• HOME
 • »
 • NEWS
 • »
 • career
 • »
 • Amazon | രണ്ടു കോടി രൂപയോളം ശമ്പളത്തിൽ ആമസോൺ ജോലി; NIT വിദ്യാർത്ഥിയുടെ പ്ലേസ്മെന്റ് റെക്കോഡ്

Amazon | രണ്ടു കോടി രൂപയോളം ശമ്പളത്തിൽ ആമസോൺ ജോലി; NIT വിദ്യാർത്ഥിയുടെ പ്ലേസ്മെന്റ് റെക്കോഡ്

ജോലിയിൽ പ്രവേശിക്കാനായി സെപ്റ്റംബറിൽ അഭിഷേക് ജർമ്മനിയിലേക്ക് തിരിക്കും

NIT Patna

NIT Patna

 • Share this:
  ആമസോണിന്റെ (Amazon) ക്യാംപസ് റിക്രൂട്ട്മെന്റ് വഴി റെക്കോർഡ് നേട്ടം കരസ്ഥമാക്കി പാറ്റ്ന എൻഐടിയിലെ (NIT Patna) വിദ്യാർത്ഥി. അവസാന വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായ അഭിഷേക് കുമാറിന് ആണ് പ്രതിവർഷം 1.8 കോടി വേതന വ്യവസ്ഥയിൽ ആമസോണിൽ നിന്നും ഓഫർ ലഭിച്ചത്. ട്വിറ്ററിലൂടെയാണ് (Twitter) പാറ്റ്ന എൻഐടി റിക്രൂട്ട്മെന്റ് വിവരം പങ്കുവെച്ചത്.

  ''അഭിനന്ദനങ്ങൾ!. ഞങ്ങൾ നിന്നെക്കുറിച്ച് അഭിമാനിക്കുന്നു. നിന്റെ ആത്മാർത്ഥമായ പരിശ്രമം ആണ് അർഹിക്കുന്ന ഈ വിജയത്തിലേക്ക് നയിച്ചത്. ഭാവിയിലേക്ക് എല്ലാ ആശംസകളും'', അഭിഷേക് കുമാറിന്റെ ചിത്രത്തിനൊപ്പം പാറ്റ്ന എൻഐടി ട്വീറ്റ് ചെയ്തു. മൊത്തം 130 ശതമാനം പ്ലേസ്‌മെന്റുകളോടെ എൻഐടി പാട്‌ന റെക്കോർഡുകളെല്ലാം തിരുത്തിയ വർഷമാണ് ഇതെന്നും അവർ കൂട്ടിച്ചേർത്തു.  കഴിഞ്ഞ വർഷം ഡിസംബർ 14-ന് നടന്ന ഒരു കോഡിംഗ് ടെസ്റ്റിലും മൂന്ന് റൗണ്ട് അഭിമുഖങ്ങളിലും വിജയിച്ചതിന് ശേഷമാണ് ആമസോൺ കുമാറിന് ഈ ഓഫർ നൽകിയത്. അന്തിമ ഫലം ഏപ്രിൽ 21 നാണ് ആമസോൺ ജർമ്മനി അറിയിച്ചത്. ജോലിയിൽ പ്രവേശിക്കാനായി സെപ്റ്റംബറിൽ അഭിഷേക് ജർമ്മനിയിലേക്ക് തിരിക്കും.

  ഇതിന് മുമ്പ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ അവസാന വർഷ വിദ്യാർത്ഥിനിയായ അദിതി തിവാരിക്ക് ഫേസ്ബുക്കിൽ നിന്ന് ലഭിച്ച 1.6 കോടി രൂപയുടെ ഓഫർ ആയിരുന്നു ഇതുവരെയുള്ളതിൽ വെച്ച് പാട്ന എൻഐടിയിലെ ഏറ്റവും ഉയർന്ന പ്ലേസ്മെന്റ്. അദിതിക്ക് മുമ്പ്, ടെക് ഭീമനായ ഗൂഗിളിൽ നിന്ന് 1.11 കോടി രൂപയുടെ പാക്കേജ് സ്വന്തമാക്കി സംപ്രീതി യാദവ് എന്ന പാട്‌ന സ്വദേശിയും സംസ്ഥാനത്തിന്റെ അഭിമാനമായി മാറിയിരുന്നു.

  2021-ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിൽ (NIRF) പാട്ന എൻഐടി 72-ാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. അന്താരാഷ്ട്ര കമ്പനികളുൾപ്പെടെ നിരവധി പേരാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കാൻ എൻഐടിയിലെത്തുന്നത്.

  കോവിഡ് 19 മഹാമാരിയുടെ വരവോടെ ക്യാംപസ് പ്ലേസ്മേന്റുകൾ കുറയുകയും തൊഴിൽ അന്വേഷിക്കുന്ന യുവജനങ്ങളെ അത് സാരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ പല കമ്പനികളും സാവധാനം റിക്രൂട്ട്മെന്റുകൾ പുനരാരംഭിച്ചത് യൂണിവേഴ്സിറ്റികൾക്കും കോളേജുകൾക്കും വിദ്യാർഥികൾക്കും ഒരു പോലെ ആശ്വാസമായിരിക്കുകയാണ്. ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) ഓഫ്-കാമ്പസ് റിക്രൂട്ട് പ്രോഗ്രാമായ ടിസിഎസ് അറ്റ്‌ലസിനായി അടുത്തിടെ അപേക്ഷ ക്ഷണിച്ചിരുന്നു. മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ് എന്നിവയിൽ എംഎസ്‌സി ബിരുദമോ സാമ്പത്തിക ശാസ്ത്രത്തിൽ എംഎ ബിരുദമോ ഉള്ള ഉദ്യോഗാർത്ഥികളെ തേടുന്നതായാണ് കമ്പനി അറിയിച്ചത്.

  ലോകത്തിലെ ഏറ്റവും വലിയ റീറ്റെയ്ല്‍ കമ്പനിയായ ആമസോണ്‍ കഴിഞ്ഞ വർഷം ഇന്ത്യയില്‍ തങ്ങളുടെ ആദ്യത്തെ കരിയര്‍ ദിനം അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയെക്കൂടാതെ, ജപ്പാന്‍, ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, സ്പെയിന്‍, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളിലും ആമസോണ്‍ തങ്ങളുടെ ആദ്യത്തെ കരിയര്‍ ദിനം കൊണ്ടാടി.
  Published by:user_57
  First published: