നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • ഡൽഹിയിൽ സ്കിൽ ആൻഡ് ഓൺട്രപ്രണർഷിപ്പ് യൂണിവേഴ്സിറ്റി: 13 കാമ്പസുകൾ; 39 കോഴ്‌സുകൾ, 6,000 സീറ്റുകൾ

  ഡൽഹിയിൽ സ്കിൽ ആൻഡ് ഓൺട്രപ്രണർഷിപ്പ് യൂണിവേഴ്സിറ്റി: 13 കാമ്പസുകൾ; 39 കോഴ്‌സുകൾ, 6,000 സീറ്റുകൾ

  ഡൽഹിയിലെ യുവാക്കൾക്ക് തൊഴിലിൽ പ്രാവീണ്യം നേടുന്നതിനും അനുയോജ്യമായ ജോലികളിലേക്ക് പ്രവേശനം ഉറപ്പാക്കുന്നതുമായ പാഠ്യ പദ്ധതിയാണ് യൂണിവേഴ്സിറ്റി തയ്യാറാക്കിയിരിക്കുന്നത്.

  ഡൽഹിയിലെ പുതിയ സ്കിൽ ആൻഡ് ഓൺട്രപ്രണർഷിപ്പ് യൂണിവേഴ്സിറ്റിയിൽ വിവിധ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു.
(പ്രതീകാത്മക ചിത്രം)

  ഡൽഹിയിലെ പുതിയ സ്കിൽ ആൻഡ് ഓൺട്രപ്രണർഷിപ്പ് യൂണിവേഴ്സിറ്റിയിൽ വിവിധ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. (പ്രതീകാത്മക ചിത്രം)

  • Share this:
   ഡൽഹിയിലെ പുതിയ സ്കിൽ ആൻഡ് ഓൺട്രപ്രണർഷിപ്പ് യൂണിവേഴ്സിറ്റിയിലേക്കുള്ള പ്രവേശനം ജൂലൈ 6ന് ആരംഭിച്ചു. ദിവസവും 25000 ലധികം അപേക്ഷകളാണ് യൂണിവേഴ്സിറ്റിയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒരു ദിവസം 100 ഓളം വാക്ക്-ഇൻ ഇന്റർവ്യൂകളും നടക്കുന്നുണ്ട്. ഡൽഹിയിലെ യുവാക്കൾക്ക് തൊഴിലിൽ പ്രാവീണ്യം നേടുന്നതിനും അനുയോജ്യമായ ജോലികളിലേക്ക് പ്രവേശനം ഉറപ്പാക്കുന്നതുമായ പാഠ്യ പദ്ധതിയാണ് യൂണിവേഴ്സിറ്റി തയ്യാറാക്കിയിരിക്കുന്നത്. “സംരംഭക മനോഭാവവും സംരംഭകത്വവും” വളർത്തിയെടുക്കുകയും സർവകലാശാലയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് യൂണിവേഴ്സിറ്റി വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

   നൈപുണ്യ പരിശീലനത്തിൽ നിലവിലുള്ള വിടവുകൾ നികത്തി യുവാക്കൾക്കും വ്യവസായത്തിനും മികച്ച സംഭാവനകൾ നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് യൂണിവേഴ്സിറ്റി വെബ്‌സൈറ്റ് അവകാശപ്പെടുന്നു. പുതിയ സർവ്വകലാശാലയെക്കുറിച്ചും വിവിധ കോഴ്സുകളെക്കുറിച്ചും അറിയേണ്ട കാര്യങ്ങൾ ഇതാ -

   13 കാമ്പസുകൾ
   2019ൽ ഡൽഹി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോഡിയ ബജറ്റ് സെഷനിൽ സ്കിൽ യൂണിവേഴ്സിറ്റി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഡിസംബറിൽ ബിൽ പാസാക്കി. പ്രവേശനം ജൂലൈയിൽ ആരംഭിക്കുമെന്നും ക്ലാസുകൾ സെപ്റ്റംബറിൽ ആരംഭിക്കുമെന്നും ഈ വർഷം ജൂണിൽ സിസോഡിയ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. വിദ്യാർത്ഥികളുടെ താല്പര്യങ്ങൾ, കഴിവുകൾ, സംരംഭകത്വ ലക്ഷ്യങ്ങൾ എന്നിവ തിരിച്ചറിഞ്ഞുള്ള വിദ്യാഭ്യാസമായിരിക്കും ഇവിടെ നൽകുകയെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഈ വർഷം ആദ്യം, 13 സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികൾ ലയിപ്പിച്ച് സ്കിൽ യൂണിവേഴ്സിറ്റിയ്ക്ക് ഒരു കാമ്പസ് സൃഷ്ടിച്ചിരുന്നു.

   പുതിയ കേന്ദ്രത്തിനായി മന്ത്രിസഭ 9.9 കോടി രൂപ അനുവദിച്ചതായും ഡൽഹിയിലുടനീളം 25 ലോകോത്തര നൈപുണ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുകയെന്ന സർക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമാണിതെന്നും കെജ്‌രിവാൾ സർക്കാർ മാർച്ചിൽ വ്യക്തമാക്കിയിരുന്നു. ഡൽഹിയിലെ അശോക് വിഹാർ, ഒഖ്‌ല, ദ്വാരക, ഓഖ്‌ല, പിറ്റാംപുര, വസീർപൂർ എന്നിവിടങ്ങളിലായി 13 ക്യാമ്പസുകളാണ് യൂണിവേഴ്സിറ്റിയ്ക്കുള്ളത്.

   കോഴ്‌സുകൾ
   മുഴുവൻ സമയ, പാർട്ട് ടൈം ഡിപ്ലോമ കോഴ്സുകൾ, ബിരുദ ഡിഗ്രി കോഴ്സുകൾ, ബിടെക് പ്രോഗ്രാമുകൾ, മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ എന്നിവ ഉൾപ്പെടുന്ന 39 കോഴ്സുകളാണ് യൂണിവേഴ്സിറ്റി വിദ്യാ‍‍ർത്ഥികൾക്കായി വാഗ്ദാനം ചെയ്യുന്നത്. ബിരുദാനന്തര കോഴ്സുകളുടെ കാലാവധി രണ്ട് വർഷമാണ്. ബാച്ചിലേഴ്സ്, ഡിപ്ലോമ കോഴ്സുകളുടെ കാലാവധി മൂന്ന് വർഷമാണ്. ഡിപ്ലോമ പ്രോഗ്രാമുകളിൽ നിലവിൽ 4,500 സീറ്റുകളിലേയ്ക്കും 1,300 സീറ്റ് ബാച്ചിലേഴ്സ് പ്രോഗ്രാമുകളിലേയ്ക്കും 250 സീറ്റ് ബിടെക് പ്രോഗ്രാമുകളിലേയ്ക്കും മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലെ 100 ഓളം സീറ്റുകളിലേയ്ക്കുമാണ് യൂണിവേഴ്സിറ്റി പ്രവേശനം ആരംഭിച്ചിരിക്കുന്നത്.

   ടൂൾ എഞ്ചിനീയറിംഗിൽ മാസ്റ്റേഴ്സ് മുതൽ ബിഎ ഡിജിറ്റൽ മീഡിയ വരെ വൈവിധ്യമാർന്ന കോഴ്സുകളാണ് സ്കിൽ യൂണിവേഴ്സിറ്റി വാഗ്ദാനം ചെയ്യുന്നത്. ഹ്രസ്വകാല കോഴ്സുകളും ഡിപ്ലോമ കോഴ്സുകളും യൂണിവേഴ്സിറ്റി വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ആർക്കിടെക്ചർ, സിവിൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, പ്രിന്റിംഗ് ടെക്നോളജി, ടൂൾ ആൻഡ് ഡൈ നിർമ്മാണം എന്നിവ ഡിപ്ലോമ പ്രോഗ്രാമിന് കീഴിലുള്ള ചില വിഷയങ്ങളാണ്. ബിരുദാനന്തര ബിരുദ കോഴ്സുകളിലെ വിഷയങ്ങളിൽ എംസിഎ, എം.ടെക്ക് എന്നിവ ഉൾപ്പെടുന്നു.

   മുഴുവൻ സമയ ഡിപ്ലോമ കോഴ്സുകൾക്ക് പ്രതിവർഷം 20,000 രൂപ വരെയും ബിരുദ കോഴ്സുകൾക്ക് 25,000 രൂപ വരെയും ബിരുദാനന്തര കോഴ്സുകൾക്ക് 1.5 ലക്ഷം രൂപ വരെയുമാണ് സർവകലാശാല ഈടാക്കുന്ന ഫീസ്. ഡൽഹി വിദ്യാഭ്യാസ വകുപ്പിന്റെ മാനദണ്ഡങ്ങൾക്കനുസൃതമായി സ്കോളർഷിപ്പും സാമ്പത്തിക സഹായവും യൂണിവേഴ്സിറ്റി വാഗ്ദാനം ചെയ്യുന്നുണ്ട്.

   അധ്യാപകരും പ്ലേസ്മെന്റും
   വിവിധ കോഴ്സുകൾക്കായുള്ള പ്രവേശനം ആരംഭിച്ചിട്ടേയുള്ളൂവെങ്കിലും സ‌‍‍ർവ്വകലാശാലയ്ക്ക് ഇതിനകം തന്നെ ലോജിസ്റ്റിക്സ്, റീട്ടെയിൽ മേഖലയിലെ നൈപുണ്യ സമിതികളുമായി സഖ്യമുണ്ട്. കോഴ്‌സുകൾ പൂർത്തിയാകുമ്പോൾ വിദ്യാർത്ഥികളെ നിയമിക്കുന്നതിന് ഈ കൗൺസിലുകൾ സഹായിക്കും. ഡൽ​ഹിയിലെ ഈ സ്കിൽ യൂണിവേഴ്സിറ്റി കേന്ദ്രസർക്കാർ നടത്തുന്ന സ്കിൽ പ്രോഗ്രാമുകളിൽ നിന്ന് വ്യത്യസ്തമാണ്. കാരണം കേന്ദ്രസർക്കാർ നടത്തുന്ന നൈപുണ്യ സ്ഥാപനങ്ങൾ 3 മുതൽ 6 മാസത്തെ പരിശീലനവും പഠനവും മാത്രമാണ് വാ​ഗ്ദാനം ചെയ്യുന്നത്. കേന്ദ്ര മന്ത്രാലയം തിരഞ്ഞെടുത്തിരിക്കുന്ന ചില സ്വകാര്യ സ്ഥാപനങ്ങളാണ് ഈ പരിശീലനം നൽകുന്നത്. എന്നാൽ സ്കിൽ യൂണിവേഴ്സിറ്റി മൂന്ന് മുതൽ നാല് വ‌‍‍ർഷം വരെയുള്ള കോഴ്സുകളാണ് വാ​ഗ്ദാനം ചെയ്യുന്നത്.

   വ്യവസായ മേഖലയിലെ ആവശ്യങ്ങൾ മനസിലാക്കി വിദ്യാർത്ഥികൾക്ക് തൊഴിൽ ഉറപ്പാക്കുന്ന കോഴ്സുകളാണ് വാ​ഗ്ദാനം ചെയ്യുന്നതെന്ന് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ. നീഹാരിക വോഹ്ര നേരത്തെ വ്യക്തമാക്കിയിരുന്നു. ഡിജിറ്റൽ മീഡിയ പോലുള്ള ചില മേഖലകളിൽ അപേക്ഷകരുടെ വലിയ ക്ഷാമമുണ്ടെന്ന് കണ്ടെത്തിയിരുന്നു. വ്യവസായത്തിന്റെ ആവശ്യങ്ങൾ എന്താണെന്ന് മനസ്സിലാക്കി വിദ്യാഭ്യാസ വിദഗ്ധരുടെ നിർദ്ദേശ പ്രകാരമാണ് കോഴ്‌സുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും നീഹാരിക പറഞ്ഞു.

   ഇതിനുമുമ്പ്, നീഹാരിക അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ 22 വർഷത്തോളം പ്രവർത്തിച്ചിട്ടുണ്ട്. അവിടെ സെന്റർ ഫോർ ഇന്നൊവേഷൻ, ഇൻകുബേഷൻ, ഓൺട്രപ്രണർഷിപ്പ് എന്നിവയുടെ ഹെഡ് ആയിരുന്നു. മാനിറ്റോബ സർവകലാശാലയിൽ നിന്ന് സോഷ്യൽ സൈക്കോളജിയിൽ പിഎച്ച്ഡി നേടിയ വ്യക്തിയാണ് നീ​ഹാരിക വോഹ്ര.

   സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, ഉത്‌കൽ യൂണിവേഴ്‌സിറ്റി തുടങ്ങിയ സർവകലാശാലകളിൽ പഠിപ്പിച്ചിട്ടുള്ള പ്രൊഫ. സ്നിഗ്ധ പട്നായിക് യൂണിവേഴ്സിറ്റിയിലെ പ്രധാന അധ്യാപികയാണ്. ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റിൽ വൈദഗ്ദ്ധ്യം നേടിയ വ്യക്തിയാണിവ‌‍ർ. മുമ്പ് ജാമിയ മില്ലിയ ഇസ്ലാമിയയുടെ പ്ലേസ്മെന്റ് ഹെഡ് ആയിരുന്ന റിഹാൻ ഖാൻ സൂരിയും സർവകലാശാലയിൽ ചേർന്നു. ജൂൺ 15 നാണ് ഇരുവരെയും വാഴ്സിറ്റി പ്രോ വൈസ് ചാൻസലർമാരായി നിയമിച്ചത്.
   Published by:Naveen
   First published:
   )}