• HOME
  • »
  • NEWS
  • »
  • career
  • »
  • Infosys | സ്ത്രീകളെയും ഇന്ത്യക്കാരെയും ജോലിക്ക് എടുക്കാത്ത ഇൻഫോസിസിൻ്റെ 'വിവേചന സംസ്കാരം'

Infosys | സ്ത്രീകളെയും ഇന്ത്യക്കാരെയും ജോലിക്ക് എടുക്കാത്ത ഇൻഫോസിസിൻ്റെ 'വിവേചന സംസ്കാരം'

ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്ടിനായുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിസ്ട്രിക്ട് കോടതിയിലാണ് കമ്പനിക്കെതിരായ കേസ് നടക്കുന്നത്.

  • Share this:
ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിൽ പ്രായം, ലിംഗഭേദം, ദേശീയത എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം വെച്ചുപുലർത്തുന്നതായി മുൻ ജീവനക്കാരി പരാതി നൽകിയതിനെ തുടർന്ന് അമേരിക്കയിൽ കേസ് നേരിടുകയാണ് ഇന്ത്യൻ ഐടി കമ്പനിയായ ഇൻഫോസിസ്. ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്ടിനായുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിസ്ട്രിക്ട് കോടതിയിലാണ് കമ്പനിക്കെതിരായ കേസ് നടക്കുന്നത്.

കേസിന്റെ വിശദാംശങ്ങൾ

2018-ൽ, തൻ്റെ 59-ാം വയസ്സിൽ, ഒരു വർഷം ഒരു ബില്ല്യൺ ഡോളറിൻ്റെ വിറ്റുവരവുള്ള കൺസൾട്ടിംഗ് വിഭാഗത്തിനായി ജീവനക്കാരെ കണ്ടെത്താനാണ് തന്നെ നിയമിച്ചതെന്ന് ടാലൻ്റ് അക്വിസിഷൻ മുൻ വൈസ് പ്രസിഡൻ്റ് ജിൽ പ്രജീൻ പറയുന്നു.

മുൻ ഇൻഫോസിസ് സഹപ്രവർത്തകരായിരുന്ന ജെറി കേട്സ്, ഡാൻ ഓൾബ്രൈറ്റ് എന്നിവർക്കും കൺസൾട്ടിംഗിൻ്റെ മുൻ തലവനായിരുന്ന മാർക്ക് ലിവിംഗ്സ്റ്റണ്ണിനും എതിരായി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ജിൽ സമർപ്പിച്ച പരാതിയിൽ, പ്രായം, ലിംഗഭേദം, കെയർഗിവർ സ്റ്റാറ്റസ് എന്നിവയുടെ അടിസ്ഥാനത്തിൽ പാർട്ണർ തല എക്സിക്യുട്ടീവുമാർക്ക് ഇടയിൽ, രൂക്ഷമായ നിയമവിരുദ്ധ വിവേചനത്തിൻ്റെ സംസ്കാരം നിലനിൽക്കുന്നുണ്ട് എന്നാണ് അവർ ആരോപിച്ചിരിക്കുന്നത്. ഈ വിവേചനത്തിൻ്റെ ഫലമായാണ് തനിക്ക് ജോലി നഷ്ടപ്പെട്ടതെന്നും അവർ ആരോപിക്കുന്നു.

ജോലിക്ക് ചേർന്ന് ആദ്യ രണ്ട് മാസത്തിനുള്ളിൽ തന്നെ ഈ സംസ്കാരം മാറ്റാൻ താൻ ശ്രമിച്ചുവെന്നും എന്നാൽ ജെറിയിൽ നിന്നും ഡാനിൽ നിന്നും തനിക്ക് ഇതിൻ്റെ പേരിൽ വലിയ എതിർപ്പ് നേരിടേണ്ടി വന്നുവെന്നും ജിൽ തൻ്റെ പരാതിയിൽ ആരോപിക്കുന്നു. ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിൽ ഇൻഫോസിസിൻ്റെ ആവശ്യങ്ങളും മുൻഗണനകളും നിശ്ചയിക്കുന്നതിനായി ഇരുവരെയും കാണാൻ ചെന്നപ്പോൾ നിയമം പാലിക്കാതിരിക്കുന്നതിനായി തൻ്റെ അധികാരങ്ങളെ മറികടക്കാൻ ഇവർ ശ്രമിച്ചതായും ജിൽ ആരോപിക്കുന്നുണ്ട്.

ഇന്ത്യൻ വംശജരായ ജീവനക്കാരെ ആവശ്യമില്ലെന്നും കുട്ടികളില്ലാത്ത ജീവനക്കാരെയാണ് വേണ്ടതെന്നും 50 വയസ്സിൽ താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികളെയാണ് ആവശ്യമെന്നും പല തവണ ആവർത്തിച്ച് ആവശ്യപ്പെട്ടതായി ജിൽ പറയുന്നു. ഇൻഫോസിസിൻ്റെ മുൻ കൺസൾട്ടിംഗ് തലവൻ മാർക്ക് ലിവിംഗ്സ്റ്റണിനെ ജോലിക്കെടുത്തപ്പോഴും ഇത്തരം നിയമവിരുദ്ധ മാനദണ്ഡങ്ങൾ പാലിക്കാൻ സമ്മർദ്ദം നേരിട്ടുവെന്നും ഇതിനെ എതിർത്തപ്പോൾ ജോലി നഷ്ടപ്പെടും എന്ന ഭീഷണി ഉണ്ടായതായും ഒടുവിൽ തനിക്ക് ജോലി നഷ്ടപ്പെട്ടതായും ജിൽ പറയുന്നുണ്ട്.

50 വയസ്സിന് മുകളിൽ പ്രായമുള്ളവരെയും വീട്ടിൽ കുട്ടികൾ ഉള്ളവരെയും ജോലികൾക്കായി പരിഗണിക്കരുതെന്ന് ലിവിംഗ്സ്റ്റൺ ആവശ്യപ്പെട്ടിരുന്നതായി ജിൽ പറയുന്നു.

വിവേചനപരമായി ജോലിക്കാരെ തിരഞ്ഞെടുക്കാനുള്ള ശ്രമം എതിർത്തപ്പോൾ ലിവിംഗ്സ്റ്റൺ ദേഷ്യപ്പെടുകയും ശബ്ദമുയർത്തി സംസാരിക്കുകയും ചെയ്തിരുന്നു എന്ന് ജിൽ തൻ്റെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തന്നെ ഒരു സെക്രട്ടറിയെ പോലെയാണ് പരിഗണിച്ചിരുന്നത് എന്നും ഏറെ യോഗ്യതയുള്ള ഒരു സ്ത്രീയെ തിരഞ്ഞെടുക്കുന്നത്, ഒരു പുരുഷൻ നടത്തിയ അഭിപ്രായ പ്രകടനം കാരണം വേണ്ടെന്നു വെച്ചു എന്നും അവർ പറയുന്നു.

വിവേചനപരമായ നടപടികളെ ചെറുത്തപ്പോൾ ജോലി നഷ്ടമാകുമെന്ന് ജില്ലിനെതിരെ നിരന്തരം ഇരുവരും ഭീഷണിയുയർത്തി. അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തു. ലിവിംഗ്സ്റ്റണിന് എതിരെ എച്ച് ആർ വിഭാഗത്തിൽ പരാതി നൽകിയതോടെ ഔപചാരിക നടപടികളൊന്നും പാലിക്കാതെ തന്നെ പിരിച്ചു വിടുകയായിരുന്നു എന്നാണ് ജില്ലിൻ്റെ ആരോപണം.

കമ്പനിയും ജീവനക്കാരും ഇത്തരത്തിൽ ആരോപിക്കപ്പെടുന്ന നിയമവിരുദ്ധ നടപടികൾ കൈക്കൊണ്ടതിലൂടെ തനിക്ക് സാമ്പത്തിക നഷ്ടവും വൈകാരിക പ്രയാസങ്ങളും അപമാനവും ഉറക്കമില്ലായ്മയും ആശങ്കയും വിഷാദരോഗവും അനുഭവിക്കേണ്ടി വന്നു എന്നാണ് അവർ ആരോപിക്കുന്നത്. ആരോപണങ്ങൾ നിഷേധിച്ച ഇൻഫോസിസ് കേസ് റദ്ദാക്കാനായി ഹർജി നൽകിയെങ്കിലും ഇത് യുഎസ് കോടതി തള്ളിക്കളഞ്ഞിരിക്കുകയാണ്. പകരം, 21 ദിവസത്തിനകം മറുപടി നൽകാനാണ് കോടതി കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Also read : സാങ്കേതിക വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് രാജ്യ പുരോഗതി വേഗത്തിലാക്കും: രാഷ്ട്രപതി

ഇൻഫോസിസിനെതിരായ വിവേചന ആരോപണം

വൻകിട ഐടി കമ്പനിയായ ഇൻഫോസിസ് ഇത് ആദ്യമായല്ല വിവേചന ആരോപണം നേരിടുന്നത്. സ്ത്രീകൾ ആയതിനാൽ തങ്ങൾക്കെതിരെ ഇൻഫോസിസ് വിവേചനപരമായി പെരുമാറി എന്ന് നാല് മുൻ ജീവനക്കാരികൾ 2021-ൽ ആരോപിച്ചിരുന്നു.

പുരുഷ ജീവനക്കാർക്ക് കുടുംബം നോക്കേണ്ടതുണ്ട് എന്നും സ്ത്രീകളെ സംരക്ഷിക്കാൻ പുരുഷന്മാർ ഉണ്ട് എന്നും ചൂണ്ടിക്കാട്ടി ഇൻഫോസിസിൻ്റെ അമേരിക്കയിലെ ഓഫീസുകളിൽ സ്ത്രീകൾക്ക് നേരെ പുരുഷ ജീവനക്കാർ വിവേചനം കാട്ടിയിരുന്നതായാണ് ഈ നാല് സ്ത്രീകൾ നൽകിയ പരാതിയിൽ പറഞ്ഞിരുന്നത് എന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്തു.

ഐടി രം​ഗത്തെ വിവേചനം

ഐടി വ്യവസായത്തിൽ വിവേചനം നിലനിൽക്കുന്നതായി ഈ മേഖലയിൽ മുൻപ് ജോലി ചെയ്തിരുന്നവരും നിലവിൽ ജോലി ചെയ്യുന്നവരും പല തവണ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ടെക് റിക്രൂട്ട്മെൻ്റുകളിൽ വിവേചനം ഉള്ളതായി പല സർവ്വേകളും സൂചന നൽകിയിട്ടുണ്ട്. 2022-ൻ്റെ തുടക്കത്തിൽ, ഉദ്യോഗാർത്ഥികളെ വിലയിരുത്തുന്നതിനുള്ള പ്ലാറ്റ്‌ഫോമായ കോഡർപാഡ് നടത്തിയ പഠനത്തിൽ, റിക്രൂട്ടർമാർ ഉൾപ്പെടെയുള്ള ഐടി വ്യവസായത്തിലെ 65 ശതമാനം ജീവനക്കാരും, ടെക് റിക്രൂട്ട്മെൻ്റിൽ വിവേചനം നടക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു.

വംശവും ദേശീയതയും അടിസ്ഥാനമാക്കി വിവേചനം നേരിടുന്നതായി ആരോപിച്ച് അമേരിക്കയിലുള്ള നാല് മുൻ ജീവനക്കാർ ഇന്ത്യൻ കമ്പനിയായ വിപ്രോയ്ക്ക് എതിരെ പരാതി നൽകിയിരുന്നു. തൊഴിൽ പരമായ വിവേചനം കാണിക്കുന്നു എന്നാണ് ഇവർ ആരോപണം ഉന്നയിച്ചത്. മുൻ ജീവനക്കാരായിരുന്ന ഗ്രിഗറി മക് ലീൻ, റിക്ക് വാലസ്, ഏപ്രിൽ കേർലി, ആർഡെഷിർ സെഷ്ക്കി, ജെയിംസ് ഗിബ്സ്, റൊണാൾഡ് ഹെമൻവേ എന്നിവരാണ് ബാംഗ്ലൂർ ആസ്ഥാനമായുള്ള കമ്പനിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഇന്ത്യൻ, ദക്ഷിണേഷ്യൻ വംശജർ അല്ലാത്തവർ കമ്പനിയിൽ വിവേചനം നേരിടുന്നു എന്നായിരുന്നു ഇവരുടെ കുറ്റപ്പെടുത്തൽ.

ആഗോള ടെക് ഭീമനായ ഗൂഗിളിനെതിരെയും ഇത്തരം ആരോപണം ഉയർന്നിട്ടുണ്ട്. മാർച്ചിൽ ഫയൽ ചെയ്ത കേസിൽ, കറുത്ത വർഗ്ഗക്കാരായ ജീവനക്കാർക്കെതിരെ വ്യവസ്ഥാപിതമായ രീതിയിൽ വിവേചനം കമ്പനിയിൽ നടക്കുന്നുണ്ട് എന്നതായിരുന്നു ആരോപണം. കറുത്ത വർഗ്ഗക്കാരായ ജീവനക്കാർക്ക് താഴ്ന്ന നിലയിലുള്ള ജോലികളാണ് നൽകിയിരുന്നതെന്നും കുറഞ്ഞ വേതനം മാത്രമാണ് ഇവർക്ക് നൽകിയിരുന്നതെന്നുമായിരുന്നു ഏപ്രിൽ കേർലി എന്ന വ്യക്തി ഗൂഗളിനെതിരെ ആരോപിച്ചത്. വംശീയ വേർതിരിവ് കാരണം കറുത്ത വർഗ്ഗക്കാരായ ജീവനക്കാർ പ്രധാന പോസ്റ്റുകളിലേക്ക് ഉയർന്നു വരുന്നത് തടഞ്ഞിരുന്നു എന്നും ആരോപണമുണ്ടായിരുന്നു.

ലിംഗഭേദം, ദേശീയത എന്നിവയുടെ പേരിൽ വിവേചനം കാണിക്കുന്നു എന്ന് ആരോപിച്ച് 2015-ൽ മൈക്രോസോഫ്റ്റിനെതിരെ കേസ് ഫയൽ ചെയ്തിരുന്നു. വൈവിധ്യമാർന്ന ആളുകളെ ജോലിക്കെടുക്കുന്നത് ഐടി കമ്പനികളിൽ ഒരു പ്രശ്നമായി തുടരുന്നു എന്ന് അക്കാദമിക് പബ്ലിഷിംഗ് സ്ഥാപനമായ വിലിയുടെ 2021-ലെ ഒരു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. തങ്ങളുടെ ജീവനക്കാരിൽ വൈവിധ്യം കുറവാണെന്ന് ഈ മേഖലയിലെ 68 ശതമാനം ബിസിനസ് നേതാക്കന്മാരും അഭിപ്രായപ്പെട്ടതായി ഈ പഠനം പറയുന്നു.

കമ്പനിയുടെ സംസ്കാരം തങ്ങൾക്ക് അനുകൂലമല്ലെന്നോ തങ്ങൾക്ക് അസൗകര്യം തോന്നുന്ന വിധത്തിലാണെന്നോ കരുതുന്നതുകൊണ്ട് ജോലി ഉപേക്ഷിച്ചെന്നോ ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നെന്നോ 2021 ജൂലൈയിൽ നടത്തിയ ഒരു സർവ്വേയിൽ പങ്കെടുത്ത 50 ശതമാനം ആളുകളും പറഞ്ഞിരുന്നു. അമേരിക്കയിലെ 18-നും 28-നും ഇടയിലുള്ള 2030 പേരിലാണ് ഈ സർവേ നടത്തിയത്.
Published by:Amal Surendran
First published: