നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • വിദേശത്ത് പഠിക്കാൻ പ്ലാനുണ്ടോ? പണം കണ്ടെത്താൻ ചില മാ‍ർ​ഗങ്ങൾ ഇതാ...

  വിദേശത്ത് പഠിക്കാൻ പ്ലാനുണ്ടോ? പണം കണ്ടെത്താൻ ചില മാ‍ർ​ഗങ്ങൾ ഇതാ...

  ഉപരി പഠനത്തിനായി വിവിധ രാജ്യങ്ങളിലേക്ക് വിദ്യാർത്ഥികളെ അയയ്ക്കുന്നതിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   വിദേശത്ത് ഒരു മികച്ച യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നത് ഇപ്പോൾ വെറും ഒരു ഫാഷൻ അല്ല, അല്ലെങ്കിൽ പണക്കാ‍ർക്ക് മാത്രം സാധിക്കുന്ന കാര്യമല്ല. ഗ്ലോബൽ കരിയറും മികച്ച ജീവിതശൈലിയും ലക്ഷ്യം വച്ച് നിരവധി മധ്യവർഗക്കാരെയും വിദേശത്ത് പോയി പഠിക്കാനും മികച്ച ജോലി കണ്ടെത്താനും ശ്രമിക്കുന്നുണ്ട്.

   ഉപരി പഠനത്തിനായി വിവിധ രാജ്യങ്ങളിലേക്ക് വിദ്യാർത്ഥികളെ അയയ്ക്കുന്നതിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. കോവിഡ് മഹാമാരി പോലും ഇതിന് ഒരു തടസ്സമായില്ലെന്ന് വേണം കരുതാൻ. 2020 ജനുവരിയിൽ കോമൺ ആപ്പ് പുറത്തു വിട്ട ഒരു കണക്ക് അനുസരിച്ച്, 2019-2020 വ‍ർഷത്തെ അപേക്ഷിച്ച് വിദേശ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ അപേക്ഷിക്കുന്ന ഇന്റ‍ർനാഷണൽ സ്റ്റുഡന്റ്സിന്റെ എണ്ണം 10 ശതമാനം വർദ്ധിച്ചു. അതിൽ ഇന്ത്യൻ അപേക്ഷകരുടെ എണ്ണം 28 ശതമാനമാണ് വർദ്ധിച്ചിരിക്കുന്നത്.

   എന്നാൽ ഈ വിദ്യാർത്ഥികളെല്ലാം വിദേശത്ത് പഠിക്കാനുള്ള അവരുടെ സ്വപ്നത്തിനായി എങ്ങനെ പണം കണ്ടെത്തുന്നു എന്നറിയണ്ടേ? ട്യൂഷൻ ഫീസ്, താമസം, ജീവിതച്ചെലവ്, യാത്രാ ചെലവുകൾ എന്നിങ്ങനെ ചെലവുകൾ കണക്കു കൂട്ടിയാൽ ‌ഒരു ഇന്ത്യൻ കല്യാണം നടത്തുന്നതിനേക്കാൾ ഇരട്ടി ചെലവ് വരും.

   സ്വന്തം പണം
   Opendoorsdata.org റിപ്പോർട്ട് അനുസരിച്ച്, മൊത്തം ഇന്റ‍ർനാഷണൽ സ്റ്റുഡന്റ്സിൽ 85 ശതമാനത്തിലധികം പേരും വിദേശ വിദ്യാഭ്യാസം തിരഞ്ഞെടുക്കുന്നത് മികച്ച കരിയറിന് വേണ്ടിയാണ്. ചില വിദ്യാർത്ഥികൾ അവരുടെ വിദ്യാഭ്യാസത്തിനായുള്ള ഫണ്ട് കണ്ടെത്തുന്നതിന് കുടുംബ സമ്പാദ്യവും ആസ്തിയും മറ്റുമാണ് തിരഞ്ഞെടുക്കുന്നത്. ചില‍ർ ഭാഗികമായി ഇങ്ങനെ പണം കണ്ടെത്തുകയും‌ ബാക്കി പണം സ്കോളർഷിപ്പുകളിലൂടെയും പാർട്ട് ടൈം ജോലികൾ ചെയ്തും കണ്ടെത്തുന്നു.

   സുരക്ഷിത വിദ്യാഭ്യാസ വായ്പ അല്ലെങ്കിൽ പണയം വച്ചുള്ള വായ്പ
   പല ബാങ്കുകളും വീട്, ഭൂമി എന്നിവ ഈട് വച്ച് ഒരു നിശ്ചിത മൂല്യത്തിന്റെ പണയത്തിന് എതിരെ വിദ്യാഭ്യാസ വായ്പകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത്തരം വായ്പകൾ എടുക്കുന്നത് വഴി നികുതി ലാഭിക്കൽ പോലുള്ള നിരവധി ആനുകൂല്യങ്ങളും ലഭിക്കും. വായ്പ തിരിച്ചടവ് സാധാരണയായി ബിരുദം പൂർത്തിയാക്കി ആറ് മാസത്തിനുള്ളിലാണ് ആരംഭിക്കുന്നത്. നിങ്ങൾക്ക് ജോലി ഉണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ ബിരുദം പൂർത്തിയാക്കി ഏഴ് വർഷത്തിനുള്ളിൽ വായ്പ തിരിച്ചടയ്ക്കുകയും വേണം. വായ്പ എടുക്കുന്നതിന് മുമ്പ് വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യമാണിത്.

   വിദ്യാഭ്യാസ വായ്പ വാ​ഗ്ദാനം ചെയ്യുന്ന ബാങ്കുകളും എൻ‌ബി‌എഫ്‌സികളും തമ്മിലുള്ള പ്രധാന വ്യത്യാസം, ട്യൂഷൻ ഫീസ്, താമസ സൗകര്യം, യാത്ര, ലാബ് ഫീസ് തുടങ്ങിയ ചെലവുകളുടെ ഏകദേശം 85-90 ശതമാനം ബാങ്കുകൾ വഹിക്കുന്നു എന്നതാണ്. അതേസമയം എൻ‌ബി‌എഫ്‌സികൾ 100 ശതമാനം കവറേജ് വാഗ്ദാനം ചെയ്യുന്നു. അതുപോലെ, നിങ്ങൾ തിരഞ്ഞെടുക്കുന്ന കോഴ്സിനെയും സർവകലാശാലയെയും ആശ്രയിച്ച് 20-30 ലക്ഷത്തിലധികം വരുന്ന വലിയ തുകകൾക്ക് ബാങ്കുകൾക്ക് ഉയർന്ന പരിധി ഉണ്ടായിരിക്കാം. എന്നാൽ വായ്പ നൽകുന്നതിന് എൻബിഎഫ്സികൾക്ക് അത്തരം പരിധികളില്ല. എന്നാൽ ബാങ്കുകൾ സ്ത്രീകൾക്ക് പലിശ നിരക്കിൽ ഇളവുകൾ വാഗ്ദാനം ചെയ്തേക്കാം. എത് എൻബിഎഫ്സികൾ നൽകില്ല.

   സുരക്ഷിതമല്ലാത്ത വിദ്യാഭ്യാസ വായ്പ
   ജാമ്യം ആവശ്യമില്ലാതെ പല സാമ്പത്തിക സ്ഥാപനങ്ങളും നൽകുന്ന സുരക്ഷിതമല്ലാത്ത വിദ്യാഭ്യാസ വായ്പകൾ തിരഞ്ഞെടുക്കുക എന്നതാണ് മറ്റൊരു ഓപ്ഷൻ. നിങ്ങളുടെ സാമ്പത്തിക സ്ഥിതി അടിസ്ഥാനമാക്കിയാണ് ഈ വായ്പ നൽകുന്നത്. ഉദാഹരണത്തിന്, നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പരിശോധിച്ച ശേഷമാകും ഇത്തരം വായ്പകൾ വാ​ഗ്ദാനം ചെയ്യുന്നത്. എന്നാൽ ഇത്തരം വായ്പ നൽകുന്നത് ബാങ്കുകൾക്ക് റിസ്ക് ആയതിനാൽ ഈ വായ്പയുടെ പലിശ നിരക്ക് വളരെ കൂടുതൽ ആയിരിക്കും. കൂടാതെ വിദ്യാർത്ഥികൾക്ക് അനുകൂലമായ തിരിച്ചടവ് നിബന്ധനകളും ആയിരിക്കില്ല ഈ വായ്പയ്ക്ക് ലഭിക്കുക. നിങ്ങൾ പഠിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തന്നെ പലിശ നൽകേണ്ട സ്ഥിതി വന്നേക്കാം. പല ബാങ്കുകളും എൻ‌ബി‌എഫ്‌സികളും ഇത്തരത്തിൽ പലിശ ആവശ്യപ്പെടാറുണ്ട്.

   അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങൾ
   വിദേശ വിദ്യാഭ്യാസം ആ​ഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കിടയിലെ ഒരു ട്രെൻഡിംഗ് ഓപ്ഷൻ ആണ് അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ വായ്പകൾ. ഇത്തരം സ്ഥാപനങ്ങൾ വഴി ഈട് വച്ചും മറ്റും വിദേശ കറൻസിയിൽ വായ്പ തുക നേടാം. വായ്പ അപേക്ഷകന്റെ ഭാവി തിരിച്ചടവ് സാധ്യതകളെ അടിസ്ഥാനമാക്കിയാണ് പലിശ നിരക്ക് കണക്കാക്കുന്നത്. അതിനാൽ ബാങ്കുകളേക്കാളും എൻബിഎഫ്സികളേക്കാളും കുറഞ്ഞ പലിശ നിരക്കുകൾ നൽകാനും കഴിയും.

   എസ്ഐപി നിക്ഷേപങ്ങൾ
   ഈ ഓപ്ഷൻ നിങ്ങൾ എത്ര നേരത്തെ ആരംഭിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. കൂടാതെ ബിരുദാനന്തര ബിരുദം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളേക്കാൾ ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കാണ് എസ്ഐപി നിക്ഷേപം കൂടുതൽ അനുയോജ്യം.

   ശമ്പളമുള്ള പ്രൊഫഷണലുകൾക്ക് നിക്ഷേപം നടത്താനും പണം സമ്പാദിക്കാനും കഴിയുന്ന ‌ഒരു മികച്ച മാർഗമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (SIP). ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ധനസഹായം നൽകുന്നതിന് വർഷങ്ങളായി എസ്ഐപികൾ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ഒരു ഓപ്ഷനാണ്

   എന്നാൽ മുകളിൽ പറഞ്ഞ സാമ്പത്തിക മാ‍ർ​ഗങ്ങൾ തിര‍ഞ്ഞെടുക്കുമ്പോൾ ഓർമ്മിക്കേണ്ട പ്രധാന കാര്യം ഓരോ വിദ്യാർത്ഥിയും അവരുടെ സാമ്പത്തിക സ്ഥിതിയും വ്യത്യസ്തമാണ് എന്നതാണ്. അതിനാൽ ഈ മാ‍‍ർ​ഗങ്ങൾ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഓരോ ഓപ്ഷന്റെയും ഗുണദോഷങ്ങൾ വിലയിരുത്തേണ്ടത് പ്രധാനമാണ്. വിദേശത്ത് പഠിക്കാൻ തീരുമാനിച്ചു കഴിഞ്ഞാൽ വളരെയധികം ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ് ശരിയായ രീതിയിലുള്ള അപേക്ഷ. സമയനഷ്ടം മാത്രമല്ല, ധനനഷ്ടവും വരുത്തിവയ്ക്കുമെന്നതിനാൽ അപേക്ഷിക്കുന്നതിന് മുമ്പ് വളരെയധികം ശ്രദ്ധ ആവശ്യമാണ്.
   Published by:user_57
   First published:
   )}