• HOME
 • »
 • NEWS
 • »
 • career
 • »
 • ഡിജിറ്റൽ സേവനങ്ങൾക്ക് ആവശ്യക്കാരേറുന്നു; എഞ്ചിനീയർമാർ തൊഴിൽ വിപണിയിൽ രാജാക്കന്മാരായി

ഡിജിറ്റൽ സേവനങ്ങൾക്ക് ആവശ്യക്കാരേറുന്നു; എഞ്ചിനീയർമാർ തൊഴിൽ വിപണിയിൽ രാജാക്കന്മാരായി

ടെക്നോളജിയില്‍ വൈദഗ്ധ്യമുള്ളവര്‍ക്ക് വേണ്ടിയുള്ള ആവശ്യകത തൊഴില്‍ വിപണിയില്‍ അപ്രതീക്ഷിതമാം വിധം വര്‍ദ്ധിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ജനുവരി മുതല്‍ ഇന്ത്യയില്‍ കാണാന്‍ കഴിയുന്നത്.

 • Last Updated :
 • Share this:
  അടുത്തിടെ ഒരു മള്‍ട്ടിനാഷണല്‍ കമ്പനി സോഫ്റ്റ്വെയര്‍ ഡെവലപ്‌മെന്റും ഐ ടി ഓപറേഷന്‍സും കൈകാര്യം ചെയ്യുന്നതിനായി ഒരു ഉദ്യോഗാര്‍ത്ഥിയ്ക്ക് ജോലി വാഗ്ദാനം ചെയ്യുകയുണ്ടായി. ആറ് മാസങ്ങള്‍ക്ക് മുമ്പായിരുന്നെങ്കില്‍ ചിന്തിക്കാന്‍ പോലും കഴിയാത്ത വേതനമാണ് ഈ ജോലിയ്ക്ക് വേണ്ടി ഉദ്യോഗാര്‍ത്ഥിയ്ക്ക് കമ്പനി വാഗ്ദാനം ചെയ്തത്. ഇതുവരെ പ്രതിവര്‍ഷം 18 ലക്ഷം രൂപ ശമ്പളമായി ലഭിച്ചിരുന്ന ആ വ്യക്തിയ്ക്ക് പ്രതിവര്‍ഷം 23 ലക്ഷം രൂപ വേതനമായിരുന്നു കമ്പനിയുടെ വാഗ്ദാനം. എന്നാല്‍, അപ്രതീക്ഷിതമായി ഒരു അമേരിക്കന്‍ കമ്പനി രംഗത്തു വരികയും ഞെട്ടിപ്പിക്കുന്ന വിധത്തില്‍ 1.1 കോടി രൂപ പ്രതിവര്‍ഷ വേതനം വാഗ്ദാനം ചെയ്തുകൊണ്ട് ആ ഉദ്യോഗാര്‍ത്ഥിയെ റാഞ്ചിയെടുക്കാന്‍ ശ്രമം നടത്തി. പക്ഷെ, കാര്യങ്ങള്‍ അവിടെ അവസാനിച്ചില്ല. 1.15 കോടി രൂപയായി ശമ്പളം ഉയര്‍ത്തി് ആദ്യത്തെ മള്‍ട്ടിനാഷണല്‍ കമ്പനി തന്നെ ഒടുവില്‍ ആ ഉദ്യോഗാര്‍ത്ഥിയെ സ്വന്തമാക്കി.

  മറ്റൊരു അനുഭവം സ്റ്റാക്ക് ഡെവലപ്പര്‍ എന്ന നിലയില്‍ വൈദഗ്ധ്യം നേടിയ ഒരു ഐ ടി ജീവനക്കാരന്റേതാണ്. രണ്ടു വര്‍ഷത്തോളം പ്രവൃത്തിപരിചയം ഉണ്ടായിരുന്ന ആ വ്യക്തിയുടെ വേതനം പ്രതിമാസം 30,000 രൂപ എന്ന നിലയില്‍ നിന്ന് ഒറ്റയടിയ്ക്ക് പ്രതിവര്‍ഷം 18 ലക്ഷമായാണ് ഉയര്‍ന്നത്. എഞ്ചിനീയര്‍ രാജാവായി മാറുന്ന വിധത്തില്‍ ഇന്ത്യയിലെ ഐ ടി മേഖലയില്‍ നിയമനരംഗത്തുണ്ടായ മാറ്റത്തിന്റെ ദൃഷ്ടാന്തങ്ങളാണ് ഈ അനുഭവകഥകള്‍. ടെക്നോളജിയില്‍ വൈദഗ്ധ്യമുള്ളവര്‍ക്ക് വേണ്ടിയുള്ള ആവശ്യകത തൊഴില്‍ വിപണിയില്‍ അപ്രതീക്ഷിതമാം വിധം വര്‍ദ്ധിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ജനുവരി മുതല്‍ ഇന്ത്യയില്‍ കാണാന്‍ കഴിയുന്നത്.

  കോവിഡ് മഹാമാരിയുടെ കടന്നുവരവ് കൂടുതല്‍ സേവനങ്ങള്‍ ഡിജിറ്റല്‍ രംഗത്തേക്ക് മാറാന്‍ വഴിയൊരുക്കുകയുണ്ടായി. അതുമൂലം സാങ്കേതികവിദ്യ, സോഫ്റ്റ്വെയര്‍ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കുള്ള വര്‍ദ്ധിച്ച ആവശ്യകത നിറവേറ്റാന്‍ സോഫ്റ്റ്വെയര്‍ കമ്പനികള്‍ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും മള്‍ട്ടിനാഷണല്‍ കമ്പനികള്‍ക്കും ഈ മേഖലയില്‍ വൈദഗ്ധ്യമുള്ള കൂടുതല്‍ ജീവനക്കാരെ നിയമിക്കേണ്ടി വരുന്നു. ലേലം എന്ന വാക്ക് പൊതുവെ നിയമനവുമായി ബന്ധപ്പെട്ട് ഉപയോഗിക്കാറില്ലെങ്കിലും ഐ ടി മേഖലയിലെ നിലവിലെ സാഹചര്യത്തെ വിശേഷിപ്പിക്കാന്‍ അതിലും നല്ലൊരു പദം ഇല്ലെന്നതാണ് വാസ്തവം. ടെക്നോളജി വിദഗ്ദ്ധരായ ജീവനക്കാരെ റാഞ്ചിയെടുക്കാന്‍ ഐ ടി കമ്പനികള്‍ പരസ്പരം തീവ്രമായ മത്സരത്തിലാണ്.

  ഐ ടി മേഖലയിലെ നിയമനരംഗത്ത് പൊടുന്നനെ ഉണ്ടായ ഈ മാറ്റത്തിന് പിന്നിലെ കാരണമെന്ത്?

  'സകല മേഖലകളിലും ഡിജിറ്റല്‍ സേവനങ്ങളിലേക്കുള്ള മാറ്റം ത്വരിതപ്പെടുകയാണ്. ഭൗതികമായി മാത്രം പ്രവര്‍ത്തിച്ചു വന്നിരുന്ന എല്ലാ ശൃംഖലകള്‍ക്കും ഡിജിറ്റല്‍ സാന്നിധ്യം ഇപ്പോള്‍ അനിവാര്യമായി മാറിയിരിക്കുന്നു. ഈ മാറ്റത്തെ യാഥാര്‍ഥ്യവല്‍ക്കരിക്കാന്‍ കഴിയുന്ന ഐ ടി വിദഗ്ദ്ധരുടെ ആവശ്യകതയും അതിനനുസരിച്ച് വര്‍ദ്ധിക്കുന്നു', ഇന്ത്യയിലെ ഏറ്റവും വലിയ തൊഴില്‍ പോര്‍ട്ടലുകളില്‍ ഒന്നായ നൗകരി.കോം നടത്തുന്ന ഇന്‍ഫോ എഡ്ജിന്റെ സി ഇ ഒ ഹിതേഷ് ഒബ്റോയി പറയുന്നു.

  ജൂലൈ 2021-ലെ നൗകരി ജോബ്സ്പീക്ക് റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയില്‍ നിയമന പ്രവര്‍ത്തനം എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ എത്തിനില്‍ക്കുകയാണ്. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയ്ക്ക് ശേഷം സാമ്പത്തിക വളര്‍ച്ച ശക്തമായ രീതിയില്‍ തിരിച്ചു വരുന്നു എന്നതിന്റെ സൂചനയാണ് ഇത്. ഐ ടി, സോഫ്റ്റ്വെയര്‍ സേവന മേഖലകളില്‍ നിയമന പ്രവര്‍ത്തനങ്ങളില്‍ 18 ശതമാനം വളര്‍ച്ചയാണ് 2021 ജൂലൈയില്‍ ഉണ്ടായിരിക്കുന്നത്. മഹാമാരിയ്ക്ക് മുമ്പ് 2019 ജൂണിലെ സാഹചര്യവുമായി തട്ടിച്ചു നോക്കിയാല്‍ ഈ വളര്‍ച്ച ഏതാണ്ട് 52 ശതമാനം അധികമാണ്. ഒരു സാധ്യത എന്ന നിലയില്‍ നിന്ന് സാങ്കേതികവിദ്യ ബിസിനസിന്റെയും ഉപഭോക്താക്കളുമായുള്ള ഇടപഴകലിന്റെയും നട്ടെല്ലായി മാറിയിരിക്കുന്നു. അത് ഡാറ്റ അനലിറ്റിക്സ്, ഫുള്‍ സ്റ്റാക്ക് ഡെവലപ്‌മെന്റ്, മെഷീന്‍ ലേര്‍ണിങ് എന്‍ജിനീയറിങ് എന്നീ മേഖലകളില്‍ വൈദഗ്ധ്യമുള്ള ജീവനക്കാരുടെ ആവശ്യകതയെ വര്‍ദ്ധിപ്പിക്കുന്നു.

  ഐ ടി രംഗത്തു നിന്നുള്ള കൊഴിഞ്ഞുപോക്ക്

  ഐ ടി വിദഗ്ദ്ധര്‍ക്ക് വേണ്ടിയുള്ള മത്സരം തൊഴില്‍ വിപണിയില്‍ വര്‍ധിച്ചതോടെ ഈ മേഖലയിലെ ജീവനക്കാരുടെ കൊഴിഞ്ഞുപോകല്‍ നിരക്കും ഉയര്‍ന്നിട്ടുണ്ട്. ഈ വര്‍ഷം ജനുവരിയോടെ ഐ ടി വിദഗ്ദ്ധരുടെ ആവശ്യകത ഉയര്‍ന്നതായും അതിന്റെ ഭാഗമായി ഈ രംഗത്തെ ജീവനക്കാരുടെ കൊഴിഞ്ഞുപോകല്‍ നിരക്ക് 60 ശതമാനത്തോളം ഉയര്‍ന്നതായും ഇന്ത്യയിലെ പ്രമുഖ സോഫ്റ്റ്വെയര്‍ കമ്പനികളെ നിയമന കാര്യത്തില്‍ സഹായിക്കുന്ന ഡയമണ്ട്പിക്ക് എന്ന കമ്പനിയുടെ സ്ഥാപകന്‍ ശ്രീറാം രാജഗോപാല്‍ പറയുന്നു. ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ അടിസ്ഥാന വേതനത്തിന്റെ 15 ശതമാനം വരെ ജോയിനിങ് ബോണസ് ആയി നല്‍കാനും ഈ കമ്പനികള്‍ തയ്യാറാണെന്ന് അദ്ദേഹം പറയുന്നു.

  കഴിഞ്ഞ വര്‍ഷം ഈ രംഗത്തെ കൊഴിഞ്ഞുപോകല്‍ നിരക്ക് 7 ശതമാനത്തിനും 15 ശതമാനത്തിനും ഇടയിലായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 50 ശതമാനത്തിലേറെ ആയി ഉയര്‍ന്നിരിക്കുന്നു. ഓരോ ഉദ്യോഗാര്‍ത്ഥിയ്ക്കും മൂന്നോ നാലോ കമ്പനികളുടെ ജോലി വാഗ്ദാനം ലഭിക്കുന്നതും അവയില്‍ മികച്ച വേതന വാഗ്ദാനം നല്‍കുന്ന കമ്പനി തിരഞ്ഞെടുക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കുന്നതുമാണ് ഇതിന് കാരണം.

  കോവിഡ് മഹാമാരിയ്ക്ക് മുമ്പ് ഒരു കമ്പനി ശരാശരി 600-700 ജോലി വാഗ്ദാനം പ്രതിമാസം നല്‍കുകയും അതില്‍ 75 ശതമാനത്തോളം നിയമനം നടക്കുകയും ചെയ്തിരുന്നു. ഇപ്പോഴാകട്ടെ ഓരോ കമ്പനിയും പ്രതിമാസം ശരാശരി 2,500 ജോലി വാഗ്ദാനങ്ങളാണ് നല്‍കുന്നത്. അതില്‍ ശരാശരി 1000 ഉദ്യോഗാര്‍ത്ഥികള്‍ ജോലി വാഗ്ദാനം സ്വീകരിക്കുകയും ചെയ്യുന്നു. മികച്ച ഫണ്ടിങുള്ള സ്റ്റാര്‍ട്ട് അപ്പുകള്‍ മള്‍ട്ടിനാഷണല്‍ കമ്പനികളെ പോലും വെല്ലുന്ന വിധത്തില്‍ ഉയര്‍ന്ന വേതന വാഗ്ദാനം നല്‍കുന്നുണ്ട്. ഈ വിധത്തിനുള്ള നിയമന പ്രക്രിയ സുസ്ഥിരമല്ലെന്ന് കമ്പനികള്‍ക്കെല്ലാം ബോധ്യമുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഹ്രസ്വകാലത്തേക്ക് ഇതിന് ബദല്‍ മാര്‍ഗങ്ങളൊന്നും ലഭ്യമല്ല എന്നതാണ് യാഥാര്‍ഥ്യം.
  Published by:Jayashankar AV
  First published: