• HOME
 • »
 • NEWS
 • »
 • career
 • »
 • US Courses | അമേരിക്കയിൽ ഡി​ഗ്രി കോഴ്സുകൾ മുതൽ ഡോക്ടറേറ്റ് വരെ; ഉപദേശം തേടേണ്ടത് ആരോട്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

US Courses | അമേരിക്കയിൽ ഡി​ഗ്രി കോഴ്സുകൾ മുതൽ ഡോക്ടറേറ്റ് വരെ; ഉപദേശം തേടേണ്ടത് ആരോട്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിങ്ങൾക്ക് യോജിക്കുന്ന കോഴ്സുകൾ ഏതൊക്കെയാണെന്നും, അവ എങ്ങനെ കണ്ടെത്താം എന്നതിനെക്കുറിച്ചും വിശദമായി മനസിലാക്കാം.

 • Share this:
  മൈക്കൽ ഗാലന്റ്

  ഇന്ത്യൻ വി​ദ്യാർഥികൾക്ക് മികച്ച അവസരങ്ങൾ വാ​ഗ്​ഗാനം ചെയ്യുന്ന നിരവധി കോഴ്സുകളുണ്ട് അമേരിക്കയിൽ. അവ എങ്ങനെയാണ് തിരഞ്ഞെടുക്കുന്നതെന്നും നിങ്ങൾക്ക് യോജിക്കുന്ന കോഴ്സുകൾ ഏതൊക്കെയാണെന്നും, അവ എങ്ങനെ കണ്ടെത്താം എന്നതിനെക്കുറിച്ചും വിശദമായി മനസിലാക്കാം.

  ശാസ്ത്രജ്ഞർ, സാമ്പത്തിക ശാസ്ത്രജ്ഞർ, ആർക്കിടെക്റ്റ്, പ്രോഗ്രാമർ, എഞ്ചിനീയർ, കലാകാരൻ, നരവംശശാസ്ത്രജ്ഞർ.. അങ്ങനെ അമേരിക്കൻ സർവകലാശാലകളിൽ നിരവധി അവസരങ്ങളാണ് ഇന്ത്യൻ വിദ്യാർഥികൾക്കുള്ളത്. എന്നാൽ നിങ്ങൾക്കു യോജിച്ച കോഴ്സ് എങ്ങനെയാണ് തിരഞ്ഞെടുക്കുക?

  ആർട്സിലോ സയൻസിലോ ഉള്ള ബിരുദമോ ബിസിനസ് അഡ്മിനിസ്ട്രേഷനിലെ മാസ്റ്റർ ഡിഗ്രിയോ, അല്ലെങ്കിൽ ഫൈൻ ആർട്സോ അങ്ങനെ ഏത് തിരഞ്ഞെടുക്കണം എന്നത് തീരുമാനമെടുക്കാൻ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കും. എന്നാൽ ശരിയായ പാത തിരഞ്ഞെടുക്കാൻ സഹായിക്കുന്നതിന് ധാരാളം ആളുകളും മറ്റ് സംവിധാനങ്ങളും ഉണ്ട്.

  ഡി​ഗ്രി കോഴ്സുകൾ (Undergraduate degrees)

  പല വിദ്യാർത്ഥികൾക്കും ചെറുപ്പം മുതലേ അവർ ഏതു കരിയർ തിര‍ഞ്ഞെടുക്കണം എന്നതിനെക്കുറിച്ച് ധാരണ ഉണ്ടാകും. എന്നാൽ ചിലർക്ക് അതില്ല. നിങ്ങൾ അമേരിക്കയിൽ ഡിഗ്രി വിദ്യാഭ്യാസം തേടുകയാണെങ്കിൽ, അങ്ങനെ തീരുമാനങ്ങളെടുക്കാത്തത് പല സ്ഥാപനങ്ങളിലും പഠിക്കുന്നതിന് ഒരു പ്രശ്നമല്ലെന്ന് ബർണാർഡ് കോളേജിന്റെ റിക്രൂട്ട്മെന്റ് ആൻഡ് സെലക്ഷൻ ഡയറക്ടർ റൂബി ഭട്ടാചാര്യ പറയുന്നു. വിദ്യാർത്ഥികൾ കോളേജിലോ സർവ്വകലാശാലയിലോ പ്രവേശിച്ച് ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ അവരുടെ അക്കാദമിക് പ്ലാനുകൾ സംബന്ധിച്ച് ഒരു തീരുമാനം എടുക്കാൻ സാധിക്കും എന്നും റൂബി കൂട്ടിച്ചേർത്തു.

  കമ്പ്യൂട്ടർ സയൻസ്, എഞ്ചിനീയറിംഗ്, ബിസിനസ്, ഇക്കണോമിക്‌സ്, സൈക്കോളജി എന്നീ വിഷയങ്ങളാണ് ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്കിടയിൽ കൂടുതൽ ജനപ്രിയമെന്ന് സാൻ ഫ്രാൻസിസ്കോ സർവകലാശാലയുടെ ഇന്റർനാഷണൽ അഡ്മിഷൻ ഡയറക്ടർ പ്രണവ് പ്രധാൻ പറയുന്നു. ഒരു കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ വിദ്യാർഥികളുടെ വൈദഗ്ധ്യം, അക്കാദമിക് താൽപര്യം, കരിയർ ലക്ഷ്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ പ്രാഥമിക ഘടകങ്ങളായി പരി​ഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിങ്ങൾ ഡിഗ്രി വി​ദ്യാഭ്യാസം നേടാനാണ് എൻറോൾ ചെയ്യുന്നതെങ്കിൽ, ആ മേഖലയിൽ കൂടുതൽ പര്യവേക്ഷണം ചെയ്യുന്നു എന്ന് ഉറപ്പാക്കുക. തെറ്റുകൾ വരുത്തുന്നത് സ്വാഭാവികമാണെന്നും ഓർക്കുക. വഴക്കമുള്ള സ്വാഭാവമാണ് അമേരിക്കൻ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഏറ്റവും വലിയ ശക്തികളിലൊന്ന് എന്നും പ്രണവ് പ്രധാൻ പറയുന്നു.

  തിരഞ്ഞെടുത്ത കോഴ്‌സ് ശരിയായ രീതിയിൽ മുൻപോട്ട് പോകുന്നില്ലെങ്കിൽ തുടർന്നുള്ള ആദ്യപടിയായി വിദ്യാർത്ഥികൾക്ക് അവരുടെ അക്കാദമിക് ഉപദേശകരെയും പ്രൊഫസർമാരെയും കാണാവുന്നതാണ്. ആവശ്യമെങ്കിൽ, മുഖ്യ വിഷയങ്ങളിൽ മാറ്റം വരുത്താനോ മറ്റൊരു സ്ഥാപനത്തിലേക്ക് മാറാനോ പോലും സാധിക്കും.

  ബിരുദ കോഴ്സുകൾ (Graduate degrees)

  ബാച്ചിലേഴ്സ് ബിരുദം നേടിക്കഴിഞ്ഞാൽ, ഇന്ത്യൻ വിദ്യാർത്ഥികളിൽ പലരും സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, ഗണിതം തുടങ്ങിയ മേഖലകളിൽ മാസ്റ്റർ കോഴ്സുകൾ ചെയ്യാനാണ് താത്പര്യം കാണിക്കുന്നതെന്നും പ്രധാൻ പറയുന്നു. ''കമ്പ്യൂട്ടർ സയൻസ്, ഡാറ്റാ സയൻസ് തുടങ്ങിയ പ്രോഗ്രാമുകളാണ് ഏറ്റവും മികച്ച ചോയ്‌സ്. കൂടാതെ, ഇന്റർ ഡിസിപ്ലിനറി, ടെക്നോ-മാനേജീരിയൽ പ്രോഗ്രാമുകൾ കൂടുതൽ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്'', അദ്ദേഹം കൂട്ടിച്ചേർത്തു.

  മികച്ച കരിയർ കെട്ടിപ്പടുക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പാണ് സ്പെഷ്യലൈസ്ഡ് മാസ്റ്റർ ബിരുദങ്ങളെന്ന് ടാണ്ടൻ സ്കൂൾ ഓഫ് എഞ്ചിനീയറിംഗിലെ (Tandon School of Engineering) അഡ്മിഷൻ അംബാസഡർ അഭ്യുദയ് പൈ പറയുന്നു. ''നിങ്ങൾ മിടുക്കനാണെങ്കിൽപ്പോലും, ശക്തമായ ഒരു ബിരുദത്തിന്റെ പിൻബലം നിങ്ങൾക്ക് ഉണ്ടായിരിക്കണം. ബിരുദത്തിനു ശേഷം മാസ്റ്റേഴ്സും ഉണ്ടായിരിക്കണമെന്നാണ് ഞാൻ ആത്മാർത്ഥമായി ഉപദേശിക്കുന്നത്. നിങ്ങളുടെ വിജ്ഞാന അടിത്തറ വികസിപ്പിക്കുന്നതിനുള്ള മികച്ച മാർഗം മാത്രമല്ല ഇത്. നിങ്ങൾക്ക് താൽപര്യമുള്ള മറ്റ് മേഖലകൾ നെറ്റ്‌വർക്ക് ചെയ്യാനും പര്യവേക്ഷണം ചെയ്യാനും ഇത് ഒരു മികച്ച അവസരമാണ് '', അദ്ദേഹം കൂട്ടിച്ചേർത്തു.

  ഡി​ഗ്രി പഠനേത്താക്കാൾ, വിദ്യാർത്ഥികൾക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് വിഷയങ്ങളെ സമീപിക്കാനും പിന്തുടരാനുമുള്ള അവസരം ബിരുദാനന്തര ബിരുദം ചെയ്യുന്നതിലൂടെ ലഭിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി, കമ്പ്യൂട്ടേഷണൽ ബയോളജി, റോബോട്ടിക്‌സ്, മെക്കാട്രോണിക്‌സ് തുടങ്ങി ഇപ്പോൾ കൂടുതൽ പ്രചാരം നേടിയ മേഖലകളെല്ലാം പല സർവകലാശാലകളിലും സ്റ്റാൻഡ്-എലോൺ മാസ്റ്റർ പ്രോഗ്രാമുകളാണെന്നും പൈ പറയുന്നു.

  സ്റ്റെം ഇതര മേഖലകളാണ് (non-STEM fields) പല വിദ്യാർഥികൾക്കും പ്രിയങ്കരം. ബിരുദാനന്തര ബിരുദങ്ങൾ പ്രത്യേക വിഷയങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കാനുള്ള അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. ആർക്കിടെക്ചറും ഡിസൈനും ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ ജനപ്രിയമായ മാസ്റ്റർ പ്രോഗ്രാമുകളാണെന്ന് അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ബിരുദ പ്രവേശനത്തിനുള്ള റിക്രൂട്ട്മെന്റ് അഡ്വൈസർ നിക്കി ചോക്ഷി പറയുന്നു. അരിസോണ സംസ്ഥാനം മാത്രം 450 മാസ്റ്റേഴ്സ് കോഴ്സുകളും, മറ്റ് ബിരുദ പ്രോ​ഗ്രാമുകളും വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ചോക്ഷി പറയുന്നു. ബിസിനസ് അഡ്മിനിസ്ട്രേഷൻ, ഗ്ലോബൽ ഹെൽത്ത്, ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ്, സോഷ്യൽ വർക്ക്, വിദ്യാഭ്യാസം, ഫൈൻ ആർട്‌സ്, സംഗീതം തുടങ്ങി നിരവധി വിഷയങ്ങളാണ് ഇവിടെ വാ​ഗ്ദാനം ചെയ്യുന്നത്.

  ഡോക്ടറൽ ഡി​ഗ്രി

  ചില വിദ്യാർത്ഥികൾക്ക് ബിരുദാനന്തര ബിരുദം കൊണ്ടും പഠനം മതിയാകില്ല. ഇവർ ഡോക്ടറൽ ഡി​ഗ്രി നേടാനാണ് ആ​ഗ്രഹിക്കുന്നത്. ഒരു ഡോക്ടറേറ്റ് സമ്പാദിക്കുന്നതിന് കൂടുതൽ പഠനവും തീസിസ് പ്രോജക്റ്റ് പൂർത്തീകരിക്കേണ്ടതും ഒക്കെ ആവശ്യമായി വരുമെങ്കിലും, അതിന്റെ പ്രതിഫലം വലുതാണ്. 2021 ൽ ലഫായെറ്റ് ഗ്രാജ്വേറ്റ് സ്കൂളിലെ ലൂസിയാന സർവകലാശാല പ്രസിദ്ധീകരിച്ച ഒരു ലേഖനം അനുസരിച്ച്, ഡോക്ടറൽ ബിരുദം നേടുന്ന വിദ്യാർത്ഥികൾക്ക് ഗവേഷണത്തിലൂടെ പുതിയ കണ്ടെത്തലുകൾ നടത്താനും അവരുടെ മേഖലകളിൽ വിദഗ്ധരാകാനും തൊഴിൽ അവസരങ്ങൾ വിശാലമാക്കാനും ശമ്പളം വർദ്ധിപ്പിക്കാനും കഴിയും. ഡോക്ടറൽ പ്രോഗ്രാമുകൾക്ക് ഉയർന്ന തലത്തിലുള്ള പ്രതിബദ്ധത ആവശ്യമാണ്. വിദ്യാർത്ഥികൾക്ക് അവർ പിന്തുടരാൻ ആഗ്രഹിക്കുന്ന വിഷയത്തിലുള്ള അഭിനിവേശം ഇല്ലെങ്കിൽ അതിനു പിന്നാലെ പോകരുത്.

  പഠനവും തിരഞ്ഞെടുപ്പും (Learning and choosing)

  ബിരുദ കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ ആശയക്കുഴപ്പം അനുഭവപ്പെടാം എന്നും അതിനാൽ, വിദ്യാർത്ഥികൾ തങ്ങൾക്ക് ഇഷ്ടമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കണമെന്നും പൈ പറയുന്നു. ''കരിയറിൽ ഉടനീളം പഠിക്കാൻ കഴിയുന്ന ഒരു കാര്യം കണ്ടെത്തുന്നതിന് നിങ്ങളുടെ സമയവും പരിശ്രമവും ചെലവഴിക്കുക. നിങ്ങൾക്ക് താൽപര്യമുള്ള ഒരു വിഷയത്തെക്കുറിച്ച് പഠിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കാതിരിക്കുന്നതാണ് പാഷൻ'', അദ്ദേഹം കൂട്ടിച്ചേർത്തു. നിങ്ങൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ളത് എന്താണെന്ന് നിങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞാൽ, അനുയോജ്യമായ ഒരു ബിരുദവും സർവകലാശാലയും തിരഞ്ഞെടുക്കുക എന്നും അദ്ദേഹം ഉപദേശിക്കുന്നു.

  ഒരു പ്രോഗ്രാമോ ബിരുദമോ അതിന്റെ റാങ്കിംഗ്, പ്രശസ്തി അല്ലെങ്കിൽ അന്തസ്സ് എന്നിവ കാരണമോ മാതാപിതാക്കളുടെ സമ്മർ​ദം മൂലമോ തിരഞ്ഞെടുക്കരുതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇക്കാരണങ്ങളെല്ലാം തന്നെ ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങൾക്ക് വിജയിക്കാൻ ആവശ്യമായ അവസരങ്ങളോ അനുഭവങ്ങളോ നൽകില്ലെന്നും റൂബി ഭട്ടാചാര്യ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ റാങ്കിംഗുകളും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് നടത്തുന്നതെന്നും കോളേജുകളും സർവകലാശാലകളും നിങ്ങൾക്കും നിങ്ങളുടെ ആവശ്യങ്ങൾക്കും അനുയോജ്യമാണോ അല്ലയോ എന്നതിനെക്കുറിച്ച് അവർക്ക് പറയാൻ കഴിയില്ലെന്നും റൂബി പറയുന്നു.

  ''നിങ്ങൾക്ക് വിജയിക്കാൻ എന്താണ് വേണ്ടതെന്ന് കണ്ടെത്തുന്നതും പഠിക്കുന്നതും നിങ്ങൾ തന്നെ ആയിരിക്കണം. ചോദ്യങ്ങളുണ്ടെങ്കിൽ, യൂണിവേഴ്സിറ്റി അഡ്മിഷൻ ഓഫീസിൽ നേരിട്ട് എത്തി‍ അവ ചോദിക്കുന്നതും നിങ്ങളായിരിക്കണം. പ്രവേശനത്തിനുള്ള വിവരങ്ങളുടെ ഔദ്യോഗിക ഉറവിടങ്ങൾ എന്ന നിലയിൽ നിങ്ങളെ സഹായിക്കാൻ ഞങ്ങൾ ഇവിടെയുണ്ട്. നിങ്ങളുടെ മാതാപിതാക്കളെയല്ല, പ്രവേശനത്തിനായി നിങ്ങളെയാണ് ഞങ്ങൾ പരിഗണിക്കുന്നതെന്ന് ഓർക്കുക'', റൂബി കൂട്ടിച്ചേർത്തു.

  ഡിഗ്രി പ്രോഗ്രാമിന് അപേക്ഷിക്കുമ്പോൾ വിദ്യാർത്ഥികൾക്ക് എന്തെങ്കിലും മാർ​ഗ നിർദേശം ആവശ്യമുണ്ടെങ്കിൽ, വിദ്യാർത്ഥികൾ നേരിട്ട് യൂണിവേഴ്സിറ്റി അഡ്മിഷൻ പ്രതിനിധികളെ സമീപിക്കാമെന്നും ഉപദേശവും മാർഗ നിർദേശവും നൽകലാണ് അവരുടെ ജോലി എന്നും ചോക്ഷി പറയുന്നു. മിക്കപ്പോഴും വിദ്യാർത്ഥികൾ ഓൺലൈൻ ഫോറങ്ങളെയാണ് ഇതിനായി ആശ്രയിക്കുന്നത്. അവിടെ അവർക്ക് ഏറ്റവും കൃത്യമായതോ കാലികമായതോ ആയ വിവരങ്ങൾ ലഭിക്കില്ലെന്നും ചോക്ഷി കൂട്ടിച്ചേർത്തു.

  ഉന്നത വിദ്യാഭ്യാസം സംബന്ധിച്ച തിരഞ്ഞെടുപ്പുകൾ നടത്തുമ്പോൾ വിദ്യാർത്ഥികൾ സമ്മർദങ്ങൾ നേരിടാറുണ്ട്. ഇതിനിടയിലും അതേക്കുറിച്ചുള്ള മികച്ച കാഴ്ചപ്പാട് വേണ്ടത് പ്രധാനമാണ്. ''ദീർഘനിശ്വാസങ്ങൾ എടുക്കുക. നിങ്ങളുടെ ജീവിതത്തിന്റെ അടുത്ത അദ്ധ്യായം നിങ്ങൾക്കായി കരുതിവച്ചിരിക്കുന്നതിനെക്കുറിച്ച് ആവേശഭരിതരാകുക'', റൂബി ഭട്ടാചാര്യ കൂട്ടിച്ചേ‍ർത്തു.

  (ഗാലന്റ് മ്യൂസിക്കിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ് ലേഖകൻ മൈക്കൽ ഗാലന്റ്)

  Courtesy: SPAN Magazine, U.S. Embassy, New Delhi
  Published by:Sarath Mohanan
  First published: