• HOME
  • »
  • NEWS
  • »
  • career
  • »
  • കോഴ്സ് പാതിവഴിയിൽ ഉപേക്ഷിച്ച് വിദ്യാർത്ഥികൾ; സംസ്ഥാനത്തെ എൻജിനീയറിങ് കോളേജുകളിലെ പകുതിയോളം സീറ്റുകളും കാലി

കോഴ്സ് പാതിവഴിയിൽ ഉപേക്ഷിച്ച് വിദ്യാർത്ഥികൾ; സംസ്ഥാനത്തെ എൻജിനീയറിങ് കോളേജുകളിലെ പകുതിയോളം സീറ്റുകളും കാലി

സംസ്ഥാനത്തെ എൻജിനീയറിങ് കോളേജുകൾ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ നികത്താൻ ബുദ്ധിമുട്ടുകയാണ്.

  • Share this:
അധ്യയന വർഷത്തിന്റെ പകുതിയോടെ വിദ്യാർത്ഥികൾ കോഴ്സ് ഉപേക്ഷിച്ച് പോകുന്ന പ്രവണത തുടരുന്നത് സംസ്ഥാനത്തെ എഞ്ചിനീയറിങ് കോളേജുകൾക്ക്  വെല്ലുവിളിയാകുന്നു. മുൻനിര കോളേജുകളിൽ ഉൾപ്പടെ രണ്ടിൽ ഒന്ന് എഞ്ചിനീയറിങ് സീറ്റുകൾ  ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. മെഡിക്കൽ, അനുബന്ധ കോഴ്‌സുകളിലേക്കുള്ള അലോട്ട്‌മെന്റ് വൈകിയതാണ് ഇത്തവണ എഞ്ചിനീയറിങ് കോളേജുകൾക്ക് തിരിച്ചടിയായത്. 2017-18 മുതൽ എല്ലാ അധ്യയന വർഷത്തിലും സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ എഞ്ചിനീയറിങ് കോളേജുകളിൽ 40 ശതമാനം മുതൽ 50 ശതമാനം വരെ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതായാണ് റിപ്പോർട്ടുകൾ.

സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ മികച്ച റാങ്ക് നേടിയ പല വിദ്യാർത്ഥികളും മെഡിക്കൾ പ്രവേശന പരീക്ഷയിലും ഉന്നത റാങ്ക് നേടിയവരായിരിക്കും. ആദ്യം അലോട്മെന്റ് നടക്കുന്ന എഞ്ചിനീയങ് കോളേജുകളിൽ പ്രവേശനം നേടുന്ന ഇവരിൽ പലരും മെഡിക്കൽ കോളജുകളിൽ പ്രവേശനം ലഭിക്കുന്നതോടെ കോഴ്സ് ഉപേക്ഷിച്ച് പോകുന്നു. എന്നാൽ, ഇത്തരം സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന അതേ കോളേജിലെ മറ്റൊരു കോഴിസുള്ള വിദ്യാർത്ഥിക്ക് അത്ര എളുപ്പത്തിൽ അത് സാധ്യമാവില്ല, പല തടസ്സങ്ങളും നേരിടേണ്ടി വരും. അതിനാൽ, ഫലത്തിൽ, ഒഴിഞ്ഞുകിടക്കുന്ന മിക്ക സീറ്റുകളും പിന്നീട് നികത്തപ്പെടില്ല. സംസ്ഥാന എൻജിനീയറിങ് പ്രവേശന നടപടികളും മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള അലോട്ട്‌മെന്റും തമ്മിൽ ഏകോപനം ഇല്ലാത്തതാണ് സീറ്റുകൾ ഒഴിഞ്ഞുകിടക്കാൻ പ്രധാന കാരണം.

Also Read-CUET കേരളത്തിന് DU പ്രവേശനത്തിൽ തിരിച്ചടി; ഹിന്ദു കോളേജിൽ ബി.എ ഓണേഴ്‌സിന് കഴിഞ്ഞ തവണ 120 ഇത്തവണ ഒരാൾ മാത്രം

ഈ പ്രശ്നം സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിനെ പലതവണ അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പരിഹാരം ആയിട്ടില്ല.
ഉദാഹരണത്തിന്, കേരളത്തിലെ പ്രമുഖ കോളേജുകളിലൊന്നായ തിരുവനന്തപുരത്തെ എഞ്ചിനീയറിങ് കോളേജിൽ (സിഇടി) വിദ്യാർത്ഥികൾ മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശനം നേടി പോയതിനെ തുടർന്ന് കഴിഞ്ഞ വർഷം 125 സീറ്റുകൾ ആണ് ഒഴിഞ്ഞുകിടന്നത്. ഈ വർഷം, ആദ്യ ഘട്ട നീറ്റ് അലോട്ട്‌മെന്റിന് ശേഷം 25ലധികം സീറ്റുകൾ ആണ് ഒഴിഞ്ഞുകിടക്കുന്നത്.

“കഴിഞ്ഞ വർഷത്തെ പ്രവണതകൾ അനുസരിച്ച്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് ഉൾപ്പടെ ആവശ്യക്കാർ ഏറെയുള്ള കോഴ്സുകളിൽ പോലും ഇത്തവണ കുറഞ്ഞത് 150 സീറ്റുകളെങ്കിലും ഒഴിഞ്ഞു കിടന്നേക്കാം” ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.

ബ്രാഞ്ച് ട്രാൻസ്ഫർ ഓപ്ഷൻ പുനഃസ്ഥാപിക്കണം
മെഡിക്കൽ, അനുബന്ധ കോഴ്‌സുകളിലേക്കുള്ള അലോട്ട്‌മെന്റ് കഴിയുന്നതോടെ ഒഴിവുള്ള സീറ്റുകളുടെ കൃത്യമായ എണ്ണം അറിയാൻ കഴിയുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷന്റെ (എഐസിടിഇ) മാർഗനിർദേശങ്ങൾ പ്രകാരം സംസ്ഥാനത്തെ എൻജിനീയറിങ് പ്രവേശനം ഒക്ടോബർ 26ന് മുമ്പായി പൂർത്തിയാക്കണമെന്നാണ് നിർദേശം, എപിജെ അബ്ദുൾ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി (കെടിയു) രജിസ്ട്രാർ പ്രവീൺ എ പറഞ്ഞു.

എഞ്ചിനീയറിങ് കോളേജുകളിലേക്കുള്ള പ്രവേശനത്തിന്റെ അവസാന തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് അടുത്തിടെ കർണാടക സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേരളത്തിനും ഇത്തരത്തിലൊരു ആശ്വാസം ലഭിക്കുകയാണെങ്കിൽ ഒരു അലോട്ട്‌മെന്റ് കൂടി ഇവിടെ നടത്താൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

Also Read-മഹാരാഷ്ട്രയിൽ മെഡിക്കല്‍ വിദ്യാഭ്യാസം മറാത്തിയില്‍; മാറ്റം അടുത്ത അധ്യയന വര്‍ഷം മുതൽ

അതേസമയം, ഒഴിവുള്ള സീറ്റുകൾ നികത്താൻ മൂന്നാം സെമസ്റ്ററിൽ നടപ്പിലാക്കുന്ന കോളേജ് ട്രാൻസ്ഫർ ഓപ്ഷൻ ഈ പ്രശ്നത്തിന് ഭാഗികമായി മാത്രമേ പരിഹാരം നൽകുന്നുള്ളൂ. മറ്റൊരു കോളേജിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന ഒരു വിദ്യാർത്ഥി മാതൃസ്ഥാപനത്തിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങണം. എന്നാൽ, അത് പല കോളേജുകളും നൽകാൻ തയ്യാറല്ല എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. കഴിഞ്ഞ വർഷം, പ്രവേശന പരീക്ഷയിൽ 24,000 ന് മുകളിൽ റാങ്ക് നേടിയ ഒരു വിദ്യാർത്ഥി കോളേജ് ട്രാൻസ്ഫർ ഓപ്ഷൻ മുഖേന ഒരു പ്രമുഖ കോളേജിൽ സിഎസ്ഇ സ്ട്രീമിൽ സീറ്റ് നേടിയ ഒരു പ്രത്യേക സാഹചര്യമുണ്ടായി.

ഈ കോഴ്സിൽ പ്രവേശനം നേടുന്നതിന് നിശ്ചയിച്ചിരുന്ന കട്ട് ഓഫ് റാങ്ക് 546 ആയിരുന്നു. എന്നാൽ, 600-ന് മുകളിൽ റാങ്ക് നേടി അതേ കോളേജിൽ ഇസിഇ കോഴ്സിൽ പ്രവേശനം നേടിയ വിദ്യാർഥിക്ക് മികച്ച റാങ്കുണ്ടായിട്ടും സിഎസ്ഇ സീറ്റ് നേടാനായില്ല. "കെടിയു ബ്രാഞ്ച് ട്രാൻസ്ഫർ ഓപ്ഷൻ പുനഃസ്ഥാപിച്ചാൽ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കാനാകും. ഒരു വിദ്യാർത്ഥി കോഴ്സ് ഇടയ്ക്ക് നിർത്തി പോകുമ്പോൾ ഒഴിവ് വരുന്ന ഒരു എഞ്ചിനീയറിങ് സീറ്റിലേക്ക് അതേ കോളേജിലെ മറ്റൊരു സ്ട്രീമിൽ നിന്നുള്ള അതേ നിലവാരമുള്ള മറ്റൊരു വിദ്യാർത്ഥിക്ക് പ്രവേശനം നേടാൻ ഇത് അവസരം ഒരുക്കും, ” അധ്യാപകരിൽ ഒരാൾ വ്യക്തമാക്കി.

സംസ്ഥാനത്തെ എൻജിനീയറിങ് കോളേജുകൾ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ നികത്താൻ ബുദ്ധിമുട്ടുകയാണ്. 2017-18, 2018-19 അധ്യയന വർ‌ഷങ്ങളിലെ യഥാക്രമം 55310, 50051 സീറ്റുകളിൽ 51 ശതമാനം സീറ്റുകളും ഒഴിഞ്ഞുകിടക്കുകയായിരുന്നു. 2019-20ൽ 44 ശതമാനം സീറ്റുകൾ ഒഴിഞ്ഞു കിടന്നു. 2020-21 അധ്യയന വർഷത്തിൽ ഒഴിവുള്ള സീറ്റുകളുടെ എണ്ണം 39 ശതമാനം ആയി കുറഞ്ഞെങ്കിലും 2021-22 അധ്യന വർഷത്തിൽ ഇത് വീണ്ടും 41 ശതമാനമായി ഉയർന്നു. 2017-18 അധ്യയന വർഷത്തിനും 2020-21 അധ്യയന വർഷത്തിനും ഇടയിൽ അംഗീകൃത പ്രവേശനത്തിലും കുറവുണ്ടായിട്ടുണ്ട്.
Published by:Jayesh Krishnan
First published: