• HOME
 • »
 • NEWS
 • »
 • career
 • »
 • കേരള ബ്ലോക്ക്‌ചെയിന്‍ അക്കാദമിയില്‍ സൗജന്യ ബ്ലോക്ക്‌ചെയിന്‍ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

കേരള ബ്ലോക്ക്‌ചെയിന്‍ അക്കാദമിയില്‍ സൗജന്യ ബ്ലോക്ക്‌ചെയിന്‍ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ ബിരുദധാരികള്‍ വരെയുള്ള ഏത് പ്രായക്കാര്‍ക്കും ഈ കോഴ്‌സ് അനുയോജ്യമാണ്.

 • Last Updated :
 • Share this:
  തിരുവനന്തപുരം:ഡിജിറ്റല്‍ സര്‍വകലാശാലയുടെ ഭാഗമായ കേരള ബ്ലോക്ക്‌ചെയിന്‍ അക്കാഡമി നടത്തുന്ന സൗജന്യ ബ്ലോക്ക്‌ചെയിന്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
  ഒരു മാസം നീണ്ടു നില്‍ക്കുന്ന ബ്ലോക്ക്‌ചെയിന്‍ ഫൗണ്ടേഷന്‍ പ്രോഗ്രാം, എത്തേറിയം ബ്ലോക്ക്‌ചെയിന്‍ ഫണ്ടമെന്റല്‍ പ്രോഗ്രാം എന്നീ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നവംബര്‍ 1 ന് ആരംഭിക്കും.
  ബ്ലോക്ക്‌ചെയിന്‍ ഫൗണ്ടേഷന്‍ പ്രോഗ്രാം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് എഞ്ചിനീയറിംഗ്, സയന്‍സ്, ആര്‍ട്‌സ് എന്നിവയുള്‍പ്പെടെ എല്ലാ പശ്ചാത്തലങ്ങളിലുള്ള പഠിതാക്കള്‍ക്കും അനുയോജ്യമായ രീതിയിലാണ്.

  സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ ബിരുദധാരികള്‍ വരെയുള്ള ഏത് പ്രായക്കാര്‍ക്കും ഈ കോഴ്‌സ് അനുയോജ്യമാണ്. ഒരു മാസത്തെ ഈ സൗജന്യ ഓണ്‍ലൈന്‍ പ്രോഗ്രാമില്‍ നിന്നും ബ്ലോക്ക്‌ചെയിന്‍ അടിസ്ഥാനങ്ങള്‍, പ്രധാന ആശയങ്ങള്‍, ബ്ലോക്ക്‌ചെയിന്‍ ഉപയോഗങ്ങള്‍, പരിമിതികള്‍, ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയുടെ ഭാവി എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ധാരണ ലഭിക്കുന്നു.

  പങ്കെടുക്കുന്നവര്‍ക്ക് കേരള ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെയും(കെ-ഡിഎസ്സി) മുദ്രണം ചെയ്ത കെബിഎ ഒപ്പിട്ട ഡിജിറ്റല്‍ ബ്ലോക്ക്‌ചെയിന്‍ പവര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. എത്തേറിയം ബ്ലോക്ക്‌ചെയിന്‍ ഫണ്ടമെന്റല്‍ പ്രോഗ്രാമില്‍ എത്തേറിയം ബ്ലോക്ക്‌ചെയിനിലൂടെ ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കും.

  ഒരു മാസം ദൈര്‍ഘ്യമുള്ള സ്വയം-പഠിക്കാവുന്ന ഈ പ്രോഗ്രാം ബ്ലോക്ക്‌ചെയിനിന്റെ അടിത്തറയും വികേന്ദ്രീകൃത ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതിനുള്ള രീതികളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉള്‍ക്കൊള്ളുന്നു. എത്തേറിയം പ്ലാറ്റ്‌ഫോമിന്റെ സവിശേഷതകളും ഗുണങ്ങളും നന്നായി മനസിലാക്കാനും സ്മാര്‍ട്ട് കോണ്‍ട്രാക്റ്റുകളെ അറിയാനും നിര്‍മ്മിക്കാനും സുദൃഢമായി കൈകാര്യം ചെയ്യാനും വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നു.മെറിറ്റുകളോടെ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അതേ വിഷയത്തില്‍ തുടര്‍ന്നുള്ള കോഴ്‌സിലേക്ക് 50% കിഴിവോടെ പ്രവേശനം ലഭിക്കും.
  അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 30. കോഴ്‌സിനായി രജിസ്റ്റര്‍ ചെയ്യുന്നതിന് സന്ദര്‍ശിക്കുക elearning.kba.ai/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

  UPSC സിവിൽ സർവീസ് പ്രിലിമിനറി 2021: പരീക്ഷയുടെ തയ്യാറെടുപ്പിന് സാഹചര്യം എങ്ങനെ അനുയോജ്യമാക്കാം?

  വിജയം ഒരിക്കലും ഒരു ഘടകത്തെ മാത്രം ആശ്രയിച്ചല്ല നില്‍ക്കുന്നത്, ശരിയല്ലേ? യു പി എസ് സി, സിവില്‍ സര്‍വീസ് പരീക്ഷ വിജയിക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ ഉദ്യോഗാര്‍ത്ഥികളും അങ്ങനെ തന്നെയാണ് വിശ്വസിക്കുന്നത്. യു പി എസ് സി എന്ന ബാലികേറാമല മറികടക്കാന്‍ ഒരാള്‍ ഒരു ദിവസം 16-18 മണിക്കൂര്‍ പഠിക്കേണ്ടതുണ്ട് എന്ന മിഥ്യാധാരണയാണ് നാം ആദ്യം തിരുത്തേണ്ടത്. യു പി എസ് സി പരീക്ഷകളുടെ അളവുകോലില്‍ ഒരു ദിവസം ഒരാള്‍ എത്രമാത്രം പഠിക്കുന്നു എന്നതിനേക്കാളും പ്രാധാന്യം എത്ര നേരത്തെ തയ്യാറെടുപ്പ് ആരംഭിക്കുന്നു എന്നതിനാണ്.

  പരീക്ഷാ വിജയങ്ങള്‍ അതിനെ നേരിടാന്‍ നമ്മളൊരുക്കുന്ന സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും കഠിനമായ പരീക്ഷകളില്‍ ഒന്നാണ് സിവില്‍ സര്‍വീസ് പരീക്ഷ എന്നു നമുക്ക് നിസ്സംശയം പറയാന്‍ സാധിക്കും. 9 ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ 900-ഓളം ഒഴിവുകളിലേക്കാണ് ഒരേ സമയം അപേക്ഷ സമര്‍പ്പിക്കുന്നത്. അതായത്, ഈ അപേക്ഷാര്‍ത്ഥികളുടെ വിജയശതമാനം വെറും 0.1 ശതമാനം മാത്രമാണ്.

  2014 മുതല്‍ അപേക്ഷകരുടെ എണ്ണം ക്രമാനുഗതമായി വര്‍ദ്ധിക്കുകയാണ്. എന്നാല്‍ അതിനനുസരിച്ച് ഒഴിവുകളുടെ എണ്ണം കൂടുന്നില്ല എന്നു മാത്രമല്ല അത് കുറയുകയുമാണ് ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. CSE 2021 വിജ്ഞാപനത്തില്‍ വെറും 712 ഒഴിവുകളാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍, പരീക്ഷയില്‍ വിജയിക്കാന്‍ ആഗ്രഹമുള്ളവര്‍ തങ്ങളുടെ മുഴുവന്‍ ശ്രദ്ധയും പരീക്ഷയില്‍ കേന്ദ്രീകരിക്കുക മാത്രമല്ല വേണ്ടത്, അതിന് യോജിക്കുന്ന ശരിയായ ഒരു ആവാസവ്യവസ്ഥ ഉണ്ടാക്കിയെടുക്കുകയും വേണം.

  എന്നാല്‍ ഇവിടെ ഉയരുന്ന ചോദ്യം, എന്താണ് യു പി എസ് സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആവശ്യമായ ശരിയായ ആവാസവ്യവസ്ഥയെന്നും, എങ്ങനെയാണ് അവരുടെ പാതയിലെ ബാഹ്യ തടസ്സങ്ങള്‍ ഇല്ലാതാക്കാനാവുക എന്നതുമാണ്.

  യു പി എസ് സി അധികൃതര്‍ തങ്ങളുടെ സമീപനത്തില്‍ വളരെയധികം സുതാര്യത കാത്തു സൂക്ഷിക്കുന്നുണ്ട്. എന്നാല്‍ തങ്ങളുടെ അപേക്ഷാര്‍ത്ഥികളില്‍ നിന്ന് യു പി എസ് സി യഥാര്‍ത്ഥത്തില്‍ പ്രതീക്ഷിക്കുന്നതെന്താണെന്ന കാര്യത്തിലേക്ക് വരുമ്പോള്‍ ഈ അപേക്ഷാര്‍ത്ഥികള്‍ തീര്‍ത്തും ഇരുട്ടിലായി പോകാറുമുണ്ട്. ഇത് പലപ്പോഴും പരീക്ഷയുടെ കാര്യത്തില്‍ അവര്‍ കാത്തുസൂക്ഷിക്കുന്ന ആത്മവിശ്വാസത്തിന് കോട്ടം സൃഷ്ടിക്കാന്‍ കാരണമാകാറുണ്ട്. ഈ ആശയക്കുഴപ്പങ്ങള്‍ ഇല്ലാതെയാക്കാന്‍, എന്താണ് തങ്ങള്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും എന്താണ് തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ മാനദണ്ഡങ്ങള്‍ എന്നും ഉദ്യോഗാര്‍ത്ഥികളെ ബോധ്യപ്പെടുത്താന്‍ യു പി എസ് സി പതിവായി ഔട്ട്‌റീച്ച് പ്രോഗ്രാമുകള്‍ നടത്തുന്നത് അഭികാമ്യമായിരിക്കും.

  സാധാരണ നിലയില്‍ ഒരു ആവാസവ്യവസ്ഥ എന്ന് പറയുമ്പോള്‍ അതില്‍ ജീവനുള്ളതും ഇല്ലാത്തതുമായ ഘടകങ്ങളും ഉള്‍ക്കൊള്ളുന്നുണ്ട്. സിവില്‍ സര്‍വീസ് പരീക്ഷയുടെ കാര്യം വരുമ്പോള്‍ ജീവസ്സുറ്റ ഘടകങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം. ഒരു സിവില്‍ പരീക്ഷാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം, പരീക്ഷയ്ക്ക് പുറത്തുള്ള മറ്റ് കാര്യങ്ങള്‍ക്കും പ്രാധാന്യമുണ്ട്. മറ്റു കാര്യങ്ങളെന്നു പറയുമ്പോള്‍ അവയില്‍ ആരോഗ്യകരമായ ഭക്ഷണം, വൃത്തിയുള്ള പരിസ്ഥിതി, താമസിക്കാന്‍ സുഖപ്രദവും വായുസഞ്ചാരമുള്ളതുമായ സ്ഥലം തുടങ്ങിയവ ഉള്‍പ്പെടുന്നു.

  ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സും ഉണ്ടാവുകയുള്ളു. പരീക്ഷാര്‍ത്ഥികള്‍ക്ക് അവരുടെ സ്വന്തം താല്‍പര്യത്തിനനുസരിച്ചുള്ള ശാരീരിക പ്രവര്‍ത്തനങ്ങളിലും വ്യായാമങ്ങളിലും ഏര്‍പ്പെടാന്‍ കഴിയണം. യു പി എസ് സി പരീക്ഷാ ചക്രം പരിഗണിക്കുമ്പോള്‍ ഈ പരീക്ഷ ഒറ്റയ്ക്കുള്ള ഒരു കുതിച്ചോട്ടത്തെക്കാള്‍ ഒരു മാരത്തണ്‍ ഓട്ടമാണന്ന അനുമാനത്തില്‍ നമുക്ക് എത്തിച്ചേരാന്‍ സാധിക്കും. അതിനാല്‍, ഈ പ്രക്രിയയിലൂടെ സുഗമമായി മുന്നോട്ട് പോകാനുള്ള ഒരേയൊരു മാര്‍ഗ്ഗം ആരോഗ്യകരമായ ജീവിതശൈലി കാത്തുസൂക്ഷിക്കുക എന്നത്.

  സിവില്‍ സര്‍വ്വീസ് പരീക്ഷ ചിലര്‍ ജീവന്മരണ പോരാട്ടമായാണ് കണക്കാക്കുന്നത്. കാര്യങ്ങള്‍ നാം വിചാരിക്കുന്നത് പോലെ തന്നെ എല്ലായ്പ്പോഴും നടക്കണമെന്നില്ല. അതിനാല്‍ പ്രതികൂലമായ സാഹചര്യത്തെക്കുറിച്ച് ചിന്തിക്കേണ്ടതും അതിനെക്കുറിച്ച് സംസാരിക്കേണ്ടതും വളരെ പ്രധാനമാണ്. ചിലപ്പോഴൊക്കെ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും പരാജയപ്പെടുന്ന ദുരവസ്ഥ പരീക്ഷാര്‍ത്ഥികള്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നേക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ ചിലര്‍ ആത്മഹത്യാ ശ്രമം പോലെയുള്ള അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിന് നാം പലപ്പോഴും സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതിനാല്‍, പഠനത്തിനുള്ള ശരിയായ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതില്‍ കൗണ്‍സിലിംഗിന്റെ പങ്ക് കുറച്ചുകാണാന്‍ സാധിക്കില്ല. സിവില്‍ പരീക്ഷ നേടാന്‍ ആഗ്രഹിച്ചവരില്‍ പലരും തങ്ങളുടെ മേഖലകളില്‍ മികച്ചവരാണ്. അതിനാലാണ് പരാജയത്തെ ശരിയായ രീതിയില്‍ നേരിടാന്‍ അവര്‍ക്ക് സാധിക്കാതെ വരുന്നത്.

  നമ്മുടെയെല്ലാം അടിസ്ഥാനപരമായ കാര്യങ്ങള്‍ ആരംഭിക്കുന്നത് വീടുകളില്‍ നിന്നാണ്. അതുപോലെ സിവില്‍ സര്‍വ്വീസ് പരീക്ഷ നേടണമെന്ന് ആഗ്രഹിക്കുന്ന ആളുകളുടെയും ആദ്യത്തെ പിന്തുണ എത്തേണ്ടത് അവരുടെ കുടുംബങ്ങളില്‍ നിന്നാണ്. സാമ്പത്തികമായി ഉയര്‍ന്ന നിലവാരം കാത്തു സൂക്ഷിക്കുന്നവരും, താഴേക്കിടയില്‍ നിന്നും വരുന്നവരും ഒരു പോലെ കാത്തു സൂക്ഷിക്കുന്ന സ്വപ്നമാണ് സിവില്‍ സര്‍വീസ്. അതായത്, സിവില്‍ സര്‍വ്വീസ് പരീക്ഷ നേടാനുള്ള ആഗ്രഹത്തിന്, സാമ്പത്തികം, ഒരിക്കലും ഒരു മാനദണ്ഡം അല്ല. സിവില്‍ സര്‍വീസ് പരീക്ഷ നേടുക എന്നത് പരീക്ഷാര്‍ത്ഥികളുടെ മാത്രം സ്വപ്നമല്ല, അവരുടെ കുടുംബങ്ങളുടെ മുഴുവന്‍ സ്വപ്നമാണ്. അങ്ങനെ നോക്കുമ്പോള്‍, സിവില്‍ സര്‍വ്വീസ് പരീക്ഷാര്‍ത്ഥികള്‍ക്ക് ആവശ്യമായ പിന്തുണ ആദ്യം എത്തേണ്ടത് കുടുംബങ്ങളില്‍ നിന്നാണ്.

  ഇത്രയും നീണ്ടുനില്‍ക്കുന്ന ഒരു പ്രക്രിയയില്‍ അധ്യാപകര്‍ക്ക് വലിയ പങ്കുണ്ട്. അവര്‍ തങ്ങളുടെ പങ്ക് കേവലം ക്ലാസ്മുറികളില്‍ മാത്രം ഒതുക്കരുത്. അതിനപ്പുറത്തേക്ക് പോകാന്‍ അവര്‍ക്ക് സാധിക്കണം. അതില്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള സ്ഥിരമായ മാര്‍ഗ്ഗനിര്‍ദ്ദേശവും കൗണ്‍സിലിംഗും നല്‍കുന്നത് ഉള്‍പ്പെടുത്തണം. കാരണം സിവില്‍ സര്‍വ്വീസ് പരീക്ഷ വിജയിക്കുന്നതിനായി അത്യന്തം പരിശ്രമിക്കുന്ന പലര്‍ക്കും ക്ലാസുകള്‍ക്കും ലെക്ചര്‍ നോട്ടുകള്‍ക്കും അപ്പുറം മറ്റ് പല സഹായങ്ങളും ആവശ്യമായ സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. വിദ്യാര്‍ത്ഥികളെ മാനസികമായും വൈകാരികമായും പിന്തുണയ്ക്കാന്‍ സാധ്യമായതെല്ലാം ഒരുക്കുന്നതിനും അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നതിനും അവര്‍ക്കായി നിലകൊള്ളുന്ന സ്ഥാപനങ്ങളും അധ്യാപകരും മടി കാട്ടരുത്.

  അടുത്തതായി സമാനരായ മറ്റാളുകളുടെ സംഘത്തിന്റെ പങ്കാണ് നാം പ്രധാനമായി കാണേണ്ടത് - സുഹൃത്തുക്കള്‍, പഠനത്തിലെ പങ്കാളികള്‍, ഒരേ മുറിയില്‍ താമസിക്കുന്നവര്‍ തുടങ്ങിയവരാണ് ഇവര്‍. ഇത്തരം സംഘങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രചോദനം നല്‍കുന്നതിനും അവരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതിനും മുന്‍കൈയെടുക്കുകയാണ് വേണ്ടത്. സിവില്‍ സര്‍വ്വീസ് അഭിലാഷികള്‍ക്കിടയില്‍ ഒരു നല്ല മത്സരബോധം ഉണ്ടായിരിക്കുന്നത് അഭിലഷണീയമാണ്. എന്നാല്‍ ഈ മത്സരബുദ്ധി ആത്യന്തികമായി എല്ലാവര്‍ക്കും പ്രയോജനം ചെയ്യാന്‍ ഉതകുന്നതുമായിരിക്കണം.

  - ശുഭ്ര വിരാജ് എഡ്യുടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ സഹ-സ്ഥാപകയും എക്‌സിക്യൂട്ടീവ് അധ്യക്ഷയുമായ ശുഭ്ര രഞ്ചനാണ് ലേഖിക.
  Published by:Jayashankar AV
  First published: