ഷോർട്ട്സ് ധരിച്ച് എത്തിയതിന്റെ പേരില്‍ വിദ്യാര്‍ഥിനിയ്ക്ക് പരീക്ഷാ കേന്ദ്രത്തിലേക്കുള്ള പ്രവേശനം അധികൃതര്‍ നിഷേധിച്ചു. അസമിലെ തേസ്പൂര് ജില്ലയിലാണ് ഈ വിചിത്രമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ നടപടിയുടെ കാരണമായി അധികൃതര്‍ അവകാശപ്പെടുന്നത്. വിദ്യാർഥിനി ധരിച്ച ഹാഫ് പാന്റ്സ് “പരീക്ഷയുടെയോ സ്ഥാപനത്തിന്റെയോ മാന്യതയ്ക്ക്” ചേരുന്ന വേഷം അല്ല എന്നാണ്.
“എന്റെ പട്ടണത്തില്‍ നിന്ന് ഞാന്‍ രാവിലെ 10.30 ഓടെ തേസ്പൂരില്‍ എത്തിച്ചേര്‍ന്നു. എന്റെയൊരു ബന്ധുവിന്റെ വീട്ടില്‍ പോയി കുളിച്ച് ഒരുങ്ങി കൃത്യ സമയത്ത് തന്നെ പരീക്ഷാ കേന്ദ്രത്തില്‍ എത്തുകയും ചെയ്തു. പതിവു പരിശോധനകള്‍ക്ക് ശേഷം പരീക്ഷാ കേന്ദ്രത്തിന്റെ ഗേറ്റില്‍ നിന്ന് അവര്‍ എന്നെ അകത്തേക്ക് കടത്തി വിട്ടു. പരീക്ഷ നടക്കുന്ന മുകളിലത്തെ നിലയിലെ പരീക്ഷാ മുറിയിലേക്ക് ഞാന്‍ ചെന്നു. പരീക്ഷയ്ക്ക് എത്തുമ്പോള്‍ കരുതേണ്ട അഡ്മിറ്റ് കാര്‍ഡ്, ആധാര്‍ കാര്‍ഡ് തുടങ്ങിയ എല്ലാ അവശ്യ വസ്തുക്കളും എന്റെ പക്കല്‍ ഉണ്ടായിരുന്നു. എന്നിട്ടും അവര്‍ എന്നോട് പുറത്ത് നില്ക്കാന് ആവശ്യപ്പെട്ടു. ഞാന്‍ കാരണമന്വേഷിച്ചപ്പോഴാണ് പരീക്ഷാ ഹാളില്‍ ഷോർട്ട്സ് പോലുള്ള ചെറിയ വസ്ത്രങ്ങള്‍ അനുവദിച്ചിട്ടില്ല എന്ന് പറയുന്നത്,” സംഭവത്തെക്കുറിച്ച് വിദ്യാര്‍ത്ഥിനി പറയുന്നു.
“എനിക്ക് എന്തുകൊണ്ടാണ് ഷോര്‍ട്ട്സ് ധരിക്കാന്‍ കഴിയാത്തത് എന്ന് ഞാന്‍ അവരോട് ചോദിച്ചു. അങ്ങനെ ചോദിക്കാനുള്ള കാരണം, അഡ്മിറ്റ് കാര്‍ഡില്‍ വസ്ത്രധാരണം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നതുകൊണ്ടാണ്. അവര്‍ പറഞ്ഞത് അത് ഒരു സാമാന്യബുദ്ധി കൊണ്ട് തിരിച്ചറിയേണ്ടതാണന്നാണ്. ഇക്കാര്യങ്ങള്‍ എന്റെ അച്ഛനോട് സംസാരിക്കാന്‍ ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു എങ്കിലും അദ്ദേഹമത് നിഷേധിക്കുകയാണ് ഉണ്ടായത്. തുടര്‍ന്ന് ഒരു ഫുള്‍ പാന്റ് വാങ്ങി നല്കാന് ഞാന്‍ എന്റെ പിതാവിനോട് പറഞ്ഞു. കാരണം എനിക്ക് ഉടന്‍ തന്നെ പരീക്ഷയ്ക്ക് ഇരിക്കേണ്ടതുണ്ട്, അച്ഛന് കടയിൽ പോയി തിരികെ എത്താൻ കുറച്ചു സമയം എടുത്തു. ഈ സമയം പീക്ഷ തുടങ്ങാൻ സമയമായിരുന്നു, അങ്ങനെ അവര്‍ പരീക്ഷ എഴുതുമ്പോള്‍ എനിക്ക് ഉടുക്കാൻ ഒരു കര്ട്ടന് തരികയായിരുന്നു,” വിദ്യാര്‍ഥിനി ന്യൂസ്18.കോമിനോട് പറഞ്ഞു.
Also Read-
ഉത്തരക്കടലാസ് കാണാതായ വിദ്യാര്‍ഥിനിക്ക് പരമാവധി മാര്‍ക്ക് നല്‍കണമെന്ന് ഹൈക്കോടതി
വ്യാഴാഴ്ച ഉച്ച തിരിഞ്ഞ് തേസ്പൂരിലെ ഗിരിജാനന്ദാ ചൗധരി ഇന്‍സ്റ്റിറ്റ്യൂട്ട് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസില്‍ നടന്ന കാര്‍ഷിക പ്രവേശന പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിനിയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യം ഉണ്ടായിരുന്ന പരീക്ഷ ഏജന്‍സികളെ വെച്ചാണ് ഇത്തവണ നടത്തിയത്. സംഭവത്തെ കുറിച്ച് ഗിരിജാനന്ദാ ഇന്‍സ്റ്റിറ്റിയൂട്ട് അധികൃതര്‍ പറയുന്നത്, സ്ഥാപനത്തിന് സംഭവവുമായി യാതൊരു ബന്ധവുമില്ലന്നും പരീക്ഷ പൂര്‍ണ്ണമായും ഏജന്‍സികള്‍ മുഖേനെയാണ് നടത്തിയെതെന്നുമാണ്. പ്രസ്താവന നടത്തിയ അധികൃതര്‍ തങ്ങളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
“എന്റെ മകള്‍ എന്നെ വിളിച്ചപ്പോള്‍ അവള് കരയുകയായിരുന്നു. എനിക്ക് സമയം വളരെ കുറവായിരുന്നു, അത്തരം ഹൃസ്വമായ സമയത്തിനുള്ളില്‍ ദൂരെയുള്ള മാര്‍ക്കറ്റില്‍ നിന്ന് വേണമായിരുന്നു ഫുള്‍ പാന്റ് വാങ്ങി വരേണ്ടിയിരുന്നത്. ഞാന്‍ അത് വാങ്ങി തിരികെ വരാന്‍ ഏകദേശം അര മണിക്കൂറോളം സമയം എടുത്തു. എന്നാല്‍ അപ്പോഴേക്കും അവര്‍ അവള്‍ക്ക് ഉടുക്കാന്‍ ഒരു കര്ട്ടന് കൊടുത്തു. വളരെ നിര്‍ണ്ണായകമായ ഒരു പരീക്ഷയ്ക്ക് മിനിട്ടുകള്‍ക്ക് മുന്‍പ് അവര്‍ എന്റെ മകളോട് കാണിച്ച ഈ സമീപനം പീഡനം അല്ലാതെ മറ്റൊന്നുമല്ല. 200 ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് ഉണ്ടായിരുന്നത്, 148 എണ്ണം മാത്രമാണ് അവള്‍ക്ക് ഉത്തരം എഴുതാൻ സാധിച്ചത്. ഇത്തരമൊരു അവഹേളനം ജീവിതത്തിലൊരിക്കലും നേരിടേണ്ടി വന്നിട്ടില്ല, ഒരു പരീക്ഷാ കേന്ദ്രത്തില്‍ ഷോര്‍ട്ട്സ് ധരിച്ചെത്തുന്നതില്‍ ഒരു അപരാധവും എനിക്ക് കാണാന്‍ സാധിക്കുന്നില്ല,” പെണ്‍കുട്ടിയുടെ അച്ഛന് പറയുന്നു.
സംഭവത്തെ കുറിച്ച് ആസ്സാം സ്വദേശിയും ഒരു ബഹുരാഷ്ട്ര കമ്പനിയിലെ യുവ ജീവനക്കാരനുമായ ഉദ്ദിപോണ ഗോസ്വാമി പറയുന്നതിങ്ങനെയാണ്, “സ്വാതന്ത്ര്യ ലബ്ധി നേടി 75 വര്‍ഷങ്ങള്‍ക്ക് ശേഷം, ഇപ്പോഴും ആസാദി കാ അമൃത് മഹോത്സവത്തിന്റെ അനുസ്മരണം നടത്തുമ്പോൾ അതിൽ പങ്കെടുക്കാനെത്തുന്ന സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രങ്ങളുടെ നീളത്തെ കുറിച്ച് ഞങ്ങള്‍ അസ്വസ്ഥരാണ്! സ്ത്രീകളുടെ വസ്ത്രധാരണത്തെയും അവരുടെ വസ്ത്രത്തിന്റെ നീളത്തെയും അടിസ്ഥാനമാക്കി സ്ത്രീകളുടെ സ്വഭാവം നിര്‍ണ്ണയിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. എനിക്ക് അവരോട് സഹതാപമാണ്. തീര്‍ച്ചയായും, അവരുടെ ചിന്തയുടെ വ്യാപ്തി തീര്‍ത്തും ദയനീയമാണ്.”
സംസ്ഥാന സിവില്‍ സര്‍വ്വീസ് പരീക്ഷകളിൽ പല ആണ് വിദ്യാര്‍ത്ഥികളും ഷോര്‍ട്ട്സ് അല്ലങ്കില്‍ ഹാഫ് പാന്റ് ധരിച്ചെത്തുന്നുണ്ട്. അതേസമയം, ഒരു പെണ്‍കുട്ടി അവള്‍ക്ക് സൗകര്യപ്രദമായ വസ്ത്രം ധരിച്ച് പരീക്ഷാ കേന്ദ്രത്തിലെത്തിയാല്‍ അധികൃതര്‍ക്ക് അതൊരു പ്രശ്നമാണ്. ഇന്ത്യന്‍ ഭരണഘടനയിലെ 25-ാം അനുച്ഛേദം പരാമര്‍ശിക്കുന്ന വസ്ത്രധാരണത്തിനുള്ള സ്വാതന്ത്ര്യത്തിന് സമാനമാണ് മനുഷാവകാശങ്ങളുടെ സാര്‍വത്രിക പ്രഖ്യാപനത്തില്‍ പരാമര്‍ശിക്കുന്ന വസ്ത്രധാരണം സംബന്ധിച്ച അവകാശവും. ഒരു യുവതിയെ അവളുടെ വസ്ത്രധാരണത്തിന്റെ പേരിൽ പീഡിപ്പിക്കുന്നത് തീര്‍ച്ചയായും ഇന്ത്യന്‍ ഭരണഘടനയുടെ 14ാം അനുച്ഛേദ പ്രകാരം അനുവദിക്കുന്ന മനുഷ്യാവകാശങ്ങളുടെയും, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പച്ചയായ ലംഘനമാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അസമില്‍ നിന്നുള്ള സുപ്രീം കോടതി അഭിഭാഷകയായ റുണ ഭുയാനും, പെണ്‍കുട്ടി നേരിടേണ്ടി വന്ന അനീതിയെ അപലപിക്കുകയുണ്ടായി. “സംഭവം തീര്‍ത്തും നടുക്കം സൃഷ്ടിക്കുന്നതാണ്. അധികൃതര്‍ കാണിച്ച അസംബന്ധത്തിന് പാത്രമായ പെണ്‍കുട്ടി കടന്നു പോകേണ്ടതായി വന്ന മാനസിക ആഘാതത്തെപ്പറ്റി ചിന്തിച്ച് നോക്കൂ. അത് നമ്മുടെ സമൂഹത്തിന്റെ ജീര്‍ണ്ണിച്ച മാനസികാവസ്ഥയെയാണ് പ്രതിഫലിപ്പിക്കുന്നത്. ലിംഗസമത്വത്തെക്കുറിച്ച് ഉയര്‍ന്ന നിലയിലുള്ള അവകാശവാദങ്ങളാണ് നാം മുന്നോട്ട് വെയ്ക്കുന്നത്, എന്നാല്‍ ഇക്കാര്യത്തിലെ നമ്മുടെ യഥാര്‍ത്ഥ ചിത്രം വല്ലാതെ പിന്തിരിപ്പനാണ്. ഈ പെണ്‍കുട്ടി ഹാജരായ പ്രസ്തുത പരീക്ഷയ്ക്ക് യാതൊരു രീതിയിലുമുള്ള വസ്ത്രധാരണം സംബന്ധിച്ച നിയമങ്ങളും ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കുമ്പോള്‍ ഷോര്‍ട്ട്സ് ധരിച്ചെത്തി എന്നതിന്റെ പേരില്‍ അവളെ ചോദ്യം ചെയ്ത അധികൃതരുടെ നടപടി തീര്‍ത്തും അധാര്‍മ്മികമാണ്, കൃത്യമായി പറഞ്ഞാല്‍ അത് നിയമ വിരുദ്ധവുമാണ്,” അവർ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.