• HOME
  • »
  • NEWS
  • »
  • career
  • »
  • Delhi University | കേരളാ സ്റ്റേറ്റ് ബോര്‍ഡില്‍ നിന്നുള്ള വിദ്യാർത്ഥികൾക്ക് ആനുപാതികമല്ലാത്ത വിധം പ്രവേശനം ലഭിക്കുന്നത് തടയണം; ഹർജി ഹൈക്കോടതി തള്ളി

Delhi University | കേരളാ സ്റ്റേറ്റ് ബോര്‍ഡില്‍ നിന്നുള്ള വിദ്യാർത്ഥികൾക്ക് ആനുപാതികമല്ലാത്ത വിധം പ്രവേശനം ലഭിക്കുന്നത് തടയണം; ഹർജി ഹൈക്കോടതി തള്ളി

സർവ്വകലാശാലയുടെ ആദ്യ കട്ട് ഓഫ് ലിസ്റ്റിൽ പ്രവേശനം നേടിയ 49 ശതമാനം വിദ്യാർത്ഥികളും കേരളാ സ്റ്റേറ്റ് ബോർഡിൽ നിന്നുള്ള വിദ്യാർത്ഥികളായിരുന്നു

du-admissions-2021

du-admissions-2021

  • Share this:
    കേരളാ സ്റ്റേറ്റ് ബോര്‍ഡില്‍ നിന്നുള്ള വിദ്യാര്‍ത്ഥികൾക്ക് ഡൽഹി സര്‍വ്വകലാശാലയില്‍ ആനുപാതികമല്ലാത്ത വിധത്തിൽ പ്രവേശനം അനുവദിച്ചു എന്ന് ആരോപിച്ചുകൊണ്ട് സമർപ്പിക്കപ്പെട്ട ഹർജി തിങ്കളാഴ്ച ഡൽഹി ഹൈക്കോടതി തള്ളി. വിദ്യാര്‍ത്ഥികളുടെ കട്ട്-ഓഫ് മാര്‍ക്കുകള്‍ കണക്കാക്കുന്നത് സര്‍വ്വകലാശാലയുടെ പ്രവേശന നയത്തിന് അനുസൃതമായിട്ടാണ് എന്ന് കോടതി വ്യക്തമാക്കി. അക്കാദമിക നയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍വ്വകലാശാലയുടെ വിവേചനാധികാരത്തിന് കീഴിൽ വിടുന്നതാണ് ഉചിതമെന്നും, കോടതിയുടെ ഇടപെടല്‍ കാര്യങ്ങള്‍ മന്ദഗതിയിലാക്കുമെന്നും കേസില്‍ വിധി പറഞ്ഞ ജസ്റ്റിസ് പ്രതീക് ജലന്‍ അഭിപ്രായപ്പെട്ടു.

    ഡൽഹി സര്‍വ്വകലാശാലയിലേക്കുള്ള പ്രവേശനത്തിന് വിവിധ ബോർഡുകളിൽ നിന്ന് മാർക്ക് നേടിയ എല്ലാ വിദ്യാര്‍ത്ഥികളെയും സമരായി പരിഗണിച്ചുകൊണ്ടുള്ള ഒരു രീതി ആവിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിദ്യാർത്ഥിനിയാണ് ഹർജി സമർപ്പിച്ചത്. വിവിധ ബോര്‍ഡുകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയിറങ്ങുന്ന വിദ്യാര്‍ത്ഥികളുടെ മാര്‍ക്കുകള്‍ നിര്‍വ്വചിക്കാന്‍ ഒരു ഏകീകൃത സംവിധാനം വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം, “കോടതിയെ സംബന്ധിച്ചിടത്തോളം ഇത് നയപരമായ ഒരു വിഷയമാണ്. എന്താണ് കട്ട്-ഓഫ് മാര്‍ക്കുകളുടെ അടിസ്ഥാനമെന്ന് എങ്ങനെയാണ് ഞങ്ങള്‍ നിര്‍ണ്ണയിക്കുക? എങ്ങനെയാണ് ചില ബോര്‍ഡുകളിലേത് ഉയര്‍ന്ന മാര്‍ക്കും, മറ്റു ചില ബോര്‍ഡുകളിലേത് കുറഞ്ഞ മാര്‍ക്കുമാണെന്ന് നമുക്ക് പറയാന്‍ സാധിക്കുക? ഇത്തരം വിഷയങ്ങളിൽ കോടതിക്ക് ഇടപെടാന്‍ കഴിയുമെന്ന് ഞാൻ കരുതുന്നില്ല”, ജഡ്ജി പറഞ്ഞു.

    “ഹർജിക്കാരന്റെ പരാതിക്ക് തീർപ്പുകൽപ്പിക്കാൻ കോടതിയ്ക്ക് സാധിക്കുമെന്ന് കരുതുന്നില്ല. അത് സർവകലാശാലയുടെ നയപരമായ തീരുമാനത്തിന് വിട്ടുകൊടുക്കുന്നതാണ് ഉചിതമെന്നും ഞങ്ങൾ കരുതുന്നു,” കോടതി കൂട്ടിച്ചേർത്തു. 12ആം ക്ലാസിൽ 98 ശമാനം മാർക്ക് കരസ്ഥമാക്കാൻ സാധിച്ചിട്ടും, താൻ ആഗ്രഹിച്ച കോളേജിൽ ആഗ്രഹിച്ച വിഷയത്തിൽ സീറ്റ് നേടാൻ ഹർജിക്കാരിയ്ക്ക് സാധിച്ചില്ല. “അത്തരമൊരു അവസ്ഥ നാം അംഗീകരിക്കാൻ തയ്യാറാകണം. അതിൽ നിരാശപ്പെടേണ്ട കാര്യമില്ല... നിങ്ങൾക്ക് തീർച്ചയായും മറ്റൊരിടത്ത് പ്രവേശനം ലഭിക്കും. ഇന്ത്യയിലുടനീളം ധാരാളം മികച്ച കോളേജുകളും സർവ്വകലാശാലകളും ഉണ്ട്” വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തിയ വിചാരണയ്ക്കിടയിൽ ഹർജിക്കാരിയായ ഗുണീഷ അഗർവാളിനോട് ജഡ്ജി പറഞ്ഞു.

    സർവ്വകലാശാലയുടെ ആദ്യ കട്ട് ഓഫ് ലിസ്റ്റിൽ പ്രവേശനം നേടിയ 49 ശതമാനം വിദ്യാർത്ഥികളും കേരളാ സ്റ്റേറ്റ് ബോർഡിൽ നിന്നുള്ള വിദ്യാർത്ഥികളായിരുന്നു. സിബിഎസ്ഇ, ഐഎസ്‌സി ബോർഡുകളിൽ നിന്ന് എന്നിവയിൽ നിന്ന് യഥാക്രമം 13.6, 14.80 ശതമാനം വിദ്യാർത്ഥികൾക്ക് മാത്രമാണ് അഡ്മിഷൻ ലഭിച്ചതെന്ന് ഹർജിക്കാരിയെ പ്രതിനിധീകരിച്ച് അഭിഭാഷകരായ വിപുൽ ഗന്ധയും അനിരുദ്ധ് ശർമ്മയും അവകാശപ്പെട്ടു. ആദ്യ കട്ട് ഓഫിൽ ഡൽഹി സർവ്വകലാശാലയിലെക്ക് പ്രവേശനം ലഭിച്ച വിദ്യാർത്ഥികളിൽ 27 ശതമാനവും രാജസ്ഥാൻ സ്റ്റേറ്റ് ബോർഡിൽ നിന്നുള്ളവരാണെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.

    കേരള ബോർഡിൽ 11, 12 ക്‌ളാസുകളിലെ മാർക്കുകൾ ഒന്നിച്ച് പരിഗണിക്കുന്നത് അവിടെ നിന്നുമുള്ള വിദ്യാർത്ഥികൾക്ക് ആനുപാതികമല്ലാത്ത വിധം പ്രവേശനം ലഭിക്കുന്നതിലേക്ക് നയിക്കുന്നതായി ഹർജിക്കാരിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കേരള സംസ്ഥാന പരീക്ഷാ ബോർഡിന്റെ ആഭിമുഖ്യത്തിൽ പരീക്ഷ എഴുതിയ മിക്ക വിദ്യാർത്ഥികൾക്കും പരമാവധി 100 ശതമാനം മാർക്ക് നൽകിയിട്ടുണ്ടെന്നു പ്രസ്താവിച്ച അഭിഭാഷകൻ, കേരള സ്റ്റേറ്റ് ബോർഡിൽ നിന്നുള്ള 6000 വിദ്യാർത്ഥികൾ 100 ശതമാനം മാർക്ക് നേടിയിട്ടുണ്ടെന്നും തങ്ങൾക്ക് ലഭിച്ച വിവരങ്ങൾ ചൂണ്ടിക്കാട്ടി കോടതിയെ അറിയിച്ചു. അതുപോലെ, മറ്റ് സംസ്ഥാനങ്ങളിലെ പരീക്ഷാ ബോർഡുകളും വിദ്യാർത്ഥികൾക്ക് മാർക്ക് നൽകുന്നതിന് അവരുടേതായ സംവിധാനം സ്വീകരിച്ചു എന്നും ഹർജിയിൽ വാദിക്കുന്നു.

    "ഞാൻ സിബിഎസ്ഇ ബോർഡിൽ നിന്നാണ് 12ആം ക്ലാസ് പൂർത്തിയാക്കിയത് എന്ന വസ്തുത എന്നെയിപ്പോൾ പ്രതികൂല അവസ്ഥയിലാണ് എത്തിച്ചിരിക്കുന്നത്. . . പെട്ടെന്ന് ഈ വർഷം മറ്റ് ബോർഡുകളിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ മിടുക്കരായിത്തീർന്നു," ഹർജിക്കാരെ പ്രതിനിധീകരിച്ച് കൊണ്ട് സമർപ്പിച്ച ഹർജിയിൽ അഭിഭാഷകർ പറയുന്നു.

    ചില സംസ്ഥാന ബോർഡുകൾ മൂല്യനിർണയത്തിന് സ്വീകരിച്ച മാർഗങ്ങൾ വിദ്യാർത്ഥികൾക്ക് ലഭിച്ച ശരാശരി മാർക്കുകളിൽ ചില വ്യതിയാനങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാകാം. എന്നാൽ ഈ കാരണങ്ങൾ, കോടതിയുടെ ഇടപെടൽ ആവശ്യപ്പെടുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നില്ല എന്ന് കോടതി നിരീക്ഷിച്ചു. അക്കാദമിക നയങ്ങളിൽ ഒരു റിട്ട് കോടതിയുടെ ഇടപെടൽ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുമെന്ന് സുപ്രീം കോടതിയുടെ വിധിന്യായങ്ങൾ വ്യക്തമാക്കുന്നു എന്ന വസ്തുത ഹൈക്കോടതി ശരിവെച്ചു.

    പ്രവേശന പ്രക്രിയയുടെ ഭാഗമായി ഏത് ബോർഡാണ് അയഞ്ഞ സമീപനങ്ങൾ സ്വീകരിച്ചതെന്ന് നിർവ്വചിക്കാൻ സർവ്വകലാശാലയ്ക്ക് സാധിക്കില്ല എന്ന് സർവ്വകലാശാലയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ എം രൂപാൽ പ്രസ്താവിച്ചു. കൂടുതൽ വിദ്യാർത്ഥികൾ (ഒരു പ്രത്യേക ബോർഡിന്റെ) കൂടുതൽ മാർക്ക് നേടുകയാണെങ്കിൽ ഒരു കേന്ദ്ര സർവ്വകലാശാല എന്ന നിലയിൽ, ഞങ്ങൾക്ക് അവരെ നഷ്ടപ്പെടുത്താനാകില്ല, എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ ബോർഡുകളും നൽകുന്ന മാർക്കുകൾ തുല്യമായി പരിഗണിക്കുന്ന വിധത്തിലുള്ള ഡൽഹി സർവ്വകലാശാലയുടെ നയം റദ്ദാക്കാൻ ഒരു നിർദ്ദേശം കോടതി മുന്നോട്ട് വെയ്ക്കണമെന്ന് ഹരജിക്കാരി തന്റെ ഹർജിയിൽ അപേക്ഷിച്ചു. നിലവിലെ സർവ്വകലാശാലാ ഭരണസമിതി എല്ലാ വിദ്യാർത്ഥികൾക്കും തുല്യമായി പരിഗണന ലഭിക്കുന്ന അവസരം സൃഷ്ടിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരി തന്റെ അപേക്ഷ സമർപ്പിച്ചത്.

    ഡൽഹി സർവകലാശാലയിലേക്കുള്ള പ്രവേശനത്തിനായുള്ള മൂന്നാം കട്ട്ഓഫ് ലിസ്റ്റ് 2021 ഒക്ടോബർ 16-ന് പ്രസിദ്ധീകരിക്കും. ഈ മൂന്നാമത്തെ പട്ടികയുടെ അടിസ്ഥാനത്തിലുള്ള പ്രവേശനം ഒക്ടോബർ 18 ന് ആരംഭിച്ച് ഒക്ടോബർ 21 വരെ തുടരുമെന്ന് സർവ്വകലാശാല അധികൃതർ അറിയിച്ചു. മിറാൻഡ ഹൗസ്, ഹിന്ദു കോളേജ്, രാംജാസ് കോളേജ് തുടങ്ങിയ മുൻനിര കോളേജുകളിൽ മൂന്നാം കട്ട് ഓഫ് 90 ശതമാനത്തിന് മുകളിൽ തുടരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
    Published by:Anuraj GR
    First published: