത പിന്തുടരാൻ തീരുമാനിച്ചത്. ഞങ്ങൾ അഞ്ച് പെൺകുട്ടികൾക്ക് ജൂലൈയിൽ പ്രവേശനം നൽകും" RIMC കമാൻഡന്റ് കേണൽ അജയ് കുമാർ ഞായറാഴ്ച സ്ഥാപനത്തിന്റെ ശതാബ്ദി സ്ഥാപക ദിനാഘോഷ വേളയിൽ അറിയിച്ചു. വിമുക്തഭടന്മാരും സായുധസേനയിലെ ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ 500ലധികം പൂർവവിദ്യാർത്ഥികൾ ചടങ്ങിൽ പങ്കെടുത്തു.
1922 മാർച്ച് 13ന് അന്നത്തെ ബ്രിട്ടീഷ്-ഇന്ത്യൻ ഗവൺമെന്റാണ് ഈ സ്ഥാപനം ആരംഭിച്ചത്. ഇന്ത്യയിലെ യുവാക്കൾക്ക് സൈനിക പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ആർഐഎംഎസി ആരംഭിച്ചത്. പിന്നീട് അവരെ അന്നത്തെ ബ്രിട്ടീഷ്-ഇന്ത്യൻ ആർമിയിൽ സൈനിക ഓഫീസർമാരായി നിയമിച്ചിരുന്നു. തുടക്കം മുതൽ ആർഐഎംസി ആൺകുട്ടികൾക്ക് മാത്രമാണ് പരിശീലനം നൽകിയിരുന്നത്. എൻഡിഎ, നേവൽ അക്കാദമി എന്നിവയുടെ പോഷക ഇൻസ്റ്റിറ്റ്യൂട്ടായാണ് ഇത് പ്രവർത്തിക്കുന്നത്.
1992ൽ ആർഐഎംസി ഒരു പെൺകുട്ടിയെ "ടെസ്റ്റ് കേസ്" ആയി പരിഗണിച്ചിരുന്നുവെന്ന് കേണൽ കുമാർ പറഞ്ഞു. "സ്വർണിമ തപ്ലിയാൽ എന്ന ഈ പെൺകുട്ടി ഇൻസ്റ്റിറ്റ്യൂട്ടിലെ ഫാക്കൽറ്റി അംഗങ്ങളിൽ ഒരാളുടെ മകളായിരുന്നു. അവർ പിന്നീട് കരസേനയിൽ സേവനമനുഷ്ഠിക്കുകയും മേജറായി വിരമിക്കുകയും ചെയ്തുവെന്നും" കേണൽ പറഞ്ഞു.
Also Read-
Central university| കേന്ദ്ര സർവകലാശാലകളിൽ വിദഗ്ധർക്ക് അധ്യാപകരാകാം; പുതിയ നീക്കവുമായി കേന്ദ്രം
"അഞ്ച് സീറ്റുകൾക്കായുള്ള പ്രവേശന പരീക്ഷയിൽ രാജ്യത്തുടനീളമുള്ള 568 പെൺകുട്ടികൾ പങ്കെടുക്കും. പെൺകുട്ടികൾക്ക് പ്രവേശനം നൽകുന്ന തീരുമാനമെടുക്കുന്നതിന് മുമ്പ് തന്നെ ആർഐഎംസി ഒരു കമ്മിറ്റിയും രൂപീകരിച്ചിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് പെൺകുട്ടികൾക്ക് അനുയോജ്യമാക്കി മാറ്റുന്നതിന് ആവശ്യമായ എല്ലാ മാറ്റങ്ങളും വരുത്തി ”കേണൽ കുമാർ കൂട്ടിച്ചേർത്തു.
സ്ഥാപക ദിന പരിപാടിയിൽ മുഖ്യാതിഥിയായിരുന്ന ഉത്തരാഖണ്ഡ് ഗവർണർ ലഫ്റ്റനന്റ് ജനറൽ ഗുർമിത് സിംഗ് (റിട്ട) ഈ തീരുമാനത്തെ അഭിനന്ദിച്ചു. "ധീരത ലിംഗ-നിഷ്പക്ഷമാണ്" എന്നും അദ്ദേഹം പറഞ്ഞു. ഖൽസ പന്ത് സ്ഥാപിച്ച 'ഗുരു ഗോവിന്ദ് സിംഗ് ജിയുടെ പഞ്ച് പ്യാരെ' ആയി ഈ അഞ്ച് പെൺകുട്ടികളും ആർഐഎംസിയിൽ എത്തും. ഇത് ആർഐഎംസിയുടെ നേട്ടങ്ങളുടെ ചരിത്രത്തിലെ മറ്റൊരു സുവർണ അധ്യായമായിരിക്കും" ഗവർണർ പറഞ്ഞു. "ആറ് RIMC പൂർവ്വ വിദ്യാർത്ഥികൾ ഇന്ത്യൻ സായുധ സേനയുടെ മൂന്ന് വിഭാഗങ്ങളിൽ സേവന മേധാവികളായി സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും" കേണൽ കുമാർ പറഞ്ഞു.
രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് 2023 ജനുവരിയിൽ നടക്കുന്ന പ്രവേശനത്തിനുള്ള പരീക്ഷ തിരുവനന്തപുരം പൂജപ്പുരയിലുള്ള പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ജൂൺ നാലിന് നടക്കും. പരീക്ഷയ്ക്ക് ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും അപേക്ഷിക്കാം. 01.01.2023-ൽ അഡ്മിഷൻ സമയത്ത് അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തിൽ ഏഴാം ക്ലാസ്സിൽ പഠിക്കുകയോ ഏഴാം ക്ലാസ് പാസായിരിക്കുകയോ വേണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.