തൊഴിലില്ലായ്മ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ്. സർക്കാർ മേഖലയിലും സ്വകാര്യമേഖലയിലും ജോലി തേടുന്നവരുടെ എണ്ണം ചെറുതല്ല. രാജ്യത്തെ ഉദ്യോഗാർഥികൾക്ക് വലിയ ആശ്വാസം പകരുന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi). വരുന്ന 18 മാസത്തിനുള്ളിൽ അതായത് ഒന്നര വർഷത്തിനുള്ളിൽ കേന്ദ്ര സർക്കാരിന് കീഴിൽ ഒഴിവുള്ള പത്ത് ലക്ഷം പോസ്റ്റുകളിലേക്കും ആളുകളെ എടുക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
രാജ്യത്ത് തൊഴിലില്ലായ്മ വല്ലാതെ വർധിച്ചിരിക്കുന്നുവെന്ന് പ്രതിപക്ഷം നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനൊരു മറുപടി കൂടി ആയിട്ടാണ് കേന്ദ്രസർക്കാർ പുതിയ ചുവട് വെക്കുന്നത്. “കേന്ദ്രസർക്കാരിന് കീഴിലുള്ള ഡിപ്പാർട്ട്മെൻറുകളിലും മന്ത്രാലയങ്ങളിലും ഉള്ള ജോലി ഒഴിവുകളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി വിലയിരുത്തൽ നടത്തിയിട്ടുണ്ട്. ഇതിൻെറ ഭാഗമായി പത്ത് ലക്ഷത്തോളം ഒഴിവുകളുണ്ടെന്ന് കണ്ടെത്തുകയും അത് നികത്താൻ സത്വര നടപടികൾ ഉണ്ടാവണമെന്നും വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. ഒന്നര വർഷത്തിനുള്ളിൽ പത്ത് ലക്ഷം പേർക്കാണ് കേന്ദ്ര സർക്കാരിന് കീഴിൽ ജോലി ലഭിക്കാൻ പോവുന്നത്,” പ്രധാനമന്ത്രിയുടെ ഓഫീസ് തിങ്കളാഴ്ച ട്വീറ്റ് ചെയ്തു.
മാർച്ച് 1 2020 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് കേന്ദ്ര സർക്കാരിന് കീഴിലുള്ള വിവിധ ഡിപ്പാർട്ട്മെൻറുകളിലായി 8.72 ലക്ഷം ജോലി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് സർക്കാർ നേരത്തെ പാർലിമെൻറിൽ അറിയിച്ചിരുന്നു. ഏകദേശം 40 ലക്ഷം ജീവനക്കാരാണ് കേന്ദ്ര സർക്കാർ സർവീസിൽ വേണ്ടത്. നിലവിൽ 32 ലക്ഷം പേരാണ് സർവീസിലുള്ളത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഒഴിവുകൾ നികത്താൻ ശ്രമം നടന്നിരുന്നു. എന്നാൽ വിജയകരമായി പൂർത്തിയാക്കാൻ ഇത് വരെ സാധിച്ചിട്ടില്ല.
PM @narendramodi reviewed the status of Human Resources in all departments and ministries and instructed that recruitment of 10 lakh people be done by the Government in mission mode in next 1.5 years.
എന്താണ് ജോലികൾ പോസ്റ്റൽ വകുപ്പ്, പ്രതിരോധം (സിവിൽ), റെയിൽവേ, റവന്യൂ തുടങ്ങിയ മന്ത്രാലയങ്ങൾക്ക് കീഴിലുള്ള വിവിധ വകുപ്പുകളിലാണ് ഏറ്റവും കൂടുതൽ ഒഴിവുകളുള്ളത്. ന്യൂസ് 18ന് ലഭിച്ചിട്ടുള്ള വിവരങ്ങൾ പ്രകാരം റെയിൽവേയിൽ 15 ലക്ഷം പോസ്റ്റുകളാണ് ആകെയുള്ളത്. 2.3 ലക്ഷം ഒഴിവ് റെയിൽവേയിലുണ്ട്. പ്രതിരോധ വകുപ്പിന് കീഴിൽ ആകെ 2.5 ലക്ഷം ജോലി ഒഴിവുകളാണുള്ളത്. 6.33 ലക്ഷം ജീവനക്കാരാണ് അവിടെ ആകെ വേണ്ടത്. 2.67 ലക്ഷം ജീവനക്കാർ വേണ്ട പോസ്റ്റൽ വകുപ്പിൽ 90000 ഒഴിവുകളുണ്ട്. റവന്യൂ വകുപ്പിൽ 1.78 ലക്ഷം ജീവനക്കാർ വേണ്ടിയിടത്ത് ഇനി 74000 ഒഴിവുകളാണുള്ളത്.
കേന്ദ്രസർക്കാരിന് കീഴിലെ വിവിധ വകുപ്പുകളിൽ ജീവനക്കാരുടെ ഒഴിവുകൾ വല്ലാതെ കൂടിയിട്ടുണ്ടെന്ന് ഒരു സീനിയർ ഉദ്യോഗസ്ഥൻ ന്യൂസ് 18നോട് വ്യക്തമാക്കി. ഇത് കാരണം പല വകുപ്പുകളുടെയും പ്രവർത്തനം മന്ദഗതിയിലാണെന്നും അദ്ദേഹം അറിയിച്ചു. പുതിയ ജീവനക്കാരെ എടുത്ത് ഒഴിവുകൾ നികത്തിയാൽ മാത്രമേ ദ്രുതഗതിയിൽ സർക്കാർ ജോലികളും മുന്നോട്ട് കൊണ്ട് പോവാൻ സാധിക്കുകയുള്ളൂ. അത് കൊണ്ട് തന്നെയാണ് ഒഴിവുകൾ നികത്താൻ വേഗതയിൽ തന്നെ പദ്ധതികളുമായി കേന്ദ്രസർക്കാർ മുന്നോട്ട് വന്നിരിക്കുന്നത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.