കാൻഡിസ് യാക്കോനോയുഎസ് സര്‍വകലാശാലകളിലെ അത്യാധുനിക കോഴ്സുകൾ, സംസ്ക്കാരം, ജീവിതരീതികള്‍, നെറ്റ്വർക്കിംഗ് അവസരങ്ങള്‍ എന്നിവ ആഗോളതലത്തില്‍ മികച്ച കരിയറിന് വേദിയൊരുക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന ഘടകങ്ങളാണ്. യുഎസിലെ ഒരു സര്‍വകലാശാലയില്‍ ചേരുന്നതിന്റെ പ്രയോജനങ്ങള്‍ മറ്റെവിടെ നിന്നും ബിരുദം നേടുന്നതിനും അപ്പുറമാണ്. 4,000-ത്തിലധികം അംഗീകൃത കോളേജുകളും സര്‍വ്വകലാശാലകളും യുഎസിലുണ്ട്. ഓരോ സ്ഥാപനവും വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്തമായ അനുഭവമാണ് പ്രദാനം ചെയ്യുന്നത്.
അത്യാധുനികവും മത്സരാധിഷ്ടവുമായ അക്കാദമിക് അന്തരീക്ഷത്തിനൊപ്പം, യുഎസിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്നത് വഴി മറ്റൊരു പ്രധാന നേട്ടവുമുണ്ട്. 'യു.എസ് വിദ്യാഭ്യാസം നല്കുന്ന ഏറ്റവും വിലപ്പെട്ട അനുഭവം അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്കും ലോകമെമ്പാടുമുള്ള അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്കും ഒപ്പം പഠിക്കാനുള്ള അവസരമാണ്,' യുണൈറ്റഡ് സ്റ്റേറ്റ്സ്-ഇന്ത്യ എഡ്യൂക്കേഷണല്‍ ഫൗണ്ടേഷന്റെ (യുഎസ്ഐഇഎഫ്) എഡ്യൂക്കേഷന്‍ യുഎസ്എ ഉപദേശക അപര്‍ണ ചന്ദ്രശേഖരന് പറയുന്നു. മറ്റ് സാംസ്കാരിക ജീവിതരീതികളും നെറ്റ്വര്ക്കിംഗ് അവസരങ്ങളും വിദ്യാര്‍ത്ഥികളുടെ കരിയറിന് ഗുണം ചെയ്യും.
ചെന്നൈയില്‍ നിന്നുള്ള അരവിന്ദ് നടരാജനെയും സുധ എം. രാഘവനെയും അമേരിക്കയില്‍ ഉപരിപഠനത്തിന് പ്രേരിപ്പിച്ച ഘടകങ്ങളില്‍ ഇവയും ഉള്‍പ്പെടുന്നു. 2019-ല്‍ ന്യൂയോര്‍ക്കിലെ കോര്‍ണെല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് നടരാജന് ഡോക്ടറല്‍ ബിരുദം നേടിയത്. ഇപ്പോള്‍ കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോ ആണ്. കാലിഫോര്‍ണിയയിലെ ബേ ഏരിയയില്‍ താമസിക്കുന്ന സുധ എം രാഘവന് 2019ല്‍ പെന്‍സില്‍വാനിയയിലെ കാര്‍ണഗീ മെലോണ്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി. സര്‍വകലാശാലയിലേക്കുള്ള അപേക്ഷാ പ്രക്രിയയെക്കുറിച്ചും അവരുടെ വിദ്യാഭ്യാസ അനുഭവങ്ങളെക്കുറിച്ചും ഇരുവരും പങ്കുവെച്ച അഭിമുഖത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍ നോക്കാം.
എന്തുകൊണ്ടാണ് നിങ്ങള്‍ ഒരു യുഎസ് സര്‍വകലാശാലയില്‍ ഉപരിപഠനത്തിന് ചേരാന്‍ തീരുമാനിച്ചത്?നടരാജന്: ബാക്ടീരിയല്‍ ജനിതകശാസ്ത്രത്തിലുള്ള ഡോക്ടറല്‍ പ്രോഗ്രാമിനോടായിരുന്നു എന്റെ താല്‍പ്പര്യം. അതുകൊണ്ടുതന്നെ എന്റെ താല്‍പ്പര്യത്തിനനുസരിച്ചുള്ള അവസരങ്ങള്‍ തേടുന്നതിനാണ് ഞാന്‍ മുന്‍ഗണന നല്‍കിയത്. കോര്‍ണല്‍ യൂണിവേഴ്സിറ്റിയിലെ മൈക്രോബയോളജി പ്രോഗ്രാം എനിക്ക് താല്‍പ്പര്യമുള്ള വിഷയമായിരുന്നു. ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റ് ഫാക്കല്‍റ്റി, ഇമെയിലിലൂടെയും വീഡിയോ ചാറ്റിലൂടെയും എന്നോട് സംസാരിച്ചു. എനിക്ക് താല്‍പ്പര്യമുള്ള പ്രോജക്റ്റുകളെ കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു. അമേരിക്കന്‍ അക്കാദമിക് സമ്പ്രദായത്തോട് താത്പര്യമുണ്ടായിരുന്നത് കൊണ്ട് തന്നെ യുഎസിലെ പ്രോഗ്രാമുകള്‍ക്ക് മാത്രമാണ് അപേക്ഷിച്ചിരുന്നത്.
സുധ: ചെറുപ്പം മുതലേ കലയും സാങ്കേതികവിദ്യയും ഉള്‍പ്പെടുന്ന ഒരു കരിയര്‍ പിന്തുടരാനാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്. ഒരുപാട് റിസര്‍ച്ച് ചെയ്ത ശേഷം, വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതികവിദ്യകളിലും കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് പഠനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഗ്രാഫിക്സ് ഗവേഷണത്തിലും ഫ്യൂച്ചറിസ്റ്റിക് വിഷ്വല്‍ കമ്പ്യൂട്ടിംഗ് സാങ്കേതികവിദ്യകളിലും മികവ് പുലര്‍ത്തുന്ന നിരവധി മികച്ച സര്‍വകലാശാലകള്‍ യുഎസിലാണ് ഉള്ളത്.
കോഴ്സിന്റെ അപേക്ഷാ നടപടികൾ എങ്ങനെയായിരുന്നു?നടരാജന്: എന്റെ ഡോക്ടറല്‍ പ്രോഗ്രാമിന്റെ അപേക്ഷാ നടപടികൾ വളരെ മടുപ്പിക്കുന്നതായിരുന്നു. എന്നാല്‍ നല്ല തീരുമാനം എടുക്കാന്‍ ഇത് എന്നെ സഹായിച്ചു. രണ്ട് മാസത്തോളം എനിക്ക് ഇതിനായി വേണ്ടിവന്നു. എന്റെ മാതാപിതാക്കള്‍, സുഹൃത്തുക്കള്‍, ഉപദേശകര്‍ എന്നിവരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ഉപയോഗിച്ച് ഒരുപാട് തിരുത്തലുകള്‍ നടത്തേണ്ടി വന്നു. അടുത്തതായി, താല്‍പ്പര്യമുള്ള ഓരോ പ്രോഗ്രാമിന്റെയും ആപ്ലിക്കേഷന്‍ പാക്കേജുകളെക്കുറിച്ചായിരുന്നു. ഇതിന് കുറച്ച് റിസേർച്ച് വേണ്ടിവന്നു, കാരണം എനിക്ക് ഫാക്കല്‍റ്റിയുടെയും പ്രോഗ്രാമുകളുടെയും താല്‍പ്പര്യങ്ങള്‍ മനസിലാക്കുകയും ഇത് എനിയ്ക്ക് എങ്ങനെ ഗുണം ചെയ്യുമെന്ന് വിലയിരുത്തുകയും വേണമായിരുന്നു. തുടര്‍ന്ന് ഓരോ പ്രോഗ്രാമുകളിലേക്കും അപേക്ഷകള്‍ അയയ്ക്കാന്‍ തുടങ്ങി. ഓരോ പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാനുള്ള സമയപരിധിയെ കുറിച്ചും ഞാന്‍ മനസ്സിലാക്കി. ഈ പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്നതിനായി ഞാന്‍ നന്നായി തയ്യാറെടുത്തിരുന്നു. ഫാക്കല്‍റ്റികളെ കണ്ടെത്തുന്നതിനും അവരുമായുള്ള ചര്‍ച്ചകളും ഞാന്‍ നന്നായി ആസ്വദിച്ചിരുന്നു.
സുധ: എന്റെ സ്കോറുകളും ട്രാന്‍സ്ക്രിപ്റ്റുകളും കഴിയുന്നത്ര വേഗത്തില്‍ ഞാന്‍ ഒരുക്കിവെച്ചിരുന്നു. ആവശ്യമുള്ള എല്ലാ രേഖകളുടെയും പകര്‍പ്പുകളും ഞാന്‍ സ്കാന്‍ ചെയ്ത് സൂക്ഷിച്ചുവെച്ചിരുന്നു. അതുകൊണ്ടുതന്നെ അപേക്ഷാ പ്രക്രിയയെല്ലാം പെട്ടെന്നാണ് നടന്നത്. ഓരോ സര്‍വകലാശാലകളിലേക്കും അപേക്ഷിക്കുന്നതിനുള്ള സമയപരിധിയെ കുറിച്ചും പ്രോഗ്രാമുകളെ കുറിച്ചുമെല്ലാം ഞാന്‍ നോട്ട് ചെയ്തിരുന്നു. വിഷ്വല്‍ ആര്‍ട്സിലായിരുന്നു എനിക്ക് താല്‍പ്പര്യം. ഞാന്‍ തിരഞ്ഞെടുത്ത മിക്ക കോഴ്സുകള്‍ക്കും അപേക്ഷയുടെ ഭാഗമായി ഒരു ഓണ്‍ലൈന്‍ പോര്‍ട്ട്ഫോളിയോ അല്ലെങ്കില്‍ അസൈന്മെന്റ് സമര്‍പ്പിക്കണമായിരുന്നു. അതിനാല്‍ ഞാന്‍ എന്റെ കോളേജ് പ്രോജക്ടുകളും ഇന്റേണ്‍ഷിപ്പുകളും വീണ്ടും പൊടിതട്ടിയെടുത്തു. അഡ്മിഷന് ലഭിച്ചതിന് ശേഷം യൂണിവേഴ്സിറ്റി തിരഞ്ഞെടുക്കാന്‍ ഇത് എന്നെ സഹായിച്ചു.
ഒരു പുതിയ രാജ്യത്ത് പഠനം ആരംഭിച്ചത് എങ്ങനെയായിരുന്നു?നടരാജന്: ന്യൂയോര്‍ക്കിലെ ഇറ്റാക്കയില് ഒരു താമസസ്ഥലം കണ്ടെത്താനായി ഞാന്‍ ഒരുപാട് പ്രയാസപ്പെട്ടു. ഒരു അപ്പാര്‍ട്ട്മെന്റില്‍ എന്തെല്ലാം സൗകര്യങ്ങള്‍ നോക്കണം, സുരക്ഷിതവും സൗകര്യപ്രദവുമായ സ്ഥലങ്ങള്‍ എങ്ങനെ തിരിച്ചറിയാം, എങ്ങനെ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കാം എന്നതിനെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. അതിനാല്‍, കാമ്പസ് ഹോസ്റ്റലില്‍ തന്നെ താമസിക്കാമെന്ന് ഞാന്‍ തീരുമാനിച്ചു. ഇത് നഗരത്തിലെ ചില ഓപ്ഷനുകളേക്കാള്‍ അല്‍പ്പം ചെലവേറിയതാണെങ്കിലും നല്ല തെരഞ്ഞെടുപ്പ് തന്നെയായിരുന്നു. സര്വകലാശാലയിലുടനീളമുള്ള സമപ്രായക്കാരുമായി ഒരു ബന്ധം ഉണ്ടാക്കാനും എനിക്ക് സാധിച്ചു.
ക്ലാസുകളിൽ പങ്കെടുക്കാൻ വലിയ ആവേശമായിരുന്നു എനിക്ക്. അമേരിക്കന്‍ വിദ്യാഭ്യാസത്തില്‍ നമുക്ക് ഒരുപാട് സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. മൈക്രോബയോളജി പ്രോഗ്രാമിലെ ഫാക്കല്‍റ്റിയും പിയര്‍ മെന്റര്‍മാരും വളരെ കഴിവുള്ളവരാണ്.
സുധ: കാര്‍നെഗീ മെലോണിലെ ഇന്‍കമിംഗ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഒരു ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് ഞാന്‍ എന്റെ റൂംമേറ്റുകളെ കണ്ടെത്തിയത്. പിറ്റ്സ്ബര്‍ഗില്‍ എത്തുന്നതിനുള്ള തീയതികളെ കുറിച്ചെല്ലാം ഈ ഗ്രൂപ്പിലൂടെ ചര്‍ച്ച ചെയ്തു. ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍ക്ക് ശേഷം ഞങ്ങളുടെ ക്ലാസുകള്‍ ആരംഭിച്ചു. കാമ്പസിലെ ഓരോ നിമിഷവും ഞാന്‍ നന്നായി ആസ്വദിച്ചിട്ടുണ്ട്.
നിങ്ങള്‍ക്ക് അമേരിക്കയില്‍ സുഹൃത്തുക്കളുണ്ടായിരുന്നോ? ക്ലബ്ബുകളിലോ സംഘടനകളിലോ നിങ്ങള്‍ പങ്കെടുത്തിട്ടുണ്ടോ?നടരാജന്: പിജി പഠിക്കുന്ന സമയത്ത് എനിക്ക് ഒരുപാട് സുഹൃത്തുക്കളെ ലഭിച്ചു. അവര്‍ ഇപ്പോഴും എന്നെ പല തരത്തില്‍ സ്വാധീനിക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള സഹപാഠികളായിരുന്നു എനിക്ക് ലഭിച്ച ആദ്യത്തെ സുഹൃത്തുക്കള്‍. അടുത്തതായി, മൈക്രോബയോളജി പ്രോഗ്രാമില്‍ ഞാന്‍ എന്റെ സുഹൃത്തിനെ കണ്ടുമുട്ടി. എനിക്ക് കാര്‍ ഇല്ലായിരുന്നു. അതിനാല്‍ ഷോപ്പിംഗിനെല്ലാം പോയിരുന്നത് അവന്റെ കൂടെയായിരുന്നു. ഒപ്പം അമേരിക്കന്‍ സംസ്കാരത്തെക്കുറിച്ച് പഠിക്കാന്‍ എനിക്ക് ധാരാളം സമയം വേണ്ടിവന്നു. സഹ താമസക്കാരുമായും ഞാന്‍ പങ്കെടുത്ത സ്റ്റുഡന്റ് ആക്ടിവിറ്റികളിലെയും ക്ലബ്ബുകളിലെയും അംഗങ്ങളുമായും നഗരത്തിന് ചുറ്റുമുള്ള സാമൂഹിക പരിപാടികളില്‍ ഞാന്‍ കണ്ടുമുട്ടിയ ആളുകളുമായും സൗഹൃദം വളര്‍ത്തിയെടുക്കാന്‍ എനിക്ക് കഴിഞ്ഞു.
സുധ: എന്റെ അടുത്ത സുഹൃത്തുക്കളില്‍ പലരും എന്റെ ഡിഗ്രി കോളേജില്‍ നിന്നുള്ളവരാണ്. എന്റെ റൂംമേറ്റ്സ് എല്ലാം പല പല വിഷയങ്ങളായിരുന്നു പഠിച്ചിരുന്നത്. ഗ്രൂപ്പ് സ്റ്റഡിയും സിനിമ കാണലുമെല്ലാം സുഹൃത്തുക്കളോടൊപ്പമായിരുന്നു. ഒരുപാട് പുതിയ ആളുകളെ പരിചയപ്പെടാന്‍ ഇത് ഞങ്ങള്‍ക്കെല്ലാം അവസരം നല്കി. മിക്ക ഡിപ്പാർട്ട്മെന്റുകളും സോഷ്യല്‍ ഇവന്റുകളും കരിയര്‍ നെറ്റ്വര്ക്കിംഗ് ഇവന്റുകളും സംഘടിപ്പിച്ചിരുന്നു.
നിങ്ങളുടെ പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെട്ടിരുന്നോ? നിങ്ങള്‍ക്ക് ആശ്ചര്യം തോന്നിയ നിമിഷങ്ങൾ ഉണ്ടായിട്ടുണ്ടോ?നടരാജന്: ഗ്രാജ്വേറ്റ് സ്കൂളിലെ അനുഭവം എല്ലാ വിധത്തിലും എന്റെ പ്രതീക്ഷകള്‍ക്കപ്പുറമായിരുന്നു. മൈക്രോബയോളജിയില്‍ മാത്രമല്ല, ആഗോള രാഷ്ട്രീയം, ബിഹേവിയറല്‍ ഇക്കണോമിക്സ് തുടങ്ങിയ വിവിധ മേഖലകളെക്കുറിച്ചും കാമ്പസിലുടനീളമുള്ള ചര്‍ച്ചകളില്‍ ഞാന്‍ പങ്കെടുത്തു. ന്യൂയോര്‍ക്കിലെ അപ്സ്റ്റേറ്റില്‍ തീവ്രമായ ശൈത്യകാലത്തെ അനുഭവങ്ങളും വ്യത്യസ്തമായിരുന്നു. ഇത്താക്കയിലെ ആഗോള സംസ്കാരത്തെ കുറിച്ചും എനിക്ക് പഠിക്കാന്‍ സാധിച്ചു. ഞാന്‍ ഡാന്‍സ് പഠിച്ചു, എത്യോപ്യന്‍ ഭക്ഷണം ആദ്യമായി കഴിച്ചു, ലോകമെമ്പാടുമുള്ള ചില മികച്ച കലാകാരന്മാരെ ബെയ്ലി ഹാളില്‍ കണ്ടുമുട്ടി.
വെല്ലുവിളികളും എന്റെ പ്രതീക്ഷകള്‍ക്ക് അപ്പുറമായിരുന്നു. വീട്ടില്‍ പോകാന്‍ എനിക്ക് സാധിച്ചിരുന്നില്ല. കുടുംബത്തെയും സുഹൃത്തുക്കളെയും വല്ലാതെ മിസ്സ് ചെയ്തിരുന്നു. ഇവിടെ ഒരു സെല്‍ ഫോണ്‍ പ്ലാന്‍ എങ്ങനെ സജ്ജമാക്കാം, ആദായനികുതി എങ്ങനെ ഫയല്‍ ചെയ്യാന്‍ എന്നതിനെ കുറിച്ചൊന്നും എനിക്ക് ധാരണയില്ലായിരുന്നു. അക്കാര്യങ്ങളെല്ലാം പഠിച്ചു.
സുധ: വെല്ലുവിളി നിറഞ്ഞ കോഴ്സ് വര്‍ക്ക് എന്റെ പ്രതീക്ഷകളുമായി പൊരുത്തപ്പെട്ടിരുന്നു. ഇന്ത്യയേക്കാള്‍, യുഎസിലെ അധ്യാപന രീതി എത്ര വ്യത്യസ്തമാണ് എന്നത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. ടീച്ചിംഗ് അസിസ്റ്റന്റുമാരോടൊപ്പം സ്റ്റഡി ഗ്രൂപ്പുകളില്‍ പങ്കെടുക്കുകയും ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കുകയും ചെയ്തു. എന്റെ കോഴ്സ് വര്‍ക്കുകളില്‍ ധാരാളം പ്രൊജക്ടറുകള്‍ ചെയ്യാനുണ്ടായിരുന്നു. അതും ഒരു മികച്ച അനുഭവമായിരുന്നു.
ലോകമെമ്പാടുമുള്ള ആളുകളുമായി ഒരു ടീമായി വര്‍ക്ക് ചെയ്യുന്നത് തികച്ചും വ്യത്യസ്തമായിരുന്നു. ടീം വര്‍ക്കിന്റെ പ്രാധാന്യം ഒരു പ്രോജക്റ്റിന്റെ അന്തിമ ഫലത്തില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് ഞങ്ങള്‍ പഠിച്ചു. ഇത്രയധികം രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ മറ്റെവിടെയെങ്കിലും വെച്ച് കണ്ടുമുട്ടാന്‍ എനിക്ക് ഒരിക്കലും അവസരം ലഭിക്കുമായിരുന്നില്ല.
യുഎസില്‍ ഉപരിപഠനത്തിനായി ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളോട് നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്?നടരാജന്: അമേരിക്കയില്‍ ഉന്നത വിദ്യാഭ്യാസം നേടുന്നതിന് ഞാന്‍ അവരെ വളരെയധികം പ്രോത്സാഹിപ്പിക്കും. നിങ്ങളുടെ ലോകത്തെ കുറിച്ചുള്ള വീക്ഷണം വികസിപ്പിക്കുന്നതിനുള്ള ഒരു അവസരമായിരിക്കും ഇത്. വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനും അനുഭവങ്ങൾ ഉണ്ടാക്കിയെടുക്കാനും സാധിക്കും.
സുധ: നേരത്തെ തന്നെ റിസേർച്ച് ആരംഭിക്കണം എന്നാണ് ഞാന്‍ അവരോട് പറയുക. സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റുകള്‍ എപ്പോള്‍ നല്‍കണമെന്നും അപേക്ഷാ പ്രക്രിയ എപ്പോള്‍ ആരംഭിക്കണമെന്നും ആസൂത്രണം ചെയ്യുന്നത് വളരെ പ്രധാനമാണ്. വ്യക്തമായ പ്ലാനിംഗ് ഉണ്ടെങ്കില്‍, നിങ്ങള്‍ അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന സര്‍വ്വകലാശാലയുമായി പൊരുത്തപ്പെടുന്ന തരത്തിലാണ് ഓരോ ആപ്ലിക്കേഷനും രൂപകല്പന ചെയ്തിരിക്കുന്നതെന്ന് ഉറപ്പാക്കാന്‍ നിങ്ങള്‍ക്ക് മതിയായ സമയം ലഭിക്കും.
അഡ്മിഷന് കമ്മറ്റിക്ക് നിങ്ങള്‍ നല്കുന്ന മെറ്റീരിയലുകള്‍ വഴി മാത്രമേ നിങ്ങളെ അറിയൂ, അതിനാല്‍ നിങ്ങളുടെ അപേക്ഷ കഴിയുന്നത്ര വ്യക്തവും ആകര്‍ഷകവുമാക്കുക. സര്‍വകലാശാല എന്താണ് അന്വേഷിക്കുന്നതെന്ന് അപേക്ഷകനും മനസ്സിലാക്കേണ്ടതുണ്ട്. മിക്ക സര്‍വ്വകലാശാലകളും അവരുടെ പൂര്‍വ്വ വിദ്യാര്‍ത്ഥികളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാറുണ്ട്. ഇത് സ്കൂളിന്റെ പശ്ചാത്തലങ്ങളെക്കുറിച്ചും ആവശ്യകതകളെ കുറിച്ചുമുള്ള രൂപം നല്കുന്നു.
(കാൻഡിസ് യാക്കോനോ തെക്കൻ കാലിഫോർണിയയിലെ ഒരു മാഗസിൻ, പത്ര ലേഖകനാണ്)Courtesy: SPAN Magazine, U.S. Embassy, New Delhi. ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.