• HOME
  • »
  • NEWS
  • »
  • career
  • »
  • Hiring | മഹാമാരിയിൽ നിന്നും കരകയറി രാജ്യത്തെ തൊഴിൽ മേഖല; നിയമനങ്ങളിൽ 15 ശതമാനം വർധനവ്

Hiring | മഹാമാരിയിൽ നിന്നും കരകയറി രാജ്യത്തെ തൊഴിൽ മേഖല; നിയമനങ്ങളിൽ 15 ശതമാനം വർധനവ്

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15 ശതമാനം വളർച്ചയും തൊട്ടുമുൻപത്തെ മാസത്തെ അപേക്ഷിച്ച് 4 ശതമാനം വളർച്ചയുമാണ് രേഖപ്പെടുത്തിയത്.

  • Share this:
    സകല മേഖലകളിലും കോവിഡ് (Covid 19) മഹാമാരിയുണ്ടാക്കിയ പ്രത്യാഘാതങ്ങൾ ചെറുതല്ല. എന്നാൽ ഇതിൽ നിന്നും കര കയറി മെല്ലെ ഉണർന്നു തുടങ്ങിയിരിക്കുകയാണ് രാജ്യത്തെ തൊഴിൽ മേഖല (job market). മോൺസ്റ്റർ തൊഴിൽ സൂചിക പ്രകാരം (Monster Employment Index (MEI)), മഹാമാരിക്കു ശേഷം ഇക്കഴിഞ്ഞ ഏപ്രിലിൽ ആണ് തൊഴിൽ രംഗത്ത് ഏറ്റവുമധികം വളർച്ചയുണ്ടായത്. പുതിയ നിയമനങ്ങളുമായി (Hiring Demand) ബന്ധപ്പെട്ട്, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15 ശതമാനം വളർച്ചയും തൊട്ടുമുൻപത്തെ മാസത്തെ അപേക്ഷിച്ച് 4 ശതമാനം വളർച്ചയുമാണ് രേഖപ്പെടുത്തിയത്.

    സർവേ പ്രകാരം, 16 വർഷത്തിലേറെ പരിചയമുള്ള തസ്തികകളിലേക്കുള്ള നിയമനത്തിൽ 29 ശതമാനം കൂടുതൽ ഡിമാൻഡ് ആണ് ഉണ്ടായത്. ഇന്റർ-മീഡിയറ്റ്, മിഡ് സീനിയർ ലെവൽ റോളുകളിൽ യഥാക്രമം 24 ശതമാനവും 22 ശതമാനവും വളർച്ചയും രേഖപ്പെടുത്തി. പുതിയ റോളുകൾ അല്ലെങ്കിൽ എൻട്രി ലെവൽ റോളുകളിലേക്കുള്ള നിയമനവും മുൻ വർഷങ്ങളിലെ അപേക്ഷിച്ച് മെച്ചപ്പെട്ടു.

    ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങൾ, ഇൻഷുറൻസ് (BFSI) എന്നീ മേഖലകളാണ് 54 ശതമാനം വാർഷിക വളർച്ചാ നിരക്കോടെ അതിവേഗം തകർച്ചയിൽ നിന്ന് കരകയറിയത്. റീട്ടെയിൽ മേഖല പ്രതിവർഷം 47 ശതമാനം വളർച്ചയും ഉൽപാദന, നിർമ്മാണ വ്യവസായങ്ങൾ 35 ശതമാനം വളർച്ചയും രേഖപ്പെടുത്തി. ഇറക്കുമതി, കയറ്റുമതി (29 ശതമാനം), ട്രാവൽ ആൻഡ് ടൂറിസം (15 ശതമാനം) എന്നിങ്ങനെയാണ് മറ്റു രം​ഗങ്ങളിലെ വളർച്ച.

    5ജി പ്രഖ്യാപനം ടെലികോം, ഐഎസ്പി വ്യവസായങ്ങളിൽ 33 ശതമാനം ഡിമാൻഡ് വർധിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു. തുടർച്ചയായ ഇടിവ് പ്രകടമായിരുന്ന റിയൽ എസ്റ്റേറ്റ് രം​ഗം 26 ശതമാനം വളർച്ചയോടെ കുതിച്ചുയർന്നു.

    മാധ്യമ, വിനോദ മേഖലകളിൽ (17 ശതമാനം) കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇപ്പോഴും തൊഴിലവസരങ്ങൾ കുറവാണ്. എഞ്ചിനീയറിംഗ്, സിമൻറ്, നിർമ്മാണം, ഇരുമ്പ്, ഉരുക്ക് എന്നീ മേഖലകളിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും (1 ശതമാനം കുറവ്), ഈ മാസം ചെറിയ ഉണർവ് പ്രകടമായതായും സർവേ പറയുന്നു. ഫിനാൻസ്, അക്കൗണ്ട്സ് രം​ഗങ്ങളിലേക്കുള്ള ഓൺലൈൻ ഡിമാൻഡ് 49 ശതമാനം വർധിച്ചതായും റിപ്പോർട്ട് പറയുന്നു. എച്ച്ആർ & അഡ്മിനുകളുടെ ഡിമാൻഡ് 36 ശതമാനവും ഉപഭോക്തൃ സേവനത്തിൽ 8 ശതമാനവും വളർച്ച ഉണ്ടായി.

    രാജ്യത്തെ വിവിധ നഗരങ്ങളിലെ സ്ഥിതി പരിശോധിച്ചാൽ വാർഷികാടിസ്ഥാനത്തിൽ ജോലി നൽകുന്നതിൽ മുംബൈ വീണ്ടും മുന്നിലാണെന്നും കോയമ്പത്തൂർ തൊട്ടുപിന്നാലെ ഉണ്ടെന്നും സർവേ പറയുന്നു. മുംബൈ 29 ശതമാനം, കോയമ്പത്തൂർ 25 ശതമാനം, ചെന്നൈ 21 ശതമാനം, ബാംഗ്ലൂർ, ഹൈദരാബാദ് എന്നിവിടങ്ങളിൽ 20 ശതമാനം വീതം എന്നിങ്ങനെയാണ് കണക്ക്. മറ്റ് മെട്രോ നഗരങ്ങളായ ഡൽഹി-എൻസിആർ, കൊൽക്കത്ത, പൂനെ എന്നിവിടങ്ങളിൽ 6 മുതൽ 18 ശതമാനം വരെ വളർച്ചയാണ് ഉണ്ടായതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
    First published: