• HOME
  • »
  • NEWS
  • »
  • career
  • »
  • Bipin Rawat - Madhulika Rawat | അന്തരിച്ച CDS ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും വിദ്യാഭ്യാസത്തെക്കുറിച്ച് അറിയാം

Bipin Rawat - Madhulika Rawat | അന്തരിച്ച CDS ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും വിദ്യാഭ്യാസത്തെക്കുറിച്ച് അറിയാം

സിഡിഎസ് ബിപിൻ റാവത്തിന്റെയും ഭാര്യ മധുലികയുടെയും വിദ്യാഭ്യാസ യോഗ്യതകൾ അറിയാം.

  • Share this:
    ഇന്ത്യൻ വ്യോമസേനയുടെ എംഐ-17 വി 5 (Mi-17V5) ഹെലികോപ്റ്റർ തമിഴ്‌നാട്ടിലെ ഊട്ടിക്ക് സമീപം കൂനൂരിൽ തകർന്ന് വീണതിനെ തുടർന്ന് സംയുക്ത സൈനിക മേധാവി (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് - സിഡിഎസ്) ബിപിൻ റാവത്തും ഭാര്യയുമടക്കം മറ്റ് 13 പേരാണ് മരിച്ചത്. സിഡിഎസ് ബിപിൻ റാവത്തിന്റെയും ഭാര്യ മധുലികയുടെയും വിദ്യാഭ്യാസ യോഗ്യതകൾ അറിയാം.

    ബിപിൻ റാവത്തിന്റെ വിദ്യാഭ്യാസകാലം

    ഇന്ത്യയുടെ ആദ്യത്തെ സിഡിഎസ് ആയിരുന്നു ബിപിൻ റാവത്ത്. 2020 ജനുവരി 1നാണ് അദ്ദേഹം ചുമതലയേറ്റത്. ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് റാവത്ത് ജനിച്ചത്. ഡെറാഡൂൺ ആസ്ഥാനമായുള്ള റസിഡൻഷ്യൽ സ്‌കൂളായ കേംബ്രിയൻ ഹിൽ സ്‌കൂളിലാണ് അദ്ദേഹം തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

    63 കാരനായ ബിപിൻ റാവത്തിന്റെ വിയോഗത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ സുധേഷ് ബിയാല അനുശോചനം രേഖപ്പെടുത്തി. കഠിനാധ്വാനിയും അച്ചടക്കവുമുള്ള വിദ്യാർത്ഥിയായിരുന്നു റാവത്തെന്ന് ബിയാല പറഞ്ഞു.

    1971ൽ റാവത്ത് സ്കൂൾ മാറുകയും തുടർന്ന് ഷിംലയിലെ സെന്റ് എഡ്വേർഡ് സ്‌കൂളിൽ പഠനം തുടരുകയും ചെയ്തു. അക്കാലത്ത് അദ്ദേഹത്തിന്റെ പിതാവിന് ഷിംലയിലായിരുന്നു ജോലി. റാവത്ത് 1971 മുതൽ 1973 വരെ സെന്റ് എഡ്വേർഡ്‌സിൽ ഉണ്ടായിരുന്നു. ചൊവ്വാഴ്ച, സ്‌കൂൾ ബിപിൻ റാവത്തിന് ആദരാഞ്ജലി അർപ്പിക്കാൻ ഒരു പ്രാർത്ഥനായോഗം നടത്തിയതായി മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

    Also Read- CDS Gen Bipin Rawat | ജനറൽ ബിപിൻ റാവത്തിനും ഭാര്യ മധുലിക റാവത്തിനും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

    തലമുറകളായി, റാവത്തിന്റെ കുടുംബം രാഷ്ട്രത്തിന് വേണ്ടി സേവനമനുഷ്ഠിക്കുന്നവരാണ്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, അദ്ദേഹവും അതേ പാത പിന്തുടർന്നു. തുടർന്ന് ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ ചേർന്നു. അവിടെ വച്ച് അദ്ദേഹത്തിന് ‘ഓണർ ഓഫ് ഓണർ’ എന്ന ബഹുമതിയും ലഭിച്ചിരുന്നു. വെല്ലിംഗ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിൽ പഠിച്ചിട്ടുള്ള അദ്ദേഹം ആർമി കമാൻഡ് ആൻഡ് ജനറൽ സ്റ്റാഫ് കോളേജിൽ നിന്ന് ഹയർ കമാൻഡ് കോഴ്‌സും പൂർത്തിയാക്കിയിട്ടുണ്ട്. ഇതുകൂടാതെ, മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഫൻസ് സ്റ്റഡീസിൽ എംഫിൽ ബിരുദവും നേടിയിട്ടുണ്ട്. മീററ്റിലെ ചൗധരി ചരൺ സിംഗ് സർവ്വകലാശാല അദ്ദേഹത്തിന്റെ ധീരതയെ അംഗീകരിച്ചുകൊണ്ട് ജനറൽ റാവത്തിനെ ഡോക്ടർ ഓഫ് ഫിലോസഫി നൽകി ആദരിച്ചിട്ടുണ്ട്.

    മധുലിക റാവത്തിന്റെ വിദ്യാഭ്യാസ യോഗ്യത

    1963 ഫെബ്രുവരി 7ന് മധ്യപ്രദേശിലെ ഷാഹ്‌ദോലിൽ ജനിച്ച മധുലിക റാവത്ത് അന്തരിച്ച രാഷ്ട്രീയ നേതാവ് മൃഗേന്ദ്ര സിംഗിന്റെ മകളാണ്. ഗ്വാളിയോറിലെ സിന്ധ്യ കന്യാ വിദ്യാലയത്തിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ തുടർ പഠനത്തിനായി ഡൽഹിയിലേക്ക് പോയി. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ സൈക്കോളജിയിലാണ് ബിരുദം നേടിയത്.

    1985ലാണ് ബിപിൻ റാവത്തും മധുലികയും വിവാഹിതരായത്. രണ്ട് പെൺമക്കളാണ് ഇവർക്കുള്ളത്. കൃതിക, തരിണി എന്നിങ്ങനെയാണ് മക്കളുടെ പേര്. ആർമി വൈവ്സ് വെൽഫെയർ അസോസിയേഷന്റെ (AWA) പ്രസിഡന്റായിരുന്നു മധുലിക റാവത്ത്. ഇന്ത്യൻ സൈനികരുടെ ഭാര്യമാരുടെയും കുട്ടികളുടെയും അവരെ ആശ്രയിക്കുന്ന മറ്റ് അംഗങ്ങളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഏറ്റവും വലിയ എൻജിഒയാണിത്. ഇതുകൂടാതെ, വിവിധ ക്ഷേമ പരിപാടികളിലും പ്രചാരണങ്ങളിലും അവർ സജീവ പങ്ക് വഹിച്ചിരുന്നു. കാൻസർ ബാധിതർക്കായി വിവിധ സാമൂഹിക പ്രവർത്തനങ്ങൾക്കായും മധുലിക പ്രവർത്തിച്ചിരുന്നു.
    Published by:Rajesh V
    First published: