നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • CBSE School Opening| സംസ്ഥാനത്തെ സി ബി എസ് ഇ സ്കൂളുകളും നവംബർ ഒന്നിന് തുറക്കും 

  CBSE School Opening| സംസ്ഥാനത്തെ സി ബി എസ് ഇ സ്കൂളുകളും നവംബർ ഒന്നിന് തുറക്കും 

  കോവിഡ് കാലത്ത് കുറച്ച ഫീസ് പുനഃസ്ഥാപിക്കും

  News18 Malayalam

  News18 Malayalam

  • Share this:
  കൊച്ചി: സംസ്ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകളും നവംബര്‍ ഒന്നുമുതൽ തുറക്കും. സർക്കാരിന്റെ മാർഗനിർദേശം അനുസരിച്ചാകും ക്ലാസുകൾ പുനരാരംഭിക്കുക. ഓണ്‍ലൈന്‍ പഠന കാലയളവില്‍ കുറച്ച ഫീസ് പുനഃസ്ഥാപിയ്‌ക്കേണ്ടിവരുമെന്ന് സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ അറിയിച്ചു.

  കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അടച്ചിട്ട സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് സിബിഎസ്ഇ സ്‌കൂളുകളിലും ക്ലാസുകള്‍ പുനരാരംഭിക്കാൻ തീരുമാനിച്ചത്.  ഇതിനുള്ള നടപടികൾ സ്കൂളുകൾ ആരംഭിച്ചിട്ടുണ്ട്.

  സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാകും പ്രവർത്തനം. സിബിഎസ്ഇ സ്‌കൂളുകളില്‍ ഓരോ കുട്ടികള്‍ക്കും ക്ലാസുകളിൽ പ്രത്യേകം കസേരകളാണ് ഉള്ളത്. ഇത് സാമൂഹിക അകലം പാലിയ്ക്കാന്‍ സഹായകരമാകും. സാനിറ്റൈസിംഗ് സംവിധാനങ്ങളും സ്‌കൂളുകളിലുണ്ട്.

  പ്രൈമറി സ്‌കൂളുകളില്‍ ആദ്യം ക്ലാസ് തുടങ്ങാനുള്ള തീരുമാനത്തെയും സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ കേരളയുടെ പ്രസിഡന്റ് ടി പി എം ഇബ്രാഹിം ഖാന്‍ സ്വാഗതം ചെയ്തു. ഓണ്‍ലൈന്‍ പഠനകാലത്ത് സിബിഎസ്ഇ സ്‌കൂളുകളില്‍ 15 മുതല്‍ 20 ശതമാനം വരെ ഫീസ് കുറച്ചിരുന്നു. ഇത് പുനഃസ്ഥാപിയ്ക്കും. സ്‌കൂളുകള്‍ മാസങ്ങളായി അടഞ്ഞ് കിടക്കുന്നതിനാല്‍ സ്‌കൂള്‍ ബസുകള്‍ നിരത്തിൽ ഇറങ്ങിയിരുന്നില്ല.  വാഹനങ്ങൾക്ക്  നികുതി ഇളവ് നല്‍കുന്നതടക്കമുള്ള കാര്യങ്ങളിൽ സര്‍ക്കാരുമായി ചർച്ച നടത്തുമെന്നും  ടി പി എം ഇബ്രാഹിം ഖാന്‍ പറഞ്ഞു.

  Also Read- 'സ്കൂൾ തുറക്കാൻ തിടുക്കം വേണ്ട, പ്രൈമറി ക്ലാസുകളെങ്കിലും ഒഴിവാക്കണം'; കുട്ടികളെ സ്കൂളിലേക്ക് അയക്കില്ലെന്ന് ഭൂരിഭാഗം അമ്മമാരും; പ്രതികരണങ്ങൾ ഇങ്ങനെ

  സംസ്ഥാനത്ത്  1560 സിബിഎസ്ഇ സ്‌കൂളുകളാണുള്ളത്.
  ശനിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് നവംബർ ഒന്നിന് സ്കൂളുകൾ തുറക്കാൻ തീരുമാനമായത്. ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസുകളും 10, 12 ക്ലാസുകളും നവംബർ ഒന്നിന് ആരംഭിക്കും. ബാക്കിയുള്ള ക്ലാസുകൾ നവംബർ 15ന് തുടങ്ങും.‌

  സ്കൂൾ തുറക്കാൻ ഒന്നര മാസത്തോളം ബാക്കിയുണ്ടെങ്കിലും മുന്നൊരുക്കങ്ങൾ വളരെ പെട്ടെന്ന് ആരംഭിക്കേണ്ടി വരും. വിദ്യാഭ്യാസ വകുപ്പിന്. ഒന്നരവർഷമായി സ്കൂളുകൾ അടഞ്ഞു കിടക്കുന്നതിനാൽ പല സ്കൂളുകളുടെയും കെട്ടിടങ്ങൾ  കാടുപിടിച്ച നിലയിലാണ്. സ്കൂൾ ബസ് അടക്കമുള്ള വാഹനങ്ങളും തുരുമ്പെടുത്തിരിക്കുന്ന സാഹചര്യം. അതിനാൽ അറ്റകുറ്റപ്പണികൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കുമായി വളരെ വലിയ അധ്വാനം തന്നെ വേണ്ടിവരും. തദ്ദേശ സ്ഥാപനങ്ങളുടെ പൂർണ സഹകരണത്തോടെ മാത്രമേ അണുനശീകരണം അടക്കമുള്ള പ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിൽ നടത്താൻ കഴിയൂ. കുട്ടികൾക്കായി പ്രത്യേക മാസ്കുകൾ തയ്യാറാക്കേണ്ടതുണ്ട്.

  സ്കൂളുകളിൽ വിദ്യാർത്ഥികൾ  കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തണം. ഒരു ബെഞ്ചിൽ എത്രപേർ, ഷിഫ്റ്റ് സംവിധാനം അടക്കമുള്ള കാര്യങ്ങളിലും തീരുമാനം എടുക്കേണ്ടതുണ്ട്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ചേരുന്ന യോഗം ഇക്കാര്യങ്ങളിൽ നിർണായക തീരുമാനങ്ങൾ എടുക്കണം.

  കേരളത്തിൽ ഇപ്പോൾ സ്കൂൾ തുറക്കാൻ പറ്റിയ സാഹചര്യമാണോ എന്ന് സുപ്രീം കോടതി സംശയം ചോദിച്ചിരുന്നു.  ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് സംശയം പ്രകടിപ്പിച്ചത്. ഡൽഹിയിലെ സ്കൂളുകൾ തുറക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ ചോദ്യം. കേരളത്തിലും മഹാരാഷ്ട്രയിലും സ്കൂൾ തുറക്കണമെന്ന് എങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു.
  Published by:Rajesh V
  First published:
  )}