• HOME
  • »
  • NEWS
  • »
  • career
  • »
  • Prime Ministers | ബോറിസ് ജോണ്‍സണ്‍ മുതല്‍ ജസീന്ദ ആര്‍ഡേണ്‍ വരെ; പ്രധാനമന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യതകള്‍

Prime Ministers | ബോറിസ് ജോണ്‍സണ്‍ മുതല്‍ ജസീന്ദ ആര്‍ഡേണ്‍ വരെ; പ്രധാനമന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യതകള്‍

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് മുതല്‍ യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വരെയുള്ള ലോകനേതാക്കളുടെ വിദ്യാഭ്യാസ യോഗ്യതകൾ അറിയാം.

  • Share this:
    ലോകത്തിലെ പ്രധാനമന്ത്രിമാര്‍ വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരായിരിക്കുമെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. ചായ വില്‍പ്പനക്കാരും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പഠനം പൂര്‍ത്തിയാക്കിയവരും വരെ അതില്‍ ഉള്‍പ്പെടുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് മുതല്‍ യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വരെയുള്ള ലോകനേതാക്കളുടെ വിദ്യാഭ്യാസ യോഗ്യതകൾ അറിയാം.

    ആന്റണി അല്‍ബനീസ് (Anthony Albanese) - ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി

    പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയാണ് ആന്റണി അല്‍ബനീസ്. തന്റെ അമ്മയ്ക്കും മുത്തച്ഛനും മുത്തശ്ശിയ്ക്കുമൊപ്പം സിഡ്നി സിറ്റി കൗണ്‍സില്‍ വസതിയായ ക്യാമ്പര്‍ഡൗണിലെ ഇന്നര്‍ വെസ്റ്റ് സബര്‍ബിലാണ് അദ്ദേഹം വളര്‍ന്നത്. ക്യാമ്പര്‍ഡൗണിലെ സെന്റ് ജോസഫ്‌സ് പ്രൈമറി സ്‌കൂളില്‍ പഠിച്ച അദ്ദേഹം പിന്നീട് സെന്റ് മേരീസ് കത്തീഡ്രൽ കോളേജിൽ നിന്ന് സ്കൂൾ പഠനം പൂർത്തിയാക്കി. തുടർന്ന് കോമണ്‍വെല്‍ത്ത് ബാങ്കില്‍ രണ്ടു വര്‍ഷം ജോലി ചെയ്തു. അതിനുശേഷം, സിഡ്‌നി സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്രം പഠിച്ചു. അവിടെ നിന്ന് വിദ്യാര്‍ത്ഥികളുടെ പ്രതിനിധി കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മെയ് 23 ന് അദ്ദേഹം ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.

    റനില്‍ വിക്രമസിംഗെ (Ranil Wickremesinghe) - ശ്രീലങ്കന്‍ പ്രധാനമന്ത്രി

    1949ല്‍ ജനിച്ച റനില്‍ വിക്രമസിംഗെ കൊളംബോയിലെ റോയല്‍ പ്രിപ്പറേറ്ററി സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും റോയല്‍ കോളേജില്‍ നിന്ന് സെക്കന്‍ഡറി വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. തുടര്‍ന്ന് കൊളംബോ സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദം നേടി. 1972-ല്‍ ശ്രീലങ്കയിലെ സുപ്രീം കോടതിയില്‍ അഭിഭാഷകനായി സത്യപ്രതിജ്ഞ ചെയ്ത് അഞ്ച് വര്‍ഷം പ്രാക്ടീസ് ചെയ്തു. മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എംഐടി) സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ റോബര്‍ട്ട് ഇ വില്‍ഹെം ഫെല്ലോ ആയും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇക്കണോമി, എഡ്യുക്കേഷന്‍, ഹ്യൂമണ്‍ റൈറ്റ്‌സ് എന്നിവയിലെ സംഭാവനകള്‍ക്ക് 2017-ല്‍ ഓസ്ട്രേലിയയിലെ ഡീക്കിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഓണററി ഡോക്ടറേറ്റും അദ്ദേഹത്തിന് ലഭിച്ചു. തന്റെ മുന്‍ഗാമിയായ മഹിന്ദ രാജപക്സെ മെയ് 9 ന് സ്ഥാനമൊഴിഞ്ഞതിന് ശേഷമാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തത്.

    ജസീന്ദ ആര്‍ഡേണ്‍ (Jacinda Ardern)- ന്യൂസിലന്‍ഡ് പ്രധാനമന്ത്രി

    ഹാമില്‍ട്ടണില്‍ ജനിച്ച ജസീന്ദ ആര്‍ഡേണ്‍ വളര്‍ന്നത് മോറിന്‍സ്വില്ലിലും മുരുപാറയിലുമാണ്. ഒരു സ്റ്റേറ്റ് സ്‌കൂളില്‍ പഠിച്ച ജസീന്ദ പിന്നീട് മോറിന്‍സ്വില്ലെ കോളേജില്‍ പഠിച്ചു, അവിടെ സ്‌കൂളിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റിയിലെ വിദ്യാര്‍ത്ഥി പ്രതിനിധിയായിരുന്നു. 2001-ല്‍ രാഷ്ട്രീയത്തിലും പബ്ലിക് റിലേഷന്‍സിലും ബാച്ചിലര്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ സ്റ്റഡീസില്‍ (ബിസിഎസ്) വൈക്കാറ്റോ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി. പിന്നീട് 2001-ല്‍ അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചു. ബിരുദം നേടിയ ശേഷം ഗവേഷകയായി ഫില്‍ ഗോഫിന്റെയും ഹെലന്‍ ക്ലാര്‍ക്കിന്റെയും ഓഫീസുകളില്‍ ജോലി ചെയ്തു.

    നരേന്ദ്ര മോദി (Narendra Modi)- ഇന്ത്യന്‍ പ്രധാനമന്ത്രി

    നരേന്ദ്ര ദാമോദര്‍ദാസ് മോദി 1950 സെപ്റ്റംബര്‍ 17 ന് ഇന്നത്തെ ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വഡ്നഗറില്‍ ജനിച്ചു. ആറ് മക്കളില്‍ മൂന്നാമനാണ് അദ്ദേഹം. കുട്ടിക്കാലത്ത്, വഡ്നഗര്‍ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിലെ പിതാവിന്റെ ചായക്കടയില്‍ ജോലി ചെയ്തു. 1967-ല്‍ വഡ്നഗറില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

    സന്ന മരിന്‍ (Sanna Marin) - ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി

    1985 നവംബര്‍ 16ന് ഹെല്‍സിങ്കിയില്‍ ജനിച്ച സന്ന മിരെല്ല മരിന്‍, 2004ല്‍ പിര്‍ക്കല ഹൈസ്‌കൂളില്‍ നിന്ന് ബിരുദം നേടി. 2006-ല്‍ സോഷ്യല്‍ ഡെമോക്രാറ്റിക് യൂത്തില്‍ ചേര്‍ന്നു, 2010 മുതല്‍ 2012 വരെ അതിന്റെ ആദ്യത്തെ വൈസ് പ്രസിഡന്റായി. പഠനത്തിനിടെ ബേക്കറിയിൽ കാഷ്യറായും ജോലി ചെയ്തു. ടാംപെരെ സര്‍വകലാശാലയില്‍ നിന്ന് അഡ്മിനിസ്‌ട്രേറ്റീവ് സയന്‍സില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി.

    ബോറിസ് ജോണ്‍സണ്‍ (Boris Johnson)- യുകെ പ്രധാനമന്ത്രി

    അലക്‌സാണ്ടര്‍ ബോറിസ് ഡി പെഫെല്‍ ജോണ്‍സണ്‍ 1964 ജൂണ്‍ 19 ന് ജനിച്ചു. വിന്‍സ്‌ഫോര്‍ഡ് വില്ലേജ് സ്‌കൂളിലെ പഠനത്തിന് ശേഷം ലണ്ടനിലെ പ്രിംറോസ് ഹില്‍ പ്രൈമറി സ്‌കൂളില്‍ ചേര്‍ന്നു. പിന്നീട്, അദ്ദേഹത്തിന്റെ കുടുംബം ബ്രസല്‍സിലേക്ക് മാറി, അവിടെ അദ്ദേഹം യൂറോപ്യന്‍ സ്‌കൂളില്‍ ചേര്‍ന്നു. പിന്നീട്, ഈസ്റ്റ് സസെക്‌സിലെ പ്രിപ്പറേറ്ററി ബോര്‍ഡിംഗ് സ്‌കൂളായ ആഷ്ഡൗണ്‍ ഹൗസില്‍ പഠിച്ചു. ബെര്‍ക്ഷെയറിലെ വിന്‍ഡ്സറിനടുത്തുള്ള ബോര്‍ഡിംഗ് സ്‌കൂളായ ഈറ്റണ്‍ കോളേജില്‍ പഠിക്കാന്‍ ജോണ്‍സണ് കിംഗ് സ്‌കോളര്‍ഷിപ്പും ലഭിച്ചു. സ്‌കൂള്‍ പഠനത്തിനു ശേഷം അദ്ദേഹം ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ ചേര്‍ന്നു.

    ജസ്റ്റിന്‍ ട്രൂഡോ (Justin Trudeau)- കനേഡിയന്‍ പ്രധാനമന്ത്രി

    കാനഡയിലെ ഒന്റാറിയോയിലെ ഒട്ടാവയില്‍ 1971 ഡിസംബര്‍ 25 ന് ജനിച്ച ജസ്റ്റിന്‍ ട്രൂഡോ 2015 മുതല്‍ കാനഡയുടെ പ്രധാനമന്ത്രിയാണ്. കോളേജ് ജീന്‍-ഡി-ബ്രെബ്യൂഫിലെ പഠനത്തിനു ശേഷം 1994-ല്‍ മക്ഗില്‍ സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം നേടി. 1998-ല്‍ ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയില്‍ നിന്ന് ബിഎഡ് ബിരുദം നേടുന്നതിനിടെ സ്‌നോബോര്‍ഡ് ഇന്‍സ്ട്രക്ടറായി ജോലി ചെയ്തു. രാഷ്ട്രീയത്തില്‍ എത്തുന്നതിനു മുമ്പ് അദ്ദേഹം വാന്‍കൂവറിലെ ഒരു ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്നു.
    Published by:Naveen
    First published: