ഒരു ലഹരി വിരുദ്ധ സത്യവാങ്മൂലം കാരണം പുലിവാൽ പിടിച്ചിരിക്കുകയാണ് കാലിക്കറ്റ് സർവകലാശാല. അസിസ്റ്റന്റ് രജിസ്ട്രാർ ഫെബ്രുവരി 27 ന് പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞ കാര്യങ്ങൾക്ക് ചിലർ നൽകിയ വ്യാഖ്യാനങ്ങൾ ആണ് പ്രശ്നങ്ങൾക്ക് കാരണം.
സർവകലാശാലയിലോ സർവകലാശാലയ്ക്ക് കീഴിൽ വരുന്ന സ്ഥാപനങ്ങളിലോ ചേരും മുമ്പ് ഒരു സത്യവാങ്മൂലം നൽകണം. "ലഹരി വസ്തുക്കളുടെ ഉപഭോഗമോ വിനിമയമോ ആയി ബന്ധപ്പെട്ട പ്രവൃത്തികളിൽ ഏർപ്പെടില്ലെന്നും അത്തരം പ്രവൃത്തിക്കുള്ള ശിക്ഷ മുന്നറിയിപ്പില്ലാതെ സ്വീകരിക്കുമെന്നും അറിയിക്കുന്നു' എന്ന സത്യവാങ്മൂലം എല്ലാ വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും വാങ്ങുന്നതിനുള്ള നടപടി സ്വീകരിക്കാനും ഉത്തരവായി. എന്നതായിരുന്നു പ്രസ്തുത ഭാഗം.
എന്നാൽ 'രക്ഷിതാക്കളിൽ നിന്നും' സത്യവാങ്മൂലം വാങ്ങുന്നു എന്ന ഭാഗം "രക്ഷിതാവ് ലഹരി ഉപയോഗിച്ചാൽ കുട്ടിക്ക് സർവകലാശാലയിൽ പഠനം നിഷേധിക്കും' എന്ന തരത്തിൽ വ്യാഖ്യാനിക്കപ്പെട്ടു. രക്ഷിതാവ് എന്നതിന് ' പിതാവ്' എന്നു തന്നെ വ്യാഖ്യാനവും ഉണ്ടായി. തിങ്കളാഴ്ച ഇത്തരത്തിൽ ഒരു ദിനപത്രത്തിൽ വന്ന വാർത്തയുടെ ചിത്രം വൈറൽ ആയി. തുടർന്ന് സാമൂഹ്യമാധ്യമങ്ങളിൽ വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സർവകലാശാലയുടെ അധികാര പരിധിയെക്കുറിച്ചും ഒക്കെയുള്ള ചർച്ചകൾക്കും ഇത് ഇടയാക്കി.അങ്ങനെ മറ്റ് മാധ്യമങ്ങളിലും കൂടി വന്ന് വാർത്ത ' പിതാവ് മദ്യപിച്ചാൽ മക്കളുടെ വിദ്യാഭ്യാസം തടസപ്പെടും എന്ന തരത്തിൽ പരന്നതോടെ സർവകലാശാല അധികൃതർക്ക് വിശദീകരണവുമായി വരേണ്ടി വന്നു.
"വിദ്യാർത്ഥികളെ അതും ക്യാമ്പസിനകത്ത് ഉള്ളപ്പോൾ മാത്രം ഉദ്ദേശിച്ച് ഉള്ളതാണ് സർക്കുലർ. മറ്റ് വ്യാഖ്യാനങ്ങൾ വേണ്ട. കുട്ടികൾ ലഹരി ഉപയോഗിച്ചാൽ കർശന നടപടി നേരിടേണ്ടി വരും എന്ന മുന്നറിയിപ്പ് രക്ഷിതാക്കൾക്ക് നൽകുക എന്നതായിരുന്നു സർക്കുലർ വഴി ഉദ്ദേശിച്ചത്," രജിസ്ട്രാർ സി എല്‍ ജോഷി വിശദീകരിച്ചു.
സർക്കുലറിലെ ഭാഷാ പ്രയോഗം ആശയക്കുഴപ്പം ഉണ്ടാക്കിയ സാഹചര്യത്തിൽ ഇത് നിർത്തിവച്ച്, അടുത്ത സിൻഡിക്കറ്റ് യോഗത്തിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്ത ശേഷം സർക്കുലർ പുറത്തിറക്കിയാൽ മതി എന്ന നിർദ്ദേശവും സിൻഡിക്കറ്റ് അംഗങ്ങളിൽ നിന്നും ഉയർന്നു. തുടർന്ന് സർക്കുലർ മരവിപ്പിക്കാനും അടുത്ത യോഗത്തിൽ ചർച്ച ചെയ്യാനും തീരുമാനിച്ചു. ഏഴാം തീയതി ചേരുന്ന സിൻഡിക്കേറ്റ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.