• HOME
 • »
 • NEWS
 • »
 • career
 • »
 • 32 വയസിനു താഴെയുള്ള ബിരുദധാരിയാണോ? KAS നേടാൻ ഇനി 100 ദിവസം മാത്രം

32 വയസിനു താഴെയുള്ള ബിരുദധാരിയാണോ? KAS നേടാൻ ഇനി 100 ദിവസം മാത്രം

Kerala Administrative Service | ഇനി സമയം പാഴാക്കാനാകില്ല. ഇന്നു മുതൽ തന്നെ പഠിച്ചുതുടങ്ങാം. സാധാരണ തയാറെടുപ്പ് പോരാ...വിഷയങ്ങൾ ആഴത്തിൽ പഠിക്കുന്നതിന് പ്രാധാന്യം നല്‍കണം

സെക്രട്ടേറിയറ്റ്(ഫയൽ ചിത്രം)

സെക്രട്ടേറിയറ്റ്(ഫയൽ ചിത്രം)

 • Last Updated :
 • Share this:
  കേരളം 63 വയസ്സ് പൂർത്തിയാക്കിയ വേളയിലാണ് അരനൂറ്റാണ്ടായി ചർച്ച ചെയ്യപ്പെട്ട കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) യാഥാർത്ഥ്യമായിരിക്കുന്നത്. പ്രാഥമിക പരീക്ഷ ഫെബ്രുവരിയിൽ നടത്തുമെന്നാണ് പിഎസ്‌സി അറിയിച്ചിരിക്കുന്നത്. ഇനി കഷ്ടിച്ച് നൂറുദിവസം മാത്രം. സാധാരണ ബിരുദതലത്തിലുള്ള പരീക്ഷകൾക്കുള്ള തയാറെടുപ്പുകൾ പോരാ കെഎഎസിന്. ആഴത്തിലുള്ള പഠനം അനിവാര്യമാണ്.

  കെഎഎസ് നടപ്പാക്കുന്നതിന് പിന്നിൽ

  സംസ്ഥാന ഭരണനിർവഹണം കാര്യക്ഷമമാക്കുകയും ഐഎഎസിലേക്ക് സമർഥരെ നിയോഗിക്കുകയുമാണ് കെഎഎസിന്റെ ലക്ഷ്യം. എട്ടു വർഷത്തെ സേവനം പൂർത്തിയാക്കുന്നവർക്ക് യുപിഎസ്‌സി മാനദണ്ഡങ്ങൾ പ്രകാരം ഐഎഎസിൽ പ്രവേശിക്കാനാകും. സംസ്ഥാന സിവിൽ സർവീസിൽ നിന്ന് ഐഎഎസിലേക്കുള്ള ക്വോട്ട വർഷങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. പി.എസ്.സി നടപ്പാക്കുന്നതിൽ വച്ച് ഏറ്റവും മത്സരക്ഷമതയുള്ള പരീക്ഷയായിരിക്കും ഇത്.

  തസ്തികയും യോഗ്യതയും

  കെഎഎസ് ഓഫീസർ (ജൂനിയർ ടൈം സ്കെയിൽ) ട്രെയിനി സ്ട്രീം 1, സ്ട്രീം 2, സ്ട്രീം 3 എന്നിങ്ങനെ മൂന്നു രീതിയിലാണു നിയമനം. ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് അടിസ്ഥാന യോഗ്യത.

  സ്ട്രീം 1 - (കാറ്റഗറി നമ്പർ 186/2019): നേരിട്ടുള്ള നിയമനം. പ്രായം: 21– 32. പ്രായപരിധി കണക്കാക്കുന്നത് അതതു വർഷത്തെ ജനുവരി ഒന്നാം തിയതി വച്ച്. ആരോഗ്യ സ്ഥിതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വേണം.

  സ്ട്രീം 2- (കാറ്റഗറി നമ്പർ 187/2019): സർക്കാർ വകുപ്പിൽ പ്രബേഷൻ പൂർത്തിയാക്കിയവരിൽ നിന്നും സ്ഥിരമാക്കപ്പെട്ടവരിൽ നിന്നും നേരിട്ടുള്ള നിയമനം. ഫസ്റ്റ് ഗസറ്റഡ് ഓഫീസറാകാൻ‌ പാടില്ല. പ്രായം: 21– 40.

  സ്ട്രീം 3- (കാറ്റഗറി നമ്പർ 188/2019): ഫസ്റ്റ് ഗസറ്റഡ് പോസ്റ്റിലോ അതിനു മുകളിലോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായം: 50 കഴിയരുത്. പ്രബേഷൻ പൂർത്തിയാക്കുകയോ പ്രബേഷന് യോഗ്യമായ 2 വർഷത്തെ സേവനം പൂർത്തിയാക്കുകയോ വേണം. പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപക ജീവനക്കാർക്ക് സ്ട്രീം 3 ലേക്ക് അപേക്ഷിക്കാനാകില്ല.

  സംവരണവും പ്രായപരിധി ഇളവും

  ഭരണഘടന നിശ്ചയിച്ചിട്ടുള്ള സംവരണം മൂന്നു സ്ട്രീമിലും ബാധകം. പട്ടിക വിഭാഗത്തിനും വിധവകൾക്കും വിമുക്തഭടൻമാർക്കും 5 വർഷം, മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് 3 വർഷം, ഭിന്നശേഷിക്കാർക്ക് 15 വർഷം, അസ്ഥിസംബന്ധമായ പ്രശ്നമുള്ള ഭിന്നശേഷിക്കാർക്ക് 10 വർഷം.

  ഒഴിവുകൾ

  നൂറിലേറെ ഒഴിവുണ്ടാകും എന്നാണു കണക്കാക്കുന്നത്. ഓരോ വർഷവും കെഎഎസിൽ ഉൾപ്പെടുത്തിയ വകുപ്പുകളിൽ നിന്നും പൊതുവിഭാഗത്തിൽ നിന്നും ഉണ്ടാകുന്ന ആകെ സെക്കൻഡ് ഗസറ്റഡ് ഒഴിവുകളുടെ മൂന്നിലൊന്ന് കെഎഎസിനു വേണ്ടി മാറ്റിവച്ചിട്ടുണ്ട്. ഇത് ആകെ ഉണ്ടാകുന്ന ഒഴിവിന്റെ 10 ശതമാനത്തിനു മുകളിൽ ആകാൻ പാടില്ല.

  പരീക്ഷയും അഭിമുഖവും

  ആദ്യം സ്ക്രീനിങ് ടെസ്റ്റ്, രണ്ടാമത് മുഖ്യ പരീക്ഷ, ഒടുവിൽ അഭിമുഖം എന്ന ക്രമത്തിലാണ് തെരഞ്ഞെടുപ്പ്. സ്ക്രീനിങ് ടെസ്റ്റ് ഫെബ്രുവരിയിൽ നടക്കും. തീയതി പിന്നീട് അറിയിക്കും.

  പ്രിലിമിനറി പരീക്ഷ

  പ്രാഥമിക പരീക്ഷയായ സ്ക്രീനിങ് ടെസ്റ്റ് (ഒഎംആർ) 200 മാർക്കിനാണ്. പ്രാഥമിക പരീക്ഷ 2 ഭാഗങ്ങളുണ്ട്. ഒന്നാം ഭാഗത്തിൽ 100 മാർക്കിന്റെ ജനറൽ സ്റ്റഡീസ് പേപ്പർ. രണ്ടാം ഭാഗത്തിൽ 50 മാർക്കിന്റെ ഭാഷാവിഭാഗം, 30 മാർക്കിന്റെ മലയാള നൈപുണ്യം, 20 മാർക്കിന്റെ ഇംഗ്ലിഷ് നൈപുണ്യം എന്നിങ്ങനെ 3 പേപ്പറുകൾ. പ്രാഥമിക പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന നിശ്ചിത പേരെ സംവരണം കൂടി പരിഗണിച്ച് തെരഞ്ഞെടുത്ത് പട്ടികയുണ്ടാക്കും. ഇവർ യോഗ്യതകൾ തെളിയിക്കുന്ന രേഖകൾ അപ്‌ലോഡ് ചെയ്യണം. 3 വിഭാഗങ്ങൾക്കുമായി പ്രാഥമിക പരീക്ഷ നടത്തി 3 കട്ട് ഓഫ് മാർക്കിന്റെ അടിസ്ഥാനത്തിൽ 3 ചുരുക്കപ്പട്ടിക തയാറാക്കും. തുടർന്നാണു മുഖ്യപരീക്ഷ.‌

  മുഖ്യപരീക്ഷ

  100 മാർക്കിന്റെ 3 വിവരണാത്മക പേപ്പറുകളാണ് മുഖ്യപരീക്ഷയിലുള്ളത്. ദൈർഘ്യം 2 മണിക്കൂർ വീതം. ഭാഷാ നൈപുണ്യമൊഴികെയുള്ളവയ്ക്ക് ഇംഗ്ലിഷിലായിരിക്കും ചോദ്യങ്ങൾ. ഉത്തരം ഇംഗ്ലിഷിലോ മലയാളത്തിലോ എഴുതാം.

  അഭിമുഖ പരീക്ഷ

  50 മാർക്കാണ് അഭിമുഖപരീക്ഷക്ക് ലഭിക്കുക. മുഖ്യപരീക്ഷയുടെയും അഭിമുഖത്തിന്റെയും മാർക്കുകൾ ചേർത്താണ് റാങ്ക് നിർണയിക്കുക.

  തസ്തികയും ഘടനയും

  1. കെഎഎസ് ഓഫീസർ (ജൂനിയർ ടൈം സ്കെയിൽ ട്രെയിനി)

  2. കെഎഎസ് ഓഫീസർ (സീനിയർ ടൈം സ്കെയിൽ)

  3. കെഎഎസ് ഓഫീസർ (സിലക്‌ഷൻ ഗ്രേഡ് സ്കെയിൽ)

  4. കെഎഎസ് ഓഫ‌ീസർ (സൂപ്പർ ടൈം ഗ്രേഡ് സ്കെയിൽ)

  കെഎഎസിൽ പ്രവേശിക്കുന്നവർ തൊഴിൽ തുടങ്ങുന്നത് ജൂനിയർ ടൈം സ്കെയിൽ ട്രെയിനിയായിട്ടാണ്. പിന്നീടുള്ള മൂന്നെണ്ണം ട്രെയിനിയായി സർവീസിൽ പ്രവേശിക്കുന്ന ഓഫീസറുടെ പ്രമോഷൻ പോസ്റ്റുകളാണ്. 6:5:4:3 എന്ന അനുപാതത്തിലായിരിക്കും മേൽപറഞ്ഞ തസ്തികകളുടെ വിന്യാസം.

  പരിശീലനം

  കെഎഎസ് ജൂനിയർ ടൈം സ്കെയിൽ ട്രെയിനി ആയി നിയമനം ലഭിക്കുന്നവർക്കു 18 മാസത്തെ പരിശീലനമുണ്ടാകും. 15 ദിവസത്തിൽ കുറയാതെയുള്ള പരിശീലനം പ്ലാനിങ്, ഡവലപ്മെന്റ് സെന്ററുകളിലും രാജ്യത്തെ ഉന്നത മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും വേറെ. പ്രബേഷൻ കാലാവധി 2 വർഷം.

  തയാറെടുപ്പുമായി പി.എസ്.സി

  കെഎഎസിന്റെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലും പരീക്ഷാനടത്തിപ്പിലും ഇന്നേവരെയില്ലാത്ത നൂതനരീതികളാണ് പിഎസ്‌സി സ്വീകരിക്കുന്നത്. പ്രാഥമിക പരീക്ഷയുടെ സമയം, സിലബസ് എന്നിവ വിജ്ഞാപനത്തോടൊപ്പം നൽകി. റാങ്ക് നിർണയിക്കുന്ന മുഖ്യപരീക്ഷയുടെ മൂല്യനിർണയം വേഗത്തിലാക്കാൻ കമ്പ്യൂട്ടർവൽക്കൃത ഓൺസ്ക്രീൻ മാർക്കിങ്‌ സംവിധാനമായി.

  സിലബസ്‌

  പബ്ലിക്‌ സർവീസ്‌ കമിഷൻ പ്രസിദ്ധീകരിച്ച ജനറൽ സ്റ്റഡീസ് ഒന്നാം പേപ്പർ സിലബസ്:

  ചരിത്രം

  പ്രാചീന, മധ്യകാല ചരിത്രം: കാലഘട്ടത്തിലെ പ്രധാന സംഭവങ്ങൾ, കല, സംസ്കാരം, സാഹിത്യം, വാസ്തുവിദ്യ, സാമൂഹ്യ, സാമ്പത്തിക, മതപരമായ സാഹചര്യങ്ങൾ, മുന്നേറ്റങ്ങൾ, പ്രധാന രാജവംശങ്ങൾ.

  ആധുനിക കാലഘട്ടം: 18ാം നൂറ്റാണ്ട് മുതലുള്ള ഇന്ത്യാ ചരിത്രം, പ്രധാന സംഭവങ്ങൾ, വ്യക്തികൾ, പ്രശ്‌നങ്ങൾ, സ്വാതന്ത്ര്യസമരം, 19, 20 നൂറ്റാണ്ടുകളിലെ സാമൂഹിക, മത പരിഷ്‌കരണങ്ങൾ, ഇതിനായുള്ള മുന്നേറ്റങ്ങൾ, സ്വാതന്ത്ര്യാനന്തര ഇന്ത്യ, സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സംയോജനവും ഏകീകരണവും, സ്വതന്ത്ര ഇന്ത്യയും അയൽരാജ്യങ്ങളും.

  കേരള ചരിത്രം: സ്വാതന്ത്ര്യത്തിന്‌ മുമ്പുള്ള സാമൂഹിക, രാഷ്ട്രീയ മുന്നേറ്റങ്ങൾ, കേരള സംസ്ഥാനത്തിന്റെയും രാഷ്ട്രീയ പാർട്ടിടികളുടെയും രൂപീകരണം, സർക്കാരുകൾ, പ്രധാന നിയമനിർമാണങ്ങൾ, നയങ്ങൾ.

  ലോകചരിത്രം : 18ാം നൂറ്റാണ്ട് മുതലുള്ള ലോക ചരിത്രം, വ്യാവസായിക വിപ്ലവം, ലോകമഹായുദ്ധങ്ങൾ, രാജ്യാതിർത്തികളുടെ പുനർനിർണയം, കോളനിവൽക്കരണവും വിമോചനവും, ആഗോളവൽക്കരണം, കമ്മ്യൂണിസം, മുതലാളിത്തം, സോഷ്യലിസം, ഈ സിദ്ധാന്തങ്ങൾ സമൂഹത്തിലുണ്ടാക്കിയ സ്വാധീനം.

  കേരളത്തിന്റെ സാംസ്കാരിക പൈതൃകം: തനത്‌ കലാരൂപങ്ങൾ, സാഹിത്യം, ശിൽപ്പകല, വാസ്തുവിദ്യ, ഗോത്ര സംസ്കാരം, തീർത്ഥാടന, വിനോദസഞ്ചാര കേന്ദ്രങ്ങൾ, നാടോടി സംസ്കാരം, സിനിമ, നാടകം, മലയാള സാഹിത്യ ചരിത്രവും മുന്നേറ്റവും.

  ഭരണഘടന: ഇന്ത്യൻ ഭരണഘടന, പൊതുഭരണം, രാഷ്ട്രസംവിധാനം, ഭരണം, സാമൂഹ്യനീതി, അന്താരാഷ്ട്ര ബന്ധങ്ങൾ: ഇന്ത്യൻ ഭരണഘടന, കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഘടന, പ്രവർത്തനം, അധികാരങ്ങൾ, ഉത്തരവാദിത്തങ്ങൾ. ഫെഡറൽ സംവിധാനവും അത്‌ നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും, പ്രാദേശിക ഭരണ സംവിധാനങ്ങളുമായുള്ള അധികാര, സാമ്പത്തിക പങ്കുവയ്ക്കലും അതിലുണ്ടാകുന്ന പ്രശ്‌നങ്ങളും.

  ഭരണഘടനാ സ്ഥാപനങ്ങൾ, അവയുടെ ചുമതലകൾ, അധികാരങ്ങൾ, പഞ്ചായത്തീരാജ്, പബ്ലിക് പോളിസി ആൻഡ് ഗവേണൻസ്, ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം എന്നിവ ഭരണത്തിലുണ്ടാക്കിയ അനന്തരഫലങ്ങൾ. വനിതാ, മനുഷ്യാവകാശ, ബാലാവകാശ, പട്ടികജാതി പട്ടികവർഗ കമിഷനുകൾ, ഈ വിഷയങ്ങളിലെ അവകാശ സംരക്ഷണം, നിയമങ്ങൾ. ക്വാസി ജുഡീഷ്യൽ ഫോറങ്ങൾ. ഇന്ത്യയുടെ വിദേശനയം, രാജ്യാന്തര സംഘടനകൾ, അന്തർദേശീയ ഉടമ്പടികൾ, സംവിധാനങ്ങൾ, ഇവയുടെ ഘടന, അധികാര പരിധി.

  ഇന്ത്യയിലെ ജുഡീഷ്യൽ സംവിധാനം: ഘടന, പ്രവർത്തനം, അടിയന്തരാവസ്ഥയും ഭരണഘടനാ ഭേദഗതികളുമായി ബന്ധപ്പെട്ട പ്രധാന വ്യവസ്ഥകൾ, പൊതുതാൽപ്പര്യ ഹർജികൾ, ജുഡീഷ്യൽ റിവ്യൂ, ലാൻഡ് റവന്യൂ നിയമങ്ങൾ, മൗലിക അവകാശങ്ങൾ, കടമകൾ, ഡയറക്ടീവ്‌ പ്രിൻസിപ്പിൾസ്‌, അഡ്‌മിനിസ്‌ട്രേറ്റീവ്‌ ലോ.

  റീസണിങ്, മെന്റൽ എബിലിറ്റി ആൻഡ് സിമ്പിൾ അരിത്തമെറ്റിക്: ലോജിക്കൽ റീസണിങ്‌ ആൻഡ്‌ അനലിറ്റിക്കൽ എബിലിറ്റി, നമ്പർ സീരീസ്, കോഡിങ്‌, ഡീകോഡിങ്‌, വെൻ ഡയഗ്രം, സിമ്പിൾ അരിത്തമെറ്റിക്‌, ക്ലോക്ക്‌, കലണ്ടർ, എയ്‌ജ്‌ അധിഷ്ഠിതമായ ചോദ്യങ്ങൾ.

  ഭൂമീശാസ്ത്രം: സൗരയൂഥം, ഭൂമിയുടെ ചലനം, സമയം, ഋതുക്കൾ, ഭൂമിയുടെ ആന്തരിക ഘടന, അന്തരീക്ഷ ഘടന, കാലാവസ്ഥ, എയർമാസ്സസ്‌ ആൻഡ്‌ ഫ്രണ്ട്‌സ്‌, അന്തരീക്ഷ ക്ഷോഭങ്ങൾ, സമുദ്രങ്ങൾ, ജലദുരന്തങ്ങൾ. കേരളത്തിന്റെയും ഇന്ത്യയുടെയും ലോകത്തിന്റെയും ഭൗതിക, സാമൂഹിക, സാമ്പത്തിക ഭൂമീശാസ്ത്രം, സുനാമി, അഗ്നിപർവതങ്ങൾ, ഭൂചലനം, മണ്ണിടിച്ചിൽ, പ്രളയം.

  സയൻസ് ആൻഡ് ടെക്നോളജി: സയൻസ് റോബോട്ടിക്, നിർമിത ബുദ്ധി, ഇ ഗവേണൻസ്, തുടങ്ങിയവയാണ് ഈ വിഭാഗത്തിൽ.

  മലയാളം: പ്രിലിമിനറി പരീക്ഷയുടെ രണ്ടാം പേപ്പറിൽ മലയാളത്തിന് 30 മാർക്കാണ് നൽകിയിരിക്കുന്നത്. വ്യാകരണം, പദാവലി എന്നിവയിൽ ശ്രദ്ധ നൽകണം. ഔദ്യോഗിക ഭാഷാ പദാവലി എന്ന ഭാഗവും സിലബസിലുണ്ട്.

  ഇംഗ്ലീഷ്: 20 മാർക്കാണ് ഇംഗ്ലീഷിന്. സാധാരണ ബിരുദതല മത്സരപ്പരീക്ഷകളുടേതിന് സമാനമാണ് ഇവിടെയും ഇംഗ്ലീഷ‌ിന്റെ സിലബസ്.

  Also Read- വൈറലായി മഞ്ജുവിന്റെ ലുക്ക്; പൂർണിമയ്ക്ക് നന്ദി പറഞ്ഞ് താരം

  First published: