• HOME
 • »
 • NEWS
 • »
 • career
 • »
 • ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവറുടെ മകൾക്ക് ജുഡീഷ്യറി പരീക്ഷയിൽ 66-ാം റാങ്ക്

ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവറുടെ മകൾക്ക് ജുഡീഷ്യറി പരീക്ഷയിൽ 66-ാം റാങ്ക്

“കഴിഞ്ഞ 31 വർഷമായി എന്റെ അച്ഛൻ ചീഫ് ജസ്റ്റിസിന്റെ ഡ്രൈവറാണ്. വളരെ ചെറുപ്പത്തിൽ തന്നെ കറുത്ത കോട്ടിനോട് എനിക്ക് വല്ലാത്ത താൽപര്യം തോന്നിയിരുന്നു. കോടതിയുടെ ചുറ്റുപാടുകളോടും പണ്ടേ ഇഷ്ടമുണ്ടായിരുന്നു''

 • Share this:
  ജയ്പൂർ: രാജസ്ഥാനിലെ ചീഫ് ജസ്റ്റിസിന്റെ ഡ്രൈവറുടെ മകൾക്ക് രാജസ്ഥാൻ ജുഡീഷ്യറി പരീക്ഷയിൽ ഉന്നത വിജയം. 23കാരിയായ കാർത്തിക ഗെഹ്ലോട്ട് 66-ാം റാങ്കാണ് നേടിയത്. തന്റെ ഏറെക്കാലമായുള്ള സ്വപ്നമാണ് സഫലമായതെന്നും ഒരിക്കൽ തനിക്ക് കറുത്ത കോട്ടിടാനുള്ള ഭാഗ്യം കൈവരുമെന്ന് ഉറപ്പായിരുന്നുവെന്നും കാർത്തിക പറഞ്ഞു.

  “കഴിഞ്ഞ 31 വർഷമായി എന്റെ അച്ഛൻ ചീഫ് ജസ്റ്റിസിന്റെ ഡ്രൈവറാണ്. വളരെ ചെറുപ്പത്തിൽ തന്നെ കറുത്ത കോട്ടിനോട് എനിക്ക് വല്ലാത്ത താൽപര്യം തോന്നിയിരുന്നു. കോടതിയുടെ ചുറ്റുപാടുകളോടും പണ്ടേ ഇഷ്ടമുണ്ടായിരുന്നു. സാധാരണ കുട്ടികൾ അവരുടെ സ്വപ്ന പ്രൊഫഷൻ ഓരോ സാഹചര്യത്തിലും മാറ്റിയേക്കാം. എന്നാൽ എനിക്ക് ജീവിതത്തിൻെറ ഓരോ ഘട്ടത്തിലും ഒരേയൊരു സ്വപ്നം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിന് വേണ്ടി കഠിനാധ്വാനം ചെയ്തത് കൊണ്ടാണ് എനിക്ക് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്,” കാർത്തിക പറഞ്ഞു.

  കാർത്തികയ്ക്ക് മൂന്ന് സഹോദരങ്ങളുണ്ട്. അവരും നിയമ മേഖലയിൽ തന്നെയാണ് പ്രവർത്തിക്കാൻ ഇഷ്ടപ്പെടുന്നതെന്നും കാർത്തിക പറഞ്ഞു. ജോധ്പൂരിലെ സെന്റ് ഓസ്റ്റിൻ സ്കൂളിലായിരുന്നു കാർത്തികയുടെ സ്കൂൾ വിദ്യാഭ്യാസം. ജോധ്പൂരിലെ തന്നെ ജയ് നരെയ്ൻ വ്യാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദവും നേടി.

  Also Read- 2255 വിട്ടൊരു കളിയില്ല; ഇഷ്ടനമ്പറില്‍ മോഹന്‍ലാലിന് ആഡംബര കാരവാന്‍

  “അഞ്ചാം സെമസ്റ്റർ, ആറാം സെമസ്റ്റർ പഠനകാലത്ത് ഞാൻ ജില്ലാ കോടതിയിൽ ഇന്റേണായി പോയിരുന്നു. അതോടെ നിയമമേഖലയോടുള്ള എന്റെ ഇഷ്ടം വർധിക്കാനും തുടങ്ങി. അങ്ങനെയിരിക്കേ കോവിഡ് 19 സമയത്താണ് ഉത്കർഷ് ആപ്പിന്റെ ഓൺലൈൻ കോഴ്സിൽ ചേരുന്നത്. അത് എന്റെ പരീക്ഷക്കുള്ള തയ്യാറെടുപ്പിന് വളരെയധികം ഗുണം ചെയ്തു,” കാർത്തിക പറഞ്ഞു.

  “ഓരോ ദിവസവും എന്റെ പഠനസമയം വ്യത്യസ്തമായിരുന്നു. എന്നാൽ ദിവസവും കുറഞ്ഞത് 3 മുതൽ 4 മണിക്കൂർ വരെ പഠിക്കുമായിരുന്നു. അക്കാര്യത്തിൽ സ്ഥിരത പുലർത്തിയിരുന്നു. എന്നാൽ പരീക്ഷ അടുത്ത സമയത്ത് ദിവസവും 10-12 മണിക്കൂർ വരെ പഠിച്ചു. ആ സമയത്ത് റിവിഷനാണ് കാര്യമായി നടത്തിയത്,” തന്റെ പഠനരീതിയെക്കുറിച്ച് കാർത്തിക കൂട്ടിച്ചേർത്തു. പഠനസമയത്തെ സമ്മർദ്ദം കുറയ്ക്കുന്നതിൽ സംഗീതമാണ് തന്നെ സഹായിച്ചതെന്നും അവർ പറഞ്ഞു.

  Also Read- ആസ്തി 85700 കോടിയിലധികം; സ്വർണം14 ടൺ; ഭൂമി 7123 ഏക്കർ; തിരുമല തിരുപ്പതി ദേവസ്ഥാനം സ്വത്ത് വിവരങ്ങൾ

  “നിയമം പഠിച്ചാൽ പിന്നെ പെൺകുട്ടികൾ വിവാഹം കഴിക്കില്ലെന്ന് ചില രക്ഷിതാക്കൾ കരുതുന്നുണ്ട്. എന്നാൽ പെൺകുട്ടികൾക്ക് സ്വതന്ത്രമായി മുന്നോട്ട് പോകാനും സ്വന്തം കാലിൽ നിൽക്കാനും നിയമം പഠിക്കുന്നത് നല്ലതാണെന്നാണ് എൻെറ അഭിപ്രായം,” കാർത്തിക പറഞ്ഞു. “സ്ത്രീകൾക്ക് മാത്രമല്ല, എല്ലാവർക്കും നിയമത്തെക്കുറിച്ച് അടിസ്ഥാനപരമായ ധാരണ ഉണ്ടായിരിക്കണം. ദൈനംദിന ജീവിതത്തിൽ തന്നെ സ്വന്തം അവകാശങ്ങൾക്ക് വേണ്ടി പോരാടാൻ ഇത് ആളുകളെ സഹായിക്കും. സ്കൂളുകളിൽ നിയമമേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്,” അവർ വ്യക്തമാക്കി.

  പഠനസമയത്ത് സോഷ്യൽ മീഡിയയിൽ നിന്ന് അകലം പാലിച്ചതും കാർത്തികയുടെ നേട്ടത്തിൻെറ പ്രധാന കാരണങ്ങളിൽ ഒന്നാണ്. “എനിക്ക് ഇൻസ്റ്റഗ്രാമിലോ ഫേസ്ബുക്കിലോ അക്കൗണ്ടില്ല. ആകെ വാട്ട്സാപ്പാണ് ഉള്ളത്. അതും അത്യാവശ്യത്തിന് മാത്രമാണ് ഉപയോഗിക്കാറുള്ളത്,” കാർത്തിക പറഞ്ഞു.
  Published by:Rajesh V
  First published: