ഫ്രഞ്ച് ടെക്നോളജി കമ്പനിയായ അറ്റോസ്, ഇന്ത്യയില്‍ വന്‍ റിക്രൂട്ടമെന്റ് നടത്താന്‍ ഒരുങ്ങുന്നു. അടുത്ത 12 മാസത്തിനുള്ളില്‍ ഇന്ത്യയില്‍ നിന്ന് ഏകദേശം 15,000 പേരെ അറ്റോസ് റിക്രൂട്ട് ചെയ്യും. രാജ്യത്ത് നിലവില്‍ 40,000 ജീവനക്കാരുള്ള കമ്പനിയ്ക്ക്, ഈ പുതിയ മെഗാ റിക്രൂട്ട്മെന്റ് കൂടി ആകുമ്പോള്‍ തങ്ങളുടെ തൊഴില്‍ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റായ atos.net ലൂടെ അപേക്ഷിക്കാം.
അറ്റോസിന്റെ ചീഫ് എക്സിക്യൂട്ടീവ് എല്ലി ഗിറാര്‍ഡ് ഇക്കണോമിക് ടൈംസിനോട് സംസാരിക്കുമ്പോള്‍ പറഞ്ഞത്, ഡിജിറ്റലൈസേഷന്റെ കുതിച്ചുചാട്ടം കാരണം, പ്രത്യേകിച്ച് ഇന്ത്യയില്‍ കമ്പനി ഉല്പാദന ക്ഷമത അനുഭവിക്കുന്നുണ്ടെന്നാണ്. വലിയ തോതിലുള്ള ഡിജിറ്റലൈസേഷന്റെ ഫലമായി പൊതുമേഖലയും പ്രതിരോധവും ഉള്‍പ്പെടെയുള്ള മേഖലകളിലെല്ലാം അവരുടെ ഉല്പന്നങ്ങളുടെ ആവശ്യം കുത്തനെ ഉയര്‍ന്നുവെന്നും അദ്ദേഹം പറയുന്നു.
ഭാവിയില്‍ സൈബര്‍ സുരക്ഷാ ലോകത്തിലെ വമ്പന്മാരാകാനാണ് അറ്റോസ് ലക്ഷ്യമിടുന്നത്. നൈപുണ്യത്തിനനുസരിച്ചുള്ള ശമ്പളവും, ജീവനക്കാരുമായി ബന്ധപ്പെട്ട മറ്റ് ചെലവുകള്‍ക്കായി ഐടി സ്ഥാപനം പ്രതിവര്‍ഷം ഏകദേശം 400 ദശലക്ഷം യൂറോ ഇന്ത്യയില്‍ നിക്ഷേപിക്കുന്നു.
അറ്റോസ് റിക്രൂട്ട്മെന്റ് 2021: യോഗ്യതാ മാനദണ്ഡംഎഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പശ്ചാത്തലമുള്ള പുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വലിയ തോതിലുള്ള റിക്രൂട്ട്മെന്റ് അവസരങ്ങളാണ് ഉണ്ടായിരിക്കുക. കമ്പനി വ്യക്തമാക്കിയ യോഗ്യതാ മാനദണ്ഡമനുസരിച്ച്, 2021-ല്‍ പാസ്സാകുന്ന മുഴുവന്‍ സമയ ബിരുദധാരികള്‍ക്ക് റിക്രൂട്ട്മെന്റ് ഡ്രൈവിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബിടെക്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഇസിഇ, ഇഇഇ, ഇഇ അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് എംസിഎ ബിരുദം എന്നിവ ഉണ്ടായിരിക്കണം.
കൂടാതെ, എല്ലാ സെമസ്റ്ററിലും, ബിരുദത്തിലും, ബിരുദാനന്തര ബിരുദത്തിലും, 10 - 12 ക്ലാസുകളിലും കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. 10 -ാം ക്ലാസ് മുതല്‍ ഏറ്റവും ഉയര്‍ന്ന യോഗ്യത വരെയുള്ള പഠനത്തില്‍ ഒരു വര്‍ഷത്തെ ഇളവ് മാത്രമാണ് കമ്പനി അനുവദിക്കുന്നത്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് ഭാഷയില്‍ നല്ലരീതിയില്‍ എഴുത്താനും സംസാരിക്കാനും വൈദഗ്ധ്യവും ഉണ്ടായിരിക്കണം.
ഫ്രഞ്ച് കമ്പനി ഇന്ത്യന്‍ സര്‍ക്കാറിന്റെ നാഷണല്‍ സൂപ്പര്‍കമ്പ്യൂട്ടിംഗ് മിഷനുമായി സഹകരിക്കുകയും ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള കമ്പ്യൂട്ടറുകള്‍ പരീക്ഷിക്കുന്നതിനും നിര്‍മ്മിക്കുന്നതിനും നിക്ഷേപങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. അറ്റോസിന്റെ നിലവിലെ വരുമാനത്തിന്റെ മൂന്നിലൊന്നും ഇന്ത്യന്‍ വിപണിയില്‍ നിന്നാണ് ലഭിക്കുന്നത്.
മള്‍ട്ടിനാഷണല്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) സേവനവും കണ്‍സള്‍ട്ടിംഗും നല്കുന്ന ഫ്രഞ്ച് കമ്പനിയാണ്അറ്റോസ്. ലോകമെമ്പാടുമുള്ള ഓഫീസുകളുള്ള അറ്റോസിന്റെ ആസ്ഥാനം ഫ്രാന്‍സിലെ ബെസോണ്സ് ആണ്. ഹൈടെക് ഇടപാട് സേവനങ്ങള്‍, ഏകീകൃത ആശയവിനിമയങ്ങള്‍, ക്ലൗഡ്, വലിയ ഡാറ്റകള്‍, സൈബര്‍ സുരക്ഷ സേവനങ്ങള്‍ എന്നിവയിലാണ് കമ്പനി പ്രധാനമായും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന അറ്റോസ്, അറ്റോസ്|സൈന്റല്, അറ്റോസ് കണ്‍സള്‍ട്ടിംഗ്, അറ്റോസ് ഹെല്‍ത്ത്കെയര്‍, അറ്റോസ് വേള്ഡ്ഗ്രിഡ്, ഗ്രൂപ്പ് ബുള്‍, ക്യനോപ്പി, യൂണിഫൈ എന്നീ ബ്രാന്‍ഡുകള്‍ അറ്റോസിന്റെ കീഴില്‍ വരുന്നവയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.