നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • സാങ്കേതിക വിദ്യയിൽ വൻ മാറ്റങ്ങൾ വരുന്നു; ഭാവിയിൽ സൃഷ്ടിക്കപ്പെട്ടേക്കാവുന്ന ചില തൊഴിലുകൾ

  സാങ്കേതിക വിദ്യയിൽ വൻ മാറ്റങ്ങൾ വരുന്നു; ഭാവിയിൽ സൃഷ്ടിക്കപ്പെട്ടേക്കാവുന്ന ചില തൊഴിലുകൾ

  സാങ്കേതികവിദ്യയിലുണ്ടാകുന്ന കുതിച്ചുചാട്ടം മറ്റു പല രീതിയിലും തൊഴിലുകളുടെ സ്വഭാവത്തെ സ്വാധീനിച്ചേക്കും

  News18 Malayalam

  News18 Malayalam

  • Share this:
   ഭാവിയിലെ തൊഴിലുകൾ ഇന്നത്തേതിൽ നിന്ന് വളരെ വ്യത്യസ്തമായിരിക്കും. റോബോട്ടുകളുടെ കൂടെ ജോലി ചെയ്യേണ്ടി വരും എന്നത് മാത്രമല്ല, സാങ്കേതികവിദ്യയിലുണ്ടാകുന്ന കുതിച്ചുചാട്ടം മറ്റു പല രീതിയിലും തൊഴിലുകളുടെ സ്വഭാവത്തെ സ്വാധീനിച്ചേക്കും. ഭാവിയിൽ ചില തൊഴിൽ മേഖലകളിൽ ഉണ്ടായേക്കാവുന്ന മാറ്റത്തെക്കുറിച്ച് നമുക്കൊന്ന് പരിശോധിക്കാം.

   ഗെയിം ഡിസൈനർ
   നിങ്ങൾക്ക് വീഡിയോ ഗെയിമുകൾ കളിക്കാൻ ഇഷ്ടമാണോ? വീഡിയോ ഗെയിം ഒരു പ്രത്യേക വ്യവസായമായി നിലകൊള്ളുന്ന മേഖലയാണ്. എന്നാൽ, സാധനങ്ങൾ സംഭരിക്കുന്ന സ്ഥലങ്ങളിലെയും സ്റ്റോറുകളിലെയും സ്ഥലം കൂടുതൽ സൗഹൃദപരമാക്കി മാറ്റാനും ഉപയോഗിക്കാൻ എളുപ്പമുള്ള വിധത്തിൽ സജ്ജീകരണങ്ങൾ നടത്താനും ഭാവിയിൽ ഗെയിമിങ്, കമ്പ്യൂട്ടിങ് വിദഗ്ദ്ധരെ പ്രയോജനപ്പെടുത്തിയേക്കാം എന്നാണ് ചില വിദഗ്ദ്ധർ ഇപ്പോൾ പ്രവചിക്കുന്നത്.

   ഡിജിറ്റൽ ടെയ്‌ലർ
   ഫാഷൻ, വസ്ത്രധാരണം എന്നിവയുമായി ബന്ധപ്പെട്ട തൊഴിൽ മേഖലയിൽ താത്പര്യമുള്ള ആളാണോ നിങ്ങൾ? എങ്കിൽ ഡിജിറ്റൽ ടെയ്‌ലർ എന്ന നിലയിലുള്ള പ്രവർത്തനം നിങ്ങൾ ആസ്വദിച്ചേക്കാം. ഓൺലൈനിൽ വസ്ത്രങ്ങൾ ഓർഡർ ചെയ്യുന്നവർക്ക് ആ വസ്ത്രങ്ങൾ പാകമാകുന്നു എന്ന് ഉറപ്പു വരുത്തുകയാവും ഡിജിറ്റൽ ടെയ്‌ലർമാരുടെ ദൗത്യം.

   ഗാർബേജ് ഡിസൈനർ
   മറ്റുള്ളവർ ഉപയോഗത്തിന് ശേഷം വലിച്ചെറിയുന്ന വസ്തുക്കൾ ക്രിയാത്മകമായ രീതിയിൽ ഉപയോഗിക്കാൻ താത്പര്യമുള്ളയാളാണോ നിങ്ങൾ? എങ്കിൽ ഒരു ഗാർബേജ് ഡിസൈനറായി നിങ്ങൾക്ക് തിളങ്ങാൻ കഴിഞ്ഞേക്കും. നിർമാണ പ്രക്രിയയുടെ ഭാഗമായി അവശേഷിക്കുന്ന ഉപയോഗശൂന്യമായ വസ്തുക്കൾ ഉപയോഗിച്ച് പുതിയ ഉത്പന്നങ്ങൾ നിർമിക്കുകയോ നിർമാണ പ്രക്രിയയിൽ മാലിന്യത്തിന്റെ അളവ് കുറയ്ക്കുകയോ ചെയ്യുന്നവരാകും ഗാർബേജ് ഡിസൈനർമാർ.

   ഡ്രോൺ ട്രാഫിക് കൺട്രോളർ
   ഗാഡ്ജറ്റ് എന്ന നിലയിൽ ഡ്രോണുകളെക്കുറിച്ച് അറിയാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ വിവിധ സാധനങ്ങൾ വിതരണം ചെയ്യുന്നതിനും എത്തിപ്പെടാൻ പ്രയാസമുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്ക് മരുന്ന് ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ എത്തിച്ചു നൽകുന്നതിനും കൃഷിയിടങ്ങളിൽ വിളകൾ നിരീക്ഷിക്കുന്നതിനും ഡ്രോണുകൾ വ്യാപകമായി ഉപയോഗിക്കുന്ന കാലം അതിവിദൂരമല്ല. അത്തരം സാഹചര്യങ്ങളിൽ ഡ്രോണുകളുടെ ട്രാഫിക് നിയന്ത്രിക്കുക എന്നത് അനിവാര്യമായി മാറും.

   പ്രിസിഷൻ ഫാർമസിസ്റ്റ്
   ഭാവിയിൽ ഒരുപാട് മരുന്നുകൾ കഴിക്കേണ്ടി വരുന്നതിന് പകരം ഓരോ രോഗിക്കും പ്രത്യേകമായി ചികിത്സാരീതികളും മരുന്നുകളും നിർമിക്കുക എന്നത് സാധാരണമായി മാറും. ഇതിനായി പ്രത്യേക പരിശീലനം സിദ്ധിച്ച ഫാർമസിസ്റ്റുകളും ആവശ്യമായി വരും. കൂടാതെ മരുന്നിന്റെ വിതരണം നടത്തുന്ന റോബോട്ടുകളുടെ മേൽനോട്ടം നിർവഹിക്കാനും പ്രത്യേക ജീവനക്കാർ ആവശ്യമായി വരും.

   ഡിജിറ്റൽ കറൻസി അഡ്വൈസർ
   ക്രിപ്റ്റോകറൻസിയെക്കുറിച്ച് നിങ്ങൾ ഇതിനകം കേട്ടിട്ടുണ്ടാകും. ഡിജിറ്റൽ പണത്തിന്റെ ഉപയോഗം വർധിക്കുന്നതോടെ ഇതുമായി ബന്ധപ്പെട്ട പണമിടപാടുകൾ നടത്താൻ പ്രത്യേക സാമ്പത്തിക ഉപദേഷ്ടാക്കളുടെ സഹായം ആവശ്യമായി വരും. വിവിധ ഡിജിറ്റൽ കറൻസികളെക്കുറിച്ച് മനസിലാക്കി ഉപഭോക്താക്കളുടെ സാമ്പത്തിക പദ്ധതികൾക്ക് അനുയോജ്യമായ വിധത്തിൽ അവ ഉപയോഗപ്പെടുത്താൻ വേണ്ട ഉപദേശം നൽകാൻ ഇവർക്ക് കഴിയും.
   Published by:Naveen
   First published:
   )}