തിരുവനന്തപുരം: സര്‍ക്കാര്‍ ഡെന്റല്‍ കോളജുകള്‍ക്ക് പിന്നാലെ വെറ്ററിനറി കോഴ്സുകളിലും (ബി.വി.എസ്സി) മെറിറ്റ് സീറ്റ് തരംമാറ്റി മുന്നാക്ക സംവരണം നടപ്പാക്കും. വെറ്ററിനറി യൂണിവേഴ്സിറ്റിയുടെ നിയന്ത്രണത്തിലുള്ള 2 കോളേജുകളിലെ 14 ബിരുദ സീറ്റാണ് മുന്നാക്ക സംവരണത്തിനായി മാറ്റിയത്.
തൃശൂര്‍ -മണ്ണുത്തി, വയനാട് കോളജുകളില്‍ ആകെയുള്ള 180 ല്‍ അഖിലേന്ത്യ ക്വോട്ട, പ്രത്യേക സംവരണ സീറ്റ് കഴിഞ്ഞുള്ള 142 സീറ്റിലേക്കാണ് പ്രവേശന പരീക്ഷ കമ്മീഷണര്‍ അലോട്ട്മെന്റ് നടത്തുന്നത്. ഇതില്‍നിന്നാണ് 14 സീറ്റ് മുന്നാക്ക സംവരണത്തിന് നീക്കിവെച്ചത്. കഴിഞ്ഞ വര്‍ഷം വരെ സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റ് പ്രകാരം അലോട്ട്മെന്റ് നടത്തിയിരുന്ന സീറ്റുകളാണ് ഇവ. ഇതോടെ ഈ വര്‍ഷം ഇത്രയും സീറ്റ് സ്റ്റേറ്റ് മെറിറ്റില്‍ കുറയും.
സര്‍ക്കാര്‍ ഡെന്റല്‍ കോളജുകളിലെ 23 ബി.ഡി.എസ് സീറ്റും ഇതേ മാതൃകയില്‍ തരംമാറ്റി മുന്നാക്ക സംവരണത്തിന് നീക്കിവെച്ചിരുന്നു. അധിക സീറ്റ് അനുവദിച്ചാണ് മുന്നാക്ക സംവരണം നടപ്പാക്കേണ്ടതെന്നിരിക്കെയാണ് നിലവിലെ സീറ്റ് ഉപയോഗിച്ച് നടപ്പാക്കുന്നത്. എം.ബി.ബി.എസ്, ബി.ടെക് ഉള്‍പ്പെടെ കോഴ്സുകളില്‍ അധിക സീറ്റ് അനുവദിച്ചശേഷമാണ് മുന്നാക്ക സംവരണത്തിന് സീറ്റ് നീക്കിവെച്ചത്. ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍നിന്നാണ് ബി.ഡി.എസ് സീറ്റ് വര്‍ധനക്ക് അനുമതി വാങ്ങേണ്ടത്.
ബി.വി.എസ്സി സീറ്റ് വര്‍ധനക്ക് വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍നിന്നും. രണ്ടു കോഴ്സിലും മുന്നാക്ക സംവരണം നടപ്പാക്കാന്‍ ബന്ധപ്പെട്ട കൗണ്‍സിലുകളില്‍നിന്ന് സീറ്റ് വര്‍ധനക്ക് അനുമതി തേടാന്‍ തീരുമാനിച്ചിരുന്നെങ്കിലും തുടര്‍നടപടിയില്ലാതെ പോയി. ഹൈക്കോടതിയില്‍ കേസ് വന്നപ്പോള്‍ നിലവിലെ മെറിറ്റ് സീറ്റെടുത്ത് മുന്നാക്ക സംവരണം നടപ്പാക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. വെറ്ററിനറി കോഴ്സില്കൂടി നടപ്പാക്കിയതോടെ സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍, അനുബന്ധ കോഴ്സുകളിലും എന്‍ജിനീയറിങ് കോഴ്സുകളിലും മുന്നാക്ക സംവരണം പൂര്‍ണമായി.
എം.ബി.ബി.എസ് കൗണ്‍സിലിങ്ങിനുള്ള സമയപ്പട്ടിക പുതുക്കി
എം.ബി.ബി.എസ് ,ബി.ഡി.എസ് കോഴ്സുകളില്‍ 2021-2022 വര്‍ഷത്തെ പ്രവേശനത്തിന് കേന്ദ്ര മെഡിക്കല്‍ കൗണ്‍സിലിങ്ങ് കമ്മിറ്റിയും എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണറും നടത്തുന്ന കൗണ്‍സിലിങ്ങിനുള്ള സമയവിവരപ്പട്ടിക ഉള്‍പ്പെടുത്തി കേരള സര്‍ക്കാര്‍ ഉത്തരവിറക്കി.
ആദ്യഘട്ട എം.സി.സി കേന്ദ്ര കൗണ്‍സിലിങ് ജനുവരി 19 മുതല്‍ 29 വരെയും സംസ്ഥാന കൗണ്‍സിലിങ് ജനുവരി 27 മുതല്‍ 31 വരെയും നടക്കും. കോളേജില്‍ ചേരേണ്ട അവസാന തീയതി ഫെബ്രുവരി 9 ആണ്.
രണ്ടാം ഘട്ട കേന്ദ്ര കൗണ്‍സിലിങ് ഫെബ്രുവരി 16 മുതല്‍ 26 വരെയും സംസ്ഥാന കൗണ്‍സിലിങ് മാര്‍ച്ച് 8 മുതല്‍ 15 വരെയുമാണ് നിശ്ചയിച്ചിട്ടുള്ളത്. ചേരേണ്ട അവസാന തീയതി മാര്‍ച്ച് 5 (കേന്ദ്രം) , മാര്‍ച്ച് 19 (സംസ്ഥാനം).
മോപ് അപ് റൗണ്ട് മാര്‍ച്ച് 10-19 (കേന്ദ്രം) , മാര്‍ച്ച് 22-26 (സംസ്ഥാനം). ചേരേണ്ട അവസാന തീയതി യഥാക്രമം മാര്‍ച്ച് 27, മാര്‍ച്ച് 29 എന്നിങ്ങനെയാണ്.
ഓണ്‍ലൈന്‍ സ്ട്രേ വേക്കന്‍സി റൗണ്ട് മാര്‍ച്ച് 28,29 (കേന്ദ്രം), മാര്‍ച്ച് 31- ഏപ്രില്‍ 2 (സംസ്ഥാനം). ചേരേണ്ട അവസാന തീയതി ഏപ്രില്‍ 4.
സ്കൂളുകള്‍ തുറന്നു; മാർച്ച് മാസത്തെ പി.എസ്.സി പരീക്ഷാതീയതികളിൽ മാറ്റം
2022 മാർച്ച് മാസം മുതൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾ പൂർണ്ണതോതിൽ പ്രവർത്തനം പുനരാരംഭിക്കുന്ന സാഹചര്യത്തിൽ 2022 മാർച്ച് മാസം കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുവാൻ നിശ്ചയിച്ചിരുന്ന പരീക്ഷകളിൽ മാറ്റം.
2022 മാർച്ച് 2 ലെ മൈക്രോബയോളജിസ്റ്റ് പരീക്ഷ മാർച്ച് 27 ലേക്കും മാർച്ച് 3 ലെ വർക്ക് അസിസ്റ്റന്റ് പരീക്ഷ മാർച്ച് 6 ലേക്കും മാർച്ച് 4 ലെ ലാബ് അസിസ്റ്റന്റ് പരീക്ഷ മാർച്ച് 12 ലേക്കും മാർച്ച് 8 ലെ
അഗ്രികൾച്ചറൽ ഓഫീസർ പരീക്ഷ മാർച്ച് 6 ലേക്കും മാറ്റിവെച്ചു.
മാർച്ച് 9 ലെ സോഷ്യൽ വർക്കർ പരീക്ഷ മാർച്ച് 23 ലേക്കും മാർച്ച് 10 ലെ ഓപ്പറേറ്റർ പരീക്ഷ മാർച്ച് 25 ലേക്കും മാർച്ച് 11 ലെ ടെക്നീഷ്യൻ ഗ്രേഡ് 2 പരീക്ഷ മാർച്ച് 24 ലേക്കും മാർച്ച് 14 ലെ എച്ച്.എസ്.ടി. മാത്തമാറ്റിക്സ് പരീക്ഷ മാർച്ച് 25 ലേക്കും മാർച്ച് 18 ലെ ഫയർമാൻ ട്രെയിനി മുഖ്യ പരീക്ഷ മാർച്ച് 13 ലേക്കും മാറ്റിവെച്ചു.
മാർച്ച് 19 ലെ എച്ച്.എസ്.ടി. സോഷ്യൽ സയൻസ് പരീക്ഷ മാർച്ച് 27 ലേക്കും മാർച്ച് 22 ലെ കമ്പ്യൂട്ടർ അസിസ്റ്റന്റ് മുഖ്യ പരീക്ഷ മാർച്ച് 26 ലേക്കും മാറ്റിവെച്ചിട്ടുണ്ട്. വിശദവിവരങ്ങളടങ്ങിയ പരിഷ്കരിച്ച പരീക്ഷാ കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.