ഒമിക്രോണ്‍ ആശങ്കകള്‍ക്കിടയില്‍ സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ നടത്തുന്നതില്‍ ആശങ്കയറിയിച്ച് രക്ഷകര്‍ത്താക്കള്‍. പരീക്ഷകള്‍ ഹൈബ്രിഡ് (ഓണ്‍ലൈനായും ഓഫ്ലൈനായും) മോഡില്‍ നടത്താന്‍ സിബിഎസ്ഇയ്ക്ക് (CBSE) നിര്‍ദ്ദേശം നല്‍കണം എന്ന് ആവശ്യപ്പെട്ട് എണ്ണായിരത്തോളം രക്ഷിതാക്കള്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് കത്തയച്ചു. പുതിയ കൊവിഡ് 19 വകഭേദത്തിന്റെ വ്യാപനം സംബന്ധിച്ച് ആശങ്ക ഉയരുന്ന സാഹചര്യത്തില്‍ നിലവിലെ ബോര്‍ഡ് പരീക്ഷകള്‍ എഴുതാന്‍ ഓഫ്ലൈന് മോഡിന് പുറമെ ഓണ്‍ലൈന്‍ മോഡും തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കണം എന്നാണ് രക്ഷകര്‍ത്താക്കളുടെ ആവശ്യം.
'പുതിയ കോവിഡ് വകഭേദം ഒമിക്രോണ്‍ രാജ്യത്തുടനീളം, പ്രത്യേകിച്ച് രക്ഷിതാക്കളിലും വിദ്യാര്‍ത്ഥികളിലും ഒരു പോലെ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. സര്‍ക്കാരും ലോകാരോഗ്യ സംഘടനയും മറ്റ് അധികൃതരും സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്' രക്ഷിതാക്കളുടെ കത്തില്‍ പറയുന്നു.
കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദത്തെ കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുന്ന ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ ഓഫ്ലൈന് പരീക്ഷകള്‍ നടത്തുന്നത് മെഡിക്കല്‍ ദുരന്തത്തെ ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണന്നാണ് രക്ഷിതാക്കള്‍ കത്തില്‍ പറയുന്നത്. പൂര്‍ണ്ണമായും ഓഫ്ലൈന് പരീക്ഷകള്‍ നടത്തുന്നത് രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അപകടകരമാണെന്ന് തെളിയിക്കാനാകുമെന്നും കത്തില്‍ പറയുന്നു.
'വിദ്യാര്‍ത്ഥികള്‍ പൂര്‍ണമായും ഇതുവരെ വാക്സിനേഷന് എടുത്തു കഴിഞ്ഞിട്ടില്ല. വാക്സിൻ എടുത്തിട്ടും ഇവരില്‍ 3 ശതമാനം മുതല്‍ 4 ശതമാനം വരെ വൈറസ് പരിശോധനയില്‍ പോസിറ്റീവ് ആകുന്നുണ്ട്. ഉത്സവകാലത്ത് കോവിഡ് 19 വൈറസിന്റെ വ്യാപനം കൂടുതലായിരിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍, അതിനുശേഷം ഉടന്‍ പരീക്ഷകള്‍ നിശ്ചയിച്ച് ഓഫ്ലൈന് മോഡില്‍ മാത്രം നടത്തുകയാണെങ്കില്‍ അത് ഒരു അതിവ്യാപനത്തിന് വഴി തെളിക്കും' എന്നും രക്ഷകര്‍ത്താക്കള്‍ വിദ്യാഭ്യാസ മന്ത്രിക്കെഴുതിയ കത്തില്‍ പറയുന്നു.
നിലവില്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ മോഡിലാണ് വിദ്യഭ്യാസം നടക്കുന്നത് അതിനാല്‍ പരീക്ഷകളും ഓണ്‍ലൈനാക്കുന്നതാണ് ന്യായം എന്നാണ് രക്ഷകര്‍ത്താക്കളുടെ അഭിപ്രായം.
നിലവിലെ നയമനുസരിച്ച് കുട്ടികളുടെ ശാരീരിക മാനസികാരോഗ്യം കണക്കിലെടുത്തു കൊണ്ട് രക്ഷകര്‍ത്താക്കള്‍ അനുമതി നല്കിയാല് മാത്രമേ കുട്ടികള്‍ സ്കൂളുകളിൽ വരേണ്ടതായുള്ളൂ. ശരിയായ പരീക്ഷയുടെ ലക്ഷ്യം തന്നെ ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടെ നീതിയുക്തമായ മൂല്യനിര്‍ണ്ണയം സുഗമമാക്കുക എന്നാതായിരിക്കുമ്പോള് ഈ നയം പരീക്ഷകള്‍ക്ക് ബാധകമാകാതിരിക്കുന്നത് യുക്തി രഹിതവും ഏകപക്ഷീയവുമാണ് എന്ന് രക്ഷിതാക്കള്‍ കത്തില്‍ ആരോപിക്കുന്നു.
'സിബിഎസ്ഇ വിദ്യാര്‍ത്ഥികളുടെ മൂല്യനിര്‍ണ്ണയം നടത്തുമ്പോള്‍ ജീവിക്കാനുള്ള അവകാശത്തിനും ആരോഗ്യത്തിനുമായിരിക്കണം മുന്‍ഗണന നല്‍കേണ്ടത്. ചില സംസ്ഥാനങ്ങള്‍ ഇപ്പോഴും റെഡ് സോണിന് കീഴിലാണെന്ന് എല്ലാവര്ക്കും അറിയാവുന്നതാണ് അതിനാല്‍ ഇന്ത്യയിലുടനീളം ഓഫ്ലൈന് പരീക്ഷകള്‍ നടത്തുന്നത് നിലവിലുള്ള കോവിഡ് പ്രോട്ടോക്കോളുകളുടെ ലംഘനത്തിലേക്ക് നയിക്കും' എന്നും രക്ഷകര്‍ത്താക്കള്‍ കത്തിലൂടെ ചൂണ്ടികാട്ടുന്നു.
നേരത്തെ, ബോര്‍ഡ് പരീക്ഷകള്‍ക്ക് ഓണ്‍ലൈന്‍ (online ), ഓഫ്ലൈന് (Offline) ഓപ്ഷനുകള്‍ അല്ലെങ്കില്‍ ഒരു ഹൈബ്രിഡ് (Hybrid )മോഡ് പരീക്ഷാ രീതി വേണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
എന്നാല്‍, ഈ അവസാന നിമിഷത്തെ നിയമനടപടിക്രമങ്ങള്‍ ശരിയല്ല എന്നാണ് ഇരുഭാഗത്തെയും വാദങ്ങള്‍ കേട്ട ശേഷം ബെഞ്ച് പറഞ്ഞത്. ഓഫ്ലൈന് പരീക്ഷകള്‍ നടത്തണം എന്നാവശ്യപ്പെട്ടുള്ള വിജ്ഞാപനം ഒക്ടോബറില്‍ പുറത്തിറങ്ങിയതാണെന്ന് നവംബറില്‍ വാദം കേട്ട് ബെഞ്ച് ചൂണ്ടികാട്ടി. അതിനാല്‍, ഈ വൈകിയ ഘട്ടത്തില്‍ റിട്ട് ഹര്‍ജി പരിഗണിക്കാനാവില്ല എന്നും എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും പറഞ്ഞ് ബെഞ്ച് റിട്ട് ഹര്‍ജി തീര്‍പ്പാക്കുകയും ചെയ്തു.
ഈ വര്‍ഷം, സിബിഎസ്ഇ പരീക്ഷ രീതികളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. രണ്ട് ബോര്‍ഡ് പരീക്ഷകളും ഓഫ്ലൈന് മോഡില്‍ നടത്താനാണ് തീരുമാനം. ഒന്നാം ടേം പരീക്ഷകള്‍ മള്‍ട്ടിപ്പിള്‍ ചോയ്സ് (MCQ) മോഡില്‍ നടത്തുമെന്നും ബോര്‍ഡ് അറിയിച്ചിരുന്നു. അതേസമയം രണ്ടാം ടേമിലെ പരീക്ഷകള്‍ സബ്ജക്റ്റീവ് ആയിരിക്കും. കൂടാതെ വിഷയങ്ങളെ മൈനര്‍, മേജര്‍ എന്നിങ്ങനെ തരംതിരിച്ചിട്ടുമുണ്ട്.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിന്റെ ടേം പരീക്ഷകള്‍ നവംബര്‍ 16ന് തുടങ്ങി. മൈനര്‍ വിഷയങ്ങളുടെ പരീക്ഷ ആണ് നവംബര്‍ 16 ന് ആരംഭിച്ചത്. പ്രധാന വിഷയങ്ങളുടെ പരീക്ഷ ഡിസംബര്‍ 1 മുതല്‍ തുടങ്ങി.
കോവിഡ് സാഹചര്യം കണക്കിലെടുത്ത്, പരീക്ഷയ്ക്ക് എത്തുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ മാസ്ക് ധരിക്കുകയും സാനിറ്റൈസര്‍ കൈവശം വയ്ക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം എന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: CBSE, Omicron, Omicron Threat