• HOME
  • »
  • NEWS
  • »
  • career
  • »
  • CAT 2022 | ക്യാറ്റ് 2022 രജിസ്‌ട്രേഷന്‍ ആരംഭിച്ചു; ആര്‍ക്കൊക്കെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം

CAT 2022 | ക്യാറ്റ് 2022 രജിസ്‌ട്രേഷന്‍ ആരംഭിച്ചു; ആര്‍ക്കൊക്കെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം

സെപ്റ്റംബര്‍ 14 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി

  • Last Updated :
  • Share this:
    ബിസിനസ് സ്‌കൂളുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (CAT) 2022 രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഐഐഎമ്മുകള്‍ ഉള്‍പ്പെടെ ഇന്ത്യയിലുടനീളമുള്ള മികച്ച ബിസിനസ് സ്‌കൂളുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം തേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് iimcat.ac.in- എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. സെപ്റ്റംബര്‍ 14 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. പ്രവേശന പരീക്ഷ നവംബര്‍ 27-ന് നടക്കും. അപേക്ഷിക്കുന്നതിന് മുമ്പ്, CAT 2022-നെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവയാണ്:

    ആര്‍ക്കൊക്കെ അപേക്ഷിക്കാം?

    ബിരുദത്തില്‍ കുറഞ്ഞത് 50% മാര്‍ക്കോ തത്തുല്യമായ സിജിപിഎയോ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് CAT-ന് അപേക്ഷിക്കാം. പട്ടികജാതി (SC), പട്ടികവര്‍ഗം (ST), അംഗപരിമിതർ എന്നീ വിഭാഗങ്ങളിലുള്ളവര്‍ക്ക് കുറഞ്ഞത് 45% മാര്‍ക്ക് ആവശ്യമാണ്. ബിരുദം/തത്തുല്യ യോഗ്യതയുള്ള വിഷയങ്ങളില്‍ അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും ഡിഗ്രി പൂര്‍ത്തിയാക്കി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

    CAT 2022: പരീക്ഷാ സമയം (Exam Duration)

    നേരത്തെ മൂന്ന് മണിക്കൂര്‍ ആയിരുന്നു പ്രവേശന പരീക്ഷയുടെ ദൈര്‍ഘ്യം. 2021 മുതല്‍ പരീക്ഷാ സമയത്തില്‍ മാറ്റം വരുത്തിയിരുന്നു. CAT 2022 പരീക്ഷയുടെ ദൈർഘ്യം രണ്ട് മണിക്കൂര്‍ അഥവാ 120 മിനിറ്റ് ആയിരിക്കും. മൂന്ന് വിഭാഗങ്ങളിലായാണ് പരീക്ഷ നടത്തുക. വെര്‍ബല്‍ എബിലിറ്റി & റീഡിംഗ് കോംപ്രിഹെന്‍ഷന്‍ (VARC), ഡാറ്റ ഇന്റര്‍പ്രെറ്റേഷന്‍ & ലോജിക്കല്‍ റീസണിംഗ് (DILR), ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി (QA) എന്നീ മൂന്ന് വിഭാഗങ്ങളിലായിരിക്കും ചോദ്യങ്ങള്‍ ഉണ്ടാകുക.

    CAT 2022: സംവരണം (Reservation)

    15% സീറ്റുകള്‍ പട്ടികജാതി(sc) വിദ്യാര്‍ത്ഥികള്‍ക്കും 7.5% പട്ടികവര്‍ഗ (ST) വിദ്യാര്‍ത്ഥികള്‍ക്കും, നോണ്‍-ക്രീമി ലെയറില്‍ (NC-OBC) ഉള്‍പ്പെടുന്ന മറ്റ് പിന്നാക്ക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് 27% ഉം, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന (EWS) വിദ്യാര്‍ത്ഥികള്‍ക്ക് 10% വരെയും വൈകല്യങ്ങളുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 5% വരെയും സംവരണമുണ്ട്. രജിസ്‌ട്രേഷനു ശേഷം കാറ്റഗറിയില്‍ മാറ്റം വരുത്താന്‍ സാധിക്കില്ല.

     Also Read- ഉച്ചാരണം ശരിയാകുന്നില്ല; ഇംഗ്ലീഷ് മെച്ചപ്പെടുത്താൻ വിദ്യാർത്ഥികൾ ആശ്രയിക്കുന്നത് ഹോളിവുഡ് സിനിമകളെ

    CAT 2022: പരീക്ഷാ നഗരങ്ങള്‍ തെരഞ്ഞെടുക്കേണ്ടത് എങ്ങനെ?

    രജിസ്‌ട്രേഷന്‍ സമയത്ത് വിദ്യാര്‍ത്ഥികള്‍ ഒരു ഡ്രോപ്പ്-ഡൗണ്‍ മെനുവില്‍ നിന്ന് മുന്‍ഗണന അനുസരിച്ച് ഏതെങ്കിലും ആറ് നഗരങ്ങള്‍ തിരഞ്ഞെടുക്കണം. രജിസ്‌ട്രേഷന്റെ അവസാന തീയതിക്ക് ശേഷം തിരഞ്ഞെടുത്ത ആറ് നഗരങ്ങളില്‍ ഒന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കും. ചില സന്ദര്‍ഭങ്ങളില്‍ അപേക്ഷകന് അടുത്തുള്ള നഗരം പരീക്ഷാ നഗരമായി അനുവദിക്കും. ഒക്ടോബര്‍ 27 മുതല്‍ അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 150 ഓളം നഗരങ്ങളിലായാണ് പരീക്ഷ നടക്കുക.

    CAT 2022: പരീക്ഷാ ഫലം (Exam result)

    വിദ്യാര്‍ത്ഥികളെ വ്യക്തിഗതമായി എസ്എംഎസ് മുഖേനയും പരീക്ഷാഫലം അറിയിക്കും. 2023 ജനുവരി രണ്ടാം വാരത്തോടെ ഫലം പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. 2023 ഡിസംബര്‍ 31 വരെ മാത്രമേ CAT 2022 സ്‌കോറിന് വാലിഡിറ്റി ഉള്ളൂ.

    CAT 2022: ഫീസ് (Fees)

    2300 രൂപയാണ് പരീക്ഷാ ഫീസ്. ഒരിക്കല്‍ അടച്ച ഫീസ് ഒരു കാരണവശാലും തിരികെ ലഭിക്കില്ല. എസ്‌സി, എസ്ടി വിഭാഗത്തിൽ പെടുന്നവർ, അംഗവൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ എന്നിവർക്ക് 1150 രൂപയാണ് ഫീസ്.
    Published by:Arun krishna
    First published: