• HOME
  • »
  • NEWS
  • »
  • career
  • »
  • Agnipath| അ​ഗ്നിപഥ്: പരിശീലന കാലയളവിനിടെ അപകടം സംഭവിക്കുന്നവർക്ക് ഇൻസെന്റീവ് നൽകുമെന്ന് റിപ്പോർട്ട്

Agnipath| അ​ഗ്നിപഥ്: പരിശീലന കാലയളവിനിടെ അപകടം സംഭവിക്കുന്നവർക്ക് ഇൻസെന്റീവ് നൽകുമെന്ന് റിപ്പോർട്ട്

നാലു വർഷത്തെ സേവനത്തിനിടയിൽ ഏതെങ്കിലും അപകടം സംഭവിച്ച് വൈദ്യസഹായം ആവശ്യമായി വരുന്ന ഒരു അഗ്നിവീരന് ശേഷിക്കുന്ന സേവനകാലാവധിയിൽ ലഭിക്കേണ്ട മുഴുവൻ ശമ്പളവും ലഭിക്കും

  • Last Updated :
  • Share this:
    ആറ് മാസത്തെ പരിശീലന കാലയളവിനിടെ എന്തെങ്കിലും അപകടം സംഭവിച്ച് വൈദ്യ സഹായം ആവശ്യമായി വരുന്ന അഗ്നിവീരൻമാർക്ക് (Agniveers) പ്രത്യേകം ഇൻസെന്റീവുകൾ (Incentives) നൽകാൻ പ്രതിരോധ മന്ത്രാലയം ആലോചിക്കുന്നതായി മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ. കേന്ദ്രസർക്കാർ ആവിഷ്കരിച്ച അഗ്നിപഥ് പദ്ധതി (Agnipath scheme) അനുസരിച്ച്, അഗ്നിവീരൻമാർക്ക് നാലു വർഷത്തെ സേവന കാലാവധിയാണ് ഉണ്ടായിരിക്കുക. ഇതിൽ ആറു മാസമായിരിക്കും പരിശീലന കാലയളവ്.

    നാലു വർഷത്തെ സേവനത്തിനിടയിൽ ഏതെങ്കിലും അപകടം സംഭവിച്ച് വൈദ്യസഹായം ആവശ്യമായി വരുന്ന ഒരു അഗ്നിവീരന് ശേഷിക്കുന്ന സേവനകാലാവധിയിൽ ലഭിക്കേണ്ട മുഴുവൻ ശമ്പളവും ലഭിക്കും. കൂടാതെ സേവാ നിധി പദ്ധതിക്കു കീഴിൽ അഗ്നിവീരൻമാർക്കു ലഭിക്കുന്ന 11.75 ലക്ഷം രൂപക്കും ഇവർക്ക് അർഹതയുണ്ടെന്നും സർക്കാർ വൃത്തങ്ങൾ ന്യൂസ് 18 നോട് പറഞ്ഞു.

    ഇക്കാര്യം ചർച്ച ചെയ്യാൻ കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ രണ്ടു മീറ്റിങ്ങുകൾ നടന്നിട്ടുണ്ടെന്നും, പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും മീറ്റിംങ്ങുകളിൽ പങ്കെടുത്തെന്നും പ്രതിരോധ വൃത്തങ്ങൾ ന്യൂസ് 18 നോട് പറഞ്ഞു. അപകടം സംഭവിച്ച് വൈദ്യസഹായം വേണ്ടി വരുന്ന അഗ്നിവീരന്മാർക്ക് നിലവിലെ ആനുകൂല്യങ്ങൾ അപര്യാപ്തമാകുമെന്ന് ചർച്ചയിൽ അഭിപ്രായങ്ങൾ ഉയർന്നിരുന്നു.

    പരിശീലന വേളയിൽ അപകടങ്ങൾ സംഭവിക്കുന്ന അഗ്നിവീരന്മാർക്ക് പണമോ അല്ലെങ്കിൽ സ്ഥിരമായ തൊഴിലവസരങ്ങളോ പെൻഷനോ പോലുള്ള അധിക സഹായം നൽകാനാകുമോ എന്ന കാര്യം മീറ്റിങ്ങിൽ ചർച്ച ചെയ്തതായാണ് പ്രതിരോധ ഉദ്യോഗസ്ഥരിൽ ഒരാൾ ന്യൂസ് 18 നോട് പറഞ്ഞത്.

    നിലവിൽ, പരിശീലന കാലയളവിൽ സംഭവിക്കുന്ന അപകടങ്ങൾക്ക് ഇത്തരം ഇൻസന്റീവുകൾ ലഭിക്കില്ല. പരിശീലന കാലയളവ് അവസാനിച്ച് കമ്മീഷൻ ചെയ്തതിന് ശേഷമാണ് സേവന കാലാവധി ആരംഭിക്കുന്നത്. പരിശീലന സമയത്ത് അപകടം സംഭവിക്കുന്ന ഉദ്യോഗസ്ഥർക്ക് പെൻഷൻ നൽകണമെന്ന ആവശ്യം സേനാംഗങ്ങൾ കഴിഞ്ഞ വർഷം ഉന്നയിച്ചിരുന്നെങ്കിലും ഇക്കാര്യം ഇതുവരെ പരിഗണിച്ചിരുന്നില്ല.

    കേന്ദ്ര സർക്കാരിന്റെ 'അഗ്നിപഥ്' പദ്ധതി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും കര, നാവിക, വ്യോമസേന മേധാവികളും ചേർന്നാണ് പ്രഖ്യാപിച്ചത്. പതിനേഴര വയസ് തികഞ്ഞവരെ നാലു വർഷക്കാലത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവർ 'അഗ്നിവീരൻമാർ' എന്നറിയപ്പെടും. പെൺകുട്ടികൾക്കും ഭാഗമാകാവുന്ന പദ്ധതി ഈ വർഷം തന്നെ ആരംഭിക്കും. ഇക്കൊല്ലം 46,000 പേരെ റിക്രൂട്ട് ചെയ്യാനാണ് സർക്കാർ ആലോചിക്കുന്നത്. അഗ്നിവീരന്മാരായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000 രൂപയാണ് ശമ്പളം. നാലു വർഷത്തിനു ശേഷം പിരിയുമ്പോൾ 11.71 ലക്ഷം രൂപ ലഭിക്കും. നിയമനം ലഭിച്ചവരിൽനിന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്ന 25 ശതമാനം പേർക്ക് സൈന്യത്തിൽ തുടരാം. എന്നാൽ പദ്ധതിക്കെതിരെ ബിഹാർ, രാജസ്ഥാൻ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ യുവാക്കൾ പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നു. സ്ഥിരനിയമനത്തിനുള്ള അവസരവും പെൻഷൻ ഉൾപ്പെടെയുള്ള ആനൂകൂല്യങ്ങളും നഷ്ടമാകുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.

    keywords: Agniveers, Agnipath scheme, Incentive, അഗ്നിപഥ്, അഗ്നിവീരൻമാർ, ഇന്ത്യൻ സൈന്യം

    link: https://www.news18.com/news/india/agniveers-suffering-from-disability-during-training-could-get-extra-incentives-govt-explores-options-5545309.html
    Published by:Amal Surendran
    First published: