സിബിഎസ്ഇ, ഐസിഎസ്ഇ എന്നീ പാഠ്യപദ്ധതിയിലെ വ്യത്യാസം ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ഡൽഹി സർക്കാർ, സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ, ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ, മറ്റ് സംസ്ഥാന ബോർഡുകൾ എന്നിവയ്ക്ക് മറുപടി നൽകാൻ ഡൽഹി ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചു. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മയും ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദും അടങ്ങുന്ന ബെഞ്ച് ഹർജി 2023 ഏപ്രിൽ 14ന് കൂടുതൽ വാദം കേൾക്കുന്നതിനായി മാറ്റി.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 16 ആർട്ടിക്കിളുകൾ പ്രകാരം പ്രസ്തുത പാഠ്യപദ്ധതിയിലെ വ്യത്യാസം വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിനുള്ള തുല്യ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ അശ്വിനി ഉപാധ്യായ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ബെഞ്ച്. നേരിട്ട് ഹാജരായ ഉപാധ്യായ, നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻസിഇആർടി) ഇതിൽ പ്രധാന കക്ഷിയാണെന്നും അവരുടെ ഇടപെടൽ തേടണമെന്നും കോടതിയോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് സിജെ ശർമ്മ ഇത് അനുവദിച്ചു.
Also Read-കാനഡയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ ബന്ധുക്കൾക്കും ഇനി ജോലിക്ക് അപേക്ഷിക്കാം
വിദ്യാഭ്യാസത്തിനുള്ള അവകാശം എന്നത് തുല്യ വിദ്യാഭ്യാസത്തിനുള്ള അവകാശം കൂടിയാണെന്ന് വാദിച്ച ഹർജിക്കാരൻ, വിവിധ വിദ്യാഭ്യാസ ബോർഡുകളിലുടനീളം ഒരു ഏകീകൃത പാഠ്യപദ്ധതി നടപ്പിലാക്കാൻ ദേശീയ വിദ്യാഭ്യാസ കൗൺസിലിന് കഴിയുമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.
“വിദ്യാഭ്യാസ മാഫിയകൾ വളരെ ശക്തരാണ്. അവർ നിയമങ്ങൾ, നയങ്ങൾ, പരീക്ഷകൾ എന്നിവയെ സ്വാധീനിക്കുന്നു. മത്സര പരീക്ഷകളിൽ ചോദിക്കുന്ന ചോദ്യങ്ങൾ സർക്കാർ സ്കൂളുകളിൽ പഠിപ്പിക്കുന്നില്ല. സ്കൂൾ മാഫിയകൾക്ക് ‘ഒരു രാജ്യം ഒരു വിദ്യാഭ്യാസ ബോർഡ്’ എന്ന നയം ആവശ്യമില്ല എന്നതാണ് വാസ്തവം. കോച്ചിംഗ് മാഫിയകളും പുസ്തക മാഫിയകളും ഒരു രാജ്യം ഒരു സിലബസ് എന്ന നയത്തെ എതിർക്കുന്നു.
12ാം ക്ലാസ് വരെയുള്ള ഒരു പൊതു വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അഭാവത്തിന് കാരണം ഇവരാണ്. EWS, BPL, MIG, HIG, എലൈറ്റ് ക്ലാസ് എന്നിങ്ങനെ സമൂഹത്തെ വിഭജിച്ച്, സോഷ്യലിസം, മതേതരത്വം, സാഹോദര്യം, രാജ്യത്തിന്റെ ഐക്യം എന്നീ മൂല്യങ്ങൾക്കെതിരെയും പ്രസ്തുത കോച്ചിംഗ്, ബുക്ക് മാഫിയകൾ പ്രവർത്തിക്കുകയാണ്” ഹർജിക്കാരനായ ഉപാധ്യായ വാദിച്ചു.
Also Read-ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 14ന് ആരംഭിക്കും; അവധി 23 മുതൽ
കൂടാതെ അതത് മാതൃഭാഷയിലുള്ള ഒരു പൊതു പാഠ്യപദ്ധതി മനുഷ്യബന്ധങ്ങളിലെ അസമത്വവും വിവേചനപരമായ മൂല്യങ്ങളുടെ അപചയവും ഇല്ലാതാക്കുമെന്നും ഉപാധ്യായ ചൂണ്ടിക്കാട്ടി. ഇതിലൂടെ സമൂഹത്തിലെ സദ്ഗുണങ്ങൾ വർദ്ധിപ്പിക്കാനും ജീവിത നിലവാരവും ചിന്തകളും ഉയർത്താനും കഴിയുമെന്നും ഹർജിക്കാരൻ കോടതിയെ ധരിപ്പിച്ചു. ഇത് സമത്വ സമൂഹം എന്ന വിശാലമായ ഭരണഘടനാ ലക്ഷ്യത്തെ മുന്നോട്ട് നയിക്കുമെന്നും അഭിഭാഷകൻ അശ്വിനി ഉപാധ്യായ കോടതിയെ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.