ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെ എന്‍ യു) ഓഗസ്റ്റ് 23 വരെ ക്യാമ്പസില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീട്ടി. ക്യാമ്പസിനകത്ത് പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രിത പ്രവര്‍ത്തനങ്ങളും സംബന്ധിച്ച പട്ടിക ഔദ്യോഗിക പോര്‍ട്ടലിലൂടെ സര്‍വകലാശാല പുറത്തുവിട്ടു. ഓഗസ്റ്റ് 9 മുതല്‍ ഓഗസ്റ്റ് 23 വരെ സര്‍വകലാശാലയിലെ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും ഓഫീസുകളിലെത്തി ജോലി ചെയ്യാന്‍ നിയന്ത്രണമില്ല. എന്നാല്‍, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഡോ. ബി ആര് അംബേദ്കര്‍ സെന്‍ട്രല്‍ ലൈബ്രറി തുറന്നു പ്രവര്‍ത്തിക്കില്ല.
ആളുകളുടെ ക്ഷേമവും സുരക്ഷയും മുന്‍നിര്‍ത്തി അവശ്യ സേവനങ്ങള്‍ ഒഴികെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീട്ടുകയാണെന്ന് ജെ എന്‍ യു ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ക്യാമ്പസിലേക്കും പുറത്തേക്കും പോകുന്ന വാഹനങ്ങളെയും യാത്രക്കാരെയും കൃത്യമായ പരിശോധനയ്ക്ക് ശേഷം മാത്രമേ കടത്തിവിടാവൂ എന്ന് സര്‍വകലാശാല സുരക്ഷാ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഷോപ്പിങ് കോംപ്ലക്സ്, തപ്തി, പശ്ചിമാബാദ്, പൂര്‍വാഞ്ചല്‍ കോംപ്ലക്സുകള്‍ എന്നിവിടങ്ങളിലെ കടകള്‍ക്കും ക്യാമ്പസിനകത്ത് ഒറ്റയ്ക്ക് പ്രവര്‍ത്തിക്കുന്ന മറ്റു കടകള്‍ക്കും എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ രാത്രി 8 മണി വരെ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്.
രാവിലെ 8 മണി മുതല്‍ രാത്രി 10 മണി വരെ എല്ലാ ക്യാന്റീനുകള്‍ക്കും പ്രവര്‍ത്തിക്കാവുന്നതാണ്. എന്നാല്‍, ഒരേ സമയം 50 ശതമാനം പേര്‍ക്ക് മാത്രമേ ഇവിടെ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയുള്ളൂ. എല്ലാവരും മാസ്ക് ധരിക്കല്‍, സാമൂഹ്യ അകലം പാലിക്കല്‍, കൈകള്‍ പതിവായി സോപ്പിട്ട് കഴുകല്‍, സാനിറ്റൈസര്‍ ഉപയോഗിക്കല്‍ മുതലായ കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് സര്‍വകലാശാലാ അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്കുന്നു. ക്യാമ്പസിനകത്ത് തുപ്പുന്നതും മദ്യം, പാന്‍, ഗുട്ക, പുകയില ഉത്പന്നങ്ങള്‍ എന്നിവയുടെ ഉപഭോഗവും നിരോധിച്ചിട്ടുണ്ട്. കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍വകലാശാലാ അധികൃതര്‍ അറിയിക്കുന്നു.
കോവിഡ് മാനദണ്ഡങ്ങള്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും വിധേയമായി സ്പോര്‍ട്സ് കോംപ്ലക്സ് തുറക്കും. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള് മുഖാന്തിരം എല്ലാത്തരം ഉത്പന്നങ്ങളുടെയും വിതരണത്തിന് അനുമതി നല്‍കിയിട്ടുണ്ട്. ഡെലിവറി ജീവനക്കാര്‍ അവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ സമര്‍പ്പിക്കണമെന്ന് മാത്രം. ക്യാമ്പസിനകത്തെ ഇ-റിക്ഷ സേവനത്തിന് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഒരേ സമയം രണ്ട് യാത്രക്കാര്‍ക്ക് മാത്രമേ ഒരു വാഹനത്തില്‍ സഞ്ചരിക്കാന്‍ അനുവാദമുള്ളൂ.
സര്‍വകലാശാലയുടെ കമ്യൂണിറ്റി സെന്ററില്‍ വിവാഹസംബന്ധമായ പരിപാടികള്‍ നടത്തുന്നതില്‍ മുമ്പ് ഏര്‍പ്പെടുത്തിയ നിയന്ത്രണവും നീക്കിയിട്ടുണ്ട്. എന്നാല്‍, പരമാവധി 100 പേര്‍ക്ക് മാത്രമേ പരിപാടികളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കൂ. മരണാനന്തര ചടങ്ങുകള്‍ക്കും മറ്റ് ഒത്തുചേരലുകള്‍ക്കും പരമാവധി 100 പേര്‍ക്കേ പ്രവേശനം ഉണ്ടാവുകയുള്ളൂ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.