• HOME
 • »
 • NEWS
 • »
 • career
 • »
 • PG Scholorship | ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് 10 ലക്ഷം രൂപയുടെ ബിരുദാന്തരബിരുദ സ്‌കോളര്‍ഷിപ്പുകൾ പ്രഖ്യാപിച്ച് British Council

PG Scholorship | ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് 10 ലക്ഷം രൂപയുടെ ബിരുദാന്തരബിരുദ സ്‌കോളര്‍ഷിപ്പുകൾ പ്രഖ്യാപിച്ച് British Council

ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം കെട്ടിപ്പടുക്കുന്നതിലൂടെ കൂടുതൽ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുകെയില്‍ വിദ്യാഭ്യാസം നേടുന്നതിന് പ്രാപ്‌തരാക്കുകയാണ് സ്‌കോളര്‍ഷിപ്പുകളിലൂടെ ലക്ഷ്യമിടുന്നത്.

 • Share this:
  വിവിധ മേഖലകളിൽ പഠനം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബ്രിട്ടീഷ് കൗൺസിൽ (British Council) ബിരുദാനന്തര ബിരുദ സ്‌കോളര്‍ഷിപ്പുകള്‍ (PG Scholorships) പ്രഖ്യാപിച്ചു. 2022-23 അക്കാദമിക വർഷത്തേക്കാണ് പുതിയ സ്‌കോളർഷിപ്പുകൾ പ്രഖ്യാപിച്ചത്. യുകെയിലെ 16 സർവകലാശാലകളിൽ ബിസിനസ്, ഫിനാന്‍സ്, മാനവിക വിഷയങ്ങൾ, മനഃശാസ്ത്രം, സംരംഭകത്വം, ഡിസൈന്‍, മാര്‍ക്കറ്റിംഗ്, എച്ച്ആര്‍, സംഗീതം തുടങ്ങിയ വിഷയങ്ങളില്‍ പഠനം നടത്തുന്ന ഇന്ത്യൻ വിദ്യാര്‍ത്ഥികള്‍ക്ക് (Indian Students) 20 സ്‌കോളര്‍ഷിപ്പുകളാണ് ലഭ്യമാവുക.

  ഇത് കൂടാതെ ലോകത്തെ ഏറ്റവും പ്രശസ്തമായ ഏഴ് ലോ കോളേജുകളില്‍ ഒന്നില്‍ മനുഷ്യാവകാശം, ക്രിമിനല്‍ നീതി, കൊമേഴ്ഷ്യൽ ലോ എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങളിലുള്ള കോഴ്സുകളിലേക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഏഴ് സ്‌കോളര്‍ഷിപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രിട്ടീഷ് കൗണ്‍സില്‍ ആരംഭിച്ച ഈ സ്‌കോളര്‍ഷിപ്പുകള്‍ യുകെ ഗവണ്‍മെന്റിന്റെ 'ഗ്രേറ്റ് ബ്രിട്ടന്‍' കാമ്പെയ്നുമായി സഹകരിച്ചും യുകെ സര്‍വകലാശാലകളുടെ പങ്കാളിത്തത്തോടെയുമാണ് നല്‍കുന്നത്.

  ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം കെട്ടിപ്പടുക്കുന്നതിലൂടെ കൂടുതൽ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുകെയില്‍ വിദ്യാഭ്യാസം നേടുന്നതിന് പ്രാപ്‌തരാക്കുകയാണ് സ്‌കോളര്‍ഷിപ്പുകളിലൂടെ ലക്ഷ്യമിടുന്നത്. ഓരോ സ്‌കോളര്‍ഷിപ്പും കവർ ചെയ്യുന്നത് കുറഞ്ഞത് 10,000 പൗണ്ടാണ് (ഏകദേശം പത്ത് ലക്ഷം രൂപ). ഇത് ഒരു വര്‍ഷത്തെ ബിരുദാനന്തര കോഴ്സിനുള്ള ട്യൂഷന്‍ ഫീസിന് വേണ്ടിയാണ് നൽകുക. സ്‌കോളര്‍ഷിപ്പിന് രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് https://www.britishcouncil.in/study-uk/scholarships/great-scholarships എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

  അതേസമയം, ഇന്ത്യയില്‍ നിന്നുള്ള ഇംഗ്ലീഷ് അധ്യാപകര്‍ക്ക് മികച്ച രണ്ട് യുകെ സര്‍വകലാശാലകളില്‍ ബിരുദാനന്തര പഠനം നടത്താൻ പൂര്‍ണ്ണ ധനസഹായം വാഗ്ദാനം ചെയ്യുന്ന ആറ് സ്‌കോളര്‍ഷിപ്പുകളും ബ്രിട്ടീഷ് കൗൺസിൽ പ്രഖ്യാപിച്ചു. ഇന്ത്യയിൽ പ്രൈമറി അല്ലെങ്കില്‍ സെക്കന്‍ഡറി സര്‍ക്കാര്‍ സ്‌കൂളുകളിൽ പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് അധ്യാപകര്‍ക്ക് ഈ അവസരം ലഭ്യമാണ്. ക്ലാസ് മുറികളിലെ പഠനം മെച്ചപ്പെടുത്തുന്നതിനായി സാങ്കേതികവിദ്യയുടെ ഉപയോഗം മനസ്സിലാക്കാന്‍ പഠിതാക്കളെ ഈ സ്‌കോളര്‍ഷിപ്പ് പ്രാപ്തരാക്കും.

  ഈ ആറ് സ്‌കോളര്‍ഷിപ്പുകളില്‍ മൂന്നെണ്ണം ലീഡ്സ് സര്‍വകലാശാലയില്‍ മുഴുവന്‍ സമയ എംഎ പ്രോഗ്രാമിനായി വാഗ്ദാനം ചെയ്യുന്നതാണ്. മറ്റ് മൂന്ന് സ്‌കോളര്‍ഷിപ്പുകള്‍ സ്റ്റിര്‍ലിംഗ് യൂണിവേഴ്സിറ്റിയുടെ ഓണ്‍ലൈന്‍/പാര്‍ട്ട് ടൈം എംഎസ്സി പ്രോഗ്രാമിന് വേണ്ടിയുള്ളതാണ്. ഈ പ്രോഗ്രാമിന്റെ ഭാഗമായി സര്‍വ്വകലാശാലയിലേക്ക് രണ്ടാഴ്ചത്തെ റസിഡന്‍ഷ്യല്‍ സന്ദര്‍ശനമുണ്ടാകും. അതിനുള്ള ചെലവും സ്കോളർഷിപ്പിൽ വഹിക്കും. സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷകര്‍ അവരുടെ അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് സര്‍വകലാശാലയില്‍ നിന്ന് ഓഫര്‍ നേടിയിരിക്കണം എന്ന കാര്യം ദയവായി ശ്രദ്ധിക്കുക. ഇതിന് രണ്ടാഴ്ച വരെ സമയമെടുത്തേക്കും.

  യുകെ സര്‍വകലാശാലകളില്‍ ഉന്നത വിദ്യാഭ്യാസം നേടാന്‍ ഒരാള്‍ക്ക് യുകെ ടയര്‍ 4 ജനറല്‍ സ്റ്റുഡന്റ് വിസ ലഭിക്കേണ്ടതുണ്ട്. യുകെയില്‍ ഉന്നത വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം മുതല്‍ പുതിയതായി പ്രാബല്യത്തില്‍ വരുന്ന വ്യവസ്ഥകള്‍ കൂടി മനസ്സിലാക്കുക.
  Published by:Arun krishna
  First published: