• HOME
 • »
 • NEWS
 • »
 • career
 • »
 • 'ടി സി നിര്‍ബന്ധമില്ല'; സെല്‍ഫ് ഡിക്ലറേഷന്‍ ഉണ്ടെങ്കില്‍ വിദ്യാര്‍ത്ഥിയ്ക്ക് ഇഷ്ടമുള്ള സ്‌കൂളില്‍ ചേരാം; മന്ത്രി വി ശിവന്‍കുട്ടി

'ടി സി നിര്‍ബന്ധമില്ല'; സെല്‍ഫ് ഡിക്ലറേഷന്‍ ഉണ്ടെങ്കില്‍ വിദ്യാര്‍ത്ഥിയ്ക്ക് ഇഷ്ടമുള്ള സ്‌കൂളില്‍ ചേരാം; മന്ത്രി വി ശിവന്‍കുട്ടി

ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ട്രാന്‍സ്ഫര്‍ സിംഗിള്‍ വിന്‍ഡോ അഡ്മിഷന്‍ നടപടി ക്രമം അനുസരിച്ച് നടക്കുമെന്നും മന്ത്രി പറഞ്ഞു

മന്ത്രി വി ശിവൻകുട്ടി

മന്ത്രി വി ശിവൻകുട്ടി

 • Share this:
  തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ സെല്‍ഫ് ഡിക്ലറേഷന്‍ ഉണ്ടെങ്കില്‍ വിദ്യാര്‍ത്ഥിയ്ക്ക് ഇഷ്ടമുള്ള സ്‌കൂളില്‍ ടി സി ഇല്ലാതെ ചേരാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ചില സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വക്കീല്‍ നോട്ടിസ് അയക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും സര്‍ക്കാര്‍ ഇതിനെ വളരെ ഗൗരവമായിട്ടാണ് കാണുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു. നിയമസഭയില്‍ എ എന്‍ ഷംസീര്‍ എംഎല്‍എയുടെ സബ്മിഷന് നല്‍കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

  ടിസി ആവശ്യപ്പെടുന്ന ഏതൊരു കുട്ടിക്കും വിദ്യാഭ്യാസ അവകാശ നിയമം സെക്ഷന്‍ 5 (2), (3) അനുശാസിക്കും പ്രകാരം പ്രസ്തുത സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ടിസി നല്‍കേണ്ടതുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ചേരുവാന്‍ ഉദ്ദേശിക്കുന്ന സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്ത് മാത്രമേ അഡ്മിഷന്‍ നല്‍കാന്‍ സാധിക്കൂ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ട്രാന്‍സ്ഫര്‍ സിംഗിള്‍ വിന്‍ഡോ അഡ്മിഷന്‍ നടപടി ക്രമം അനുസരിച്ച് നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  അതേയമയം സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ മന്ത്രിമാരായ വി ശിവന്‍കുട്ടി, വീണാ ജോര്‍ജ്ജ് എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കാനിരിക്കെ കൊവിഡ് പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട പൊതുനിര്‍ദ്ദേശങ്ങളടങ്ങുന്നതാണ് മാര്‍ഗരേഖ. സ്‌കൂളുകള്‍ വൃത്തിയാക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി സ്‌കൂളുകള്‍ സജ്ജമാക്കുന്നത് സംബന്ധിച്ചും വിവിധ തലങ്ങളില്‍ ചേരേണ്ട യോഗങ്ങളുടെയും ആസൂത്രണ പ്രവര്‍ത്തനങ്ങളുടെയും ഉള്ളടക്കം സംബന്ധിച്ചും മാര്‍ഗരേഖ സവിസ്തരം പ്രതിപാദിക്കുന്നു.

  ആദ്യഘട്ടത്തില്‍ ക്ലാസുകള്‍ രാവിലെ ക്രമീകരിക്കുന്നതാണ്. കുട്ടികളുടെ എണ്ണം ക്രമീകരിച്ച് നിയന്ത്രിക്കുന്നതിനായി ഓരോ ക്ലാസിലെയും കുട്ടികളെ ബാച്ചുകളായി തിരിക്കുന്നതാണ്. കുട്ടികളുടെ എണ്ണം കുറഞ്ഞ സ്‌കൂളുകളില്‍ ഇത്തരം ബാച്ച് ക്രമീകരണം നിര്‍ബന്ധമല്ല. ഭിന്നശേഷിക്കാരായ കുട്ടികള്‍ ആദ്യഘട്ടത്തില്‍ വരേണ്ടതില്ല എന്നതാണ് തീരുമാനം. എല്ലാ അധ്യാപകരും അനധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്തിരിക്കേണ്ടതാണ്. സ്‌കൂള്‍തല ഹെല്‍പ്പ്‌ലൈന്‍ ഏര്‍പ്പെടുത്തേണ്ടതാണ്.

  Also Read-Plus One Allotment | പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റ് നാളെ പ്രസിദ്ധീകരിക്കും; പ്രവേശനം 7 മുതൽ

  അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദമായ മാര്‍ഗരേഖ പിന്നീട് ഇറക്കുന്നതാണ്. സ്‌കൂള്‍ തലത്തില്‍ സ്റ്റാഫ് കൗണ്‍സില്‍ യോഗം, പി.ടി.എ. യോഗം, ജനപ്രതിനിധികളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും യോഗം വിദ്യാഭ്യാസ ജില്ല, ഉപജില്ലാ പഞ്ചായത്ത് തലങ്ങളില്‍ മുന്നൊരുക്കയോഗങ്ങള്‍ എന്നിവ ചേരുന്നതാണ്. ജില്ലാതലത്തില്‍ ജില്ലാ കളക്ടറുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരെ പങ്കെടുപ്പിച്ച് യോഗങ്ങള്‍ നടത്തുന്നതാണ്.

  ക്ലാസുകള്‍ക്ക് നല്‍കുന്ന ഇന്റര്‍വെല്‍ സ്‌കൂള്‍ ആരംഭിക്കുന്ന സമയം, സ്‌കൂള്‍ വിടുന്ന സമയം, എന്നിവയില്‍ വ്യത്യാസങ്ങള്‍ വരുത്തി കൂട്ടം ചേരല്‍ ഒഴിവാക്കുന്നതാണ്. പ്രവൃത്തിദിനങ്ങളില്‍ എല്ലാ അധ്യാപകരും സ്‌കൂളില്‍ ഹാജരാകേണ്ടതാണ്. സ്‌കൂളില്‍ നേരിട്ട് എത്തിച്ചേരാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് നിലവിലുള്ള ഡിജിറ്റല്‍ പഠനരീതി തുടരുന്നതാണ്. സ്‌കൂളുകളില്‍ രോഗലക്ഷണ പരിശോധന രജിസ്റ്റര്‍ സൂക്ഷിക്കുകയും രോഗലക്ഷണമുള്ളവര്‍ക്ക് സിക്ക് റൂമുകള്‍ ഒരുക്കുകയും ചെയ്യും.
  Published by:Jayesh Krishnan
  First published: