നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • career
    • »
    • വിദേശപഠനം; വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കാൻ പോർട്ടലുമായി കേന്ദ്ര സർക്കാർ

    വിദേശപഠനം; വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കാൻ പോർട്ടലുമായി കേന്ദ്ര സർക്കാർ

    വ്യാജ സർവകലാശാലകൾ, വ്യാജ വിദ്യാഭ്യാസ കൺസൾട്ടന്റുമാർ/ഏജന്റുമാർ, വിദ്യാർത്ഥികളുടെ സുരക്ഷ എന്നിവ സംബന്ധിച്ച ആശങ്കകളോ പരാതികളോ ഉന്നയിക്കാനുള്ള പ്രത്യേക സംവിധാനവും ഈ പോർട്ടലിൽ സജ്ജീകരിക്കുന്നുണ്ട്

    (Image: Shutterstock)

    (Image: Shutterstock)

    • Share this:
      അമൻ ശർമ

      വിദേശത്ത് ഉപരിപഠനം നടത്താൻ തീരുമാനിക്കുമ്പോള്‍ നൂറ് ചോദ്യങ്ങളും സംശയങ്ങളുമാണ് ഓരോരുത്തരുടെയും മനസിൽ ഉയരുക.  വിദേശത്ത് ഉപരിപഠനം നടത്താൻ കഴിയുന്ന മികച്ച സർവകലാശാലകളും കോളേജുകളും ഏതൊക്കെയാണ്? അവ അംഗീകൃത സ്ഥാപനങ്ങളാണോ? സ്‌കോളർഷിപ്പുകൾ ലഭ്യമാണോ? വിദ്യാഭ്യാസ ലോൺ സംബന്ധിച്ച ഓപ്‌ഷനുകൾ എന്തൊക്കെയാണ്? ആരോഗ്യ ഇൻഷുറൻസ് ലഭിക്കുമോ? പഠനത്തിനായി പോകാൻ ആഗ്രഹിക്കുന്ന രാജ്യത്തിൻറെ രാഷ്ട്രീയവും സാമ്പത്തികവുമായ അവസ്ഥ എന്താണ്?തുടങ്ങി പലതരം സംശയങ്ങളാകും ഉയരുക.  ഇത്തരം നൂറു ചോദ്യങ്ങൾക്കിടയിൽ തല പുകഞ്ഞു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും ആശ്വാസമേകാനായി എത്തുകയാണ് ഇന്ത്യൻ സർക്കാർ.

      വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉപരിപഠനത്തിനായി പോകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ട സഹായങ്ങൾ ലഭ്യമാക്കാൻ  ഒരു പോർട്ടൽ ആരംഭിക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഗ്ലോബൽ ഇന്ത്യൻ സ്റ്റുഡന്റസ് പോർട്ടൽ (ജി ഐ എസ് പി) എന്നായിരിക്കും പോർട്ടലിന്റെ പേര്. ഈ വർഷം തന്നെ പോർട്ടൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് സൂചന.

      Also Read-കോവിഡിനു ശേഷം തൊഴിൽ മേഖല തിരിച്ചുവരും; ടെക്നോളജി അധിഷ്ഠിത കരിയറുകൾക്ക് സാധ്യത കൂടുമെന്ന് വിദ​ഗ്ധർ

      ഈ പുതിയ പോർട്ടലിന്റെ പ്രവർത്തനം സംബന്ധിച്ച് സർക്കാർ തയ്യാറാക്കിയിട്ടുള്ള രേഖ ന്യൂസ് 18 അവലോകനം ചെയ്തിട്ടുണ്ട്. പോർട്ടലിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ പ്രതിപാദിച്ചിട്ടുള്ള രേഖ പ്രകാരം, ഈ പോർട്ടലിൽ ഓരോ വിദേശരാജ്യത്തെയും സർവകലാശാലകൾ, കോളേജുകൾ, കോഴ്‌സുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ പ്രത്യേകമായി വിദ്യാർത്ഥികൾക്ക് ലഭിക്കും. അവിടങ്ങളിലെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട മൊഡ്യൂളും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കും.

      ഓരോ സ്ഥാപനവും അതാത് രാജ്യങ്ങളിൽ അംഗീകൃതമാണോ എന്നത് സംബന്ധിച്ച വിവരങ്ങളും ഒപ്പം സ്ഥാപനങ്ങളുടെ തുല്യത സംബന്ധിച്ച വിവരങ്ങളും ഈ പോർട്ടലിലൂടെ വിദ്യാർത്ഥികൾക്ക് അറിയാൻ കഴിയും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതാത് രാജ്യങ്ങളിലെ ആധികാരികമായ പോർട്ടലുകൾ സന്ദർശിക്കാനായി പ്രത്യേക ലിങ്കുകളും നൽകും. വിദേശരാജ്യങ്ങളിലെ ഇന്ത്യൻ ദൗത്യങ്ങളുടെ ലിങ്കുകളും വിദ്യാർത്ഥികൾക്ക് സഹായം തേടാവുന്ന വിദ്യാഭ്യാസ കൗൺസലറുടെ വിവരങ്ങളും ഈ പോർട്ടലിൽ ലഭ്യമാക്കും.

      വിദേശത്ത് പഠനത്തിനായി പോകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് പൊതുവെ ഉണ്ടാകാറുള്ള ആശങ്കകൾ പ്രധാനമായും സ്‌കോളർഷിപ്പുകൾ, ആരോഗ്യ ഇൻഷുറൻസ്, വിദ്യാഭ്യാസ ലോൺ, അവിടങ്ങളിലെ ജീവിത സാഹചര്യങ്ങൾ എന്നിവ സംബന്ധിച്ചതാണ്. ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ചേർന്നാൽ സർക്കാരിന്റെ ഭാഗത്തു നിന്നും സ്വകാര്യ സ്രോതസുകളിൽ നിന്നും ലഭിക്കുന്ന വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ സംബന്ധിച്ച വിവരങ്ങളെല്ലാം ജി ഐ എസ് പി എന്ന പോർട്ടലിലൂടെ വിദ്യാർത്ഥികൾക്ക് അറിയാൻ കഴിയും. ഒപ്പം, വിദേശപഠനത്തിനായി വിദ്യാഭ്യാസ ലോൺ നൽകുന്ന ബാങ്കുകൾ, മറ്റു ധനകാര്യ സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളും വിദ്യാർത്ഥികൾക്ക് ലഭ്യമാകും.

      വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സാധുത പരിശോധിക്കാൻ ബാങ്കുകൾക്ക് ഈ പോർട്ടലിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിക്കാവുന്നതാണ്. സമാനമായ രീതിയിൽ ആരോഗ്യ ഇൻഷുറൻസ് നൽകുന്ന ഏജൻസികളുടെ വിവരങ്ങളും ഈ പോർട്ടലിലൂടെ ലഭിക്കും.

      വിശാലമായ കാഴ്ചപ്പാട്

      പഠനത്തിനായി പോകാൻ ആഗ്രഹിക്കുന്ന രാജ്യത്തെക്കുറിച്ച് വളരെ വിശാലമായ ഒരു ചിത്രം ലഭിക്കാനും കാഴ്ചപ്പാട് രൂപീകരിക്കാനും ഈ പോർട്ടൽ വിദ്യാർത്ഥികളെ സഹായിക്കും. അതാത് രാജ്യങ്ങളിലെ രാഷ്ട്രീയവും സാമ്പത്തികവുമായ സാഹചര്യങ്ങൾ, ജീവിത നിലവാരം, ആ രാജ്യത്ത് പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം തുടങ്ങിയ വിവരങ്ങളെല്ലാം പോർട്ടലിലൂടെ അറിയാൻ കഴിയും. ആ രാജ്യത്തെയും വിദ്യാഭ്യാസ സ്ഥാപനം നിലകൊള്ളുന്ന പ്രദേശത്തെയും ക്രമസമാധാന നില, ഭാഷ സംബന്ധിച്ച പ്രശ്നങ്ങൾ, അവിടങ്ങളിലെ ഭക്ഷണരീതി, സാമൂഹ്യ-രാഷ്ട്രീയ സ്ഥിതി, ജീവിത സാഹചര്യങ്ങൾ എന്നിങ്ങനെ നമ്മൾ അറിയാൻ ആഗ്രഹിക്കുന്ന സമസ്ത മേഖലകളെക്കുറിച്ചുള്ള വിവരങ്ങളും ഈ പോർട്ടലിലൂടെ ലഭിക്കും. ഈ രാജ്യങ്ങളെ സംബന്ധിച്ച് പതിവായി ആളുകൾ ചോദിക്കുന്ന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും പോർട്ടലിൽ നൽകിയിട്ടുണ്ടാകും.

      അനാവശ്യമായ കാര്യങ്ങളൊന്നും ഉൾക്കൊള്ളിക്കാതെ വളരെ ചിട്ടയോടെ, ഒപ്പം മികച്ച ഘടനയോടു കൂടിയായിരിക്കും ഈ പോർട്ടലിന്റെ രൂപകൽപ്പന നിർവഹിക്കുക എന്നാണ് സർക്കാർ രേഖയിൽ നിന്ന് അറിയാൻ കഴിയുന്നത്. വളരെ ആധുനികവും സൗന്ദര്യാത്മകവുമായ രീതിയിൽ തയ്യാറാക്കുന്ന പോർട്ടൽ ഉപയോക്താക്കൾക്ക് കാണാനും ഉപയോഗിക്കാനും വളരെ സൗകര്യപ്രദമായിരിക്കും എന്നും സർക്കാർ അറിയിക്കുന്നു. ഒപ്പം, പോർട്ടൽ അതീവ സുരക്ഷിതവുമായിരിക്കും. വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ എൻ ഐ സി പ്ലാറ്റ്ഫോമിലായിരിക്കും പോർട്ടൽ ആരംഭിക്കുക. വെബ്‌സൈറ്റ് സുരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ മാനദണ്ഡങ്ങളെല്ലാം പോർട്ടൽ പാലിക്കും.

      ജി ഐ എസ് പി-യുടെ ആവശ്യകത

      ഏതാണ്ട് 11 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശത്ത് പഠിക്കുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതേസമയം ചില ഇന്ത്യൻ വിദ്യാർത്ഥികൾ തെറ്റിദ്ധരിപ്പിക്കപ്പെട്ട് ചില വ്യാജ വിദേശ സർവകലാശാലകളിൽ എൻറോൾ ചെയ്ത അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതാത് രാജ്യങ്ങളിലെ സർക്കാരിന്റെ അനുമതിയോ അംഗീകാരമോ ഒന്നും ഇല്ലാതെയാണ് ഈ വ്യാജ സർവകലാശാലകൾ പ്രവർത്തിക്കുന്നതെന്ന് പിന്നീട് തെളിഞ്ഞിട്ടുണ്ട്.

      വിദേശരാജ്യങ്ങളിലെ ഇന്ത്യൻ ദൗത്യങ്ങൾ വ്യാജ സർവകലാശാലകളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകാൻ ഇടയ്ക്കിടെ അഡ്വൈസറികൾ പുറത്തിറക്കാറുണ്ട്. അവയിൽ ചില മിഷനുകളാവട്ടെ, വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ സർവകലാശാലകളെ സംബന്ധിച്ച ആധികാരിക വിവരങ്ങൾ തങ്ങളുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാറുമുണ്ട്. മിഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ വിദേശ സർവകലാശാലകളിലെ വിദ്യാർത്ഥികളെ സന്ദർശിച്ച് അവരുടെ ആശങ്കകളും പ്രശ്നങ്ങളും നേരിട്ടറിയുകയും അവ പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്.

      എല്ലാ രാജ്യങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഒറ്റ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ജി ഐ എസ് പി സാക്ഷാത്കരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ, അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ്, യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷൻ എന്നിവയുമായി വിശദമായ ചർച്ചകൾ നടത്തിയതിനു ശേഷമാണ് ഈ പോർട്ടലിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് സർക്കാർ മുന്നോട്ടു പോയത്.

      വ്യാജ സർവകലാശാലകൾ, വ്യാജ വിദ്യാഭ്യാസ കൺസൾട്ടന്റുമാർ/ഏജന്റുമാർ, വിദ്യാർത്ഥികളുടെ സുരക്ഷ എന്നിവ സംബന്ധിച്ച ആശങ്കകളോ പരാതികളോ ഉന്നയിക്കാനുള്ള പ്രത്യേക സംവിധാനവും ഈ പോർട്ടലിൽ സജ്ജീകരിക്കുന്നുണ്ട്.
      Published by:Asha Sulfiker
      First published:
      )}