തിരുവനന്തപുരം: കോവിഡ് 19 നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍വകലാശാല പരീക്ഷകള്‍ നടത്തുന്നവിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. കോവിഡ് വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പരീക്ഷാകേന്ദ്രങ്ങളില്‍ ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ചു.
അടഞ്ഞു കിടക്കുന്ന ക്ലാസ് മുറികള്‍ പരീക്ഷയ്ക്ക് മുമ്പ് അണുവിമുക്തമാക്കണം. ഇതിന് ഫയര്‍ഫോഴ്സ്, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണം പരീക്ഷാകേന്ദ്രം പ്രവര്‍ത്തിക്കുന്ന സ്ഥാപന മേധാവി ഉറപ്പുവരുത്തണം. ഓരോ പരീക്ഷയ്ക്ക് ശേഷവും ക്ലാസ് അണുവിമുക്തമാക്കണം. ഹോസ്റ്റലുകളില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡങ്ങളും സുരക്ഷയും പാലിച്ച് പരീക്ഷാദിവസങ്ങളില്‍ താമസം ഒരുക്കണം. ഹോസ്റ്റലുകള്‍ ഇതിന് മുമ്പ് അണുവിമുക്തമാക്കണം. ഹോസ്റ്റലുകളില്‍ വിദ്യാര്‍ത്ഥികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം.
പരീക്ഷാ കേന്ദ്രത്തിലേക്ക് ഒരു പ്രവേശന കവാടം മാത്രമേ പാടുള്ളൂ. പ്രവേശന കവാടത്തില്‍ സോപ്പും വെള്ളവും ഉറപ്പാക്കണം. പരീക്ഷാര്‍ത്ഥികള്‍, സ്ക്രൈബുകള്‍, പരീക്ഷാ സ്ക്വാഡ് അംഗങ്ങള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരെയല്ലാതെ ആരേയും പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കരുത്. എല്ലാവരും മാസ്ക്ക് ധരിക്കണം. പ്രവേശന കവാടത്തില്‍ ശരീരോഷ്മാവ് പരിശോധിക്കണം.
Also Read-ലോക്ഡൗണ്‍ നിലവിലുള്ള പ്രദേശങ്ങളിലേക്ക് പോകാന്‍ പാസ് വേണം; യാത്ര മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിപരീക്ഷാ കേന്ദ്രങ്ങളുടെ പരിസരത്ത് കൂട്ടം കൂടാനോ ചുറ്റിത്തിരിയാനോ വിദ്യാര്‍ത്ഥികളെ അനുവദിക്കരുത്. സാമൂഹിക അകലം കര്‍ശനമായി പാലിക്കണം. പരീക്ഷാമുറികളില്‍ സാനിറ്റൈസര്‍ കരുതണം. ഇന്‍വിജിലേറ്റര്‍മാര്‍ മാസ്ക്കും ഗ്ലൗസും ധരിക്കണം. പേന, പെന്‍സില്‍ തുടങ്ങിയ വസ്തുക്കള്‍ കൈമാറ്റം ചെയ്യരുത്. വിദ്യാര്‍ത്ഥികള്‍ അറ്റന്‍ഡന്‍സ് ഷീറ്റില്‍ ഒപ്പു രേഖപ്പെടുത്തേണ്ടതില്ല. പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ പരീക്ഷാകേന്ദ്രം വിട്ടുപോകുന്നുവെന്ന് ഉറപ്പുവരുത്തണം.
പരീക്ഷ സുഗമമായി നടത്തുന്നതിന് സ്ഥാപന മേധാവി, വിദ്യാര്‍ത്ഥി പ്രതിനിധികള്‍, അധ്യാപക അനധ്യാപക പ്രതിനിധികള്‍, അധ്യാപക രക്ഷാകര്‍തൃസമിതി പ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, തദ്ദേശസ്വയംഭരണ വകുപ്പ് പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കണമെന്നും നിര്‍ദ്ദേശിച്ചു.
അതേസമയം റെഗുലര്‍ ക്ലാസുകള്‍ നടക്കാത്ത സാഹചര്യത്തില്‍ ട്യൂഷന്, പരീക്ഷ, യൂണിവേഴ്സിറ്റി ഫീസുകള്‍ ഒഴികെയുള്ള ഫീസുകള്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സ്വാശ്രയ കോളേജുകള്‍ ആനുപാതികമായി കുറയ്ക്കണമെന്നും ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളും പരീക്ഷയും നിഷേധിക്കരുതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്കി.
Also Read-ലോക്ഡൗണ്‍ ഭാഗിക നിയന്ത്രണം; സംസ്ഥാനത്ത് ഉടനീളം കെഎസ്ആര്‍ടിസി പരിമിതമായ സര്‍വീസ് നടത്തുംലോക്ക്ഡൗണ് നിയന്ത്രണങ്ങള്‍ ഭാഗികമായി മാത്രം പിന്‍വലിച്ച സാഹചര്യത്തില്‍ കോളേജ് അധ്യാപകര്‍ നിലവിലെ രീതിയില്‍ വര്‍ക്ക് ഫ്രം ഹോം ആയി പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചു. പരീക്ഷാ ചുമതലകളും പ്രിന്‍സിപ്പല്‍ നിര്‍ദ്ദേശിക്കുന്ന മറ്റു ജോലികളും നിര്‍വഹിക്കേണ്ട അധ്യാപകര്‍ അതാതു ദിവസങ്ങളില്‍ കോളേജില്‍ ഹാജരാകണം. കോളേജുകളിലെ അനധ്യാപകര്‍ സര്‍ക്കാരിന്റെ പൊതുഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജോലിക്ക് ഹാജരാകണം. പരീക്ഷാ ജോലി നിര്‍വഹിക്കുന്ന അനധ്യാപകര്‍ പ്രിന്‍സിപ്പല്‍ നിര്‍ദ്ദേശിക്കുന്ന ദിവസങ്ങളില്‍ കോളേജുകളില്‍ ഹാജരാകണമെന്നും ഉത്തരവില്‍ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.