• HOME
  • »
  • NEWS
  • »
  • career
  • »
  • EducationINdia Portal | വിദേശ വിദ്യാർത്ഥികളെ ഇന്ത്യൻ സർവകലാശാലകളിലേക്ക് ആകർഷിക്കാൻ പുതിയ പോർട്ടലുമായി AICTE

EducationINdia Portal | വിദേശ വിദ്യാർത്ഥികളെ ഇന്ത്യൻ സർവകലാശാലകളിലേക്ക് ആകർഷിക്കാൻ പുതിയ പോർട്ടലുമായി AICTE

ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കരുത്ത് വ്യക്തമാക്കി അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനാണ് പോർട്ടൽ വികസിപ്പിച്ചിരിക്കുന്നത്.

  • Share this:
    വിദേശ വിദ്യാർത്ഥികൾക്കായി ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷൻ (AICTE), എജ്യുക്കേഷൻ ഇന്ത്യ (EducationINdia) എന്ന പുതിയ പോർട്ടൽ (Portal) ആരംഭിച്ചു. ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കരുത്ത് വ്യക്തമാക്കി അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനാണ് പോർട്ടൽ വികസിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ സർവകലാശാലകളെയും കോളേജുകളെയും കുറിച്ചുള്ള വിവരങ്ങൾ അറിയാൻ ഈ പോർട്ടൽ വിദ്യാർത്ഥികളെ സഹായിക്കുമെന്ന് എഐസിടിഇ വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ educationindia.gov.in വഴി പോർട്ടലിൽ പ്രവേശിക്കാം.

    അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രത്യേകതകൾ ഈ പോർട്ടൽ വഴി പ്രദർശിപ്പിക്കാൻ കഴിയും. ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്ക് ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചും കോഴ്സുകളെക്കുറിച്ചും വ്യക്തത വരുത്താനും ഇത് സഹായിക്കും.

    പോർട്ടലിൽ പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷൻ ഓപ്ഷനും AICTE വാഗ്ദാനം ചെയ്യുന്നുണ്ട്. രജിസ്ട്രേഷന് ശേഷം, വിദ്യാർത്ഥികൾക്ക് ഒരു യുണീക്ക് എജ്യുക്കേഷൻഇന്ത്യ പോർട്ടൽ ഐഡി (EI-ID) ലഭിക്കും. ഒരു വിദ്യാർത്ഥിക്ക് ഒന്നിലധികം സ്ഥാപനങ്ങളിൽ നിന്ന് ഓഫറുകൾ ലഭിച്ചാലും ഒരു തവണ മാത്രമേ പോർട്ടലിൽ രജിസ്റ്റർ ചെയ്യാനാവൂ. അന്താരാഷ്ട്ര വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്ന സ്ഥാപനങ്ങൾക്ക്, പോർട്ടലിൽ ലോഗിൻ ഐഡിയായി ഉപയോഗിക്കുന്ന AISHE കോഡ് നിർബന്ധമാണ്.

    എജ്യുക്കേഷൻഇന്ത്യ പോർട്ടലിന്റെ ആദ്യ ഘട്ട നടപടികൾ പൂർത്തിയായി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പോർട്ടലിൽ അവരവരുടെ സ്ഥാപനത്തിന്റെ പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യാം. ഏറ്റവും പുതിയ AISHE (ഓൾ ഇന്ത്യ സർവേ ഓഫ് ഹയർ എജ്യുക്കേഷൻ) ഡാറ്റ അനുസരിച്ച് നിലവിൽ അന്തർദ്ദേശീയ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ച സ്ഥാപനങ്ങൾക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. AISHE പോർട്ടലിൽ ലഭ്യമായ ഡാറ്റയുടെ സഹായത്തോടെ എജ്യുക്കേഷൻഇന്ത്യ പോർട്ടൽ ഈ സ്ഥാപനങ്ങളുടെ അടിസ്ഥാന വിവരങ്ങൾ അടങ്ങിയ പ്രൊഫൈൽ സൃഷ്ടിച്ചിട്ടുണ്ട്.

    അന്താരാഷ്‌ട്ര വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുന്നതും അതിന് അർഹതയുള്ളതുമായ സ്ഥാപനങ്ങൾക്ക് രണ്ടാം ഘട്ടത്തിൽ പുതിയ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ കഴിയും. ഈ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ സ്ഥിരീകരിക്കുന്നതിന് മുമ്പ് ഒരു സ്ഥിരീകരണ പ്രക്രിയയിലൂടെ കടന്നുപോകേണ്ടതുണ്ട്.

    കോവിഡ് വ്യാപനം കുറഞ്ഞതോടെ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ രാജ്യങ്ങൾ തിരഞ്ഞെടുക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർധനവ് പ്രകടമായി തുടങ്ങിയിട്ടുണ്ടെന്ന് അടുത്തിടെ ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഈ വർഷം തുടക്കത്തിൽ തന്നെ വിദേശ പഠനത്തിനായുള്ള വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം ഉയർന്നതയാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളെ അപേക്ഷിച്ച് ഈ വർഷം ആദ്യ മൂന്ന് മാസങ്ങളിൽ വിദേശ പഠനത്തിനായുള്ള വായ്പ അപേക്ഷകളിൽ 98 ശതമാനം വളർച്ചയുണ്ടായതായി യുകെ ആസ്ഥാനമായുള്ള ഫിൻടെക് കമ്പനിയായ പ്രോഡിജി ഫിനാൻസാണ് റിപ്പോർട്ട് ചെയ്തത്. ഈ റിപ്പോർട്ട് അനുസരിച്ച് വിജയവാഡ, വിശാഖപട്ടണം, ഗുണ്ടൂർ, വാറംഗൽ, തിരുപ്പതി എന്നിവ ഉൾപ്പടെയുള്ള ടയർ-2, ടയർ-3 നഗരങ്ങളിൽ നിന്നുള്ള വിദ്യാർഥികളിൽ നിന്നാണ് വിദേശ പഠനത്തിനായുള്ള വിദ്യാഭ്യാസ വായ്പയ്ക്ക് വേണ്ടി കൂടുതൽ അപേ​ക്ഷകൾ ലഭിച്ചിരിക്കുന്നത്.
    Published by:Sarath Mohanan
    First published: