• HOME
  • »
  • NEWS
  • »
  • career
  • »
  • Amazon | ഇന്ത്യയിൽ 11.6 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി ആമസോൺ; കയറ്റുമതി വർധിപ്പിക്കാനും നീക്കം

Amazon | ഇന്ത്യയിൽ 11.6 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി ആമസോൺ; കയറ്റുമതി വർധിപ്പിക്കാനും നീക്കം

ഇന്ത്യയിൽ പ്രത്യക്ഷമായി മാത്രമല്ല പരോക്ഷമായും ധാരാളം തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നുണ്ടെന്ന് കമ്പനി പറഞ്ഞു.

  • Share this:
    രാജ്യത്തെ ഓൺലൈൻ വിൽപ്പന രം​ഗത്ത് മാത്രമല്ല തൊഴിൽ രം​ഗത്തും ഇ-കൊമേഴ്‌സ് ഭീമനായ (E-commerce giant) ആമസോണിന്റെ (Amazon) സ്ഥാനം മുൻനിരയിൽ ആണ്. ഓൺലൈൻ വിൽപ്പനയിൽ മുന്നേറുന്നതിന് ഒപ്പം നിരവധി തൊഴിലവസരങ്ങളും ആമസോൺ നൽകുന്നുണ്ട്. ഇന്ത്യയിൽ ഇതുവരെ നേരിട്ടും അല്ലാതെയും 11.6 ലക്ഷത്തിലധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചതായാണ് ആമസോൺ അറിയിച്ചിരിക്കുന്നത്. ഇനിയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങളിലാണ് കമ്പനി ഇപ്പോൾ. 2025 ഓടെ 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ പ്രത്യക്ഷമായി മാത്രമല്ല പരോക്ഷമായും ധാരാളം തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നുണ്ടെന്ന് കമ്പനി പറഞ്ഞു.

    ഐടി, ഇ-കൊമേഴ്‌സ്, ലോജിസ്റ്റിക്‌സ്, നിർമ്മാണം, കണ്ടന്റ് ക്രിയേറ്റിംഗ് , നൈപുണ്യ വികസനം പോലുള്ള മേഖലകളിൽ ആണ് ഈ തൊഴിലവസരങ്ങളിൽ ഏറെയും. വിൽപ്പനക്കാർക്ക് (Seller) വേണ്ടിയും ആമസോൺ ധാരാളം അവസരങ്ങൾ നൽകുന്നുണ്ട്.
    " ഇന്ത്യയിൽ ഇതുവരെ ആമസോൺ 11.6 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു, ഏകദേശം 5 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ഇതിനോടകം നടത്തിയിരിക്കുന്നത്. രാജ്യത്ത് ഇതിനകം 40 ലക്ഷത്തിലധികം എംഎസ്എംഇകൾ ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞു," ആമസോൺ ഇന്ത്യയുടെ ഇന്ത്യ കൺസ്യൂമർ ബിസിനസ് കൺട്രി മാനേജർ മനീഷ് തിവാരി പറഞ്ഞു.

    2025 ഓടെ ഇന്ത്യയിൽ നിന്ന് 20 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ലക്ഷ്യമിടുന്നതെന്ന് ഈ മാസം തുടക്കത്തിൽ ആമസോൺ പ്രഖ്യാപിച്ചിരുന്നു. അതോടെ മുമ്പ് പ്രഖ്യാപിച്ചിരുന്ന ലക്ഷ്യത്തിന്റെ ഇരട്ടിയോളം ആകുമിത്. 2025-ഓടെ ഇന്ത്യയിൽ നിന്നുള്ള മൊത്തം കയറ്റുമതി 10 ബില്യൺ ഡോളർ ആക്കി ഉയർത്തുമെന്നാണ് ആമസോൺ 2020-ൽ പ്രഖ്യാപിച്ചിരുന്നത്.

    മാത്രമല്ല ഒരു കോടി എംഎസ്എംഇകൾ ഡിജിറ്റൈസ് ചെയ്യുമെന്നും 2020 ജനുവരിയിൽ കമ്പനി വാ​ഗ്ദാനം ചെയ്തിരുന്നു. ഇതിനോടകം വിൽപ്പനക്കാർ, കരകൗശല തൊഴിലാളികൾ, നെയ്ത്തുകാർ, വിതരണക്കാർ, ലോജിസ്റ്റിക്സ് സേവന പങ്കാളികൾ ഉൾപ്പടെയുള്ള 40 ലക്ഷത്തിലധികം എംഎസ്എംഇകളെ കമ്പനി ഇതിൽ ഉൾപ്പെടുത്തി കഴിഞ്ഞു.
    " മൊബൈൽ ഇന്റർനെറ്റും സാങ്കേതികവിദ്യയും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ സ്വാധീനിക്കുന്നത് തുടരും, രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തനത്തിലും വളർന്നു കൊണ്ടിരിക്കുന്ന ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിലും ആമസോൺ വലിയ പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് " തിവാരി കൂട്ടിച്ചേർത്തു.
    സാങ്കേതികവിദ്യകളുടെ നവീകരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്റ്റാർട്ടപ്പുകളിലും സംരംഭകരിലും നിക്ഷേപിക്കുന്നതിനായി ആമസോൺ കഴിഞ്ഞ വർഷം 250 മില്യൺ ഡോളറിന്റെ ആമസോൺ സംഭവ് വെഞ്ച്വർ ഫണ്ട് പ്രഖ്യാപിച്ചിരുന്നു. എസ്എംബി (SMB) ഡിജിറ്റൈസേഷൻ മേഖലയിൽ നൂതനമായ പ്രവർത്തനങ്ങൾ നടത്തുന്ന സംരംഭകരെയും സ്റ്റാർട്ടപ്പിനെയും പിന്തുണയ്ക്കുന്നതിലാണ് ഫണ്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഫണ്ടിന്റെ ഭാഗമായി ആമസോൺ ഇതിനകം തന്നെ മൈ​ഗ്ലാം (MyGlamm), എം1എക്സ്ചേഞ്ച്(M1xchange), സ്മോൾ കേസ് (Small Case) തുടങ്ങിയ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.

    എംഎസ്എംഇകളുടെ ഡിജിറ്റലൈസേഷനു വേണ്ടിയുള്ള ആമസോണിന്റെ ശ്രമങ്ങൾ ‌രാജ്യത്ത് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്നുണ്ട്. ഇതിന് പുറമെ രാജ്യത്ത് നിന്നുള്ള കയറ്റുമതി വർധിപ്പിക്കുന്നതിലൂടെയും ആമസോണിൽ നിന്നും വരും ദിനങ്ങളിൽ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
    Published by:Jayashankar Av
    First published: