സംസ്ഥാനത്ത് എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബര്‍ നാല് മുതല്‍ തുറക്കും; സര്‍ക്കാര്‍ ഉത്തരവിറക്കി
സംസ്ഥാനത്ത് എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബര്‍ നാല് മുതല്‍ തുറക്കും; സര്‍ക്കാര്‍ ഉത്തരവിറക്കി
ഓണ്‍ലൈന്‍ ക്ലാസെടുക്കുന്നതില്‍ തടസ്സം വരരുത് എന്നും ഉത്തരവില്‍ പറയുന്നു. അതിന്, ഓഫ്ലൈന് ക്ലാസ്സെടുക്കാനുള്ള അധ്യാപകരുടെ എണ്ണം ഉറപ്പാക്കി, ബാക്കിയുള്ളവരില്‍ നിശ്ചിത എണ്ണം പേര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നടപ്പാക്കണം.
സംസ്ഥാനത്തെ പ്രൊഫണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവിറക്കി. നിബന്ധനകള്‍ക്ക് വിധേയമായി ഒക്ടോബര്‍ നാലു മുതല്‍ പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
അഞ്ച്, ആറ് സെമസ്റ്റര്‍ ബിരുദ ക്ലാസുകളും മൂന്ന്, നാല് സെമസ്റ്റര്‍ പിജി ക്ലാസുകളും അടുത്തമാസം നാല് മുതല്‍ പ്രവര്‍ത്തിക്കാവുന്നതാണ്. പിജി ക്ലാസുകള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടും ബിരുദ ക്ലാസുകള്‍ അമ്പത് ശതമാനം വിദ്യാര്‍ത്ഥികളെ ഒരു ബാച്ച് ആയി പരിഗണിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലോ ആവശ്യത്തിന് സ്ഥലമുള്ള ഇടങ്ങളില്‍ പ്രത്യേക ബാച്ചുകളായി ദിവസേനയോ നടത്താവുന്നതാണ്.
ക്ലാസുകള്‍ക്ക് മൂന്നു സമയക്രമവും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാവിലെ 8.30 മുതല്‍ 1.30 വരെയുള്ള ഒറ്റ സെഷനാണ് അഭികാമ്യം. അല്ലെങ്കില്‍, 9 മുതല്‍ 3 വരെ, 9.30 മുതല്‍ 3.30 വരെ, 10 മുതല്‍ 4 വരെ എന്നിവയിലൊന്ന് കോളേജ് കൗണ്‍സിലുകള്‍ക്ക് സൗകര്യമനുസരിച്ച് തിരഞ്ഞെടുക്കാം. ആഴ്ചയില്‍ 25 മണിക്കൂര്‍ ക്ലാസ് വരത്തക്കവിധം ഓണ്‍ലൈന്‍- ഓഫ്ലൈന് ക്ലാസ്സുകള്‍ സമ്മിശ്ര രീതിയിലാക്കി ടൈം ടേബിള്‍ തയ്യാറാക്കണം. മറ്റു സെമസ്റ്ററുകളുടെ ക്ലാസ്സുകള്‍ ഓണ്‍ലൈനില്‍ തന്നെ തുടരണം. ഇതിനു സഹായകമായ വിധത്തില്‍ ടൈം ടേബിള്‍ രൂപീകരിക്കണം.
സയന്‍സ് വിഷയങ്ങളില്‍ പ്രാക്റ്റിക്കല്‍ ക്ലാസുകള്‍ക്കും പ്രാധാന്യം നല്‍കാം. എന്‍ജിനീയറിങ് കോളേജുകളില്‍ ആറുമണിക്കൂര്‍ ദിവസേന ക്ലാസ് നടത്തുന്ന സംവിധാനം തുടരാം.
അധ്യാപക- അനധ്യാപക ജീവനക്കാര്‍ കോളേജുകളില്‍ എത്തണം. എന്നാല്‍, ഓണ്‍ലൈന്‍ ക്ലാസെടുക്കുന്നതില്‍ തടസ്സം വരരുത് എന്നും ഉത്തരവില്‍ പറയുന്നു. അതിന്, ഓഫ്ലൈന് ക്ലാസ്സെടുക്കാനുള്ള അധ്യാപകരുടെ എണ്ണം ഉറപ്പാക്കി, ബാക്കിയുള്ളവരില്‍ നിശ്ചിത എണ്ണം പേര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നടപ്പാക്കണം.
ഒരു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാര്‍, ഗര്‍ഭിണികള്‍, അപകടകരമായ രോഗങ്ങളുള്ളവര്‍ എന്നിങ്ങനെയുള്ള അധ്യാപക- അനദ്ധ്യാപക ജീവനക്കാരെ വര്‍ക്ക് ഫ്രം ഹോം തുടരാന്‍ അനുവദിക്കും. ഈ വിഭാഗങ്ങളില്‍പ്പെട്ട കുട്ടികള്‍ക്ക് ഹാജര്‍ നിര്‍ബന്ധമാക്കരുത് എന്നും ഉത്തരവില്‍ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.