• HOME
  • »
  • NEWS
  • »
  • career
  • »
  • Supreme Court | വിദ്യാഭ്യാസം കച്ചവടമായി; വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്നത് ഫീസ് താങ്ങാനാകാത്തതിനാൽ: സുപ്രീം കോടതി

Supreme Court | വിദ്യാഭ്യാസം കച്ചവടമായി; വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്നത് ഫീസ് താങ്ങാനാകാത്തതിനാൽ: സുപ്രീം കോടതി

2020-21 അധ്യയന വർഷം മുതൽ പുതിയ ഫാർമസി കോളേജുകൾ തുടങ്ങാനുള്ള അനുമതി ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി

സുപ്രീം കോടതി

സുപ്രീം കോടതി

  • Share this:
    രാജ്യത്ത് വിദ്യാഭ്യാസം (Education) ഒരു വ്യവസായമായി മാറിയെന്ന ശ്രദ്ധേയമായ നിരീക്ഷണം നടത്തി സുപ്രീം കോടതി (Supreme Court). വൻകിട കച്ചവട സ്ഥാപനങ്ങൾ നടത്തുന്ന വ്യവസായമായി ഇന്ത്യയിലെ വിദ്യാഭ്യാസം മാറിയെന്നും മെഡിക്കൽ കോളേജുകളിലെ ഉയർന്ന ഫീസ് കാരണം മെഡിസിൻ പഠിക്കുന്ന വിദ്യാർത്ഥികൾ യുക്രെയ്ൻ (Ukraine) പോലുള്ള വിദൂര രാജ്യങ്ങളിലേക്ക് പോകാൻ നിർബന്ധിതരായെന്നും സുപ്രീം കോടതി പറഞ്ഞു.

    2020-21 അധ്യയന വർഷം മുതൽ പുതിയ ഫാർമസി കോളേജുകൾ തുടങ്ങാനുള്ള അനുമതി ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ ബി ആർ ഗവായ്, ഹിമ കോഹ്‌ലി എന്നിവരാണ് ഹർജികൾ പരി​ഗണിച്ചു കൊണ്ട് ശ്രദ്ധേയമായ നിരീക്ഷണം പങ്കുവെച്ചത്. അഞ്ച് വർഷത്തേക്ക് പുതിയ ഫാർമസി കോളേജുകൾ സ്ഥാപിക്കേണ്ടതില്ലെന്ന് ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ (Pharmacy Council of India (PCI) ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, പുതിയ കോളേജുകൾ തുടങ്ങുന്നതിന് അഞ്ചു വർഷത്തേക്ക് മൊറട്ടോറിയം ഏർപ്പെടുത്തിയത് നിയമവിരുദ്ധമാണെന്നായിരുന്നു ഡല്‍ഹി, കര്‍ണാടക, ഛത്തീസ്ഗഡ് ഹൈക്കോടതികളുടെ ഉത്തരവ്.

    ഫാർമസി കോളേജുകൾ കൂണുപോലെ മുളച്ചുപൊങ്ങുന്നതും, അവയെ ഒരു കച്ചവടമാക്കിയതും വിദ്യാഭ്യാസ നിലവാരം താഴ്ത്തിയെന്നും അതുകൊണ്ടാണ് മൊറട്ടോറിയം ഏർപ്പെടുത്തിയതെന്നും പിസിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.

    ''ഇന്ത്യയിൽ വിദ്യാഭ്യാസം ഒരു കച്ചവടമായി മാറിയെന്ന് എല്ലാവർക്കും അറിയാം. വൻകിട വ്യവസായ സ്ഥാപനങ്ങളാണ് മെഡിക്കൽ, ഫാർമസി കോളേജുകൾ നടത്തുന്നത്. വിദ്യാഭ്യാസച്ചെലവ് താങ്ങാനാകാത്തതാണ്. ഇതുമൂലം വിദ്യാർത്ഥികൾ യുക്രെയ്ൻ പോലുള്ള രാജ്യങ്ങളിലേക്കു പോകാൻ നിർബന്ധിതരാകുന്നു'', ജസ്റ്റിസ് ഗവായ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

    പിസിഐ കൗൺസിലിന്റെ തീരുമാനം ആർട്ടിക്കിൾ 19 (1) (ജി) പ്രകാരം ഉറപ്പുനൽകുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് പുതിയ ഫാർമസി കോളേജുകൾ തുറക്കാൻ ആഗ്രഹിക്കുന്ന കക്ഷികൾക്കായി ഹാജരായ മുതിർന്ന അഭിഭാഷകരായ ദേവദത്ത് കാമത്തും വിനയ് നവരേയും സുപ്രീം കോടതിയെ അറിയിച്ചു. ഫാർമസി കോളേജുകൾ തുറക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ സംഘടിപ്പിച്ചിട്ടും മൊറട്ടോറിയം കാരണം ഇവർക്ക് ഇതിനകം രണ്ട് അധ്യയന വർഷം നഷ്ടപ്പെട്ടെന്നും അപേക്ഷകൾ എത്രയും വേ​ഗം പരി​ഗണിക്കണമെന്ന് പിസിഐയോട് ഉത്തരവിടണമെന്നും അഭിഭാഷകർ കോടതിയോട് അഭ്യർത്ഥിച്ചു.

    പിസിഐക്ക് നിരവധി അപേക്ഷകൾ ലഭിക്കുന്നുണ്ടെന്നും എന്നാൽ പുതിയ ഫാർമസി കോളേജുകൾ തുറക്കാൻ അനുമതി നൽകണമെന്ന ഹൈക്കോടതി നിർദ്ദേശം സ്റ്റേ ചെയ്യണമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത നിർദ്ദേശിച്ചു.

    സോളിസിറ്റർ ജനറലിന്റെ വാദങ്ങളോട് യോജിച്ചെങ്കിലും പുതിയ ഫാർമസി കോളേജുകൾക്കുള്ള അപേക്ഷകൾ പരി​ഗണിക്കമെന്നും എന്നാൽ അത് സ്വീകരിക്കുന്നതോ നിരസിക്കുന്നതോ സംബന്ധിച്ച് ഇപ്പോൾ അന്തിമ തീരുമാനം എടുക്കേണ്ടതില്ലെന്നും സുപ്രീം കോടതി ബെഞ്ച് അറിയിച്ചു. ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയുടെ തീരുമാനത്തിനെതിരായ ഹർജികളുടെ അന്തിമ വാദം സുപ്രീം കോടതി ജൂലൈ 26 ലേക്ക് മാറ്റി.
    Published by:Naveen
    First published: