അറിവിനു വേണ്ടിയുള്ള പഠനം ഇപ്പോള്‍ തൊഴിലിനു വേണ്ടിയുളള പഠനമായി മാറിയിരിക്കുന്നു. അപ്പോള്‍ ഏത് കോഴ്സ് പഠിക്കണം? എന്നത് വളരെ പ്രധാനമാണ്. 2019-ലെ ടോപ് 25 തൊഴില്‍ മേഖലകളെക്കുറിച്ചും പഠനസ്ഥാപനങ്ങളെക്കുറിച്ചും അറിവ് നല്കുന്ന പരമ്പരയുടെ തുടർച്ച.
ലക്ഷങ്ങളുടെ ക്യാപിറ്റേഷന്‍ ഫീസോ പതിനായിരങ്ങളുടെ സെമസ്റ്റര്‍ ഫീസോ ഒന്നും വേണ്ട ഈ കോഴ്സിന് ചേരാന്‍. പഠനത്തിനിടയില്‍ സ്റ്റെപന്‍ഡ് ഇങ്ങോട്ട് കിട്ടും. പഠിച്ചിറങ്ങിയാല്‍ 100 ശതമാനം തൊഴില്‍സാധ്യതയും ഉറപ്പ്. ആകെ വേണ്ടത് ചിട്ടയായ പഠനത്തിനുള്ള മനസ്സും കഠിനാധ്വാനത്തിനുള്ള സന്നദ്ധതയും മാത്രം. പറഞ്ഞുവരുന്നത് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി(സി.എ.) എന്ന കരിയര്‍ സാധ്യതയെക്കുറിച്ചാണ്. എല്ലാകുട്ടികളും ഡോക്ടര്‍മാരും എന്ജിനിയര്മാരുമാകാന് പരക്കം പായുന്ന പുതിയ കാലത്തും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്ന ഗ്ലാമര്‍ പ്രൊഫഷന്റെ പ്രിയം അല്പംപോലും കുറഞ്ഞിട്ടില്ല.
പഠിച്ചെടുക്കാന്‍ പാടുള്ള വിഷയമാണിതെന്ന് കരുതി പലരും ഈ വഴി തിരഞ്ഞെടുക്കാന്‍ മടിക്കുന്നുവെന്നുമാത്രം. പക്ഷേ, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരായി ഓരോ വര്‍ഷവും ജയിച്ചിറങ്ങുന്നവരോട് ചോദിച്ചാല്‍ അവര്‍ പറയും, അതിഭയങ്കരമായ ബുദ്ധിയല്ല. ക്രമമായുള്ള പഠനവും പ്രായോഗിക പരിശീലനവുമാണ് തങ്ങളെ വിജയിപ്പിച്ചതെന്ന്. സര്‍വകലാശാലകളിലല്ല പഠനം ഇന്ത്യയിലെ ഒരു കോളേജിലും സര്‍വകലാശാലയിലും സി.എ.കോഴ്സ് പഠിപ്പിക്കുന്നില്ല. പാര്‍ലമെന്റ് ചട്ടപ്രകാരം സ്ഥാപിതമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ(ഐ.സി.എ.ഐ.) എന്ന സ്റ്റാറ്റ്യൂട്ടറി സംവിധാനമാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി കോഴ്സും പരീക്ഷയും നടത്തി മികവുറ്റവരെ കണ്ടെത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.എ.ഐ. സെന്ററുകളിലായി ഒമ്പതു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ നിലവില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി കോഴ്സ് പഠിക്കുന്നുണ്ട്. കേരളത്തില്‍ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഐ.സി.എ.ഐ. ശാഖകള്‍ പ്രവര്‍ത്തിക്കുന്നു.
പത്തരമാറ്റുള്ള കരിയര്കാലാകാലങ്ങളായി പത്തരമാറ്റോടെ നില്ക്കുന്ന ഒരു കോഴ്സാണ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി അഥവാ സിഎ കോഴ്സ്. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് സധൈര്യം തെരഞ്ഞെടുക്കാവുന്ന കോഴ്സാണിത്. ഒരു സ്ഥാപനത്തിന് സാന്പത്തികം വളരെ പ്രാധാന്യമുള്ളതായിരിക്കുമ്പോൾ സാമ്പത്തിക വളര്‍ച്ചയുടെ കാലത്തും സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്തും ഏറെ പ്രസക്തിയുള്ള ഒരു പ്രഫഷനാണ് സിഎ. സിഎ ആയാല്‍ ഒന്നുകില്‍ ഒരു സ്ഥാപനത്തില്‍ ജോലിക്ക് കയറാം, അല്ലെങ്കില്‍ സ്വന്തമായി പ്രാക്ടീസ് ചെയ്യാം. ഇന്ത്യയില്‍ 2018ലെ കണക്കനുസരിച്ച് 92089 സിഎക്കാര്‍ പ്രാക്ടീസ് ചെയ്യുകയും 190104 സിഎക്കാര്‍ ജോലി ചെയ്യുകയും ചെയ്യുന്നു. ഇന്ത്യയുടെ സാമ്പത്തിക മേഖല ഒരു കുതിപ്പിന്റെ വക്കിലാണ്. ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാവാനുള്ള തയാറെടുപ്പിലാണ് നമ്മള്. അതുകൊണ്ടുതന്നെ തൊഴിലവസരങ്ങള്‍ പതിന്മടങ്ങ് കൂടാനുള്ള സാധ്യത വളരെ വലുതാണ്.
ധനകാര്യം, ഓഡിറ്റ്, അക്കൗണ്ട്സ്, ടാക്സേഷന്‍, ബിസിനസ് ഉപദേശകന്, പ്രോജക്ട് റിപ്പോര്‍ട്ട് പ്രിപ്പറേഷന്‍, ഇന്വെസ്റ്റ്മെന്റ്ന പ്ലാനിംഗ് തുടങ്ങിയ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ ഒരു സിഎയ്ക്കു കഴിയും.
സിഎയ്ക്ക് ചേരാന്‍ രണ്ടുമാര്ഗങ്ങളാണുള്ളത്. ഒന്ന് ഫൗണ്ടേഷന് കോഴ്സും മറ്റൊന്ന് ഡയറക്ട് എന്‍ട്രിയും.
ഫൗണ്ടേഷന് കോഴ്സ് പ്ലസ്ടു പരീക്ഷ എഴുതിക്കഴിഞ്ഞയുടന്‍ തന്നെ ഫൗണ്ടേഷനുവേണ്ടി രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്ത് നാലുമാസത്തെ പഠനകാലാവധിക്കു ശേഷമേ പരീക്ഷയെഴുതാന്‍ സാധിക്കൂ. അതായത് ജൂണ്‍ 30ന് മുൻപ് രജിസ്റ്റര്‍ ചെയ്താല്‍ നവംബറില്‍ പരീക്ഷ എഴുതാം. അല്ലെങ്കില്‍ ഡിസംബര്‍ 31ന് മുന്‍പ് രജിസ്റ്റര്‍ ചെയ്താല്‍ മേയില്‍ പരീക്ഷയെഴുതാം. പരീക്ഷയ്ക്കു മുൻപ് പ്ലസ് ടു പരീക്ഷ ജയിച്ചിരിക്കണം.
ഫൗണ്ടേഷന് പരീക്ഷയ്ക്ക് നാല് പേപ്പറുകളാണുള്ളത്. ആദ്യത്തെ രണ്ട് പേപ്പറുകള്‍ സബ്ജക്ടീവ് ടൈപ്പും മൂന്നും നാലും പേപ്പറുകള്‍ ഒബ്ജക്ടീവ് ടൈപ്പും ആയിരിക്കും. മൂന്നും നാലും പേപ്പറുകള്‍ക്ക് നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കും.
ഇന്റർമീഡിയേറ്റ് കോഴ്സ് ഫൗണ്ടേഷന് കോഴ്സ് ജയിച്ചുകഴിഞ്ഞാല്‍ ഇന്റർമീഡിയറ്റ് കോഴ്സിലേക്ക് രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്ത് എട്ടു മാസത്തെ പഠനം പൂര്‍ത്തിയാക്കിയാല്‍ പരീക്ഷയെഴുതാം. രണ്ട് ഗ്രൂപ്പുകളിലായി 100 മാര്‍ക്ക് വീതമുള്ള എട്ട് പേപ്പറുകളാണുള്ളത്.ഓരോ ഗ്രൂപ്പും മൊത്തമായിട്ടേ പരീക്ഷയെഴുതാന്‍ കഴിയൂ. ഓരോ പേപ്പറിനും കുറഞ്ഞത് 40 മാര്‍ക്കും ഗ്രൂപ്പ് മൊത്തം 50 ശതമാനം മാര്‍ക്കും വേണം ജയിക്കാന്‍. ഇന്റെര്മീഡിയറ്റിലെ ഏതെങ്കിലും ഒരു ഗ്രൂപ്പോ അല്ലെങ്കില്‍ രണ്ടു ഗ്രൂപ്പും കൂടിയോ ജയിച്ചാല്‍ മാത്രമേ ആര്‍ട്ടിക്കിള്‍ഷിപ്പ് തുടങ്ങാന്‍ പറ്റൂ.
ആര്‍ട്ടിക്കിള്‍ഷിപ്പ് എന്നു പറയുന്നത് ഒരു സിഎയുടെ കീഴില്‍ ലഭിക്കുന്ന പ്രായോഗിക പരിശീലനമാണ്. ആര്‍ട്ടിക്കിള്‍ഷിപ്പ് തുടങ്ങുന്നതിന് മുന്‍പ് ഓറിയന്റേഷൻ കോഴ്സും (15 ദിവസം) ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ട്രെയിനിംഗും ഉള്‍പ്പെടുന്ന ഐസിഐടിഎസ്എസ് (ഇന്റആഗ്രേറ്റഡ് കോഴ്സ് ഓണ്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് സോഫ്റ്റ് സ്കില്‍സ്) കോഴ്സും ചെയ്യേണ്ടതാണ്. ആര്‍ട്ടിക്കിള്‍ഷിപ്പിന്റെ കാലാവധി മൂന്നുവര്‍ഷമാണ്. ഇക്കാലയളവില്‍ ഇന്റ ര്മീഡിയറ്റിൽ പാസാകാത്ത ഗ്രൂപ്പ് ഉണ്ടെങ്കില്‍ അതെഴുതിയെടുക്കാം. ഇന്റര്‍മീഡിയറ്റിന്റെ രണ്ടു ഗ്രൂപ്പും ജയിച്ചാല്‍ സിഎ ഫൈനല്‍ കോഴ്സിന് രജിസ്റ്റര്‍ ചെയ്യാം.
സിഎ ഫൈനല്‍ കോഴ്സ് ഫൈനല്‍ കോഴ്സിന് ചേര്‍ന്നുകഴിഞ്ഞാല്‍ ആര്ട്ടിക്കിള്ഷിപ്പിന്റെമ അവസാനത്തെ രണ്ടുവര്‍ഷത്തില്‍ എഐസിഐടിഎസ്എസ് കോഴ്സ് ചെയ്യാം. ഇതില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയും മാനേജ്മെന്റ് കമ്യൂണിക്കേഷന്‍ സ്കില്‍സും ഉള്‍പ്പെടുന്നു. സിഎ ഫൈനലിനും രണ്ടു ഗ്രൂപ്പുകളിലായി എട്ട് പേപ്പറുകളുണ്ട്. സിഎ ഫൈനല്‍ പരീക്ഷ എഴുതുന്നതിന് മുൻപ് എഐസിഐടിഎസ്എസ് കോഴ്സ് നിര്‍ബന്ധമായും പൂര്‍ത്തീകരിച്ചിരിക്കണം. ഫൈനല്‍ ജയിച്ചുകഴിഞ്ഞാല്‍ ഐസിഎഐയുടെ മെംബര്‍ഷിപ്പിന് അപേക്ഷിച്ച് സിഎ മെംബര്‍ഷിപ്പ് എടുക്കണം.
എവിടെ, എപ്പോള്‍ രജിസ്റ്റര്‍ ചെയ്യണം ഐസിഎഐയ്ക്ക് അഞ്ച് റീജണുകളുണ്ട്. വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ്, മധ്യം എന്നിങ്ങനെയാണത്. കേരളം സൗത്ത് ഇന്ത്യന്‍ റീജണല്‍ കൗണ്‍സില്‍ (എസ്ഐആര്‍സി) ന് കീഴിലാണ്. ചെന്നൈയാണ് ആസ്ഥാനം. കേരളത്തില്‍ തിരുവനന്തപുരത്തിനു പുറമെ കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലും ഐസിഎഐയ്ക്ക് ശാഖകളുണ്ട്. ഈ ശാഖകളില്‍ നിന്നും അപേക്ഷാ ഫോമുകള്‍ വാങ്ങാവുന്നതാണ്. ഇവിടെയെല്ലാം പ്രത്യേക കോച്ചിംഗ് ക്ലാസുകള്‍ നടത്താറുണ്ട്.
സിഎ ഫൈനല്‍ ജയിച്ച് സിഎ മെമ്പര്‍ഷിപ്പ് എടുത്തുകഴിഞ്ഞാല്‍ ഐസിഎഐയുടെ നേതൃത്വത്തില്‍ നടത്തുന്ന കാമ്പസ് ഇന്റർവ്യൂവിൽ താൽപര്യമുണ്ടെങ്കില് പങ്കെടുക്കാം. സിഎഐയുടെ ചെന്നൈ എസ്ഐആര്സിയുടെ വെബ്സൈറ്റ് www.sircoficai.org.
കേരളത്തില്‍ തിരുവനന്തപുരം, തൃശൂര്‍, കൊല്ലം, ആലപ്പുഴ, കണ്ണൂര്‍, കോട്ടയം, മലപ്പുറം, കോഴിക്കോട്, കോട്ടയം, പാലക്കാട് എന്നിവിടങ്ങളില്‍ പരീക്ഷാ സെന്റ്റുകളുണ്ട്. ഐസിഎഐയുടെ കോമണ്‍ പ്രൊഫിഷന്‍സി ടെസ്റ്റ് (സിപിടി)യ്ക്ക് 1000 രൂപയാണ് അപേക്ഷാഫീസ്. ഐസിഎഐയുടെ വെബ്സൈറ്റ് icai.org ആണ്. അതില്‍ icaicloudcampus ക്ലിക്ക് ചെയ്താല്‍ ഒരു വിദ്യാര്‍ഥിക്ക് പഠിക്കുവാനുള്ള എല്ലാ സംവിധാനങ്ങളുമുണ്ടായിരിക്കും. രജിസ്റ്റര്‍ ചെയ്യുന്പോള്‍ ഒരു സെറ്റ് പാഠപുസ്തകം ഇന്‍സ്റ്റിറ്റ്യൂട്ട് ആയച്ചുതരും. എല്ലാ പുസ്തകത്തിന്റൈയും പിഡിഎഫ് വെബ്സൈറ്റില്‍ സൗജന്യമായി ലഭ്യമാണ്.
കൂടാതെ എല്ലാ വിഷയങ്ങളുടെയും പാഠഭാഗം തിരിച്ചുള്ള വീഡിയോ ലക്ചേഴ്സ്, ഓഡിയോ ലക്ചേഴ്സ്, പവര്‍പോയിന്റ് പ്രസന്റേഷൻ മുതലായവ വെബ്സൈറ്റില്‍ സൗജന്യമായി ലഭ്യമാണ്. അതുപോലെതന്നെ റിവിഷന്‍ ടെസ്റ്റ് പേപ്പര്‍, മുന്‍കാല പരീക്ഷകളുടെ ചോദ്യോത്തരങ്ങള്‍, പ്രാക്ടീസ്മാനുവല് മുതലായവയും ലഭ്യമാണ്. ഓണ്‍ലൈന്‍ ആയി പുസ്തകങ്ങള്‍ വാങ്ങുവാനും സൗകര്യമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ട്യൂഷനും മറ്റും പണവും സമയവും ചെലവാക്കാതെ സ്വയം പരീക്ഷയ്ക്ക് തയാറാകാന്‍ വേണ്ട എല്ലാ സൗകര്യങ്ങളും വെബ്സൈറ്റിലുണ്ട്. ഇപ്പോള്‍ പുതുതായി വെര്‍ച്വല്‍ ക്ലാസുകള്‍ അല്ലെങ്കില്‍ ഓണ്‍ലൈന്‍ ക്ലാസുകളും തുടങ്ങിയിട്ടുണ്ട്.
ഡയറക്ട് എന്‍ട്രി ചില അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് ഫൗണ്ടേഷന് എഴുതാതെ തന്നെ നേരിട്ട് ഇന്റർമീഡിയറ്റിന് ചേരാം. ആ സംവിധാനത്തെയാണ് ഡയറക്ട് എന്‍ട്രി എന്നു പറയുന്നത്. യോഗ്യത താഴെപറയുന്നു.
1. കൊമേഴ്സ് ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ 55 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് വാങ്ങി ജയിച്ചവര്‍.
2. കൊമേഴ്സിന് ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ 60 ശതമാനത്തില്‍ കുറയാതെ വാങ്ങി ജയിച്ചവര്‍.
3. കമ്പനി സെക്രട്ടറീസ് കോഴ്സിന്റെനയോ കോസ്റ്റ് അക്കൗണ്ടന്റ് കോഴ്സിന്റെയോ ഇന്റർമീഡിയറ്റ് ജയിച്ചവര്‍.
അവസാന വര്‍ഷ ബിരുദ പഠനം നടത്തുന്നവര്‍ക്കും വേണമെങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. മേല്പറഞ്ഞ യോഗ്യതയുള്ളവര്‍ നേരിട്ടുതന്നെ ഇന്റ്ര്മീഡിയറ്റിനു രജിസ്റ്റര്‍ ചെയ്യാം. നേരത്തെ പറഞ്ഞ ഐസിഐടിഎസ്എസ് കോഴ്സ് പൂര്‍ത്തിയാക്കിയതിനുശേഷം ആര്‍ട്ടിക്കിള്‍ഷിപ്പ് തുടങ്ങാം. ആര്‍ട്ടിക്കിള്‍ഷിപ്പ് തുടങ്ങി ഒൻപത് മാസങ്ങള്‍ കഴിഞ്ഞാല്‍ പരീക്ഷയെഴുതാം. ഇന്റ്ര്മീഡിയറ്റ് ജയിച്ചുകഴിഞ്ഞാല്‍ സിഎ ഫൈനലിന് അപേക്ഷിക്കാം. സിഎ ഫൈനല്‍ പരീക്ഷ എഴുതുന്നതിനു മുന്‍പേ ഐസിസിഐടിഎസ്എസ് കോഴ്സ് നിര്‍ബന്ധമായും പൂര്‍ത്തീകരിക്കണം.
സിഎ ഫൈനല്‍ ജയിച്ചുകഴിഞ്ഞാല്‍ ഐസിഎഐയുടെ മെംബര്‍ഷിപ്പിന് അപേക്ഷിച്ച് സിഎ മെംബര്‍ഷിപ്പ് നേടാം. കമ്പനി സെക്രട്ടറി ഇന്സ്റ്റിറ്റ്യൂട്ടിന്റെടയോ കോസ്റ്റ് അക്കൗണ്ടന്റ് ഇന്സ്റ്റിറ്റ്യൂട്ടിന്റൈയോ ഇന്റഇര്മീഡിയറ്റ് ജയിച്ചവര്‍ക്ക് സിഎ ഇന്റ്ര്മീഡിയറ്റിനു നേരിട്ടുതന്നെ രജിസ്റ്റര്‍ ചെയ്യാം.
ആര്‍ട്ടിക്കിള്‍ഷിപ്പ് ഒരു സിഎയുടെ കീഴില്‍ ലഭിക്കുന്ന പ്രായോഗിക പരിശീലനത്തെയാണ് ആര്‍ട്ടിക്കിള്‍ഷിപ്പ് എന്നു പറയുക. ഒരു സിഎ വിദ്യാര്‍ഥിയുടെ ഏറ്റവും പ്രയോജനകരമായ മൂന്നുവര്ഷങ്ങളാണിവ. ഒരു സിഎയുടെ കീഴില്‍ അദ്ദേഹം ഓഡിറ്റ് ചെയ്യുന്ന സ്ഥാപനങ്ങളില്‍ പോകാനും കാര്യങ്ങള്‍ മനസിലാക്കാനും പഠിക്കാനും ഇതുപകരിക്കുന്നു. ഒരു സിഎയുടെ ജോലിയുടെ പ്രത്യേകതകളും ഉത്തരവാദിത്വങ്ങളും മനസിലാക്കാന്‍ സാധിക്കും. സിഎ ഫൈനല്‍ ജയിച്ചുകഴിയുമ്പോൾ തന്നെ ഈ മേഖലയിലെ വിവിധ കാര്യങ്ങള്‍ പ്രായോഗിക പരിശീലനത്തിലൂടെ ഒരു വിദ്യാര്‍ഥി മനസിലാക്കിയിരിക്കും. ഈ കാലയളവില്‍ ഐസിഎഐ നിഷ്കര്‍ഷിക്കുന്ന സ്റ്റൈപ്പന്‍ഡ് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നതാണ്. മറ്റു പല പ്രഫഷണല്‍ കോഴ്സുകള്‍ക്കും ഇല്ലാത്ത ഒരു സവിശേഷതയാണ് ആര്‍ട്ടിക്കിള്‍ഷിപ്പ്.
ഹെഡ് ഓഫീസിന്റെ വിലാസം ICAI Bhawan, Indraprastha Marg, Post Box No. 7100, New Delhi 110002 ചെന്നൈ, ന്യൂഡെല്‍ഹി, കൊല്‍ക്കത്ത, കാണ്‍പൂര്‍ എന്നിവിടങ്ങളില്‍ റീജണല്‍ സെന്ററുകളും കൊച്ചി, കോഴിക്കോട്, തൃശ്ശൂര്‍, കൊല്ലം, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളില്‍ പ്രാദേശിക സെന്ററുകളുമുണ്ട്.. ഐ.സി.എ.ഐ നടത്തുന്ന ഔദ്യോഗിക പഠനകേന്ദ്രങ്ങളുടെ വിശദാംശങ്ങളറിയാന്‍ www.ical.org എന്ന വെബ്സൈറ്റ് കാണുക.
തുടർന്ന് വായിക്കാൻ;
കലാബോധവും ശ്രദ്ധയും സൂക്ഷ്മതയുമുണ്ടെങ്കിൽ ജെമ്മോളജിസ്റ്റാകാംഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.